വേണമെങ്കിൽ ഓട്ടോപിടിച്ചും കേരളത്തിൽനിന്ന് കശ്മീരിൽ പോയി വരാം...
text_fieldsവേണമെങ്കിൽ ഓട്ടോപിടിച്ചും കശ്മീരിൽ പോയി വരാം എന്ന് തെളിയിച്ച നാല് ഫ്രീക്കന്മാരുടെ 40 ദിവസത്തെ യാത്രാജീവിതമാണിത്. 'വയനാടൻ' എന്ന് പേരിട്ട ഫ്രീക്കൻ ഓട്ടോയുമൊത്തുള്ള 8000 കിലോമീറ്റർ നീണ്ട യാത്ര അവർക്ക് അതിശയകരമായ പാൻ ഇന്ത്യൻ അനുഭവമാണ് പകർന്നു നൽകിയത്. ഒരു ഫീൽ ഗുഡ് റോഡ് മൂവി പോലെ മനോഹരമായ ആ യാത്രയിതാ...
സിയാദിെൻറ വെറൈറ്റി പ്ലാൻ
ഓട്ടോയിൽ കശ്മീർ വരെ പോയാലോ എന്ന് ആദ്യം തോന്നിയത് വയനാട് കാട്ടിക്കുളത്തെ ബസ്സ്റ്റാൻഡിനടുത്ത് റെഡിമെയ്ഡ് കട നടത്തുന്ന സിയാദിനാണ്. കൂട്ടുകാരിൽ ചിലരോടൊക്കെ പറഞ്ഞപ്പോൾ മറുപടി ചിരി മാത്രമായിരുന്നു. പിന്നെയാണ് സിറാജിനോട് പറയുന്നത്. കേട്ടപാടെ അവൻ ഒ.കെ. വൈകീട്ട് ഷഫീഖിനോടും അഷ്കറിനോടും കാര്യമവതരിപ്പിച്ചു. യാത്രയെന്ന് കേൾക്കുമ്പോഴേ ചാടിയിറങ്ങുന്ന അവർ ഡബ്ൾ ഒ.കെ. അങ്ങനെ ടീം സെറ്റായത് പെട്ടെന്നാണ്.
ഇനി വണ്ടി വേണം. കെ.എൽ 12 വയനാട് രജിസ്ട്രേഷൻ വേണമെന്ന നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ. സിയാദിെൻറ ജ്യേഷ്ഠൻറ സുഹൃത്ത് സുനീഷ് പറഞ്ഞാണ് പയ്യംപള്ളിയിലെ ഒരു വീട്ടിലെത്തുന്നത്. മൂടിയ പ്ലാസ്റ്റിക് മാറ്റിയപ്പോൾ തുരുമ്പിച്ച 2004 മോഡൽ 2 സ്ട്രോക്ക് ഓട്ടോ വെളിപ്പെട്ടു. മുറ്റത്ത് സ്ഥലം മെനക്കെടുത്തുന്ന ഇത് ആക്രിക്കാർക്ക് കൊടുത്തെങ്കിലും ഒഴിവാക്കാനുള്ള തീരുമാനത്തിലായിരുന്നു വീട്ടുകാർ. റണ്ണിങ് കണ്ടീഷനിലുള്ള വണ്ടി 5000 രൂപക്ക് കച്ചവടമാക്കി. കൊണ്ടുപോയത് നേരെ കാട്ടിക്കുളത്തെ റഫീഖിെൻറ വർക്ഷോപ്പിലേക്ക്.
