കൊല്ലങ്കോട്ടേക്ക് ഒരു യാത്ര പോയാലോ
text_fields‘‘ കൂമൻകാവിൽ ബസ് വന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിലെ നാലഞ്ച് ഏറുമാടങ്ങൾക്കു നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം.’’ ഖസാക്കിലേക്ക് പോകാൻ കൂമൻകാവിലെത്തുന്ന രവിയുടെ ചിത്രം ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിൽ വരച്ചിടുന്നതിങ്ങനെയാണ്. ഖസാക്കിലേക്കെത്തിയ രവിയും ഒ.വി. വിജയന്റെ നോവലും ലോകപ്രശസ്തമായപ്പോൾ അതിനൊപ്പം തന്നെ കഥയിലൂടെ വരച്ചിട്ട പാലക്കാടൻ ഗ്രാമങ്ങൾ വായനക്കാരന്റെ ഹൃദയത്തിലേക്കു കൂടിയാണ് ചേക്കേറിയത്.
പാലക്കാടൻ ഗ്രാമങ്ങളുടെ സൗന്ദര്യം ആളുകളെ പിന്നെയും കൊതിപ്പിച്ചത് സിനിമകളിലൂടെയായിരുന്നു. കേരളത്തിന്റെ ഗ്രാമീണ തനിമ ചിത്രീകരിച്ച പല സിനിമകളുടെയും ലൊക്കേഷൻ പാലക്കാടായിരുന്നു. പാലക്കാടിന്റെ പ്രകൃതിഭംഗിയും ഗ്രാമീണ സൗന്ദര്യവും ഒരിക്കൽക്കൂടി വാർത്തകളിൽ ഇടംപിടിക്കുകയാണ്.
ഇന്ത്യയിലെ സുന്ദരമായ ഗ്രാമങ്ങളിലൊന്നായി കൊല്ലങ്കോട് സമൂഹമാധ്യമങ്ങളിൽ ആേഘാഷിക്കപ്പെട്ടതോടെയാണ് പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യം വീണ്ടും ചർച്ചയാവുകയും സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങുകയും ചെയ്തത്. നെല്ലിയാമ്പതി മലകൾ അതിരിടുന്ന കൊല്ലങ്കോട്ടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് ഗ്രാമത്തിന്റെ പ്രകൃതിഭംഗിയും ഗ്രാമീണതയുടെ നിഷ്‍കളങ്കതയുമാണ്.
അതിരാവിലെ കൊല്ലങ്കോട്ടേക്ക്
പാലക്കാട് അതിരാവിലെ ബസിറങ്ങുമ്പോൾ നഗരം ഉണർന്നുതുടങ്ങിയതേയുള്ളൂ. തമിഴ് സംസ്കാരത്തിനും ആഴത്തിൽ വേരുകളുള്ള പാലക്കാടിന്റെ പുലർകാലങ്ങൾക്ക് ഇത്രയും ഭംഗിയുണ്ടെന്ന് തിരിച്ചറിഞ്ഞത് ഇന്നാണ്. നഗരത്തിലെ പല തെരുവുകളും തമിഴ് നഗരങ്ങളുടെ സ്മരണകളുണർത്തും.
പക്ഷേ, നഗരസൗന്ദര്യം കണ്ട് സമയം കളയാനില്ലാത്തതുകൊണ്ട് കൊല്ലങ്കോട്ടേക്കുള്ള ആദ്യ ബസ് തന്നെ പിടിച്ചു. പലഭാഗത്തും നെൽവയലുകൾ അതിരിടുന്ന റോഡിലൂടെയുള്ള യാത്രക്കൊടുവിൽ കൊല്ലങ്കോട് നഗരത്തിലേക്ക്. ഒരൽപം വീർപ്പുമുട്ടിച്ച ഗതാഗതക്കുരുക്കാണ് കൊല്ലങ്കോട്ട് വരവേറ്റത്. ബസിറങ്ങിയയുടൻ ബൈക്കുമായി കാത്തിരുന്ന സുഹൃത്തിനൊപ്പം ഗ്രാമീണ സൗന്ദര്യം തേടിയിറങ്ങി.
