Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_righttechnologychevron_rightഓൺലൈൻ...

ഓൺലൈൻ തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനുള്ള വഴികൾ

text_fields
bookmark_border
ഓൺലൈൻ തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനുള്ള വഴികൾ
cancel

‘കാസർകോട്ട്​ താമസക്കാരനായ അന്യായക്കാരനെ 17-5-2024 മുതൽ 4-6-2024 വരെ ടെലഗ്രാം ചാറ്റ്​ ചെയ്തും ഫോൺ വഴിയും ഹോംബേസ്​ഡ്​ പാർട്ട്​ ടൈം ജോലി വാഗ്ദാനം ചെയ്ത്​ വിശ്വസിപ്പിച്ച്​ വിവിധ അക്കൗണ്ടുകളിലേക്ക്​ 2,23,94,993 രൂപ അയച്ചതിൽ 87,125 രൂപ തിരികെ നൽകി ബാക്കി 2,23,07,868 രൂപ തട്ടിയെടുത്തു’.

കണ്ണുമിഴിക്കണ്ട, വായിച്ചത്​ ശരിയാണ്, രണ്ട്​ കോടി 23 ലക്ഷം രൂപ. അതും 19 ദിവസത്തിനുള്ളിൽ. പണം നൽകിയതോ വീട്ടിലിരുന്ന്​ പാർട്ട്​ ടൈം ജോലി ചെയ്യാനും. കേരളത്തിൽ ഒരു 42കാരന്​ പറ്റിയ ചതിയാണ്​.

ഡ്രഗ്​സ്​ ഉപയോഗിക്കുന്നോ എന്ന്​ പരിശോധിക്കണമെന്ന്​ പറഞ്ഞ ‘ഡിജിറ്റൽ അറസ്റ്റ്​’ തട്ടിപ്പുകാർ ആവശ്യപ്പെട്ടതനുസരിച്ച്​ 20കാരി വിഡിയോ കാളിനുമുന്നിൽ നഗ്​നയാകേണ്ടിവന്ന സംഭവവുമുണ്ട്​. ഒരു എം.എൽ.എയുടെ വീട്ടിലെത്തിയത്​ മകൾ അറസ്റ്റിലാണെന്ന്​ പറഞ്ഞുള്ള കാൾ.

ഇങ്ങനെയൊക്കെ നടക്കുമോ? ഇവർക്കൊന്നും ഇത്ര ബുദ്ധിയില്ലേ, എത്ര കേട്ടാലും പഠിക്കില്ലേ... ഓരോ കേസ്​ കേൾക്കുമ്പോഴും പലരുടെയും ചോദ്യമിതാണ്. ഇതല്ല, ഇതിനപ്പുറവും നടക്കും, നടക്കുന്നു എന്നാണ്​ സൈബർ വിദഗ്​ധരുടെ മറുപടി. എല്ലാ ലോജിക്കുകളും മരവിച്ചുപോകുന്ന നിമിഷങ്ങളിലായിരിക്കും തട്ടിപ്പുകാർ നമ്മെ കുരുക്കിയിടുന്നത്.

പ്രഫഷനലുകൾ, ബിസിനസുകാർ, റിട്ട. സർക്കാർ ഉദ്യോഗസ്ഥർ, പ്രവാസികൾ, വീട്ടമ്മമാർ, വിദ്യാർഥികൾ... ഇരകളുടെ പട്ടിക നീളുന്നു. മാലാ പാർവതി, ഗീവർഗീസ് മാർ കൂറിലോസ്, ജെറി അമൽദേവ്... പ്രമുഖരും കൂട്ടത്തിലുണ്ട്. ഈ വർഷം ഒക്​ടോബർ വരെ 31,019 സൈബർ തട്ടിപ്പുകളാണ്​ കേരളത്തിൽ റിപ്പോർട്ട്​ ചെയ്തത്, നഷ്ടമായതോ 650 കോടിക്ക്​ മുകളിൽ.

എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്തത് 2000ത്തോളം മാത്രം, പണം ലഭിച്ചത്​ വളരെ കുറവും. രൂപം മാറി വരുന്ന ന്യൂജൻ തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും അറിയാം.

ഇൻവെസ്റ്റ്മെന്‍റ്/ട്രേഡിങ്

● വിദേശ എക്സ്​ചേഞ്ചുകളിൽ ഉൾപ്പെടെ ട്രേഡിങ്​ നടത്തി വൻ ലാഭം ഓഫർ ചെയ്ത്​ തട്ടിപ്പ്​. സോഷ്യൽ മീഡിയയിൽ സൗജന്യ ഷെയർ ട്രേഡിങ് ടിപ്സ് ക്ലാസുകളുടെ പരസ്യങ്ങളായിരിക്കും തുടക്കം. പിന്നാലെ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കും.

● ഇരകളെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകളിൽ ചേർക്കും. ഗ്രൂപ്പിലെ മറ്റ്​ അംഗങ്ങൾ തട്ടിപ്പുകാരായിരിക്കും.

● ടിപ്സിലൂടെ നിക്ഷേപകർക്ക് ലാഭം ലഭിക്കും. ലാഭക്കണക്ക് മറ്റു ഗ്രൂപ് അംഗങ്ങളും പോസ്റ്റ് ചെയ്യും.

● പിന്നാലെ വലിയ ലാഭം നേടാൻ അവരുടെ സ്വന്തം ആപ്പുകൾ ഇന്‍സ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും.

● നിക്ഷേപ തുകയും പെരുപ്പിച്ച ലാഭവും ആപ്പിലെ വ്യാജ ഡിജിറ്റൽ വാലറ്റിൽ ഉണ്ടാകും. പിൻവലിക്കാനാകില്ല.

● കൂടുതൽ തുക നിക്ഷേപിക്കണമെന്നും ലാഭമുണ്ടാകുമെന്നും വിശ്വസിപ്പിക്കും.

● തട്ടിപ്പെന്ന് തിരിച്ചറിയുമ്പോഴേക്കും നൽകിയ പണം മുഴുവൻ ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റിയിരിക്കും.

ശ്രദ്ധിക്കാം

● അമിത ലാഭ വാഗ്ദാനങ്ങളിൽ ചെന്നു ചാടരുത്.