അവിടെനിന്നാണ് വയനാട്ടിൽനിന്ന് കശ്മീർവരെ പോയി ചരിത്രത്തിൽ ഇടംപിടിച്ച ഫ്രീക്കൻ ഒാട്ടോ പിറവിയെടുത്തത്. ടയറുകൾ മാറ്റി പെയിൻറടിച്ച് സുന്ദരിയാക്കി. മുകളിൽ കാരിയർ ഫിറ്റ് ചെയ്തു. ഭക്ഷണം പാകംെചയ്യാൻ ചെറിയ അടുക്കള, മൊബൈൽ ചാർജിങ് പോർട്ട്, പിറകിലിരിക്കുന്നവർക്ക് കാല് നീട്ടിവെക്കാൻ നടുവിലെ കമ്പി ഒഴിവാക്കി മുൻ സീറ്റ് നീളം കൂട്ടി. പണികളിൽ അധികവും സ്വയം ചെയ്തു. പോർട്ടബ്ൾ ഗ്യാസ്കുറ്റി വാങ്ങി. സ്റ്റൗ വീട്ടിൽനിന്നെടുത്തു. രേഖകൾ ശരിയാക്കാൻ ചെലവായ16,000 അടക്കം ഓട്ടോ പുത്തനാക്കാൻ 34,000 രൂപയായി.ഓട്ടോ ഡ്രൈവറായ ജ്യേഷ്ഠൻ(സിയാദിെൻറ) നംഷീദിെൻറ കിടിലൻ സപ്പോർട്ടായിരുന്നു യാത്രക്ക് ബലം. മറ്റുള്ളവരുടെ വീട്ടുകാർക്ക് അരസമ്മതം മാത്രം. ഓട്ടോ വാങ്ങിയതോടെയാണ് കുടുംബക്കാരും നാട്ടുകാരുമെല്ലാം പിള്ളേര് സീരിയസാണെന്ന് അറിയുന്നത്. അങ്ങനെ ജനുവരി ഏഴിന് യാത്ര തുടങ്ങി ഫോട്ടോസൊക്കെ ഷെയർചെയ്യാൻ തുടങ്ങിയതോടെ എല്ലാവർക്കും ആവേശമായി.
നാൽവർ സംഘം
ബാവലി സ്വദേശിയാണ് സിയാദ്. സിറാജ് മാനന്തവാടിയിലെ കൊറിയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഷഫീഖ് പെയിൻറിങ്, വണ്ടിക്കച്ചവടം. അഷ്കറും പെയിൻറിങ് തൊഴിലാളിയാണ്. മൂവരും കാട്ടിക്കുളം സ്വദേശികൾ.യാത്രക്കുള്ള പണം കണ്ടെത്തൽ, വണ്ടി ശരിയാക്കൽ എന്നിവക്കെല്ലാമായി മാസങ്ങൾ എടുത്തു. കോവിഡ് മുൻകരുതൽ, മരുന്ന്, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവയെല്ലാം ഒരുക്കി. സ്റ്റേഷനിൽ അറിയിച്ചപ്പോൾ യാത്ര പോവുന്നതിന് പെർമിഷനൊന്നും വേണ്ടെന്ന് പൊലീസ് പറഞ്ഞു. ആർ.ടി.ഒയെയും കണ്ടു. ഡൽഹിയിൽ വണ്ടി കയറ്റുമോയെന്ന സംശയം അദ്ദേഹം പ്രകടിപ്പിച്ചു. 16 വർഷം പഴക്കമുള്ളതാണ് വണ്ടി. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ്, 20 വർഷംവരെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾക്ക് ഡൽഹിയിൽ അനുമതി ലഭിക്കുന്ന നിയമം വന്നു. അതോടെ ആ ആശങ്കയും ഒഴിഞ്ഞു.
രണ്ട് കാനുകളിലായി 10 ലിറ്റർ പെട്രോൾ എപ്പോഴും വണ്ടിയിൽ കരുതും. ഇതിൽ ഒഴിക്കാനുള്ള ഓയിലും. ഓയിൽ എല്ലാ പമ്പിലും കിട്ടാത്തതിനാൽ പരമാവധി വാങ്ങി സ്റ്റോക്ക് ചെയ്യും. ഓരോരുത്തരും രണ്ടോ മൂന്നോ ജോഡി വസ്ത്രമേ കരുതിയുള്ളൂ. തണുപ്പ് കാലാവസ്ഥയായതിനാൽ വിയർത്ത് ഇടക്ക് വസ്ത്രം മാറേണ്ട ആവശ്യവുമുണ്ടായില്ല. നാലുപേർക്ക് കിടക്കാവുന്ന ഒരു ടെൻറും കൊണ്ടുപോയി.
