കീശ കീറാത്ത ടാബുകളും പുത്തൻ സ്മാർട്ട്ഫോണുകളും പരിചയപ്പെടാം
text_fieldsഓണർ പാഡ് എക്സ് 8
താരതമ്യേന വില കുറഞ്ഞതും 10.1 ഇഞ്ച് സ്‌ക്രീൻ വലുപ്പമുള്ളതുമായ ടാബ് 3 ജി.ബി, 4 ജി.ബി എന്നീ റാം ഒപ്‌ഷനുകളിലും 32 ജി.ബി, 64 ജി.ബി സ്റ്റോറേജ് ഒപ്‌ഷനുകളിലും ലഭ്യമാണ്. 3 ജി.ബി/ 32 ജി.ബി വേരിയന്റ് ഏകദേശം 9000 രൂപക്കടുത്ത് ഓൺലൈനിൽ വിൽപനക്കുണ്ടെങ്കിലും അതിന്‍റെ ഉയർന്ന വേരിയന്‍റായ 4 ജി.ബി/64 ജി.ബി വാങ്ങുന്നതാകും ഉചിതം.
ഏതാണ്ട് 13,000 രൂപക്കടുത്താണ് ഇതിന്‍റെ ഓൺലൈൻ വില. വൈഫൈ കണക്ടിവിറ്റിയുള്ള ടാബിൽ മീഡിയടെക് MT8786 പ്രോസസറാണുള്ളത്. ആൻഡ്രോയ്ഡ് 12 ഒ.എസിലുള്ള ടാബിൽ ടുയുവി (Tuv) സാക്ഷ്യപ്പെടുത്തിയ ഐ പ്രൊട്ടക്ഷൻ സംവിധാനമുണ്ട്.
മോട്ടറോള ടാബ് G70
11.2 ഇഞ്ച് ഡിസ് പ്ലേ ഉൾപ്പെടുന്ന ടാബ് 2K റെസല്യൂഷനോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 4 ജി.ബി റാം, 64 ജി.ബി റോം സംഭരണ ശേഷിയിൽ ലഭ്യമായ ഈ ആൻഡ്രോയ്ഡ് 11 ടാബിനു Wi-Fi , 4ജി എന്നീ കണക്ടിവിറ്റി സൗകര്യങ്ങളുണ്ട്.
മീഡിയടെക് ഹീലിയോ G90T പ്രോസസറാണ്. ഡോൾബി അറ്റ്‌മോസ് സംവിധാനമുള്ള ക്വാഡ്‌കോർ സ്പീക്കറുകൾ, ഫെയ്‌സ് അൺലോക്ക് ഫീച്ചർ, ഗൂഗ്ൾ അസിസ്റ്റന്റ് എന്നീ സൗകര്യങ്ങളുമുണ്ട്. 15,000 രൂപക്കടുത്താണ് വില.
ലെനോവോ ടാബ് P11 (സെക്കൻഡ് ജനറേഷൻ)
11.5 ഇഞ്ച് ഡിസ് പ്ലേയോടുകൂടിയ ഈ ടാബിൽ 6 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമാണുള്ളത്. Wi-Fi 6, ബ്ലൂടൂത്ത് 5.2, 4G LTE എന്നീ കണക്ടിവിറ്റി ഒപ്‌ഷനുകളോടുകൂടിയ ടാബിനു മീഡിയടെക് ഹീലിയോ G99 പ്രോസസറാണ് കരുത്തുപകരുന്നത്.
ആൻഡ്രോയ്ഡ് 12 അല്ലെങ്കിൽ അതിന്‍റെ പുതിയ വേർഷനുകളിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. 18,000 രൂപക്കടുത്താണ് ഓൺലൈൻ മാർക്കറ്റ് വില.
സാംസങ് ഗാലക്‌സി ടാബ് A9 & ടാബ് A9+
8 ജി.ബി വരെ റാമുമായി വരുന്ന സാംസങ് ടാബുകളാണിത്. ടാബ് A9ന്റെ സ്ക്രീൻ സൈസ് 8.5 ഇഞ്ചും ടാബ് A9+ ന്റേത് 11 ഇഞ്ചുമാണ്. 128 ജി.ബി വരെ ബിൽറ്റ്-ഇൻ സ്റ്റോറേജുണ്ട്. 4 ജി.ബി റാം /64 ജി.ബി റോം എന്നൊരു വേരിയന്റും ലഭ്യമാണ്. സാംസങ് ഓൺലൈൻ ഷോപ്പിലെ വിലവിവര പ്രകാരം വൈഫൈ സൗകര്യം മാത്രമുള്ള 4 ജി.ബി റാം /64 ജി.ബി റോം ഗാലക്‌സി ടാബ് A9 മോഡൽ 12,000 രൂപക്കടുത്ത് വാങ്ങാം.
