സിനിമക്കൊപ്പം 30ലേറെ വൻകിട ബ്രാൻഡുകളുടെ പരസ്യ മുഖം, ലിറ്റിൽ സ്റ്റാർ അവ്നി തിരക്കിലാണ്...
text_fieldsഅവ്നി സ്കൂളിലും നാട്ടിലും താരമാണ്. പരസ്യ ചിത്രങ്ങളിലും സിനിമയിലും കണ്ട് ആർക്കും പരിചിതമായ മുഖം. കുഞ്ഞുനാൾ മുതൽ നിറയെ സംസാരിച്ചും മുഖം നിറയെ ഭാവങ്ങൾ നിറച്ചും കുസൃതി കാണിച്ചു നടന്ന കുട്ടിയുടെ ടാലന്‍റ് മനസ്സിലാക്കിയിരുന്നു അമ്മ വി.എൽ. രഞ്ജിനി. ഇന്ന് 30ലേറെ വൻകിട ബ്രാൻഡുകളുടെ പരസ്യ മുഖമാണ് അവ്നി എം. അയ്യർ. ആക്ടിങ്, ഡാൻസിങ്, പാട്ട് എന്നിവയാണ് അവ്നിയുടെ ഇഷ്ടങ്ങൾ.
അഞ്ചു വയസ്സു മുതൽ അഭിനയ രംഗത്ത്
അഞ്ചു വയസ്സു മുതൽ അവ്നി പരസ്യങ്ങളിൽ അഭിനയിക്കുന്നുണ്ട്. പരസ്യ മേഖലയിൽ ജോലിചെയ്യുന്ന അമ്മ രഞ്ജിനി നൃത്താധ്യാപികകൂടിയാണ്. അമ്മയുടെ ഒരു സുഹൃത്ത് കാസ്റ്റിങ് ഏജൻസി തുടങ്ങിയപ്പോൾ അവരുടെ ആദ്യത്തെ പ്രൊഫൈലായി നൽകിയത് മകളുടേതായിരുന്നു. അങ്ങനെയാണ് ആദ്യമായി പരസ്യത്തിൽ മുഖം കാണിക്കുന്നത്.
‘‘ആദ്യം ത്രിവേണി അഗർബത്തീസ് എന്ന ബ്രാൻഡിനു വേണ്ടിയാണ് അഭിനയിച്ചത്. അതിനുശേഷം 30ലേറെ വൻകിട ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിൽ അവ്നി എത്തി. യാർഡ്ലി, ഹ്യുണ്ടായ്, ആംസ്റ്റാഡ്, പോത്തീസ്, ബിഗ്ബസാർ, കല്യാൺ സിൽക്സ്, കല്യാൺ ജ്വല്ലേഴ്സ്, മലബാർ ഗോൾഡ്, ജോയ് ആലുക്കാസ്, ജോസ് ആലുക്കാസ് തുടങ്ങിയവയാണ് അവ്നിയെ തേടിയെത്തിയത്’’ -അമ്മ പറയുന്നു.
സിനിമയിലും താരം
അഞ്ചു സിനിമകളിലും അവ്നി അഭിനയിച്ചു. ആദ്യത്തേത് ലൂക്ക. പിന്നെ അയ്യപ്പനും കോശിയും സിനിമയിൽ പൃഥ്വിരാജിന്‍റെ മകളായി. മമ്മൂട്ടിയുടെ ‘പുഴു’വിലും അഭിനയിച്ചു. ഷോർട്ട് ഫിലിം ‘ഷെയ്ഡ്സ് ഓഫ് ദ കൈറ്റ്സി’ന് ഒട്ടേറെ അവാർഡുകൾ ലഭിച്ചു. കന്നട നടി ശ്രുതി ഹരിഹരന്‍റെ മകളായിട്ടാണ് അതിൽ അഭിനയിച്ചത്. ‘ശേഷം മൈക്കിൾ ഫാത്തിമ’ എന്ന കല്യാണി പ്രിയദർശന്‍റെ സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നു. മിഥുൻ മാനുവലിന്‍റെ തിരക്കഥയിൽ ഇറങ്ങുന്ന മറ്റൊരു ചിത്രത്തിലേക്കും ക്ഷണമുണ്ട്. ഇതുകൂടാതെ ഒട്ടേറെ സംഗീത ആൽബങ്ങളിലും അവ്നിയെ കാണാം.
ടാലന്‍റ് മനസ്സിലാക്കി പരിശീലനം
കുഞ്ഞായിരുന്നപ്പോൾതന്നെ ഏറെ സംസാരിക്കുന്ന ആക്ടിവായ കുട്ടിയാണ് അവ്നിയെന്ന് അമ്മ ഓർമിക്കുന്നു. ‘‘സംസാരിക്കുമ്പോൾ കൂടുതൽ ഭാവങ്ങൾ മുഖത്ത് തെളിയും. ഞാൻ നൃത്ത ക്ലാസ് എടുക്കുമ്പോൾ അതിനൊപ്പം അവ്നിയും കൂടും. ഡബ്സ് സ്മാഷ് എന്ന ആപ്പിൽ ചെറിയ വിഡിയോകളും ചെയ്തിരുന്നു. അതെല്ലാം കണ്ടപ്പോഴാണ് കുട്ടിയെ അഭിനയമേഖലയിലേക്ക് കൊണ്ടുവരാൻ ശ്രദ്ധ നൽകാമെന്ന് ഉറപ്പിച്ചത്’’ -അമ്മ വിവരിച്ചു.
പിന്തുണയേകി സ്കൂളും
പതിനൊന്നുകാരിയായ അവ്നി എറണാകുളം വൈറ്റില ടോക്എച്ച് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്നു. കലാപ്രവർത്തനങ്ങൾക്ക് സ്കൂളിൽനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഈ അഭിരുചികൾ പഠനത്തെ ദോഷകരമായി ബാധിക്കുന്നില്ല. അഭിനയിക്കുന്നതിനായി ഒരുപാട് അവധികൾ എടുക്കാറില്ല. സ്കൂളിലെ ഷോർട്ട്ഫിലിം മേക്കിങ്ങിൽ എല്ലാം അവ്നിയാണ് മുന്നിൽ നിൽക്കുകയെന്നും അമ്മ പറയുന്നു.
ഡി ഫോർ ഡാൻസ് കൊറിയോഗ്രാഫർ ദിലീപിന്‍റെ കീഴിലാണ് അവ്നി കണ്ടംപററി ഡാൻസ് പഠിക്കുന്നത്. ഇതിനൊപ്പം സംഗീതവും പഠിക്കുന്നു. നാടക ശില്പശാലകളിലും പങ്കെടുക്കുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.