ഫ്ലാഗ് ഓഫില്ലാതെ...
കാത്തിരുന്ന് കാത്തിരുന്ന് ലോക്ഡൗണിന് അയവുവന്നപ്പോഴാണ് പുറപ്പെട്ടത്. ആരെയും അറിയിച്ച് ആഘോഷമാക്കാതെ രാവിലെ ആറിന് കിക്കർവലിച്ച് വണ്ടി സ്റ്റാർട്ടാക്കി. തോൽപെട്ടി വഴി പോയി കുടക് പിടിച്ചു. പിന്നെ ഹാസൻ, ഹുബ്ബള്ളി. യാത്ര തുടങ്ങിയശേഷം ചെയ്ത 30 സെക്കൻഡുള്ള പ്രമോ വിഡിയോ വൈറലായി. അത് ഇൻസ്റ്റയിലും ഫേസ്ബുക്കിലുമെല്ലാം പാറിപ്പറന്നു. യാത്രാ ഗ്രൂപ്പുകളിലെല്ലാം ഷെയർ ചെയ്യപ്പെട്ടു. 10 ലക്ഷത്തിലധികം ആളുകൾ കണ്ടു. പത്രങ്ങളിലും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും അത് പ്രചരിച്ചതോടെ എല്ലാവരും അറിഞ്ഞു. യാത്രയിൽ പലയിടത്തും അത് ഉപകാരപ്പെെട്ടന്ന് നാലുപേരും.
ആദ്യദിവസം ജാവാഗൽ ദർഗയുടെ സമീപം വലിയൊരു ഗ്രൗണ്ടിൽ ടെൻറടിച്ചു. രണ്ടാമത്തെ ദിവസം ഹുബ്ബള്ളിയിൽ രാത്രി അതിശക്തമായ മഴ. പലയിടത്തും വെള്ളക്കെട്ട്. റോഡിന് അരിക്ചേർന്ന് പോവുേമ്പാൾ ഒരു കാറ് വേഗത്തിൽ വന്നതോടെ തിരമാല കണക്കെ വെള്ളം ഉയർന്ന് വണ്ടിയിൽ കയറി. അതോടെ ഇലക്ട്രോണിക് ഭാഗങ്ങൾ തകരാറിലായി. അത് ക്ലീൻചെയ്ത്, തുടച്ച് വീണ്ടും ഫിറ്റ് ചെയ്തപ്പോൾ വണ്ടി സ്റ്റാർട്ടായി. മഴയായതിനാൽ അന്ന് രാത്രി വണ്ടിയിൽതന്നെ കഴിച്ചുകൂട്ടി.
അടുത്ത ദിവസം രാത്രിയെത്തിയത് ഒരു ടൗണിൽ. റോഡിെൻറയും മേൽപാലത്തിെൻറയും പണി നടക്കുന്നു. രണ്ട് സൈഡിലെയും റോഡിൽ ഗതാഗതമുണ്ട്. നടുക്ക് ഓട്ടോ പാർക്ക് ചെയ്ത് ടെൻറടിച്ചു. രണ്ട് ഭാഗത്തുനിന്നും വണ്ടി പോവുന്നതിെൻറ കുലുക്കം. ഭയം കാരണം ഉറങ്ങാൻ കഴിഞ്ഞില്ല. അടുത്ത ദിവസം കോലാപ്പൂരിൽ എത്തി. കോലാപ്പൂർ -മഹാരാഷ്ട്ര ഹൈവേയിൽ എത്തിയപ്പോൾ ചാനലുകളിൽനിന്ന് വിളിവന്നു. വിഷ്വൽ അയച്ചുകൊടുക്കാൻ. വിഡിയോ പകർത്തുന്നതിനിടെ ലോറി പോയപ്പോൾ ഓട്ടോ കുലുങ്ങി ഫോൺ നിലത്തുവീണ് സിയാദിെൻറ ഫോൺ പൊട്ടി. രണ്ട് ദിവസം കഴിഞ്ഞാണ് പുതിയ ഫോൺ വാങ്ങിയത്.
