Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
travel- hampi
cancel
camera_alt

മാതംഗമലയിൽ നിന്നുള്ള പ്രഭാതക്കാഴ്ച. ചിത്രങ്ങൾ: എ.വി. ഷെറിൻ

ദീർഘനാളായി ‘ബക്കറ്റ് ലിസ്റ്റി’ലുള്ള ഇടമായിരുന്നു ഹംപി. കർണാടകയിലാണെങ്കിലും വേറെയേതോ വിദൂര ദേശത്തെത്തുന്നത്രയും ദൂരമുണ്ടെന്നു തോന്നിക്കുന്ന ഒരിടമായി അതങ്ങനെ കിടന്നു. ഒടുവിൽ, കോഴിക്കോടുനിന്ന് ഒരു ദിവസം കാലത്ത് മൈസൂരു ലക്ഷ്യമാക്കി കാറോടിച്ചു.

വൈകീട്ട് നാലോടെ മൈസൂരുവിൽ. മൈസൂരുവിൽ പല കെട്ടിടങ്ങൾക്കുമുള്ള വിശാലതയും പ്രൗഢിയും റെയിൽവേ സ്റ്റേഷനുമുണ്ട്. കാർ അവിടെ പാർക്ക് ചെയ്തു. വൈകീട്ടുള്ള ഹംപി എക്സ്പ്രസിൽ മാസംമുമ്പേ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. മൈസൂരുവിലെ ‘ബോംബെ ട്രിഫാനി’യിൽനിന്ന് ഒരു ഹോട്ട് ബദാം മിൽക്കും റെയിൽവേ സ്റ്റേഷനടുത്തുള്ള ‘ആനന്ദ ഭവനി’ൽനിന്ന് മൈസൂർ മസാലദോശയും കഴിച്ച് ട്രെയിനിൽ കയറി.

പഴയകാല ബസാറുകളിലൊന്ന്

കൺകുളിർക്കെ കാണാം ഹംപിയും ആനേഗുഡിയും

പിറ്റേന്ന് നേരം വെളുത്തതോടെ ഹോസ്പേട്ട് (Hosapete Junction) സ്റ്റേഷനിലിറങ്ങി. ഹോസ്പേട്ടിന് വിജയനഗര എന്ന പേരുമുണ്ട്. ഇവിടെനിന്ന് 13 കിലോമീറ്റർ അകലെയാണ് ഹംപി. സ്വപ്നമോ യാഥാർഥ്യമോ എന്ന് തോന്നിപ്പിക്കുന്ന പുരാതന ക്ഷേത്രശേഷിപ്പുകളുടെ വിശാലഭൂമി. ഹംപിയിലേക്ക് പോകുന്നവർക്ക് താമസിക്കാൻ പറ്റിയ ഇടമാണ് ഹോസ്പേട്ട്. അല്ലെങ്കിൽ, ഹംപിക്ക് തൊട്ടരികെയുള്ള കമലാപുർ.

ഹംപിയിലെ കാഴ്ചകൾ കിലോമീറ്റർ കണക്കിന് ദൂരത്ത് ചിതറിക്കിടക്കുകയാണ്. അതിനാൽ, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള യാത്രക്ക് ഓട്ടോയോ ടാക്സിയോ നിർബന്ധം. ഹംപിയിൽ മോപ്പഡും സൈക്കിളും വാടകക്ക് കിട്ടും. പക്ഷേ, കൃത്യമായ സ്ഥലപരിചയമുള്ള ഒരു ഡ്രൈവർ വേണം.

അങ്ങനെയെങ്കിൽ രണ്ടു ദിവസംകൊണ്ട് ഹംപിയും കിഷ്‍കിന്ദ എന്ന ആനേഗുഡിയും (Anegundi) കണ്ടു മടങ്ങാം. തുംഗഭദ്ര നദിയുടെ വടക്കൻ തീരത്താണ് ആനേഗുഡി. വ്യവസ്ഥാപിത സംവിധാനങ്ങളോടുള്ള കലഹവും അരാജകത്വവും ആഘോഷിച്ച ‘ഹിപ്പി’കളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഹംപി. ആനേഗുഡിക്കടുത്തുള്ള ‘ഹിപ്പി ഐലൻഡ്’ ഇന്ന് സജീവമല്ല.

ക്ഷേത്രശേഷിപ്പുകളുടെ വിശാലഭൂമി

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രബലമായ ഹിന്ദു ഭരണകൂടമെന്ന്​ അറിയപ്പെട്ട വിജയനഗര സാമ്രാജ്യത്തിന്റെ (എ.ഡി 1336–1646) തലസ്ഥാന നഗരമാണ് ഹംപി. 4187.24 ഹെക്ടറിലായി ഹംപിയുടെ ക്ഷേത്ര-നഗര ശേഷിപ്പുകൾ ചിതറിക്കിടക്കുന്നു. തുംഗഭദ്ര നദിക്കരയിൽ, ആരോ എടുത്തുവെച്ചപോലുള്ള പാറക്കൂട്ടങ്ങൾക്കും പാറമലകൾക്കും വയലുകൾക്കുമിടയിലാണ് ഈ പ്രദേശം.