● സെബി അംഗീകാരമുള്ള ട്രേഡിങ് ആപ്പുകൾ വഴി മാത്രം നിക്ഷേപിക്കുക.

● ഷെയർ ട്രേഡിങ് നടത്തുമ്പോൾ ബ്രോക്കറേജ് സ്ഥാപനങ്ങൾ നിക്ഷേപ വിവരങ്ങൾ സ്ഥിരമായി മെസേജ് വഴിയും മെയിൽ വഴിയും മറ്റും നൽകാറുണ്ട്. സെൻട്രൽ ഡെപ്പോസിറ്ററി സർവിസിൽ നിന്നുൾപ്പെടെ മെസേജുകൾ വരുന്നു എന്ന് ഉറപ്പാക്കുക.

● നിയമവിധേയമായ ഓഫിസ് സൗകര്യങ്ങളുള്ള ബ്രോക്കറേജ് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുക.

● ബന്ധപ്പെടുന്ന ഏജന്‍റ്​ ബ്രോക്കറേജ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നെന്ന് ഉറപ്പാക്കുക.

പതറരുത്, തട്ടിപ്പാണ്

നമ്മുടെ ആധാറും ഫോൺ വിവരങ്ങളും സമൂഹ മാധ്യമ വിവരങ്ങളും മുതൽ ഗൂഗിൾ സെർച്ച് ഹിസ്റ്ററിയും ഓൺലൈൻ ഷോപ്പിങ് വിവരങ്ങളും ലൊക്കേഷനും വരെ അനായാസം തട്ടിപ്പുകാർക്ക് മനസ്സിലാക്കാൻ കഴിയും എന്ന് ഓർക്കുക. അതിനാൽ, പേഴ്സനൽ വിവരങ്ങൾ പറയുമ്പോൾ അവർക്ക് എല്ലാം അറിയാം, പറയുന്നത് സത്യമാകും എന്ന് ചിന്തിച്ച് പതറാതെ തട്ടിപ്പാണെന്ന് മനസ്സിലാക്കുക.


ഡിജിറ്റൽ അറസ്റ്റ് (fedex Scam)

● നിയമവിരുദ്ധ വസ്തുക്കൾ പാഴ്സലിൽ വന്നെന്നും അവ കസ്റ്റഡിയിലുണ്ടെന്നും വിശ്വസിപ്പിച്ച്​ വിർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി പണം തട്ടും.

● നിയമപാലകരോ കൊറിയർ ജീവനക്കാരോ ആയാണ് വിളി എത്തുക. മിക്കവാറും വാട്സ്ആപ് കാൾ.

● ആധാർ നമ്പർ ഉൾപ്പെടെ പേഴ്സനൽ വിവരങ്ങൾ പറയുന്നതിലൂടെ ഇര പൂർണമായും വിശ്വസിക്കും. ഒന്നിലധികം ‘ഉദ്യോഗസ്ഥർ’ കാളിൽ പ്രത്യക്ഷപ്പെടും.

● ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെരിഫൈ ചെയ്യാൻ അക്കൗണ്ടിലെ മുഴുവൻ തുകയും തട്ടിപ്പുകാർ നൽകുന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറയും. വെരിഫിക്കേഷന് ശേഷം തിരികെ നൽകും എന്നും വാഗ്ദാനം.

● നിയമനടപടി ഒഴിവാക്കാൻ പണം ആവശ്യപ്പെടും.

● മാനസികമായി തകർക്കുന്ന ഭീഷണിയിലൂടെ സമ്മർദം ചെലുത്തി വിവരങ്ങളും പണവും നേടിയെടുക്കും.

ശ്രദ്ധിക്കാം

● രാജ്യത്തെ ഒരു എൻഫോഴ്സ്മെന്‍റ് ഏജൻസിയും ഫണ്ട് കൈമാറാൻ പറയില്ല. സംശയാസ്പദ അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിയമപാലകർക്ക് കഴിയും.

● വിർച്വൽ അറസ്റ്റ് കാൾ ഒരു യഥാർഥ അന്വേഷണ ഉദ്യോഗസ്ഥനും വിളിക്കില്ല.

● ഒരിക്കലും പണമോ അക്കൗണ്ട് വിവരങ്ങളോ നൽകരുത്.

ലോട്ടറി/ വ്യാജ സമ്മാനം

● ലോട്ടറി അടിച്ചെന്നും സമ്മാനങ്ങൾ ലഭിച്ചെന്നും പറഞ്ഞുള്ള തട്ടിപ്പ്​.

● വാട്സ്ആപ്, ഇ-മെയിൽ, ഫോൺ കാൾ, എസ്.എം.എസ് എന്നിവയിലൂടെ വ്യാജ സന്ദേശം എത്താം.

● സമ്മാനം ലഭിക്കാൻ സർവിസ് ചാർജ് അടക്കണം, ടാക്സ് അടക്കണം എന്ന് പറഞ്ഞ് പണം തട്ടും.

● ഇരയുടെ പേരിലുള്ള വ്യാജ ചെക്ക്/ സർട്ടിഫിക്കറ്റ് പകർപ്പ്​ അയക്കും.

● വിശ്വസിച്ച്​ ഇര തട്ടിപ്പുകാരന്​ വ്യക്തിഗത വിവരങ്ങളും ‘രജിസ്ട്രേഷൻ ഫീസും’ അയക്കും.

● മണി ലോണ്ടറിങ് സർട്ടിഫിക്കറ്റ്, ആന്‍റി ടെററിസ്റ്റ് സർട്ടിഫിക്കറ്റ് എന്നിങ്ങനെ പല കാരണങ്ങളിലൂടെ, പണം വാങ്ങിയെടുക്കും.

ശ്രദ്ധിക്കാം

● ലോട്ടറി എടുത്താലേ അടിക്കൂ. നിയമാനുസൃത ലോട്ടറിക്ക്​ ആദ്യം പണം അടക്കേണ്ട.

● ഇത്തരം മെസേജുകളോട് പ്രതികരിക്കരുത്. പണം നൽകരുത്​.


ലോൺ ആപ്പുകൾ

● നൂലാമാലകൾ ഇല്ലാതെ ലോൺ എന്ന വാഗ്ദാനം ഒടുവിൽ വൻ ബാധ്യത.

● വ്യാജ ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിക്കും.