പിന്നീട് പോയത് പുണെയിലേക്കാണ്. സിയാദിെൻറ നാട്ടുകാരൻ അജിത്ത് അവിടെ സെറ്റിൽഡാണ്. അവനുമൊത്ത് സ്ഥലങ്ങളെല്ലാം പോയിക്കണ്ടു. പിന്നെ മുംബൈ. അവിടെ സിയാദിെൻറ കസിെൻറ കൂടെ തങ്ങി. മുംബൈ ടൗണിൽ ഓട്ടോറിക്ഷ കയറ്റാൻ പറ്റാത്തതിനാൽ വേറെ വണ്ടിയിലായിരുന്നു കറക്കം.
തുടർന്ന് ഗുജറാത്തിലേക്ക്. യാത്രക്കിടെ ടാങ്കിലെ എണ്ണ തീർന്നു. കാനിൽ കരുതിയ എണ്ണ ഒഴിക്കാൻ നിർത്തിയത് കണ്ട ഗുജറാത്തിയായ ഒരു ഓട്ടോക്കാരൻ അടുത്തെത്തി. വണ്ടിക്ക് പണികിട്ടി നിൽക്കുകയാണെന്നാണ് അയാൾ കരുതിയത്. ഇപ്പം ശരിയാക്കിത്തരാം എന്ന ഭാവേന ഡ്രൈവർ സീറ്റിൽ കയറിയിരുന്ന് സ്റ്റാർട്ടാക്കി ഫുൾ ആക്സിേലറ്റർ കൊടുത്തു. ഒരുപാട് ദൂരം ഓടിയ പെട്രോൾ വണ്ടിക്ക് ഇങ്ങനെ ആക്സിലേറ്റർ കൊടുക്കരുതെന്ന് പറഞ്ഞെങ്കിലും ആര് കേൾക്കാൻ. ആ ഗുജറാത്തിക്ക് ഹിന്ദി അറിയില്ലല്ലോ... അയാൾ കൈവെച്ചതോടെ വണ്ടിക്ക് പണികിട്ടി. കക്ഷി പതിയെ സ്കൂട്ടായി.
അപ്പോഴാണ് ബൈക്കിൽ എതിർവശത്തുകൂടെ പോയൊരാൾ അടുത്തെത്തിത്. അദ്ദേഹത്തിെൻറ സഹായത്തോടെ രണ്ട് കിലോമീറ്ററകലെയുള്ള വർക്ഷോപ്പിൽ ഓട്ടോയെത്തിച്ച് പ്രശ്നം പരിഹരിച്ചു.അവിടെനിന്ന് കേന്ദ്രഭരണപ്രദേശമായ ദാമനിൽ കറങ്ങി രാജസ്ഥാൻ പിടിച്ചു. അജ്മീർ, പിന്നെ ഹരിയാനയിലേക്ക്. തുടർന്ന് പഞ്ചാബ്. വാഗ അതിർത്തിയിൽ ആ സമയത്ത് സന്ദർശകർക്ക് പ്രവേശനമില്ലെന്നതിനാൽ ആ മോഹം നടന്നില്ല. തുടർന്ന് അമൃത്സറിലെത്തി. സുവർണക്ഷേത്രം കണ്ടു. അവിടെനിന്ന് തിരിക്കുേമ്പാൾ ഗുരുദാസ്പൂരിൽ വെച്ച് രാത്രി ഓട്ടോക്ക് വീണ്ടും പണികിട്ടി. പെട്ടെന്ന് വണ്ടി നിന്നു പോയതായിരുന്നു.അന്ന് ടെെൻറാന്നും കെട്ടാതെ വണ്ടിയിൽതന്നെ കഴിച്ചുകൂട്ടി.
