പൃഥ്വിരാജ് സംവിധാനം ചെയ്യുന്നതുപോലെ നമ്മൾക്ക് ഒരുകാലത്തും ചെയ്യാൻ പറ്റില്ല എന്ന് തോന്നും... ‘എമ്പുരാനി’ൽ ഞാനുണ്ട്. പക്ഷേ... വിശേഷങ്ങളുമായി ടൊവിനോ തോമസ്
text_fieldsസങ്കടങ്ങളിൽ ചേർന്നുനിന്ന് നാടിന്‍റെ കണ്ണീരൊപ്പിയും സാമൂഹിക വിഷയങ്ങളിൽ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചും മലയാളിയുടെ ഹൃദയത്തിൽ ഇടം കണ്ടെത്തിയ നടനാണ് ടൊവിനോ തോമസ്. അകലെ വിണ്ണിൽ തിളങ്ങുന്ന താരമായല്ല, അയൽപക്കത്തെ പയ്യനായാണ് മലയാളി ടൊവിനോയെ കാണുന്നത്.
വസീമും മാത്തനും മിന്നൽ മുരളിയും അജയനുമായെല്ലാം നിറഞ്ഞാടിത്തിമിർത്ത വെള്ളിത്തിരയിൽനിന്ന് ഇറങ്ങിവന്ന് ടൊവീനോ സംസാരിക്കുകയാണ്, തികഞ്ഞ ഒരു ഫാമിലി മാനായി. ചെറിയ വേഷങ്ങളിലൂടെ വന്ന് വളരെ പെട്ടെന്ന് സൂപ്പർതാരമായി വളർന്ന ടൊവിനോ തോമസ് ‘കുടുംബ’ത്തോട് മനസ്സു തുറക്കുന്നു.
ഫാമിലി മാൻ
കുട്ടികൾ വലുതാവുന്നു, സ്കൂളിലൊക്കെ പോകുന്നു. അവരോടൊപ്പം സമയം ചെലവഴിക്കണം. പണ്ടത്തെ പോലെ എപ്പോഴും എന്റെ കൂടെ അവർക്ക് ട്രാവൽ ചെയ്യാൻ പറ്റാതായി. അപ്പോൾ ഒരു ബാലൻസിങ്ങിന് നമ്മൾ നിർബന്ധിതരാവും.
കുട്ടികളോടും കുടുംബത്തോടുമൊപ്പം സമയം ചെലവഴിക്കാൻ കൂടുതൽ ശ്രദ്ധിക്കും. അതിനായി സിനിമകൾക്കിടയിൽ ഇടവേളകൾ എടുക്കാൻ തുടങ്ങി. ഫാമിലി ഇല്ലാതെ നമ്മളില്ലല്ലോ?
കുടുംബം അണ്ടർസ്റ്റാൻഡിങ്ങായതുകൊണ്ടാണ് മുമ്പ് സിനിമക്ക് ഒരു പൊടിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാൻ പറ്റിയിരുന്നത്. ഇപ്പോൾ സിനിമക്കും കുടുംബത്തിനും സമയം ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ പറ്റുന്നുണ്ട്. അതിനായി കുറച്ച് ബാലൻസ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. അല്ലാതെ സിനിമകളുടെ കാര്യത്തിൽ സെലക്ടീവായതല്ല.
പുതുമ തേടുന്നു
സിനിമകളുടെ എണ്ണം ഇപ്പോൾ കുറച്ച് കുറവാണ്. പണ്ടത്തെ അത്രയില്ല. സിനിമകൾ സമയമെടുത്ത് ചെയ്യുന്നു. അതിന്റെ പ്രിപ്പറേഷന് കൂടുതൽ സമയം മാറ്റിവെക്കുന്നു. കഥ കേട്ട് കുറെനേരം വർക്കൗട്ട് ചെയ്ത് സ്ക്രിപ്റ്റ് വായിച്ച് ഒക്കെയാണ് തീരുമാനമെടുക്കുന്നത്. അല്ലാതെ കഴിയില്ലല്ലോ.