● ഈ ആപ്പുകൾ മൊബൈലിലെ കോൺടാക്ട്, ചിത്രങ്ങൾ ഉൾപ്പെടെ വിവരങ്ങൾ നമ്മൾ നൽകുന്ന പെർമിഷനിലൂടെ സ്വന്തമാക്കും.

● അമിത പലിശയും ഹിഡൻ ഫീസുകളും ഉൾപ്പെടെ അടച്ച് വായ്പക്കാരൻ തളരും. വായ്പ തുകക്ക് മുകളിൽ അടച്ചാലും കടം തീരില്ല.

● ആധാർ കാർഡും ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പെടെ വാങ്ങിയെടുക്കും.

● മോശം ഭാഷയിലും മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ചും ഭീഷണി. കോൺടാക്ടിൽ ഉള്ളവർക്ക് വരെ നിരന്തര ശല്യം.

ശ്രദ്ധിക്കാം

● വായ്പക്ക് നിയമാനുസൃത ധനകാര്യ സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക.

● പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ സ്റ്റോറിൽനിന്നോ മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.

● ആപ്പുകളുടെ റിവ്യൂകളും അവ ആവശ്യപ്പെടുന്ന പെർമിഷനുകളും പരിശോധിക്കുക.

● ലിങ്കുകളിലൂടെ APK ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കുക. ഒ.ടി.പി/ പിൻ ആർക്കും നൽകരുത്.


ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്, കെ.വൈ.സി കാലഹരണപ്പെടൽ/ പുതുക്കൽ തട്ടിപ്പുകൾ

● ബാങ്കിങ് കെ.വൈ.സി, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ എന്നിവ കാലഹരണപ്പെട്ടെന്നും പുതുക്കണമെന്നും പറഞ്ഞ് ഉദ്യോഗസ്ഥൻ ചമഞ്ഞ്​ തട്ടിപ്പ്​.

● ബാങ്കിങ്​ വിവരങ്ങളും ഒ.ടി.പിയും ഉൾപ്പെടെ വാങ്ങിക്കും. തട്ടിപ്പുകാരൻ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇൻസ്റ്റാൾ ചെയ്യിക്കുന്ന ഫോൺ റിമോട്ട് ആയി നിയന്ത്രിക്കാൻ കഴിയുന്ന ആപ്പിലൂടെ വിവരങ്ങൾ ചോർത്തും.

ശ്രദ്ധിക്കാം

● ബാങ്ക് ജീവനക്കാർ വ്യക്തിഗത, കാർഡ് വിവരങ്ങൾ ആവശ്യപ്പെടില്ല, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിക്കില്ല.

● ബാങ്കിന്‍റെ മെസേജുകൾ നേരിട്ട് ബന്ധപ്പെട്ട് പരിശോധിക്കുക.

● അക്കൗണ്ട് ഇടപാടുകൾ പതിവായി പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തുക.

സെക്സ്റ്റോർഷൻ

● ലൈംഗിക പ്രവൃത്തികളുടെ തെളിവുകൾ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന തട്ടിപ്പ്​.

● വിഡിയോ/ ഓഡിയോ ചാറ്റിനായി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തും വ്യാജ പ്രൊഫൈലുകളും പേജുകളും പരസ്യങ്ങളും വഴിയും ഇരകളെ കണ്ടെത്തും.

● കുറ്റവാളികൾ ഡേറ്റിങ് ആപ്പുകൾ, സമൂഹ മാധ്യമം വഴി സ്വകാര്യ വിവരങ്ങൾ ശേഖരിക്കും. വ്യാജ ഫോട്ടോകൾ ഉപയോഗിച്ച് ആകർഷിച്ച്​ സൗഹൃദം/ പ്രണയം പ്രകടിപ്പിച്ച് വിഡിയോ കാളിന്​ ക്ഷണിക്കും. അപ്രതീക്ഷിതമായി വിഡിയോ കാൾ ചെയ്യും.

● മറുവശത്ത് നഗ്നത പ്രദർശനം ഉൾപ്പെടെ കണ്ട് ഉടൻ കാൾ കട്ട് ചെയ്താലും സ്ക്രീൻ റെക്കോഡിങ് കഴിഞ്ഞിരിക്കും.

● പണം നൽകിയില്ലെങ്കിൽ വിഡിയോ പുറത്തുവിടുമെന്ന്​ ഭീഷണി. പണം നൽകിയാലും ഭീഷണി തുടരും.

ശ്രദ്ധിക്കാം

● അജ്ഞാത പ്രൊഫൈൽ/ നമ്പറിൽ നിന്നുള്ള വിഡിയോ കാളുകൾ സ്വീകരിക്കരുത്.

● ഇത്തരം അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ റിപ്പോർട്ട് ചെയ്യുക.

● പണമോ കൂടുതൽ ചിത്രങ്ങളോ നൽകരുത്​. ഇത് പണത്തിനായുള്ള ഡിമാൻഡുകൾ കൂട്ടും.

വ്യാജ കസ്റ്റമർ സപ്പോർട്ട്

● ബ്ലോഗുകൾ, വ്യാജ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ, ഗൂഗിൾ സെർച്ച് റിസൽട്ട് എന്നിവ വഴി പ്രമുഖ സ്ഥാപനങ്ങളുടെ വ്യാജ കസ്റ്റമർ സപ്പോർട്ട് ഫോൺ നമ്പറുകൾ തട്ടിപ്പുകാർ പ്രചരിപ്പിക്കും. പ്രമോട്ട് ചെയ്യാൻ ഗൂഗിളിന് പണം നൽകുന്നതിനാൽ സെർച്ചിൽ തുടക്കത്തിൽ കാണിക്കും. അതിലേക്ക് വിളിച്ച്​ അവർ പറയുന്നത്​ അനുസരിച്ചാൽ പണം നഷ്ടം ഉറപ്പ്.

● സ്ഥാപനങ്ങളുടെ യഥാർഥ നമ്പർ ഗൂഗ്ൾ മാപ്പിലെ കോൺടാക്റ്റ് വിശദാംശങ്ങളിൽനിന്ന്​ എഡിറ്റ് ചെയ്തും വ്യാജ നമ്പർ ചേർക്കും.

● വ്യാജ കസ്റ്റമർ സപ്പോർട്ട് ടീമുകൾ വരെ തട്ടിപ്പുകാർ ഉണ്ടാക്കും.

