സിനിമ സെലക്ഷനിൽ ശ്രദ്ധിക്കുന്നുണ്ട് അണ്ണാ -സജിൻ ഗോപു
text_fieldsമലയാള സിനിമയിൽ ആവേശം നിറച്ച രംഗക്ക് ഒപ്പം നിറഞ്ഞാടിയ അമ്പാൻ എന്ന കോമിക് ഗുണ്ടയെ അവതരിപ്പിച്ച് തിയറ്ററുകളെ ഇളക്കിമറിച്ച് കൈയടി നേടിയ സജിൻ ഗോപു ‘ആവേശം’ നൽകിയ വൻ വിജയത്തിന്‍റെ ആവേശത്തിലാണ്.
‘ചുരുളി’യിൽ ജീപ്പ് ഡ്രൈവറായും ‘ജാൻ എ. മനി’ലെ സജിയണ്ണനായും ‘രോമാഞ്ച’ത്തിലെ നിരൂപ് ആയും എത്തി വിസ്മയിപ്പിച്ച സജിൻ ഗോപു അഭിനയിച്ച ഏതാണ്ട് എല്ലാ സിനിമകളും ഹിറ്റാണ്. സിനിമ വിശേഷങ്ങൾ ‘കുടുംബ’വുമായി പങ്കുവെക്കുകയാണ് അദ്ദേഹം.
ആവേശം തിയറ്ററിൽ കണ്ടതിന്‍റെ ത്രിൽ
2024 മലയാള സിനിമയുടെ ഭാഗ്യവർഷമാണ്. പല സിനിമകളും നൂറും 150ഉം കോടി കലക്ട് ചെയ്തു. അവക്കൊപ്പം നമ്മുടെ സിനിമയും നിറഞ്ഞ സദസ്സിൽ കാണുമ്പോൾ സന്തോഷം തോന്നുന്നു. കഴിഞ്ഞ തവണയും വിഷുവിന് സിനിമ കാണാൻ പോയിരുന്നു. ഇത്തവണ അത് സ്വന്തം സിനിമയായതിന്‍റെ ത്രില്ലുണ്ട്.
‘രോമാഞ്ചം’ റിലീസാകുന്നതിന് മുമ്പാണ് ‘ആവേശം’ ഓൺ ആകുന്നത്. ജിത്തു മാധവൻ എന്നോട് പറഞ്ഞത് എന്‍റെ കാരക്ടർ ആണ് ഈ സിനിമയിൽ ആദ്യം കാസ്റ്റ് ആയതെന്നാണ്. ഞാൻ ഇതറിയുന്നത് പിന്നീടാണ്. ‘രോമാഞ്ച’ത്തിന്‍റെ ഷൂട്ടിങ്ങിനിടെ പല സബ്ജക്ടുകൾ സംസാരിച്ചതിനിടെ ‘ആവേശ’ത്തെക്കുറിച്ചും സംസാരിച്ചിരുന്നു.
അന്നേ ഇതിൽ ഇന്‍ററസ്റ്റഡായിരുന്നു. ‘രോമാഞ്ച’ത്തിന്‍റെ റിലീസിങ്ങിനിടെയാണ് ‘ആവേശ’ത്തിന്‍റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുന്നത്. അന്ന് ടിനു പാപ്പച്ചന്‍റെ ‘ചാവേർ’ സിനിമ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ‘ആവേശ’ത്തിൽ ഇൻ ആയി. പിന്നീട് എട്ടുമാസത്തോളം ബംഗളൂരുവിലായിരുന്നു. പലപല ഷെഡ്യൂളുകളായാണ് ചെയ്തത്.
ജിത്തു മാധവന്‍റെ രണ്ടു സിനിമകളിലും അഭിനയിക്കാൻ സാധിച്ചു. അങ്ങനെ പ്രേക്ഷകർ ഇഷ്ടപ്പെട്ട രണ്ട് കമേഴ്സ്യൽ സിനിമയുടെ ഭാഗമാകാൻ സാധിച്ചു.