പിറ്റേന്ന് വിമുക്തഭടനും ചായക്കട ഉടമയുമായ പപ്പുജിയുടെ സഹായത്തോടെ അദ്ദേഹത്തിെൻറ വണ്ടിയിൽ ഓട്ടോ കെട്ടിവലിച്ച് കടയുടെ സമീപം എത്തിച്ചു. വർക്ഷോപ്പ് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അവിടെ പെട്രോൾ ഓട്ടോ കുറവാണെന്ന്. രണ്ടു ദിവസം കഴിഞ്ഞിട്ടും പാർട്സ് കിട്ടിയില്ല. അവസാനം, ഒന്നുകിൽ ജമ്മുവിൽ അല്ലെങ്കിൽ, ഹിമാചലിലേ കിട്ടാൻ സാധ്യതയുള്ളൂവെന്ന് അറിഞ്ഞു. നാട്ടിലെ വർക്ഷോപ്പിൽ വിളിച്ചപ്പോൾ അവരും പറഞ്ഞു, പിസ്റ്റൻ മാറ്റാതെ ഓട്ടോ സ്റ്റാർട്ട് ചെയ്യാൻ കഴിയില്ലെന്ന്.
ഹിമാചലിലേക്ക് ബസിൽ തിരിച്ചു. മണാലി കാണാം പാർട്സ് മേടിക്കാം എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര. മണാലിയിൽ ബസിറങ്ങി പാർട്സ് അന്വേഷിച്ചു. അവിടെ എത്തിയപ്പോഴേക്കും ഷോപ് പൂട്ടിയതിനാൽ അന്നവിടെ തങ്ങി അടുത്ത ദിവസം രാവിലെതന്നെ പിസ്റ്റൻ വാങ്ങി.
ഓട്ടോ കുടുങ്ങിയ സ്ഥലത്തിന് സമീപത്തുള്ള വർക്ഷോപ്പിലുള്ളവർക്കൊന്നും െപട്രോൾ ഓട്ടോയുടെ എൻജിൻപണി വലിയ ധാരണയില്ല. അവസാനം നാട്ടിലെ വർക്ഷോപ്പിലെ റഫീഖിനെ വിഡിയോ കാൾചെയ്ത് കാര്യം അവതരിപ്പിച്ചു. റഫീഖിെൻറ നിർദേശപ്രകാരം പിസ്റ്റൻ ഫിറ്റ് ചെയ്തു. ഇതിനിടയിൽ പഞ്ചാബിൽ കാണാനുള്ള സ്ഥലങ്ങളിലൊക്കെ പോയി.
കശ്മീരിൽ...
ലകൻപൂർ അതിർത്തിവഴിയാണ് ജമ്മുവിലേക്ക് പോയത്. ജമ്മുവിൽനിന്ന് ഉധംപൂർ വരെ നല്ല റോഡാണ്. ഉധംപൂരിലെ പട്നി ടോപ്, സനാസർ എന്നിവിടങ്ങളിലൊക്കെ കറങ്ങി. മഞ്ഞുമലയിൽ വണ്ടി കയറ്റാനുള്ള സൗകര്യം, വ്യൂ േപായൻറ് തുടങ്ങിയവയെല്ലാം ഉണ്ട്. 26ാം ദിവസം ഉധംപൂരിലെത്തിയപ്പോഴേ കശ്മീർ എന്ന ലക്ഷ്യം പൂർത്തിയായിരുന്നു. അവിടെനിന്നുള്ള ഫോട്ടോകളൊക്കെ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തതോടെ നാട്ടിൽനിന്നൊക്കെ അഭിനന്ദനങ്ങൾ പ്രവഹിച്ചു. ദാൽ തടാകം, ശ്രീനഗർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോവാൻ ഉദ്ദേശിച്ചിരുന്നെങ്കിലും കാലാവസ്ഥ മോശമായതിനാൽ സാധിച്ചില്ല. ഓഫ് റോഡർ വണ്ടിവരെ സ്ലിപ്പാവുന്ന സമയമായിരുന്നു അത്. ഒരുനിലക്കും ഓട്ടോക്ക് പോവാൻ സാധ്യമല്ലെന്ന് മനസ്സിലായതോടെ കൂടുതൽ മുന്നോട്ടുപോവാനുള്ള തീരുമാനം ഉപേക്ഷിച്ചു. രണ്ടു ദിവസം തങ്ങിയ ശേഷം തിരിച്ച് പത്താൻകോട്ടിലേക്ക് വന്നു. പഞ്ചാബ്, ഹരിയാന അവിടെനിന്ന് ഡൽഹി. ഡൽഹിയിലേക്ക് വരവെ കർഷകസമരക്കാരെ അഭിവാദ്യം ചെയ്തു. അവരുടെ സൽക്കാരം സ്വീകരിച്ചു. സമരക്കാരുടെ കൊടിെയാക്കെ വണ്ടിയിൽ കെട്ടി.
