‘എല്ലാ ഇമോഷനിലുമുള്ള കഥാപാത്രങ്ങളും എക്സ്പ്ലോർ ചെയ്യണം’ -ശ്രുതി രാമചന്ദ്രൻ സിനിമയും ജീവിതവും പറയുന്നു
text_fieldsആർക്കിടെക്ട്, പ്രഫസർ, അഭിനേത്രി എന്നിങ്ങനെ മൂന്ന് പ്രഫഷനിലൂടെ സഞ്ചരിച്ചയാളാണ് ശ്രുതി രാമചന്ദ്രൻ. ആർക്കിടെക്ടായി തുടക്കം. പിന്നെ ആർക്കിടെക്ട് പ്രഫസറായി. പഠിച്ചും പഠിപ്പിച്ചും മുന്നോട്ടുപോകുന്നതിനിടെ എപ്പോഴോ സിനിമയിലെത്തി.
ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങൾ. അതിലെല്ലാം തന്‍റേതായ കൈയൊപ്പ് പതിപ്പിക്കാൻ ശ്രുതിക്ക് കഴിഞ്ഞു. സിനിമയും ജീവിതവും മാധ്യമം ‘കുടുംബ’വുമായി ശ്രുതി പങ്കുവെക്കുന്നു.
10 വർഷം, 14 സിനിമകൾ
ആക്ടിങ് ബാക്ഗ്രൗണ്ടുള്ളയാളല്ല ഞാൻ. 2014ൽ ഇറങ്ങിയ ‘ഞാൻ’ ആയിരുന്നു ആദ്യ സിനിമ. അതുകഴിഞ്ഞ് ‘പ്രേതം’. ശേഷമാണ് സിനിമയെ കുറച്ചുകൂടി സീരിയസായി കാണാൻ തുടങ്ങിയത്. എല്ലാവർക്കും ഒരു സ്ട്രോങ് പോയന്‍റുണ്ടാകും.
എന്‍റെ കണ്ണ് നല്ലതാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ‘മധുര’ത്തിലെ കണ്ണ് പോലെയായിരിക്കില്ല ‘കാണെക്കാണെ’യിലേത്. നൃത്തം പഠിച്ചത് സിനിമ അഭിനയം എളുപ്പമാക്കിയിട്ടുണ്ട്.
‘നീരജ’യും തയാറെടുപ്പുകളും
ആസ്വദിച്ച് ചെയ്ത സിനിമയാണ് ‘നീരജ’. കഥാപാത്രത്തിന്‍റെ തീവ്രത പ്രേക്ഷകരിലേക്കെത്തി എന്നുതന്നെയാണ് വിശ്വാസം. ചിത്രത്തിന്‍റെ സംവിധായകൻ രാജേഷേട്ടൻ (രാജേഷ് കെ. രാമൻ) കഥ അവതരിപ്പിച്ച ഒരു രീതിയുണ്ട്. ഇത്രയും സെൻസിറ്റിവായ വിഷയം സംവിധായകൻ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
അദ്ദേഹത്തോട് എന്‍റെ ഐഡിയകൾ പറയാനുള്ള സ്പേസ് ഉണ്ടായിരുന്നു. നല്ലതാണെങ്കിൽ സ്വീകരിക്കാനും അല്ലാത്തത് തുറന്നുപറയാനും ശ്രമിക്കുന്ന ഒരാളാണ് രാജേഷേട്ടൻ.
ഏറ്റവും പ്രിയം കഥാപാത്രം
ആഴത്തിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് എക്സൈറ്റിങ്ങാണ്. ഇത്തരം കഥാപാത്രങ്ങൾ ചെയ്യുമ്പോൾ കുറെക്കൂടി ഹോംവർക്കും ആവശ്യമാണ്. ഓരോ സിനിമയും അതിലെ കഥാപാത്രങ്ങളും കൈകാര്യം ചെയ്യുന്നതിൽ വ്യത്യാസമുണ്ട്. ചിലത് വളരെ എളുപ്പത്തിലാണെങ്കിൽ മറ്റു ചിലത് കുറെക്കൂടി ആഴത്തിൽ സഞ്ചരിക്കേണ്ടവയാണ്.
ചെയ്ത എല്ലാ സിനിമകളിലും എന്‍റെ കഥാപാത്രങ്ങൾക്ക് എന്നെ അതിശയിപ്പിക്കുന്ന എന്തെങ്കിലും ഒരു ഘടകമുണ്ടായിരിക്കും. അതുതന്നെയാണ് ആ കഥാപാത്രത്തെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതും. പ്രിയപ്പെട്ട സിനിമ എന്നൊന്നില്ല. ആ സമയത്ത് ആ കഥാപാത്രമാണ് ഏറ്റവും പ്രിയപ്പെട്ടത്.