ഇനി നായകൻ
ഞാൻ നായകനാകുന്ന ജിത്തുവിന്‍റെ ചിത്രത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. അത് ചോദ്യചിഹ്നംപോലെ നിൽക്കുകയാണ്. കൂടുതൽ പറയാറായിട്ടില്ല. അടുത്തുതന്നെ അനൗൺസ് ചെയ്തേക്കും.
റിലീസിങ്ങിന് കാത്തിരിക്കുന്നത് ബേസിൽ ജോസഫിന്‍റെ സിനിമയാണ്. ജ്യോതിഷ് ശങ്കറാണ് സംവിധാനം. ഓണത്തിനായിരിക്കും റിലീസിങ്. പുതിയ രണ്ട് മൂന്ന് പ്രോജക്ടുകളുടെ ചർച്ചകൾ നടക്കുന്നുണ്ട്.
ഫഹദ് ഫാസിലുമൊത്ത്
നടനാകുമ്പോൾ കുറെ ആർട്ടിസ്റ്റുകൾക്കൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും. അത്തരം ലിസ്റ്റിലുള്ളയാളാണ് ഫഹദ് ഫാസിൽ. അദ്ദേഹത്തോടൊപ്പം എന്നെങ്കിലും സ്ക്രീൻ ഷെയർ ചെയ്യണമെന്നുണ്ടായിരുന്നു. അത് പെട്ടെന്നുതന്നെ സംഭവിച്ചു.
വലിയ എക്സ്പീരിയൻസായിരുന്നു. പെർഫോം ചെയ്യുമ്പോൾ അദ്ദേഹത്തിന്‍റെ എനർജി നമ്മളിലേക്ക് പാസ് ചെയ്യും. എക്സ്പീരിയൻസ്ഡ് ആർട്ടിസ്റ്റ് ആയതുകൊണ്ട് ധാരാളം കാര്യങ്ങൾ പഠിക്കാൻ പറ്റി. നല്ലൊരു കോംബോ ആയിരുന്നു. ഒപ്പം കംഫർട്ടും.
ബൾക്കി മാസ് ഫീൽ
അമ്പാന് വേണ്ടി ശാരീരികമായും മാനസികമായും തയാറെടുപ്പുകൾ ഉണ്ടായിരുന്നു. അമ്പാന് ബൾക്കി മാസ് ഫീൽ വേണം എന്നായിരുന്നു ജിത്തുവിന്‍റെ അഭിപ്രായം. രംഗ എന്ന കാരക്ടർ വെച്ച് നോക്കുമ്പോൾ ബൾക്കി ആയിരിക്കണം. പക്ഷേ, മെന്‍റലി വളരെ പാവവും ആയിരിക്കണം. അങ്ങനെ പോകുന്ന ഞാണിന്മേൽ കളിപോലെ ഒരു കോമിക് കാരക്ടർ.
ഫിസിക്കലി ഒരു ടാസ്കായിരുന്നു. ഗുണ്ടയാണെങ്കിലും ബോഡി ബിൽഡറെപ്പോലെ ഇരിക്കരുത്. സാധാരണക്കാരനെപ്പോലെ ആയിരിക്കണം. നല്ല വയറൊക്കെ വേണം. മസിലൊക്കെ ഫീൽ ചെയ്യണം ബൾക്കി ആയിട്ട്. കാരക്ടർ ബ്രീഫിലും ഇതേക്കുറിച്ച് വിശദമായി ഉണ്ടായിരുന്നു.