ശ്രദ്ധിക്കാം

● സേവന ദാതാവിന്‍റെ അംഗീകൃത വെബ്സൈറ്റുകളിൽനിന്ന് മാത്രം കസ്റ്റമർ കെയർ നമ്പർ എടുക്കുക.

● വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ നൽകുമ്പോൾ ജാഗ്രത പാലിക്കുക.

● ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്, ബാങ്ക് പാസ്‌ബുക്കുകൾ എന്നിവയുടെ പിൻഭാഗത്ത് ബാങ്കുകളുടെ ടോൾ ഫ്രീ/ കസ്റ്റമർ കെയർ നമ്പറുകൾ ഉണ്ടാകും.

പ്രണയ തട്ടിപ്പ്

● ആസ്ട്രേലിയ, ബ്രിട്ടൻ, യു.എസ് എന്നീ രാജ്യങ്ങളിൽ ഉള്ളയാൾ എന്ന് പറഞ്ഞ് ഡേറ്റിങ് ആപ്/ സോഷ്യൽ മീഡിയ വഴി പരിചയപ്പെടും.

● നിരന്തരം സംസാരിച്ച്​ ബന്ധവും വിശ്വാസവും വളർത്തും.

● ലാപ്ടോപ്പുകൾ, സ്മ‌ാർട്ട്ഫോണുകൾ എന്നിവ പോലെ വിലയേറിയ സമ്മാനങ്ങൾ അന്താരാഷ്ട്ര പാഴ്സൽ വഴി അയക്കുമെന്ന് അവകാശപ്പെടും.

● ശേഷം വ്യാജ കസ്റ്റംസ് ഓഫിസർമാരിൽനിന്ന് ഇരകൾക്ക് വിളി എത്തും. പാക്കേജ് റിലീസ് ചെയ്യാൻ കസ്റ്റംസിന് പണം അടക്കണമെന്ന് പറയും. വില പിടിപ്പുള്ള സാധനം നിങ്ങളുടെ പേരിൽ വന്നതിന് കേസെടുക്കും എന്നതുൾപ്പെടെ ഭീഷണി.

● പ്രേമത്തിലായ വിദേശി തന്‍റെ എല്ലാ സ്വത്തും വിറ്റ് ഇന്ത്യയിൽ ‘താമസത്തിന് വരുന്ന’ തട്ടിപ്പുമുണ്ട്​. വിദേശനാണ്യവും ആഭരണങ്ങളും ഒക്കെയായി ഈ വിദേശി എയർപോർട്ടിൽ പിടിയിലായെന്ന് പറഞ്ഞാകും കസ്റ്റംസിന്‍റെ വിളിയും ഭീഷണിയും.

● പണം അയച്ചുകഴിഞ്ഞാൽ സമ്മാനവും വരില്ല, പ്രണയി അപ്രത്യക്ഷമാകുകയും ചെയ്യും.

ശ്രദ്ധിക്കാം

● പണം നൽകേണ്ട എല്ലാ സമ്മാന വാഗ്ദാനങ്ങളും തട്ടിപ്പാണ്.

● ഓൺലൈനിൽ പ്രത്യേകിച്ച് ഡേറ്റിങ് ആപ്പിലും സോഷ്യൽ മീഡിയയിലും അപരിചിതരെ സൂക്ഷിക്കുക.

● ഓൺലൈൻ വഴി മാത്രം പരിചയമുള്ള ഒരാൾക്ക് പണം അയക്കരുത്​, സാമ്പത്തിക വിവരങ്ങൾ നൽകരുത്.

● പ്രൊഫൈൽ പരിശോധനയിലൂടെയോ ഫോട്ടോ വെരിഫിക്കേഷനിലൂടെയോ വ്യക്തികളുടെ ഐഡന്‍റിറ്റി ഉറപ്പിക്കുക.

തൊഴിൽ വാഗ്ദാനം

● വ്യാജ വെബ്സൈറ്റുകൾ, ജോബ്​ പ്ലാറ്റ്ഫോമുകൾ, സോഷ്യൽമീഡിയ എന്നിവയിലൂടെ വ്യാജ തൊഴിൽ പരസ്യങ്ങൾ നൽകി ഇരകളെ വീഴ്ത്തും.

● ജനപ്രിയ ജോബ് പോർട്ടലുകളിലെ ജോബ് കൺസൽട്ടന്‍റായും വേഷമിടും. സി.വി കണ്ട് ഇഷ്ടപ്പെട്ടു എന്ന പേരിലും കാൾ വരാം.

● വിസ ഫീസ്, യാത്ര ചെലവുകൾ ഉൾപ്പെടെ സൗജന്യം എന്ന വാഗ്ദാനം നൽകുന്ന തൊഴിലുടമയായും നടിക്കും.

● ഇര വീണാൽ ഇന്‍റർവ്യൂ ഷെഡ്യൂൾ ചെയ്യാൻ സെക്യൂരിറ്റി ഡെപ്പോസിറ്റുകളോ ഫീസോ അടക്കണമെന്ന് ആവശ്യപ്പെടും.

● വ്യാജ ഓൺലൈൻ അഭിമുഖം നടത്തി ജോലിക്ക്​ സെലക്ടും ചെയ്യും.

● നിയമന ഉത്തരവ്​ വരെ അയക്കും. പല പേരുകളിൽ പണം വാങ്ങും, ജോലി മാത്രം കാണില്ല.

ശ്രദ്ധിക്കാം

● വലിയ തുക മുൻകൂറായി അടക്കേണ്ട ജോലി ഓഫറുകൾ തട്ടിപ്പാണ്.

● ജോലിയെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും വ്യക്തമായി അന്വേഷിക്കുക. സ്ഥാപനത്തിൽ നേരിട്ട് മെയിലിലൂടെയോ മറ്റോ ബന്ധപ്പെടുക.

● ജനനത്തീയതിയോ ആധാർ പോലെ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെട്ടാൽ വ്യാജനെന്ന് ഉറപ്പിക്കാം.

● നിയമാനുസൃത കമ്പനികളൊന്നും മുൻകൂർ ബോണ്ട്​, സെക്യൂരിറ്റി ഡെപ്പോസിറ്റ്​ പണം ആവശ്യപ്പെടില്ല.