ഹിറ്റായ നോട്ടം
ട്രോളുകളിലും മറ്റും കത്തിക്കേറിയ ഒന്നായിരുന്നു ‘സൺഡേ ഹോളിഡേ’യിലെ ആ നോട്ടം. ഒരു ഷോട്ട് എടുത്ത് കഴിഞ്ഞപ്പോൾ ജിസ് ചേട്ടൻ പറഞ്ഞു. ആസിഫ് ചിരിക്കുമ്പോൾ ശ്രുതി ഒന്ന് ആസിഫിനെ തിരിഞ്ഞുനോക്കിയാൽ നന്നായിരിക്കും എന്ന്.
എന്നേക്കാളും നല്ലൊരു കുട്ടിയെ കിട്ടിയല്ലോ, അതിലെ കുശുമ്പ്, അസൂയ... അതൊക്കെ പ്രകടമാകുന്ന ഒരു നോട്ടം. കുശുമ്പൊക്കെ വന്നു എന്നാണ് തോന്നുന്നത്. അത്രയേറെ ആ നോട്ടം ആഘോഷിക്കപ്പെട്ടതിൽ സന്തോഷമുണ്ട്.
കോമഡി ചെയ്യൽ ഒട്ടും എളുപ്പമായിരുന്നില്ല
‘ഗർർ’ എന്ന സിനിമയിലെ മൃദുല എന്ന കഥാപാത്രത്തിന് ഒരു ഹ്യൂമർ ടച്ചുണ്ട്. കോമഡി ചെയ്യാൻ ഒട്ടും എളുപ്പമായിരുന്നില്ല. സിനിമ റിലീസ് ചെയ്യുന്നതുവരെ ടെൻഷനായിരുന്നു. ഹ്യൂമർ ആളുകളിലേക്ക് എത്തിക്കാൻ കുറച്ചു പ്രയാസമാണ്.
പ്രത്യേകിച്ച് മലയാളി പ്രേക്ഷകരിലേക്ക്. എങ്ങനെയാണ് എന്നെ കാസ്റ്റ് ചെയ്യാൻ തോന്നിയത് എന്ന് ചോദിച്ചിരുന്നു. സിനിമ റിലീസായപ്പോൾ എനിക്കുകിട്ടിയ റിവ്യൂസും മറ്റും പോസിറ്റിവായിരുന്നു.
മാറ്റങ്ങളുടെ മലയാള സിനിമ
ഇപ്പോഴത്തെ പ്രേക്ഷകർ ഓപണാണ്. അടിപൊളി സബ്ജക്ടുകളുണ്ട്. നമുക്ക് എങ്ങനെ വേണമെങ്കിലും ചിന്തിക്കാം. അത് നല്ലതാണെങ്കിൽ അതിനെ സ്വീകരിക്കാൻ പ്രേക്ഷകരുണ്ട്. നല്ല കഥയും വ്യത്യസ്ത ചിന്താഗതികളും കൂടിച്ചേരുമ്പോൾ മലയാള സിനിമ അടിപൊളിയാണ്.
ചിന്തകളെ മൊത്തമായി സ്വീകരിക്കുന്ന ഇൻഡസ്ട്രിയാണെന്ന് തോന്നിയിട്ടുണ്ട്. ചെറുതാണോ വലുതാണോ എന്നൊന്നുമല്ല. ഒരു എഴുത്തുകാരി എന്ന നിലയിൽ എന്നെ ആകർഷിക്കുന്ന ഘടകവും അതാണ്. ഓരോ ഘട്ടത്തിലും മലയാള സിനിമ വളർന്നുകൊണ്ടിരിക്കുകയാണ്. ആ വളർച്ച സിനിമയിലും കഥയിലും കഥാപാത്രങ്ങൾക്കും ഉണ്ടാകുന്നുമുണ്ട്.
‘ഡിയർ കോമ്രേഡി’ലേക്ക്
‘സൺഡേ ഹോളിഡേ’യിലെ പാട്ട് കണ്ടാണ് ‘ഡിയർ കോമ്രേഡി’ന്‍റെ സംവിധായകൻ വിളിക്കുന്നത്. ‘ഡിയർ കോമ്രേഡ്’ സെറ്റിലെ അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് വളരെയധികം സഹായിച്ചിരുന്നു. കുറച്ചുപേർ മലയാളികളായതിനാൽ കാര്യങ്ങൾ എളുപ്പമായി.