ട്രെയിനിങ് ഒരാഴ്ച
ഞാൻ ആദ്യമായാണ് സിനിമയിൽ ഇങ്ങനെ ഒരു സ്റ്റണ്ട് ചെയ്യുന്നത്. ചെറിയ സ്ട്രഗിളിങ് ഒക്കെ മാത്രമാണ് അതുവരെ ചെയ്തിരുന്നത്. ഒരു കോറിയോഗ്രഫി സ്റ്റണ്ട് ചെയ്യുന്നത് ആദ്യമായിട്ടാണ്. ഒരാഴ്ചയോളം ഇതിനായി ട്രെയിൻ ചെയ്തു. അതുകൊണ്ടാണ് നല്ല രീതിയിൽ ചെയ്യാൻ സാധിച്ചത്.
എന്‍റെ കൂടെ ജാക്കി ആയും ബ്രൂസ്‌ലി ആയും നഞ്ചപ്പയായും വന്ന ഹിമാൻഷു, കൃഷ്ണ, കൃഷ്ണകുമാർ എന്നിവർ മികച്ചവരായിരുന്നു. നഞ്ചപ്പയായി വന്ന കൃഷ്ണകുമാർ 40 വർഷമായി തൈക്വാൻഡോ ട്രെയിനറാണ് ബംഗളൂരുവിൽ. 60 വയസ്സുള്ള അദ്ദേഹം എയ്റ്റ് പാക് ആണ്. മറ്റു രണ്ടുപേർ ജനിച്ചുവീണതുതന്നെ മാർഷ്യൽ ആർട്സിനു വേണ്ടിയാണ് എന്ന രീതിയിലാണ്. ഇവർക്ക് ഈ കഥാപാത്രങ്ങൾ വേഗം കണക്ടാകും.
പക്ഷേ എന്‍റെ അവസ്ഥ ഇതല്ലല്ലോ. ഞാൻ ആദ്യമായി ചെയ്യുകയാണ്. ഇവർക്കൊപ്പം പിടിച്ചുനിൽക്കണം. ഇതിൽ പണി എനിക്കായിരുന്നു എന്നതാണ് സത്യം. അമ്പാന്‍റെ പ്രിപറേഷനിൽ ഇതുകൂടി ഉണ്ടായിരുന്നു.
ചുരുളിയും ജാൻ എ. മനും
പഠിക്കുന്ന കാലത്ത് സ്റ്റേജിൽ പോലും കയറിയിട്ടില്ല. ഡിഗ്രിക്ക് പഠിക്കുന്ന കാലത്തും എല്ലാവരെയും പോലെ ടി.വിയിലും തിയറ്ററിലും സിനിമ കാണും. പിന്നീടാണ് സിനിമക്ക് പിന്നിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ താൽപര്യം തോന്നിത്തുടങ്ങിയത്. ഡിഗ്രി കഴിഞ്ഞുനിൽക്കുന്ന സമയമാണ് സിനിമ മോഹങ്ങൾ തുടങ്ങിയത്.
നാടകങ്ങളിലൂടെ ആക്ടിങ് പോളിഷ് ചെയ്തു നടക്കുന്ന സമയം. ചെറിയ മൂന്ന് സിനിമകൾ അക്കാലത്ത് ചെയ്തു. സിനിമയാണ് എന്‍റെ മേഖല എന്ന് തിരിച്ചറിഞ്ഞു. അതുപോലെ ഇത്തരം സിനിമകളല്ല ചെയ്യേണ്ടത് എന്നും പോകുന്ന റൂട്ട് ശരിയല്ല എന്നും തോന്നിത്തുടങ്ങി. അങ്ങനെയാണ് ഒരു ബ്രേക്ക് എടുക്കുന്നത്.
പിന്നീടാണ് ‘ചുരുളി’യിലേക്ക് എത്തിപ്പെടുന്നതും ‘ജാൻ എ. മൻ’, ‘രോമാഞ്ചം’ ഉൾപ്പെടെ ഈ റൂട്ടിലേക്ക് വരുന്നതും. ‘ചുരുളി’യിലെ ജീപ്പ് ഡ്രൈവറുടെ വേഷമാണ് ബ്രേക്കിങ്ങായത്. ‘ചുരുളി’യുടെ ട്രെയിലർ കണ്ടിട്ടാണ് ചിദംബരം എന്നെ ‘ജാൻ എ. മനി’ലേക്ക് വിളിക്കുന്നത്. ‘ചുരുളി’യും ‘ജാൻ എ. മനും’ ഒരേ ദിവസം റിലീസായി. ഒന്ന് ഒ.ടി.ടിയിലും മറ്റൊന്ന് തിയറ്ററിലും. രണ്ടും ഒരുമിച്ച് ഇറങ്ങിയതും ഗുണകരമായി.