ഡി.ആർ.എൽ റൈഡേഴ്സ് ഗ്രൂപ് അംഗവും മലയാളി സമാജം ഭാരവാഹിയുമൊക്കെയായ അരുൺ നിർദേശിച്ചതനുസരിച്ച് പ്രധാന റോഡിലൂടെ പോകാതെ ഗ്രാമീണ റോഡുകളിലൂടെയാണ് ഡൽഹിക്ക് തിരിച്ചത്. ഡൽഹി അതിർത്തിയിലേക്ക് കയറുേമ്പാൾ ഇൻറർനെറ്റ് നിശ്ചലമായി. സമരം പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ ഇൻറർനെറ്റ് വിച്ഛേദിച്ചിരുന്നു. ഗൂഗ്ൾ മാപ് സ്ക്രോൾ ചെയ്ത് പോവേണ്ട സ്ഥലത്തെക്കുറിച്ച് ധാരണയുണ്ടാക്കി. അങ്ങനെ റിപ്പബ്ലിക് ദിനത്തിൽ കർഷകസമരം കൊടുമ്പിരിക്കൊണ്ട സമയത്ത് ഡൽഹിയിൽ പ്രവേശിച്ചു. ഡൽഹി ജുമാമസ്ജിദ്. ഇന്ത്യ ഗേറ്റ്, കുത്തബ്മിനാർ, യമുനാഘട്ട് എന്നിവയെല്ലാം കൺകുളിർക്കെ കണ്ടു. പിന്നെ യു.പിയിലേക്ക് തിരിച്ച് താജ്മഹൽ, വൃന്ദാവൻ എന്നിവയെല്ലാം കണ്ടു. തുടർന്ന്, നേരെ ഹൈദരാബാദ് പിടിച്ചു. അവിടെ സിയാദിെൻറ കൂട്ടുകാരൻ റാസിഖിെൻറ അടുത്ത് താമസം. പ്രധാന സ്ഥലങ്ങളിലൊക്കെ കറങ്ങിയശേഷം ബംഗളൂരുവിലേക്ക്. അവിടെനിന്ന് മൈസൂർ വഴി ബാവലിയിലേക്ക്. അങ്ങനെ 40 ദിവസം നീണ്ട കശമീർ യാത്രക്ക് ശുഭപര്യവസാനം.
െചലവ് 1,20,000
30,000 രൂപ വീതമാണ് ഓരോരുത്തരും എടുത്തത്. കുറിയടിച്ചതും കുറ്റി പൊട്ടിച്ചതും മൊബൈൽ വിറ്റതുമെല്ലാം കൂടിയതാണ് ഈ തുക. വണ്ടിക്ക് 34,000വും പെട്രോളും ഓയിലും അടക്കം 45,000 രൂപയും ചെലവായി. ഡൽഹി-ആഗ്ര റൂട്ടിൽ യമുന എക്സ്പ്രസ് ഹൈവേയിൽ മാത്രമാണ് ടോൾ കൊടുക്കേണ്ടിവന്നത്. റൂമിനും മറ്റുള്ളവക്കൊന്നും വലിയ പൈസയായില്ല. ഓട്ടോയിൽ വരുന്നത് കാണുേമ്പാൾതന്നെ കൗതുകമായിരുന്നു പലർക്കും. സിറാജായിരുന്നു യാത്രയിൽ പ്രധാന കുക്ക്. കുഷ്കയാണ് പ്രധാന വിഭവം. ചോറും കറിയുമെല്ലാം അതിൽതന്നെയുണ്ടെന്ന മെച്ചമുണ്ട്. ചിക്കൻ, ബീഫ് തുടങ്ങിയവ വാങ്ങുന്നത് കുറവായിരുന്നു. മുട്ടക്കറിയുണ്ടാക്കും. എന്നാൽ, മഹാരാഷ്ട്രയിൽ നാല് ദിവസം ബീഫ് മാത്രമായിരുന്നു. കശ്മീരിൽ മട്ടൻ കറി.