തെലുങ്ക് ഭാഷ പഠിക്കാനുള്ള സമയമുണ്ടായിരുന്നില്ല. ഒരു സെറ്റിൽനിന്നാണ് അങ്ങോട്ടുപോയത്. ഡയലോഗൊക്കെ പഠിച്ചിരുന്നു. മോഡുലേഷൻ സെറ്റായില്ല. ഞാൻ അവരുടെയടുത്ത് അടുത്ത ദിവസത്തെ സീനിന്‍റെ ഡയലോഗുകൾ മോഡുലേഷനിലൂടെ വോയ്സ് നോട്ടായി അയക്കാൻ പറഞ്ഞു. മലയാളികളുടെ മോഡുലേഷനും തെലുങ്ക് സംസാരിക്കുന്ന ഒരാളുടെ മോഡുലേഷനും തമ്മിൽ വ്യത്യാസമുണ്ടല്ലോ.
ജീവിതം, സിനിമ
ഞാനും ഭർത്താവ് ഫ്രാൻസിസും രണ്ടുപേരും സപ്പോർട്ട് പില്ലേഴ്സ് ആണ്. ഫ്രാൻസിസിന്‍റെ വർക്കിൽ ഞാൻ സപ്പോർട്ട് ചെയ്യുന്നപോലെ എന്‍റെ വർക്കിൽ ഫ്രാൻസിസും സപ്പോർട്ട് ചെയ്യുന്നുണ്ട്. മൈത്രി എന്ന കമ്പനിയിലെ ക്രിയേറ്റിവ് ഹെഡാണ് അദ്ദേഹം.
ഞങ്ങൾ ഫ്രണ്ട്സാണ്. പാർട്ണേഴ്സാണ്. അതുതന്നെയാണ് റിലേഷനെ ഹെൽപ് ചെയ്യുന്നത്. ഞങ്ങൾ ഒന്നിച്ച് എഴുതാറുണ്ട്. തമിഴിലും തെലുങ്കിലും ഒന്ന് റിലീസായിട്ടുണ്ട്. മലയാളത്തിലാണ് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത്. രണ്ട് വെബ് സീരീസുകളാണ് എന്‍റേതായിട്ട് വരാനുള്ളത്. എല്ലാ ഇമോഷനിലുമുള്ള കഥാപാത്രങ്ങളും എക്സ് പ്ലോർ ചെയ്യണമെന്നുണ്ട്.
എല്ലാം മറന്ന് അഭിനയിക്കാൻ പറ്റുന്ന ഇടം
നമുക്ക് എല്ലാം മറന്ന് അഭിനയിക്കാൻ പറ്റുന്ന ഇടം വളരെ പ്രധാനപ്പെട്ടതാണ്. ഇതാണ് നിങ്ങളുടെ ഫ്രെയിം എന്നുപറഞ്ഞ് അഭിനയിക്കാൻ പറയുന്നതും സന്ദർഭത്തിനനുസരിച്ച് നിങ്ങൾക്ക് എന്തുചെയ്യാൻ പറ്റും എന്ന് ചിന്തിച്ച് അതിനനുസരിച്ച് ഫ്രെയിം സെറ്റ് ചെയ്യാം എന്ന് പറയുന്നതും വ്യത്യാസമുണ്ട്.
‘മധുരം’ അടിപൊളി എക്സ്പീരിയൻസായിരുന്നു. ക്രൂവിലെ എല്ലാവരുമായി ഒരു കെമിസ്ട്രിയുണ്ട്. ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ ജിതിൻ എനിക്കൊരു സ്പേസ് തന്നിരുന്നു. ഇതിലെ അഭിനയത്തിന് സ്പെഷൽ ജൂറി പരാമർശം ലഭിച്ചതും ഇരട്ടി സന്തോഷമാണ്.
‘നടന്ന സംഭവം’ സമൂഹത്തിൽ ഇപ്പോഴും നടക്കുന്ന കാര്യങ്ങൾതന്നെയാണ്. അതാണ് ആ സിനിമ ചെയ്യാൻ എന്നെ തോന്നിപ്പിച്ചത്. ഇങ്ങനത്തെ അർബൻ കഥാപാത്രങ്ങൾ ഒന്നും ഞാൻ ചെയ്തിട്ടില്ല. അതൊന്ന് ട്രൈ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ സിനിമ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.