സ്വന്തം സ്ക്രിപ്റ്റ്
സിനിമയിൽ ചാൻസ് തേടി നടന്ന കാലത്താണ് തിരക്കഥ എഴുതിയാലോ എന്ന് തോന്നിത്തുടങ്ങിയത്. ഒരു സ്ക്രിപ്റ്റ് എഴുതിയിട്ട് അതിലൂടെ ഒരു കാരക്ടർ ചെയ്യാമല്ലോ എന്ന് കരുതി. നാട്ടിലെ സംഭവങ്ങളും ജീവിതത്തിലെ കുറച്ച് കാര്യങ്ങളും കൂട്ടുകാരുമായി ഷെയർ ചെയ്തപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടു.
പ്രഫഷനൽ തിരക്കഥാകൃത്തൊന്നുമല്ലെങ്കിലും എഴുതിത്തുടങ്ങി. ഏതായാലും അധികം താമസിയാതെ അങ്ങനെയൊരു സിനിമ സംഭവിക്കും. നല്ല സിനിമകളുടെ ഭാഗമാവുകയും അതിനിടയിൽ നല്ല കഥകൾ എഴുതുകയും ചെയ്യണമെന്നാണ് ആഗ്രഹം.
തിയറ്ററുകളിൽ തിരിച്ചെത്തി ജനം
കമേഴ്സ്യലായ സിനിമകൾ വന്ന് ഹിറ്റ് അടിക്കാൻ തുടങ്ങി എന്നതാണ് മലയാള സിനിമ മേഖലയിൽ പുതുതായി വന്ന മാറ്റം. ആളുകൾ തിയറ്ററിലേക്ക് തിരിച്ചെത്തി. കോവിഡിന് ശേഷം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ എല്ലാവരും സ്റ്റക്കായിരുന്നു. അവർ തിരിച്ചെത്തി എന്നതാണ് സന്തോഷം തരുന്നത്.
ആളുകൾ എന്‍റർടെയ്നറായ കളർഫുൾ കമേഴ്സ്യൽ സിനിമകൾ ആഗ്രഹിച്ചു തുടങ്ങി. അന്യഭാഷ ചിത്രങ്ങളാണ് സാധാരണ മലയാളികൾ ഇത്തരത്തിൽ കണ്ടുകൊണ്ടിരുന്നത്. ഇത്തരം സിനിമകൾ മലയാളത്തിലും വന്നുതുടങ്ങി.‘ മഞ്ഞുമ്മൽ ബോയ്സ്’ ആണെങ്കിലും ‘ആവേശ’മാണെങ്കിലും ‘ആടുജീവിതം’, ‘പ്രേമലു’ എന്നിങ്ങനെയുള്ളതാണെങ്കിലും ഇത്തരമൊരു മാറ്റം മലയാളത്തിൽ കൊണ്ടുവന്നു.
ഒരിടക്ക് ചെറിയ സിനിമകൾ ട്രെൻഡായിരുന്നു. പ്രകൃതി എന്നൊരു ട്രെൻഡ്. അത് ഒരു സീരീസ് ആയി പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ ഒരു ഷിഫ്റ്റ് വന്നെന്നു തോന്നുന്നു. അതായിരിക്കും ആളുകൾ തിയറ്ററുകളിലേക്ക് ഇത്ര ആവേശത്തോടെ ഓടിയെത്താൻ കാരണമെന്ന് തോന്നുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.