എന്നാൽ, 4G സൗകര്യം കൂടിയാകുമ്പോൾ വില പതിനയ്യായിരത്തിനടുത്താകും. ഗാലക്‌സി ടാബ് A9+ എന്ന ടാബിന്റെ വൈഫൈ മാത്രമുള്ള 4 ജി.ബി റാം /64 ജി.ബി റോം വേരിയന്റിന് പതിനയ്യായിരത്തിനടുത്താണ് വില. എന്നാൽ, ഇതേ വേരിയന്റിൽ 5ജി സൗകര്യം കൂടിയാകുമ്പോൾ വില ഇരുപതിനായിരത്തിനു മുകളിൽ പോകും.
വൈഫൈ സൗകര്യം മാത്രമുള്ള ഗാലക്‌സി ടാബ് A9+ ന്‍റെ 8 ജി.ബി റാം /128 ജി.ബി റോം വേരിയന്റിന് ഇരുപതിനായിരത്തിനടുത്താണ് വിലയെങ്കിൽ ഈ വേരിയന്റിൽ 5ജി കൂടിയാകുമ്പോൾ വില ഇരുപത്തിമൂവായിരത്തിനടുത്താകും.
പുത്തൻ സ്മാർട്ട്ഫോൺ
● മോട്ടറോള 50 എഡ്ജ് പ്രൊ
ക്വാൾകോം സ്നാപ്ഡ്രാഗൺ 7 മൂന്നാം തലമുറ ഒക്ടാ കോർ പ്രോസസറുമായെത്തിയ ഫോണിന് 12 ജി.ബി വരെയുള്ള റാം പിന്തുണയുണ്ട്. പിൻവശത്തായി ട്രിപ്പ്ൾ കാമറകളാണ്. IP 68 ഡസ്റ്റ് & വാട്ടർ റെസിസ്റ്റന്‍റ് രൂപകൽപനയാണുള്ളത്. 4,500 mAh ബാറ്ററിയാണ്. 125 വാട്സ് സൂപ്പർ-ഫാസ്റ്റ് ചാർജിങ്ങിനും 50 വാട്സ് വയർലെസ് ചാർജിങ്ങിനും അവസരമുണ്ട്.
ആൻഡ്രോയ്ഡ് 14 ഒ.എസിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 6.7 ഇഞ്ച് കർവ്ഡ് ഡിസ്‌പ്ലേയാണുള്ളത്. HDR 10+ പിന്തുണ, 360 Hz ടച്ച് സാംപ്ലിങ് നിരക്ക്, കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവയും ഡിസ്‌പ്ലേക്കുണ്ട്. അഞ്ച് മിനിറ്റിലെ സൂപ്പർ ഫാസ്റ്റ് ചാർജിങ്ങിലൂടെ ഒരു ദിവസത്തെ ബാറ്ററി ലൈഫ് നേടാൻ എ.ഐ അധിഷ്ഠിത ഫീച്ചറുകളുള്ള ഫോണിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
● വൺപ്ലസ് നോഡ് സി.ഇ 4
വൺപ്ലസിൽനിന്നുള്ള പുതിയ സ്മാർട്ട്ഫോണാണ് നോർഡ് സി.ഇ 4. ക്വാൾകോം സ്നാപ്ഡ്രാഗൺ 7 മൂന്നാം തലമുറ ഒക്ടാ കോർ പ്രോസസർ, 120 Hz AMOLED ഡിസ്‌പ്ലേ, 50 MP സോണി LYT-600 OIS കാമറ, IP 54 വാട്ടർ റെസിസ്റ്റന്‍റ് ഡിസൈൻ, 100 വാട്സ് സൂപ്പർ ഫാസ്റ്റ് ചാർജിങ്ങോടുകൂടിയ 5,500 mAh ബാറ്ററി എന്നിവയുമുണ്ട്.
8 ജി.ബി റാമിൽ 128 ജി.ബി, 256 ജി.ബി എന്നീ രണ്ട് സ്റ്റോറേജ് ഒപ്‌ഷനുകളിലാണ് ലഭ്യമാവുക. സെൽഫി ഷൂട്ടർ 16 മെഗാപിക്സൽ f/2.4 ശേഷിയോടുകൂടിയതാണ്. ആൻഡ്രോയ്ഡ് 14 അധിഷ്ഠിതമായ ഓക്‌സിജൻ ഒ.എസ് 14ൽ പ്രവർത്തിക്കുന്ന ഫോണിന് 5,500 mAh ബാറ്ററിയാണുള്ളത്. 15 മിനിറ്റ് ചാർജിങ് കൊണ്ട് ഒരു ദിവസം വരെ നീളുന്ന ബാറ്ററി ബാക്കപ് സ്വന്തമാക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
(2024 ഏപ്രിൽ 11 വരെയുള്ള മാർക്കറ്റ് അടിസ്ഥാനത്തിൽ തയാറാക്കിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.