ക്ഷേത്രങ്ങളും വിശുദ്ധ മന്ദിരങ്ങളും ആരാധനകേന്ദ്രങ്ങളും ഹാളുകളും മണ്ഡപങ്ങളും സ്മാരകങ്ങളും പടിപ്പുരകളും വൻ കോട്ടകളും ആനക്കൊട്ടിലും കനാലും ജലസംഭരണികളും മറ്റുമായി 1600ലധികം നിർമിതികളുടെ ഭാഗങ്ങൾ പലവിധത്തിൽ ഇവിടെ ഇപ്പോഴുമുണ്ട്. ഇതിൽ വിരുപാക്ഷ ക്ഷേത്രം, കൃഷ്ണക്ഷേത്ര സമുച്ചയം, ഹേമകുണ്ഡ, അച്യുതരായ ക്ഷേത്ര സമുച്ചയം, വിത്തല ക്ഷേത്രം, പട്ടാഭിരാമ ക്ഷേത്രം, ലോട്ടസ് മഹൽ കോംപ്ലക്സ് തുടങ്ങിയവ ആകാരംകൊണ്ടും നിർമിതിയിലെ സൂക്ഷ്മതകൊണ്ടും ആരെയും അമ്പരപ്പിക്കും.

ലോട്ടസ് മഹൽ

മാല്യവന്ത ഹിൽസും അസ്തമയ കാഴ്ചയും

ഹംപിയിലെ സൂര്യോദയവും അസ്തമയവും ഭ്രമിപ്പിക്കുന്ന കാഴ്ചയാണ്. മാതംഗ, ഹേമകുണ്ഡ, മാല്യവന്ത, ആഞ്ജനേയ മലകളിലാണ് ഈ രണ്ടു കാഴ്ചകളും ഏറ്റവും മനോഹരം. ഹംപിയിൽ പോകുന്നിടത്തെല്ലാം ഒരു മിത്തോളജിയുണ്ട്. മലകളും അങ്ങനെ തന്നെ. ‘ഹംപി ദർശൻ’ തുടങ്ങിയ അന്നത്തെ ഞങ്ങളുടെ അവസാന പോയന്റ് ‘മാല്യവന്ത ഹിൽസ്’ ആയിരുന്നു. ഇവിടത്തെ രഘുനാഥ ക്ഷേത്രവും ​പ്രസിദ്ധമാണ്.

രാവണനെ നേരിടാൻ ലങ്കയിലേക്ക് തിരിക്കുംമുമ്പ് രാമൻ ലക്ഷ്മണനോടൊപ്പം തങ്ങിയ ഇടമാണ് ‘മാല്യവന്ത’യെന്ന് ഓട്ടോ​ക്കാരൻ പറഞ്ഞു. വാനരന്മാരു​ടെ വിളയാട്ടമുള്ള സ്ഥലമാണിതെങ്കിലും പേടിക്കാനില്ല. ക്ഷേത്രത്തിനു പിറകിലായി അസ്തമയം കാണാൻ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. താഴെ വിശാലമായ പാടങ്ങൾ. അപ്പുറം ചുവപ്പുരാശിയുള്ള പാറക്കെട്ടുകൾ.

അതിനുമുകളിലേക്ക് ചെഞ്ചായത്തിൽ മുങ്ങി പതിയെ നീങ്ങുന്ന ഭീമാകാരനായ സൂര്യൻ. സൂര്യൻ കാഴ്ചയുടെ സീമയിലേക്കെത്തുന്തോറും നിശ്ശബ്ദത കൂടിവന്നു. ഒടുവിൽ ഒരു അർധവൃത്തമായി, പൊട്ടായി അത് താഴ്ന്നപ്പോൾ ആരൊക്കെയോ കൈയടിക്കുന്നത് കേട്ടു. ഞങ്ങൾ തിരികെ നടന്ന് താമസസ്ഥലത്തേക്ക് തിരിച്ചു. പിറ്റേന്ന് കാലത്ത് ഉദയം കാണാൻ മാതംഗമല കയറണം. പുലർച്ച അഞ്ചുമണിക്ക് എത്താമെന്നു പറഞ്ഞ് ഓട്ടോക്കാരൻ പോയി.