സ്ക്രിപ്റ്റ് പലതവണ വായിച്ച ശേഷം മാത്രം തീരുമാനമെടുത്ത സിനിമകളുണ്ട്. എന്നുവെച്ച് അങ്ങനെയുള്ള സിനിമകൾ വലിയ ഹിറ്റാവുകയോ വിജയിക്കുകയോ ചെയ്യണമെന്നില്ല. ഇൻസ്റ്റന്റിനെ ഫോളോ ചെയ്യുന്നു. അത്രമാത്രം.
അതല്ലാതെ ഇതെന്തായാലും ഹിറ്റാവും എന്ന് പറയാൻ പറ്റുന്ന ആരെങ്കിലുമുണ്ടോ? ഒരു സിനിമയുടെ വിധി മുൻകൂട്ടി നിർണയിക്കാൻ നമുക്ക് കഴിയില്ലല്ലോ. പ്രേക്ഷകർക്ക് വേണ്ടത് ഇതാണ് എന്ന് തീരുമാനിക്കാനും പറ്റില്ലല്ലോ. കാരണം പ്രേക്ഷകർക്ക് വേണ്ടത് എന്താണെന്ന് പ്രേക്ഷകർക്ക് തന്നെയറിയില്ല. നമ്മൾ കൊടുക്കുന്നത് നല്ലതാണോ ചീത്തയാണോ എന്ന് അവർ കണ്ട് തീരുമാനിക്കുന്നതാണ്.
സിനിമ പഠിക്കുന്നു
ലഭ്യമായ സോഴ്സുകൾ വെച്ച് സിനിമയെക്കുറിച്ച് പഠിക്കാനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനുള്ള സാമഗ്രികൾ ഇന്ന് സുലഭമാണ്. സ്റ്റുഡിയോ ഫൈൻഡർ എന്നൊരു ചാനൽ യൂട്യൂബിൽ ഉണ്ട്. അത് കണ്ടാൽ സിനിമയെക്കുറിച്ച് കുറെ പഠിക്കാൻ പറ്റും. സമയം കിട്ടുമ്പോഴൊക്കെ കാണും.
ആക്ടിങ്ങിനെക്കുറിച്ച് മാത്രമല്ല സംവിധാനം, നിർമാണം, സിനിമാട്ടോഗ്രഫി എന്നിവയെക്കുറിച്ചെല്ലാമുള്ള വിഡിയോകളും കാണും. ഇതൊന്നും ചെയ്യാൻ വേണ്ടിയല്ല. എന്നാൽ, ഒരു അഭിനേതാവ് എന്ന നിലയിൽ സിനിമയെ സമഗ്രമായി അറിഞ്ഞുവെക്കുന്നത് നമ്മൾ പ്രവർത്തിക്കുന്ന മേഖലയിൽ കൂടുതൽ മെച്ചപ്പെടാൻ നല്ലതല്ലേ?
സംവിധാനം അജണ്ടയിലില്ല
രാജുവേട്ടൻ (പൃഥ്വിരാജ്) ചെയ്യുന്നതൊക്കെ കണ്ടുകഴിഞ്ഞാൽ ഇങ്ങേരൊക്കെ സംവിധാനം ചെയ്യുന്നതുപോലെ നമ്മൾക്ക് ഒരുകാലത്തും ചെയ്യാൻ പറ്റില്ല എന്ന് തോന്നും.
അത്രയും ഗംഭീരമായാണ് അങ്ങേര് ചെയ്യുന്നത്. എന്തായാലും തൽക്കാലം അഭിനയത്തിൽ തന്നെ നിൽക്കാനാണ് ആഗ്രഹം. ‘എമ്പുരാനി’ൽ ഞാനുണ്ട്. എന്നാൽ, അതേക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല.
ഞാൻ നിർമിക്കുന്ന സിനിമ
സിനിമ സംവിധാനം ചെയ്യാനൊന്നുമില്ലെങ്കിലും നിർമിക്കുന്നുണ്ട്. ബേസിൽ ജോസഫ് നായകനായ ‘മരണ മാസ്’ എന്ന സിനിമയാണ്. മിന്നൽ മുരളിയുടെ അസോസിയറ്റ് ഡയറക്ടറായിരുന്ന ശിവപ്രസാദാണ് സംവിധായകൻ.