ആദ്യ സ്റ്റോപ് ചെല്ലൻചേട്ടന്റെ ചായക്കട
നഗരത്തിരക്കിനെ മറികടന്ന് ഗോവിന്ദാപുരത്തേക്കുള്ള പാതയിലേക്ക് കയറിയപ്പോൾ തലയെടുപ്പോടെ ഞങ്ങളെ വരവേറ്റത് നെല്ലിയാമ്പതി മലനിരകളായിരുന്നു. നെല്ലിയാമ്പതി മലനിരകളുടെ അരികുപറ്റി പോകുന്ന റോഡ് വരാനിരിക്കുന്ന കാഴ്ചയുടെ ചെറിയ സൂചനകൾ നൽകി. കുറച്ച് ദൂരം പിന്നിട്ടപ്പോൾ പ്രധാന പാതയിൽനിന്ന് ഗ്രാമീണ പാതയിലൂടെയായി യാത്ര. കൊല്ലങ്കോട് കരുതിവെച്ച പ്രകൃതിസൗന്ദര്യത്തെ അറിയുന്നതിനു മുമ്പ് വണ്ടി ബ്രേക്കിട്ടത് ചെല്ലൻ ചേട്ടന്റെ ചായക്കടയിലായിരുന്നു.
മുപ്പതു വർഷം മുമ്പ് കേരളത്തിലെ ഗ്രാമങ്ങളിൽ കണ്ടിരുന്ന ചായക്കടകളുടെ തനിപ്പകർപ്പാണ് ചെല്ലൻചേട്ടന്റെ കട. ചായയും നാടൻ പലഹാരങ്ങളുമാണ് കടയിലുള്ളത്. കൊല്ലങ്കോട് പ്രശസ്തമായതോടെ കടയിലേക്ക് വരുന്ന ആളുകളുടെ എണ്ണവും കൂടിയിട്ടുണ്ടെന്നാണ് ചെല്ലൻചേട്ടന്റെ പക്ഷം. എല്ലാവരും കൊല്ലങ്കോട്ടേക്ക് വരുന്നതിൽ സന്തോഷം മാത്രം. പക്ഷേ, ഇവിടം മലിനമാക്കാതെ സൂക്ഷിക്കണമെന്നു മാത്രമാണ് ചെല്ലൻചേട്ടന് പറയാനുള്ളത്.
സീതാർകുണ്ടും ചിങ്ങൻചിറയും
സൂര്യരശ്മി മണ്ണിൽ പതിക്കാത്തവണ്ണം ആൽമരങ്ങളാണ് ചിങ്ങൻചിറയുടെ പ്രത്യേകത. ആൽമരങ്ങൾക്ക് നടുവിലായി കറുപ്പ്സ്വാമിയുടെ ക്ഷേത്രവുമുണ്ട്. പൊള്ളുന്ന പാലക്കാടൻ ചൂടിലും ചിങ്ങൻചിറയിൽ സുഖകരമായ ഒരു തണുപ്പുണ്ടാവും. സീരിയൽ-സിനിമ സംവിധായകരുടെയും ആൽബം ഷൂട്ട് ചെയ്യുന്നവരുടെയും ഇഷ്ട ലൊക്കേഷൻ കൂടിയാണ് ചിങ്ങൻചിറ. ഇവിടത്തെ ആൽമരങ്ങൾക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. ആൽമരങ്ങൾക്കിടയിലെ കറുപ്പ്സ്വാമി ക്ഷിപ്രസാദിയാണെന്നാണ് വിശ്വാസം. ഇതിനടുത്തു തന്നെയുള്ള ചിറയും(കുളം) പ്രദേശത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നുണ്ട്.
ചിങ്ങൻചിറയിൽനിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് സീതാർകുണ്ട്. രാമായണത്തിൽ രാമലക്ഷ്മണന്മാർ വനവാസകാലത്ത് തെന്മലയിലെത്തിയിരുന്നുവെന്നും അക്കാലത്ത് സീതാദേവി സ്നാനം ചെയ്ത കുണ്ട് പിന്നീട് സീതാർകുണ്ടായി അറിയപ്പെട്ടുവെന്നുമാണ് ഐതിഹ്യം. നെല്ലിയാമ്പതി മലനിരകളിൽ നിന്ന് വരുന്ന സീതാർകുണ്ട് വെള്ളച്ചാട്ടത്തിന് മഴക്കാലത്താണ് സൗന്ദര്യം കൂടുക. വനംവകുപ്പിന്റെ അധീനതയിലുള്ള വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കാൻ ടിക്കറ്റൊന്നും ഏർപ്പെടുത്തിയിട്ടില്ല. സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിൽ കുളിക്കുകയുമാവാം. പക്ഷേ, അപ്രതീക്ഷിതമായെത്തുന്ന ഒഴുക്കിനെ സൂക്ഷിക്കണമെന്നു മാത്രം. നെൽവയലുകൾ അതിരിടുന്ന വഴിയിലൂടെ സീതാർകുണ്ടിലേക്കുള്ള യാത്രാവഴിയും മനോഹരമാണ്.
കാർഷിക സമൃദ്ധിയുടെ ഓർമകളുമായി പെരിങ്ങോട്ടുശ്ശേരി കളം
പാലക്കാടിന്റെ കാർഷിക സമൃദ്ധിയുടെ അടയാളമാണ് കളം. നെല്ല് സംഭരിച്ചുവെക്കാനും കർഷകർക്ക് താമസിക്കാനും വേണ്ടിയാണ് പണ്ട് കളങ്ങൾ ഉണ്ടാക്കിയത്. പാടങ്ങളുടെ ഓരം പറ്റിയാണ് കളങ്ങളുണ്ടാവുക. ഇത്തരത്തിലൊന്നാണ് പെരിങ്ങോട്ടുശ്ശേരി കളം. വെള്ളപൂശിയ ഭിത്തികളുള്ള തിണ്ണയും തടികൊണ്ടുള്ള തൂണുകളുള്ള ഒരു കെട്ടിടമാണ് പെരിങ്ങോട്ടുശ്ശേരി കളം. ഇവിടെ നിന്നുള്ള പാലക്കാടൻ നെൽവയലുകളുടെ കാഴ്ച അതിമനോഹരമാണ്. പാലക്കാടിന്റെ നാടൻ വിഭവങ്ങൾ രുചിച്ചു നോക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സിനിമകളിലെ മനോഹര ഫ്രെയിം
കൊല്ലങ്കോടിന് അടുത്തുതന്നെയുള്ള വാമല മുരുകൻ ക്ഷേത്രത്തിലേക്ക് എത്തിയപ്പോൾ ആദ്യം ഓർത്തത് ഹൃദയം സിനിമയിൽ പ്രണവ് മോഹൻലാലും ദർശന രാജേന്ദ്രനും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന രംഗമാണ്. വാമല മുരുകൻ ക്ഷേത്രമായിരുന്നു ആ സിനിമയുടെ ലൊക്കേഷനുകളിലൊന്ന്. ഹൃദയം മാത്രമല്ല ദീപസ്തംഭം മഹാശ്ചര്യം, കുഞ്ഞിരാമായണം, പ്രകാശൻ പറക്കട്ടെ തുടങ്ങി പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. പാറയിൽ കൊത്തിയുണ്ടാക്കിയ കൽപടവുകൾ കയറി മുകളിലെത്തുമ്പോൾ ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്‍റയും ഗന്ധമാവും ആദ്യം സ്വാഗതം ചെയ്യുക. മലമുകളിൽനിന്നുള്ള കാഴ്ചയിൽ പാലക്കാടിന്റെ നെൽപാടങ്ങളും തെങ്ങുകളും ഗ്രാമീണ പാതകളും കവലകളുമെല്ലാമുണ്ട്. വർഷങ്ങൾ പിന്നിലുള്ള ഒരു കേരളം കാണണമെങ്കിൽ ഇവിടെനിന്ന് ഒന്ന് താഴേക്കു നോക്കിയാൽ മതി. ഒരു ടൈം മെഷീനിലെന്നപോലെ കാലം പിറകോട്ടുപോകും.