ജാതി ചോദിക്കുന്നവർ
രാജസ്ഥാൻ-ഹരിയാന ബോർഡറിൽ ഒരുദിവസം രാത്രി കോടമഞ്ഞ് കാരണം വണ്ടി ഓടിക്കാൻ പറ്റാത്ത അവസ്ഥയിലായി. ഒരു ഉൾപ്രദേശത്ത് വണ്ടി സൈഡാക്കി ടെൻറടിച്ചു. ഇതിനിടയിൽ നാട്ടുകാരായ കുറച്ച് ആളുകൾ പോസ്റ്റർ ഒട്ടിക്കാൻ വന്നു. അവർക്ക് ടോർച്ചൊക്കെ അടിച്ചുകൊടുത്ത് സഹായിച്ചു. ബാനർ കെട്ടിയ അയാൾ ഇറങ്ങിവന്ന് എല്ലാവരുടെയും പേര് ചോദിച്ചു. സിയാദ്, അഷ്കർ... എന്നൊക്കെ കേട്ടപ്പോൾ ഭാവവ്യത്യാസം. രാജസ്ഥാനി മിക്സ് ആണ് ഭാഷ. അയാൾക്ക് ഹിന്ദി അറിയാം. വണ്ടിയുടെയും നമ്പർ േപ്ലറ്റിെൻറയും നാലുപേരെയും ഒരുമിച്ച് നിർത്തിയുമുള്ള ഫോട്ടോയെടുത്തു. അവർ പോയി. കുറച്ച് കഴിഞ്ഞപ്പോഴുണ്ട് ആരോ ടെൻറിൽ മുട്ടുന്നു. പുറത്തിറങ്ങിയപ്പോൾ പൊലീസുകാർ. കൂടെ ഫോട്ടോയെടുത്ത ആളും. പൊലീസുകാർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പേര് ചോദിക്കുന്നതിന് മുമ്പുതന്നെ മതം, ജാതിയാണ് ചോദിച്ചത്. നമ്മുടെ നാട്ടിലൊന്നും ഇല്ലാത്ത ആ ചോദ്യം വലിയ വിഷമമുണ്ടാക്കി. പൊലീസുകാർ അഡ്രസൊക്കെ വാങ്ങി തിരികെ പോയി. .
ഗ്രാമീണ റോഡുകളിലൂടെ
ഹൈവേകളിൽ വണ്ടികളുടെ ബഹളമല്ലാതെ മറ്റൊന്നുമില്ല. നാട് കാണാൻ പറ്റില്ല. കുറെ സഞ്ചരിച്ചപ്പോൾ മടുപ്പ് തോന്നി. അതോടെ, ഗൂഗ്ൾ മാപ്പിലൊക്കെ നോക്കി ജില്ല റോഡുകൾ കണ്ടെത്തി. അതുവഴിയായി യാത്ര. ചിലയിടത്ത് റോഡ് മോശമാണെങ്കിലും ഓരോ നാടിനെയും അറിയാൻ, മനസ്സിലാക്കാൻ ഉപകരിച്ചു. ഉൾപ്രദേശങ്ങളിലൂടെ പോവാൻ ചെറിയ ഭയമൊക്കെയുണ്ടായിരുന്നെങ്കിലും അതിനെ അതിജയിക്കുന്നതായിരുന്നു പുതിയ കാഴ്ചകൾക്കായുള്ള ആകാംക്ഷ.
നാലുപേരും മാറിമാറി ഓടിച്ചു. പരമാവധി 40 കിലോമീറ്റർ സ്പീഡിലേ ഓടിച്ചിട്ടുള്ളൂ. എക്സ്പ്രസ് ഹൈവേയിൽ ടൂറിസ്റ്റ് ബസുകളൊക്കെ പോവുക 140 കിേലാമീറ്റർ വേഗത്തിലൊക്കെയാണ്. ശരിക്കും ഓട്ടോ സൈഡിലേക്ക് പാറിപ്പോവുന്നതുപോലെയുള്ള അനുഭവം. ഓടിക്കുന്നവർക്കാണ് അത് ശരിക്കും മനസ്സിലാവുക.