● രജിസ്റ്റർ ചെയ്‌ത വെബ്സൈറ്റിലൂടെ മാത്രം ജോലി അപേക്ഷ സമർപ്പിക്കുക. മുൻകൂർ പണം നൽകരുത്.

വ്യാജ ഇ-കോമേഴ്സ് സൈറ്റ്

● തട്ടിപ്പുകാർ വ്യാജ ഓൺലൈൻ ഷോപ്പിങ് പോർട്ടലുകളിലൂടെ അവിശ്വസനീയ വിലയും ഓഫറും വാഗ്ദാനം ചെയ്യും. സോഷ്യൽമീഡിയ പോസ്റ്റ് വഴി ഇരയെ ആകർഷിക്കും.

● ഓർഡർ ചെയ്യുന്ന ഉൽപന്നം നൽകില്ല. ചിലപ്പോൾ വിലകുറഞ്ഞ സാധനങ്ങൾ ഡെലിവർ ചെയ്യും.

ശ്രദ്ധിക്കാം

● എപ്പോഴും ജനപ്രിയ സൈറ്റുകളെ ആശ്രയിക്കുക.

● വെബ്സൈറ്റിന്‍റെ ചരിത്രം നെറ്റിൽ തിരയുക. സാധനത്തിന്‍റെ റിവ്യൂ പരിശോധിക്കുക.

● സൈറ്റിന്‍റെ അഡ്രസ് ബാറും ഡൊമെയിനും പരിശോധിക്കുക.

● ലോഗോ കണ്ട് വഞ്ചിതരാകരുത്. അവ എളുപ്പത്തിൽ പകർത്താനാകും.

റിമോട്ട് ആക്സസ് ആപ്

● ഒ.ടി.ടി പ്ലാറ്റ്ഫോമിന്‍റെ സബ്സ്ക്രിപ്ഷൻ പുതുക്കാൻ, കെ.എസ്.ഇ.ബി ബിൽ അടക്കാൻ, ബാങ്കിന്‍റെ സാങ്കേതിക സഹായം നൽകാൻ പല തരത്തിൽ വ്യാജ മെസേജുകളോ മെയിലോ വരും.

● പ്രശ്‌നം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് ഇരകളുടെ ഫോണുകളിലേക്ക് റിമോട്ട് ആയി നിയന്ത്രിക്കാൻ സഹായിക്കുന്ന ആപ്പുകൾ തന്ത്രപരമായി ഇൻസ്റ്റാൾ ചെയ്യിപ്പിക്കും.

● 50 രൂപ പോലെ ചെറിയ തുകയുടെ ഇടപാട് നടത്താൻ പ്രേരിപ്പിക്കും. റിമോട്ട് ആപ്പ് വഴി ഇടപാട് നിരീക്ഷിക്കും.

● മോഷ്ടിച്ച ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് അനധികൃത ഇടപാടുകൾ നടത്തുകയോ അക്കൗണ്ടുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയോ ചെയ്യും.

ശ്രദ്ധിക്കാം

● ലിങ്കുകളിലൂടെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്.

● ടീം വ്യൂവറോ മറ്റേതെങ്കിലും സ്ക്രീൻ ഷെയറിങ് ആപ്പുകളോ ഉപയോഗിക്കുമ്പോൾ പണമിടപാടുകൾ ചെയ്യരുത്.

● ആപ് പെർമിഷനുകൾ, പ്രത്യേകിച്ച് റിമോട്ട് ആക്‌സസ് എന്നിവയിൽ ജാഗ്രത പാലിക്കുക.

● ഔദ്യോഗിക ചാനലുകൾ വഴി കാളർ ഐഡന്‍റിറ്റി പരിശോധിക്കുക.

● ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക.

● ടു ഫാക്ടർ ഓതന്‍റിക്കേഷൻ ഉപയോഗപ്പെടുത്തുക.

ഓൺലൈൻ ടാസ്ക് തട്ടിപ്പ്

● വിഡിയോ കാണുക, പോസ്റ്റ് ലൈക്ക് ചെയ്യുക എന്നിങ്ങനെ സിംപിൾ ഓൺലൈൻ ടാസ്കുകൾ പൂർത്തിയാക്കിയാൽ വൻ ലാഭം വാഗ്ദാനം.

● പണം കിട്ടാൻ ടാസ്ക് ചെയ്യണം. ടാസ്ക് കിട്ടാനോ പണം കൊടുക്കണം.

● ആദ്യം പ്രതിഫലം നൽകി വിശ്വാസം നേടും.

● ടാസ്കിന്‍റെ ഓരോ ഘട്ടവും കടക്കാൻ വൻ തുകകൾ ആവശ്യപ്പെടും. ഭീമൻ ലാഭമാകും വാഗ്ദാനം.

● വ്യാജ വെബ്സൈറ്റിൽ നിക്ഷേപ തുകയും ലാഭവും കാണിക്കും. എടുക്കാനാകില്ല.

● പണം എടുക്കാൻ വീണ്ടും പണം നൽകി അടുത്ത ടാസ്ക് ചെയ്യാൻ പറയും. ഒടുവിൽ വൻ നഷ്ടം.

ശ്രദ്ധിക്കാം

● പണം നൽകേണ്ടി വരുന്ന ഓൺലൈൻ ജോലികൾ തട്ടിപ്പാണ്.

● ഒരു തരത്തിലും ഓൺലൈൻ ടാസ്കുകൾ നിക്ഷേപം ഇരട്ടിപ്പിക്കില്ല.

‘സൈനികൻ’ ചമഞ്ഞ് റിയൽ എസ്റ്റേറ്റ് തട്ടിപ്പ്

● ഓൺലൈനിൽ വസ്തുവകകളോ മറ്റോ വിൽക്കാനും വാടകക്ക് നൽകാനും പരസ്യം നൽകുന്നവരെ ലക്ഷ്യമിടുന്ന തട്ടിപ്പ്.

● പരസ്യം കണ്ട് വാങ്ങാൻ/ വാടകക്ക് എടുക്കാൻ താൽപര്യം അറിയിച്ച്​ സൈനികൻ എന്ന് പരിചയപ്പെടുത്തുന്നവർ വിളിക്കും. 10 മാസത്തെ അഡ്വാൻസ് ഒക്കെ നൽകാം എന്നാകും വാഗ്ദാനം.