മനോഹര കാഴ്ചകളുടെ മാതംഗ ഹിൽസ്

പിറ്റേന്ന് പുലർച്ച 5.20നുതന്നെ ഞങ്ങൾ ഹോട്ടലിന​ു പുറത്തെത്തിയിരുന്നു. ഹംപി ബസാറിന്റെ കിഴക്കൻ അറ്റത്ത്, ബസ് സ്റ്റാൻഡിൽനിന്ന് ഒരു കിലോമീറ്റർ മാറിയാണ് മാതംഗ. ഇത് ഹംപിയിലെ ഏറ്റവും ഉയരമുള്ള പോയന്റാണ്. മാതംഗമലയുടെ താഴ്വര വരെ ഓട്ടോ പോകും.

അപ്പോഴും ഇരുട്ടാണ്. മൊബൈൽ വെളിച്ചവുമായി ചിലർ മലകയറുന്നുണ്ട്. യാതൊരു സുരക്ഷ പ്രശ്നങ്ങളുമില്ല. പക്ഷേ, ഒന്നുരണ്ടിടങ്ങളിൽ കയറ്റം കഠിനമാണെന്ന് ഡ്രൈവർ പറഞ്ഞു. ഞങ്ങൾ കയറിത്തുടങ്ങി. ആദ്യത്തെ പതിനഞ്ചു മിനിറ്റ് സുഖമായി കയറി. പിന്നെ ഒരു ചെങ്കുത്തായ പാറ വന്നു. ഒരു ഭീമാകാരൻ പാറ. അതിലേക്ക് പിടിച്ചുകയറൽ ഒരു വെല്ലുവിളിതന്നെയായിരുന്നു. തെന്നിയാൽ വൻ ദുരന്തമാകും. എങ്കിലും മുന്നോ

ട്ടുപോകാൻ തീരുമാനിച്ചു. ഞങ്ങൾ നാലുപേരും പിടിച്ചുകയറി. താഴെ പേടിച്ചുനിന്ന ചിലർക്ക് കൈകൊടുത്ത് വലിച്ചു കയറ്റുകയും ചെയ്തു. മലമുകളിൽ ഒരു വീര​ഭദ്ര ക്ഷേത്രമുണ്ട്. എങ്ങനെയാണ് ഇവിടെ പൂജാരിയും പൂജാദ്രവ്യങ്ങളും എത്തുന്നതെന്ന് അത്ഭുതപ്പെട്ടുപോകും. ചെരിപ്പഴിച്ച്, ക്ഷേത്രത്തിനു മുകളിൽ കയറുന്നതോടെയാണ് മലയുടെ ഏറ്റവും ഉയരത്തിൽ എത്തുന്നത്. ഇവിടെനിന്ന് ​താഴേക്കുള്ള കാഴ്ച അതിമനോഹരമാണ്. അച്യുതരായ ക്ഷേത്രം, തുംഗഭദ്ര, വിരുപാക്ഷ ക്ഷേത്രം, ഹംപി ബസാർ എന്നിവയെല്ലാം കാണാം. ചെറിയ കാറ്റുണ്ട്.

പുഷ്‍കരണികളിലൊന്ന് (പുരാതന കുളങ്ങൾ)

കണ്ണുകളിലേക്ക് അരിച്ചിറങ്ങി സൂര്യൻ

സഞ്ചാരികളെ ലക്ഷ്യമിട്ട് ചായവിൽപനക്കാരൻ സ്ഥലത്തുണ്ട്. ഉച്ചിയിലാണെങ്കിലും അധികവിലയൊന്നുമില്ല. പായസം പോലൊരു ചായ. ചൂടുള്ളതിനാൽ ഒരിറക്ക് കുടിച്ചു. ഡിസ്​പോസബ്ൾ ഗ്ലാസ് ചായക്കാരൻ തന്നെ തിരിച്ചു വാങ്ങും. ഗ്ലാസിൽ ചായ ബാക്കിവെച്ചാൽ, അത് കുടിക്കാനായി വാനരസംഘമുണ്ട്. മിനിറ്റുകൾ കഴിഞ്ഞപ്പോൾ സൂര്യ​നെത്തി. എല്ലാവർക്കും ആവേശമായി.

പ്രകാശം പരന്നു. കുറച്ചുനേരം മലമുകളിൽ ചെലവിട്ട് ഞങ്ങൾ മറ്റൊരു വഴിയിൽ തിരിച്ചിറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ചവിട്ടുപാതയൊന്നും കാണാനില്ല. വഴിതെറ്റിയെന്ന് ഉറപ്പായി. അപ്പോൾ, വേറൊരു ചെറുയാത്രാസംഘവും ഞങ്ങളുടെ പിന്നാലെയെത്തി. തൊട്ടപ്പുറത്തുകൂടി നടന്നുനോക്കാം എന്ന് തീരുമാനിച്ചു. വഴിയിൽ ഒരു പ്രദേശവാസിയെ കണ്ടു. അയാൾ താഴേക്കുള്ള വഴി കാണിച്ചു. അതൊരു കൃഷിഭൂമിയിലെത്തിച്ചു. അവിടെനിന്ന് ദൂരെ റോഡിലേക്ക് ഒരു ചവിട്ടുവഴി കണ്ടു. അതിലെ മുന്നോട്ടു നീങ്ങി.