നട്ട് തോഡാ ലൂസ്; പ്ലീസ് ടൈറ്റ്...
യാത്രക്കിടെ മഹാരാഷ്ട്രയിൽവെച്ച് ടയർ ചെറുതായൊന്ന് പണിതന്നു. ഒരു വർക്ഷോപ്പിലെത്തി ഹിന്ദിയും ഇംഗ്ലീഷുമെല്ലാം കൂട്ടിക്കുഴച്ച് കാര്യമവതരിപ്പിച്ചു. ഇതെല്ലാം കേട്ട് ടയർ അഴിക്കുന്നതിനിടെ പച്ചമലയാളത്തിൽ അയാളുടെ കമൻറ്: 'എടാ ഇൗ നട്ടൊന്ന് ടൈറ്റാക്കിയാൽ പോരെ. എന്തിനാ ഇത്ര ബുദ്ധിമുട്ടുന്നത്'. കക്ഷി ആലപ്പുഴക്കാരനായിരുന്നു. കുടുംബമടക്കം അവിടെ താമസം. രാജസ്ഥാനിൽ പുഷ്കർ മരുഭൂമിയിലും ഉൾഗ്രാമങ്ങളിലും മലയാളി ടച്ച് അനുഭവിച്ചിരുന്നു. അവിടെ സെറ്റിൽഡായ തൃശൂർ, കോട്ടയം ജില്ലക്കാരായിരുന്നു അവർ.
ഓട്ടോക്കാരൻ 'പൊലീസ്'
മുംബൈയിൽ ഓരോ ജങ്ഷനിലും പൊലീസുകാർ കൈകാണിച്ച് നിർത്തിക്കും. എന്നാൽ, എല്ലാവരും നല്ല രീതിയിലാണ് പെരുമാറിയത്. വഴിെയാക്കെ കൃത്യമായി പറഞ്ഞുതരും. ഡൽഹിയിലൂടെ പോവുന്നതിനിടെ പൊലീസ് പിടിച്ചു. ഓേട്ടായുടെ മുന്നിൽ രണ്ട് ഹോൺ ഫിറ്റ്ചെയ്തിരുന്നു. അതിന് 10,000 രൂപ ഫൈൻ ആവശ്യപ്പെട്ടു. പൈസ കിട്ടാനുള്ള തന്ത്രം. അവസാനം 500 രൂപ കൊടുത്തു രക്ഷപ്പെട്ടു. യു.പിയിലെ ഒരു ഓട്ടോക്കാരൻ തടഞ്ഞ് നിർത്തി ഒരു സ്ലിപ് എഴുതിത്തന്നിട്ട് പണം ആവശ്യപ്പെട്ടു. ഞങ്ങൾ അയാളോട് ഇംഗ്ലീഷിലാണ് സംസാരിച്ചത്. അയാൾക്ക് ഒരു പിടിയുമില്ല. സ്ലിപ് തിരികെ കൊടുത്ത് വണ്ടി വിട്ടു (അയാൾക്ക് ഇംഗ്ലീഷ് അറിയാഞ്ഞിട്ടാണോ അല്ല തങ്ങളുടെ 'അടിപൊളി' ഇംഗ്ലീഷ് തിരിയാഞ്ഞിട്ടാണോ ആവോ..സജീറിെൻറ ആത്മഗതം.
അടുത്ത യാത്ര പെട്ടെന്നുതന്നെ പോവണമെന്നുണ്ട്. ഫണ്ടില്ലാത്തതാണ് പ്രശ്നം. പെട്ടെന്ന് െറഡിയാക്കണം. ഉറച്ച തീരുമാനമുണ്ടെങ്കിൽ ബാക്കിയെല്ലാം പിന്നാലെ വരും..നാൽവർസംഘം ആത്മവിശ്വാസത്തോടെ പറയുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.