● സൈനികൻ ആയതിനാൽ പണമിടപാടിൽ നിയന്ത്രണങ്ങളുണ്ട്. ആദ്യം അവിടെ നിന്ന് ഇങ്ങോട്ട് പണം അയക്കാമോ അതും കൂടി ചേർത്ത് ഉടൻ തിരികെ തരാം എന്ന് അടുത്തഘട്ടം.

● സ്വന്തം യു.പി.ഐ ക്യൂ.ആർ കോഡ് അയച്ചുനൽകി ഇതിൽ എത്ര രൂപയാണ് വേണ്ടത് എന്ന് അടിച്ച് അയക്കാനും പറയാം.

● പെട്ടെന്ന് ശ്രദ്ധിക്കാതെ ക്യു.ആർ കോഡിൽ പണം നൽകി കഴിഞ്ഞാകും പണം പോയത് മനസ്സിലാകുക.

ശ്രദ്ധിക്കാം

● യൂനിഫോമും ഐ.ഡി കാർഡും ഒക്കെ വ്യാജമായിരിക്കും.

● ഇത്തരം ആവശ്യങ്ങളിൽ നേരിട്ട് മാത്രം പണമിടപാട് നടത്തുക.

വ്യാജ പ്രൊഫൈൽ

● ഒരാളുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സുഹൃത്തുക്കളെ ചേർത്ത് അത്യാവശ്യം പറഞ്ഞ് പണം വാങ്ങുന്ന തട്ടിപ്പ്.

ശ്രദ്ധിക്കാം

● സ്വന്തം പേരും ഫോട്ടോയും ഉപയോഗിക്കുന്നുണ്ടോ എന്ന് ഇടക്ക് സെർച്ച് ചെയ്ത് നോക്കാം.

● സുഹൃത്തിന്‍റെ പുതിയ പ്രൊഫൈൽ കണ്ടാൽ അയാളോട് അന്വേഷിച്ച്​ ഉറപ്പാക്കാം.

● പണം ചോദിക്കുമ്പോഴും നേരിട്ട് വിളിച്ച് ഉറപ്പാക്കി മാത്രം കൊടുക്കാം.

● വ്യാജ പ്രൊഫൈലുകൾ റിപ്പോർട്ട് ചെയ്യുക.

​കേസിൽനിന്ന്​ രക്ഷിക്കാൻ പണം

● പ്രിയപ്പെട്ടവർ ആരെങ്കിലും ക്രൈം ചെയ്തതിന് അറസ്റ്റിലാണെന്നും രക്ഷിക്കാൻ പണം നൽകണമെന്നും ആവശ്യപ്പെട്ട് കാൾ വരുന്ന തട്ടിപ്പ്.

● ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്നവരോ ജോലി ചെയ്യുന്നവരോ ആയ യുവതി യുവാക്കളുടെ വീടുകളിലാണ് ഈ തട്ടിപ്പ് കാൾ പ്രധാനമായും വരുന്നത്.

ശ്രദ്ധിക്കാം

● ആരെ അറസ്റ്റ് ചെയ്തു എന്നാണ് അവകാശപ്പെടുന്നത് അവരെ ആദ്യം വിളിക്കുക.

● കാൾ വന്നാൽ ഉടൻ വീട്ടിലെ മറ്റ് അംഗങ്ങളെയും പ്രാദേശിക നിയമപാലകരെയും അറിയിക്കുക.

● കോളജ്/ ഓഫിസ്/ താമസസ്ഥലം എന്നിവിടങ്ങളിലെ മറ്റു കോൺടാക്ടുകൾ നേരത്തേ സൂക്ഷിക്കുക. മക്കൾ സുരക്ഷിതരെന്ന് അവർ വഴി ഉറപ്പിക്കുക.

● മക്കൾ ഉള്ള സ്ഥലത്തെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ വിളിച്ച് അന്വേഷിക്കുക.

ബാങ്ക്​ അക്കൗണ്ടും പോക്കറ്റ്​ മണിയും

‘നിന്‍റെ അക്കൗണ്ടിലേക്ക്​ ഞാൻ കുറച്ച്​ പണമിടും, അത്​ ഒന്ന്​ എടുത്ത്​ തന്നാൽ മതി, കമീഷൻ തരാം.’ ഈ ഡയലോഗ്​ കേട്ട്​ കൊള്ളാല്ലോ പരിപാടി എന്ന്​ കരുതി ചാടി ഇറങ്ങല്ലേ, എഫ്​.ഐ.ആറിൽ കുരുങ്ങിക്കിടക്കും. എറണാകുളം മുതൽ വടക്കോട്ട്​ കേരളത്തിലെ യുവാക്കളിൽ ഈ കുരുക്കിൽപെടുന്നവർ വർധിക്കുകയാണെന്ന്​ പൊലീസ്​ പറയുന്നു.

തട്ടിപ്പ്​ നടത്തിയ പണമായിരിക്കും നിങ്ങളുടെ അക്കൗണ്ടിലേക്ക്​ മാറ്റുന്നത്​ എന്നോർക്കുക. ക്രിപ്​​റ്റോ കറൻസി പോലുള്ളവ വിൽക്കുന്നവരും ജാഗ്രത പാലിക്കണം. തട്ടിപ്പ്​ പണം ക്രിപ്​റ്റോ കറൻസിയിലേക്കാണ്​ കൂടുതൽ മാറ്റുന്നത്​.

ഇക്കാര്യം ശ്രദ്ധിക്കാം

● അജ്ഞാത ഉറവിടങ്ങളിൽനിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്.

● സാലറി അക്കൗണ്ട്​ പോലെ വരുമാനം ക്രെഡിറ്റ്​ ആകുന്ന അക്കൗണ്ടുകൾ ദൈനംദിന ഇടപാടുകൾക്ക്​ ഉപയോഗിക്കരുത്​.

● സ്ഥിരം ഉപയോഗിക്കുന്ന അക്കൗണ്ടിൽ കുറച്ച് മാത്രം പണം സൂക്ഷിക്കുക.