അരയാലുകൾ അതിരിടുന്ന മുതലമട റെയിൽവേ സ്റ്റേഷൻ
കൊല്ലങ്കോട് വന്നാൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത മറ്റൊരു സിനിമ ലൊക്കേഷനാണ് മുതലമട റെയിൽവേ സ്റ്റേഷൻ. ‘വെട്ട’മുൾപ്പെടെ നിരവധി സിനിമകളുടെ ലൊക്കേഷനായിട്ടുണ്ട് ഈ റെയിൽവേ സ്റ്റേഷൻ. അരയാലുകൾ അതിരിടുന്ന റെയിൽവേ സ്റ്റേഷൻ ആദ്യകാഴ്ചയിൽ തന്നെ നമ്മെ കൊതിപ്പിക്കും. അധികം ട്രെയിനുകൾക്കൊന്നും സ്റ്റോപ്പില്ലെങ്കിലും സ്റ്റേഷൻ കാണാനായി നിരവധി പേരാണ് എത്തുന്നത്.
സഞ്ചാരികളെ ഹൃദ്യമായി വരവേൽക്കുന്ന ഗ്രാമീണർ
കൊല്ലങ്കോടിന്റെ ഗ്രാമീണ സൗന്ദര്യവും നെൽവയലുകളും എത്രകണ്ടാലും മതിവരില്ല. ഇതിനൊപ്പം തന്നെ എടുത്തു പറയേണ്ടതാണ് ഇവിടത്തെ ഗ്രാമീണരുടെ നിഷ്‍കളങ്കമായ പെരുമാറ്റവും. നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുമ്പോഴുണ്ടാവുന്ന വാണിജ്യസാധ്യതകളെ കുറിച്ചൊന്നും ഇവിടത്തെ ഗ്രാമീണർ ചിന്തിക്കുന്നില്ല. തങ്ങളുടെ നാട് കാണാൻ വരുന്നവരെ അവർ ഹൃദ്യമായി വരവേൽക്കുന്നു, മുഴുവൻ സ്നേഹവും പകർന്നു നൽകുന്നു. വീണ്ടും വരണമെന്നു പറഞ്ഞ് യാത്രയാക്കുന്നു.
കൊല്ലരുതേ കൊല്ലങ്കോടിനെ
നെൽകൃഷിയാണ് കൊല്ലങ്കോടിന്റെ മുഖ്യ ഉപജീവനമാർഗം. ഗ്രാമത്തിലേക്കുള്ള യാത്രക്കിടയിൽ പ്ലാസ്റ്റിക് മാലിന്യം നെൽപാടത്തോ മറ്റിടങ്ങളിലോ തള്ളാതിരിക്കാൻ ശ്രദ്ധിക്കാം. ടൂറിസം വികസിച്ചതോടെ കൊല്ലങ്കോട്ടുകാർ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന പ്രശ്നമാണ് പ്ലാസ്റ്റിക് മാലിന്യത്തിന്‍റേത്. കൊല്ലങ്കോട്ടെ ഗ്രാമീണ പാതകളിലൂടെയുള്ള ഡ്രൈവിങ്ങും ശ്രദ്ധിച്ചു വേണം. കൂടുതൽ സഞ്ചാരികൾ എത്താൻ തുടങ്ങിയതോടെ ഇവിടെ വാഹനാപകടങ്ങളും പതിവായിട്ടുണ്ട്.
എങ്ങനെ കൊല്ലങ്കോട് എത്താം
പാലക്കാട് നഗരത്തിൽനിന്ന് 30 കിലോമീറ്ററാണ് കൊല്ലങ്കോട്ടേക്കുള്ള ദൂരം. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽനിന്ന് പുതുനഗരം വഴി കൊല്ലങ്കോട്ടേക്ക് പോകുന്ന നിരവധി ബസുകളുണ്ട്. തൃശൂരിൽനിന്ന് വടക്കഞ്ചേരി നെന്മാറ വഴിയും ഇവിടേക്ക് എത്താം. കൊല്ലങ്കോടാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. പുലർച്ച നാലു മണിക്ക് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസിനും ആറു മണിക്ക് പുറപ്പെടുന്ന തിരുച്ചെന്തൂർ എക്സ്പ്രസിനും സ്റ്റോപ്പുണ്ട്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.