വാസ്തുശിൽപ കലയുടെ സമൂർത്ത ഭാവങ്ങൾ

ദ്രാവിഡ വാസ്തുശിൽപ കലയുടെ സമൂർത്ത ഭാവങ്ങളാണ് ഹംപിയിലെങ്ങും. കല്ലിലെ ഭീമാകാരൻ നിർമിതികൾ. കലയുടെ പൂർണത അവകാശപ്പെടാവുന്ന കൊത്തുപണികൾ. വിജയനഗര ക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഇടമാണ് വിത്തല ക്ഷേത്രം.

കല്യാണ മണ്ഡപവും ഉത്സവ മണ്ഡപവും ഗോപുരങ്ങളും സമീപത്തെ നിരവധി തൂണുകളുള്ള ബസാറും പടികളുള്ള വലിയ കുളവും (പുഷ്‍കരണി) വസന്തോത്സവ മണ്ഡപവുമെല്ലാം വിത്തല ക്ഷേത്രത്തിലും പരിസരത്തുമുണ്ട്. ഇവിടത്തെ കൽരഥം അതിപ്രശസ്തമാണ്. വിഷ്ണുവിന്റെ വാഹനമായ ഗരുഡന് സമർപ്പിച്ചതാണ് കൽരഥം. ഇത് പുതിയ അമ്പതുരൂപ നോട്ടിൽ പ്രിന്റ് ചെയ്തിട്ടുണ്ട്.

ഇന്തോ-ഇസ്‍ലാമിക് ശൈലിയിലുള്ള ​നിർമിതികൾ

ഇന്തോ-ഇസ്‍ലാമിക് ശൈലിയിലുള്ള ​നിർമിതികളും ഹംപിയിലുണ്ട്. ‘ക്വീൻസ് ബാത്ത്’, ആനക്കൊട്ടിൽ തുടങ്ങിയവ ഈ ഗണത്തിൽപെടുന്നു. മുസ്‍ലിംകളുടെ താമസകേന്ദ്രങ്ങളും മറ്റും അടയാളപ്പെടുത്തിയ ഇടങ്ങൾ ഇവിടെ കാണാനായി. നിരവധി മധ്യകാല വിദേശ സഞ്ചാരികൾ ഹംപിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. തളിക്കോട്ട യുദ്ധത്തോടെയാണ് (1565) വിജയനഗര സാമ്രാജ്യം തകരുന്നത്.

ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഹംപിയിൽ പോകാൻ പറ്റിയ സമയം. പിന്നെ കൊടും ചൂടാകും. കാഴ്ച കണ്ടുതീരാത്ത ഇടമാണ് ഹംപി. വെറുതെ പാറക്കെട്ടുകളും ക്ഷേത്രങ്ങളും നോക്കിയിരിക്കാൻ തോന്നും. മടങ്ങിയാൽ വീണ്ടുമെത്താൻ തോന്നും. അത്രയും മാസ്മരികമാണ് ആ അനുഭവം.

വിരുപാക്ഷ ക്ഷേത്രഗോപുരം

ഹംപിയില്‍ എങ്ങനെ എത്തിച്ചേരാം

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ 13 കിലോമീറ്റർ അകലെയുള്ള ഹോസ്പേട്ടാണ്. ഹംപിയില്‍ കാണേണ്ട സ്ഥലങ്ങളെല്ലാം ഏകദേശം 10-20 കിലോമീറ്ററിനുള്ളിലാണ്. കേരളത്തില്‍നിന്ന് ഹംപിയിലേക്ക് നേരിട്ട് ട്രെയിനോ വിമാന സര്‍വിസോ ലഭ്യമല്ല.

ബംഗളൂരു, മൈസൂരു, ഗോകര്‍ണ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഹോസ്പേട്ടിലേക്ക് ദിവസവും ബസുകളുണ്ട്. ട്രെയിനും ലഭ്യമാണ്. ഹോസ്പേട്ടിൽനിന്ന് ലോക്കല്‍ ബസില്‍ കയറി ഹംപിയിലിറങ്ങാം. കൊച്ചിയില്‍നിന്ന് റോഡുമാര്‍ഗം 756 കിലോമീറ്ററാണ് ദൂരം. കുറഞ്ഞ നിരക്കിൽ താമസ സൗകര്യങ്ങൾ ലഭ്യമാകുന്ന ഒട്ടേറെ ഇടങ്ങൾ ഹംപിയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hampitravel
News Summary - travel- hampi
Next Story