● ഫോണിൽ നമ്മളറിയാതെ ആപ്പുകൾ ഇൻസ്റ്റാൾ ആയിട്ടുണ്ടോ എന്ന്​ അറിയാൻ Escan ആപ്പ്​ പ്ലേസ്​റ്റോറിൽ നിന്ന്​ ഡൗൺലോഡ്​ ചെയ്ത്​ ഉപയോഗിക്കാം.

● തട്ടിപ്പിന്​ ഇരയായാൽ ഉടൻ 1930 എന്ന നമ്പറിൽ വിവരം അറിയിക്കുക. www.cybercrime.gov.in എന്ന വെബ്​സൈറ്റിൽ രജിസ്റ്ററും ചെയ്യാം.

കാത്തിരിക്കുന്നത് ഡിപ്രഷൻ

ജെഫ്രി ഫെർഡിനാൻഡ്
counselling psychologist,
kollam

തട്ടിപ്പിന് ഇരയാകുന്നവരിൽ പലരും ക്രോണിക്​ ഡിപ്രഷനിലേക്കാണ്​ വഴുതിവീഴുന്നത്​. സാധാരണ ഡിപ്രഷൻ പതിയെ പതിയെ ആണ് ആളിനെ കീഴ്പ്പെടുത്തുക. എന്നാൽ, സൈബർ തട്ടിപ്പ് പോലുള്ളവ നേരിടുന്നവർ പെട്ടെന്ന് ഈ അവസ്ഥ ബാധിച്ച് മോശം സ്ഥിതിയിലെത്താം.

തട്ടിപ്പിനിരയാകുന്നവർ ആരോടും ഒന്നും തുറന്നുപറയാൻ കഴിയാത്ത സ്ഥിതിയിലായിരിക്കും, മറ്റുള്ളവർ എന്ത് കരുതും എന്നതാകും ചിന്ത. ഒടുവിൽ ഗത്യന്തരമില്ലാതെ പൊലീസിന് മുന്നിലെത്തും. അപ്പോഴേക്കും ഏറെ സമയമായിരിക്കും. പിന്നാലെ വിഷാദം കീഴ്പ്പെടുത്തും.

റിട്ടയർമെന്‍റ്​ കാലത്ത്​​ തട്ടിപ്പിൽപെടുന്നവർ കൂടുന്നുണ്ട്​. ജീവിത സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുമ്പോൾ എല്ലാം പോയല്ലോ എന്ന ചിന്ത തളർത്തും. പെട്ടെന്ന് പാനിക് അറ്റാക്കും ഡിപ്രഷനും ബാധിക്കും. അപൂർവമായി ആത്മഹത്യപ്രവണത വരെ വരാം. ഹണി ട്രാപ്പ് പോലുള്ള സംഭവങ്ങൾ അഭിമാനക്ഷതം വരുത്തുകയും കുടുംബ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

അപൂർവമായി ചില ഇരകളെ പണം കാണുമ്പോൾതന്നെ പേടിക്കുന്ന ഫോബിയ കീഴ്പ്പെടുത്തും. പണം ഇനി വേണ്ട എന്ന രീതിയിൽ അറപ്പും ടെൻഷനും പാനിക് അറ്റാക്കും വരികയും ചെയ്യും. 50 വയസ്സിന് മുകളിലുള്ളവരിലാണ് ഈ അവസ്ഥ കൂടുതലായി കാണുന്നത്.

നിങ്ങൾ ക്രൈം ചെയ്തു എന്ന രീതിയിൽ വരുന്ന കാളുകളും മെയിലുമൊക്കെ ഇരയിൽ ആദ്യം ഷോക്കാണ് ഉണ്ടാക്കുന്നത്. ചിലർക്ക് ഹൃദയാഘാതം വരെ സംഭവിക്കാം. മനഃസാന്നിധ്യത്തോടെ ആ ഷോക്കിനെ മറികടന്നാൽ മാത്രമേ കുരുക്ക് പൊട്ടിക്കാനാകൂ. സൈബർ തട്ടിപ്പിന് ഇരയായാൽ പൊലീസ് സഹായം തേടുന്നതിനൊപ്പം സൈക്കോളജിസ്റ്റിനെ കണ്ട് കൗൺസലിങ് തേടണം.

ഒഴുകുന്നത്​ കോടികൾ

നഗരങ്ങൾ കേന്ദ്രീകരിച്ചാണ്​ കൂടുതൽ സൈബർ ക്രൈം നടക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ട്​ ചെയ്യപ്പെടുന്ന തട്ടിപ്പുകൾ എഫ്​.ഐ.ആർ ഇട്ട്​ കേസാകുന്നത്​ വളരെ കുറവാണ്​. നഷ്ടമായത്​ കള്ളപ്പണമാകാമെന്നതും പുറത്തറിഞ്ഞാലുള്ള നാണക്കേട്​ കരുതിയും പരാതി കൊടുത്താലും പണം തിരികെ കിട്ടില്ല എന്നത്​ കൊണ്ടുമൊക്കെയാണ്​ ഭൂരിഭാഗം സംഭവങ്ങളിലും ഇരകൾ കേസുമായി മുന്നോട്ടുപോകാത്തത്.

ബാങ്കിങ്​ ടെക്​നോളജി തലത്തിൽ ചുരുക്കം നടപടികളിലൂടെ ഒരു മാസം കൊണ്ട്​ തീരാവുന്നതേയുള്ളൂ ഈ തട്ടിപ്പുകൾ എന്ന്​ സൈബർ വിദഗ്​ധർ പറയുന്നു.

ബാങ്ക്​ അക്കൗണ്ടുകളിലൂടെ ഇടപാട്​ നടത്തുമ്പോൾ തന്നെ മുന്നറിയിപ്പ്​ നൽകുന്നതും കറന്‍റ്​ അക്കൗണ്ടുകൾക്ക്​ ട്രാൻസാക്ഷൻ ലിമിറ്റ്​ വെക്കുന്നതുമൊക്കെ തട്ടിപ്പ്​ തടയും. ഇങ്ങനെ നാഷനൽ പേമെന്‍റ്​ കോർപറേഷൻ ഓഫ്​ ഇന്ത്യക്കും ആർ.ബി.ഐക്കും വളരെ എളുപ്പത്തിൽ തട്ടിപ്പുകൾ കുറക്കാനാകും.