‘എ.ആർ.എം’: എനിക്കിത് ബിഗ് ബജറ്റ് സിനിമ
അജയന്റെ രണ്ടാം മോഷണം എന്നെ സംബന്ധിച്ച് ഒരു ബിഗ് ബജറ്റ് സിനിമയാണ്. മലയാളത്തിൽ ഇതിനേക്കാൾ നാലോ അഞ്ചോ ഇരട്ടി ബജറ്റിൽ സിനിമകളുണ്ടായിട്ടുണ്ട്. എന്റെ കരിയറിൽ ഒരുപക്ഷേ ഏറ്റവും വലിയ കാൻവാസ് ഫീൽ ചെയ്യിപ്പിക്കുന്ന സിനിമയാണിത്. ബജറ്റ് വെച്ചല്ല, ബജറ്റ് ഉപയോഗപ്പെടുത്തിയ രീതിവെച്ചാണ് പറയുന്നത്. കാൻവാസ് വലുതാണ്. കരിയറിലെ ആദ്യ ത്രീഡി സിനിമ.
2017ലാണ് ഈ കഥ ഞാൻ കേൾക്കുന്നത്. അതിന് മുമ്പേ ഇത് എഴുതപ്പെട്ടിട്ടുണ്ടാവുമല്ലോ. അതിനുശേഷവും 27 ഡ്രാഫ്റ്റുകൾ സംവിധായകനും തിരക്കഥാകൃത്തും ചേർന്ന് തയാറാക്കിയിട്ടുള്ളതാണ്.
സംവിധായകൻ ജിതിൻലാൽ പുതുമുഖം ആണെങ്കിലും അങ്ങനെ പറയുന്നത് നീതിയാണെന്ന് തോന്നുന്നില്ല. കാരണം അവന് ഈ സിനിമയിൽ മാത്രം എട്ടു വർഷത്തെ എക്സ്പീരിയൻസുണ്ട്. അത്രയുംകാലം ഹോം വർക്ക് ചെയ്താണ് ഒരുക്കിയത്. അവന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് ഈ സിനിമ.
അപ്ഡേറ്റായിക്കൊണ്ടിരുന്നാൽ പുതുമയുണ്ടാക്കാം
‘തല്ലുമാല’ ആളുകൾ നന്നായി ആസ്വദിക്കാൻ സാധ്യതയുണ്ടെന്ന് റിലീസിനു മുമ്പേ തോന്നിയിരുന്നു. ഉറപ്പിച്ച് പറയാൻ അപ്പോഴും പറ്റിയിട്ടില്ല. അതിലൊരു പുതുമയുണ്ടായിരുന്നു. നരേഷനിലും ആ പുതുമ നിലനിർത്തുകയും അതേസമയം ടെക്നിക്കലി ബ്രില്യന്‍റാവുകയും ചെയ്യുന്ന സമയത്ത് ആ സിനിമ സ്വീകരിക്കപ്പെടാൻ സാധ്യത കൂടുതലാണ്. പുതുമ അത്യാവശ്യ ഘടകമാണ്.
പ്രേക്ഷകരുടെ അഭിരുചികൾ കാലത്തിന് അനുസരിച്ച് മാറുകയാണ്. സൊസൈറ്റി മാറുമ്പോൾ, ജീവിതരീതികൾ മാറുമ്പോൾ, ചുറ്റുപാടുകൾ മാറുമ്പോൾ ഒക്കെ നമ്മുടെ ആസ്വാദനരീതിയും മാറുന്നുണ്ടായിരിക്കാം. അതിന് അനുസരിച്ച് അപ്ഡേറ്റായിക്കൊണ്ടിരുന്നാൽ പുതുമയുണ്ടാക്കാം.
പ്രേക്ഷകരുടെ അഭിരുചി മാറുന്നത് കൊണ്ടാണല്ലോ ന്യൂ വേവ് സിനിമകളുണ്ടാവുന്നത്. എന്നാൽ, അതും നിരന്തരം വന്നുകൊണ്ടിരുന്നാൽ പ്രേക്ഷകർക്ക് ബോറടിക്കും. കാലാകാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. അപ്പോൾ വേറെ പുതിയ തരംഗ സിനിമകളുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.