ചൈനീസ്​ വലയിൽ

ഇന്ത്യയിൽ സൈബർ തട്ടിപ്പ്​ വ്യാപകമാകുന്നതിന്​ പിന്നിൽ ചൈനീസ്​ പിന്തുണയാണെന്നാണ്​ പൊലീസ്​ ഉറപ്പിക്കുന്നത്​. കംബോഡിയ, ഹോങ്കോങ്​, വിയറ്റ്​നാം, മ്യാന്മർ എന്നിവിടങ്ങളിൽ ചൈനീസ്​ ഫണ്ടിങ്ങിൽ പ്രവർത്തിക്കുന്ന ബി.പി.ഒ കമ്പനികളാണ്​ കേന്ദ്രം.

അവരുടെ ഇന്ത്യയിലെ ഓപറേറ്റിങ് സെന്‍ററുകളിലെ ഇടനിലക്കാർ മാത്രമാണ് ഇവിടെ പിടിയിലാകുന്നത്. ഗുജറാത്തിലെ സൂറത്ത്​, ഝാർഖണ്ഡ്​, പശ്ചിമബംഗാളിലെ ദുർഗാപുർ, രാജസ്ഥാനിലെ ഭരത്​പുർ എന്നിവിടങ്ങളാണ്​ പ്രധാന ഓപറേറ്റർമാരുള്ള ഇന്ത്യയിലെ സൈബർ ക്രൈം ഹോട്​സ്​പോട്ടുകൾ​.

ഇന്ത്യയിൽനിന്ന്​ ഒ.ടി.പി ഫോർവേഡ്​ ചെയ്യുന്ന കൺട്രോൾ റൂമുകളായാണ്​ അവർ പ്രവർത്തിക്കുന്നത്. ഫോണുകളിൽ പ്രത്യേകം ആപ്പ്​ ഉപയോഗിച്ചാണ്​ വരുന്ന ഒ.ടി.പി കംബോഡിയൻ സെന്‍ററുകളിലേക്ക്​ ഫോർവേഡ്​ ചെയ്യുന്നത്.

ആധാർ കാർഡ്, ഫോൺ നമ്പർ ഒക്കെ ഡാർക്​ വെബ്ബിൽനിന്ന്​ വാങ്ങിയാണ്​ തട്ടിപ്പുകാർ ഉപയോഗിക്കുന്നത്​. ഓൺലൈൻ പ്രവർത്തനങ്ങൾ വിവിധ ടൂളുകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും നിരീക്ഷിച്ചാണ്​ ഇരകളെ സമീപിക്കുന്നത്​.

ഉടൻ പരാതി നൽകിയാൽ തിരിച്ചുപിടിക്കാം

സൈബർ തട്ടിപ്പിൽ ഉടൻ പരാതി നൽകിയാൽ പണം തിരിച്ചെടുക്കാൻ സാധിക്കും. 20 ശതമാനത്തോളമൊക്കെയാണ്​ തിരിച്ചുകിട്ടുന്നത്​. ചില കേസുകളിൽ പൂർണമായും കിട്ടിയിട്ടുണ്ട്​​. ക്രിപ്​റ്റോ കറൻസി​യിലേക്ക്​ മാറ്റി വിദേശത്തുനിന്ന്​ പിൻവലിച്ചാൽ തിരികെ കിട്ടില്ല.

പരാതി 1930ൽ അറിയിച്ചാൽ പണം ബാങ്കിങ്​ സിസ്റ്റത്തിൽ ഉണ്ടെങ്കിൽ ബ്ലോക്ക്​​ ചെയ്യും. തുടർന്ന്​ കൺട്രോൾ റൂമിൽനിന്ന്​ പരാതിക്കാരന്‍റെ പ്രദേശത്തെ പൊലീസ്​ സ്​റ്റേഷനിൽ വിവരം നൽകും. ​പരാതിക്കാരൻ സ്​റ്റേഷനിലെത്തി എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യിക്കണം. ഇത്​ രണ്ടും വെച്ച്​ അക്കൗണ്ടിലെ പണം റിലീസ്​ ചെയ്യാൻ പൊലീസ്​ കോടതിക്ക്​ റിപ്പോർട്ട്​ നൽകും.

പരാതിക്കാരനും കോടതിയിൽ അപേക്ഷ നൽകണം. പണമുള്ള അക്കൗണ്ടിന്‍റെ ഉടമക്ക്​ കോടതി നോട്ടീസ്​ അയക്കും. തട്ടിപ്പുകാർ ആയതിനാൽ മറുപടി ഉണ്ടാകില്ലെങ്കിലും 15 ദിവസം കാത്തിരിക്കും. തുടർന്ന്​ പണം റിലീസ്​ ചെയ്യാൻ കോടതി ഉത്തരവിടും. ഈ ഉത്തരവ്​ ബാങ്കിലേക്ക്​ അയക്കുമ്പോഴാണ്​ പണം തിരികെ കിട്ടുന്നത്​. ഇതിന്​ ഒരു മാസത്തോളം സമയമെടുക്കും.

‘ക്രൈം പാർട്​ണർമാരാകാതെ ജാ​ഗ്രത പാലിക്കാം’

ഹരിശങ്കർ
S.P, Information, Communication and Technology (Cyber Operations)

ഇരകൾ തന്നെ സ്വയമറിയാതെ ‘ക്രൈം പാർട്​ണർ’മാരാകുന്ന കാഴ്ചയാണ്​ സൈബർ തട്ടിപ്പുകളുടേത്. 2024 ജൂണോടെയാണ്​ കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പുകളുണ്ടായത്. പിന്നീട് കുറഞ്ഞുവരികയാണ്. എന്നാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ കൂടുതലാണ്​.

ദേശീയതലത്തിൽ തട്ടിപ്പ്​ കണക്ക്​ അനിയന്ത്രിതമായി കൂടുകയാണ്​. നിക്ഷേപ തട്ടിപ്പുകളാണ്​ കേരളത്തിൽ ഏറ്റവും കൂടുതൽ. ഡിജിറ്റൽ അറസ്റ്റ്​ എന്ന സിസ്റ്റം ഇല്ല. ജാഗ്രത​യോടെയിരിക്കുക, സ്വന്തം പണം നഷ്ടപ്പെടുത്താൻ സ്വയം വഴിയൊരുക്കാതിരിക്കുക.








Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online scams
News Summary - ways to avoid online scams
Next Story