മനോഹര ഹില്സ്റ്റേഷനായ ഡാര്ജീലിങ്ങും മഞ്ഞുപർവതങ്ങളുടെ സ്വർഗഭൂമിയായ ഗാങ്ടോക്കും കണ്ടുവരാം...
text_fieldsമഞ്ഞണിഞ്ഞ ഹിമാലയ പര്വതനിരകളുടെ മടിത്തട്ടില് ഗാഢനിദ്രയിലാണ്ടു കിടക്കുന്ന മനോഹര ഹില്സ്റ്റേഷനായ ഡാര്ജീലിങ്ങും മഞ്ഞുപർവതങ്ങളുടെ സ്വർഗഭൂമിയായ ഗാങ്ടോക്കും കണ്ടുവരാം...
വടക്കുകിഴക്കൻ സംസ്ഥാനങ്ങളും അവിടത്തെ പ്രകൃതിയും ചിത്രങ്ങളിലൂടെ മനസ്സിന് സുപരിചിതമാണ്. അതുകൊണ്ട് കുടുംബത്തോടെ ഈ അവധിക്കാലം എങ്ങോട്ടേക്ക് എന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല- ഡാർജീലിങ്, സിക്കിം.
സ്പൈസ് ജെറ്റിെൻറ സ്നേഹംകൊണ്ട് ബാഗ്ദോഗരക്കു ബുക്ക് ചെയ്ത ഫ്ലൈറ്റ് കാൻസലായത് അറിഞ്ഞാണ് യാത്ര തുടങ്ങുന്നതുതന്നെ. മഞ്ഞു കാണാൻ കൊതിച്ചിറങ്ങിയ വ്യത്യസ്ത പ്രായക്കാരായ ഏഴു പേരുടെ സന്തോഷത്തിനുവേണ്ടി, 'തുടക്കത്തിൽ മുടക്കം വന്നാൽ പിന്നങ്ങോട്ട് സുഖമായിരിക്കും' എന്നു സൗകര്യാർഥം ഉണ്ടാക്കിയ ആപ്തവാക്യമായിരുന്നു യാത്രയുടെ ഇന്ധനം.
ബംഗളൂരുവിൽനിന്ന് ഗുവാഹതിയിൽ എത്തിയിട്ട് കാമാഖ്യ ക്ഷേത്രത്തിൽ ഇറങ്ങാതെ എങ്ങനെ പോകും. 51 ശക്തിപീഠങ്ങളിൽ ഏറ്റവും ദിവ്യവും പുരാതനവുമായി കരുതുന്ന ക്ഷേത്രമാണ് അസം തലസ്ഥാനമായ ഗുവാഹതിയിലെ നിലചാല മലനിരകളിലെ കാമാഖ്യ ദേവിയുടേത്. ദേവിയുടെ ആർത്തവമാണ് ഇവിടെ ഉത്സവമായി ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം. അമ്പലവും ആർത്തവവും ചേർത്ത് ചിന്തിക്കുന്നത് തെറ്റെന്നു വിശ്വസിക്കുന്ന ഒരു സമൂഹത്തിനു മാതൃകതന്നെയാണ് ഈ ക്ഷേത്രവും അവിടത്തെ വിശ്വാസവും.
പ്രണയംപോലെ ഡാർജീലിങ്
ഗുവാഹതിയിൽനിന്ന് ഗരീബ്രഥ് എക്സ്പ്രസിൽ ന്യൂ ജൽപൈഗുരി എത്തിയപ്പോഴേക്കും സമയം പുലർച്ച നാലു മണി. വെളിച്ചം വന്നുതുടങ്ങിയപ്പോൾ സുമോയിൽ ഡാർജീലിങ് എന്ന സുഖവാസകേന്ദ്രത്തിലേക്ക് യാത്ര തുടങ്ങി. കേരളത്തെ അനുസ്മരിപ്പിക്കുന്ന പച്ചപ്പ് ചുറ്റും കാണാമായിരുന്നു. റോഡിനോട് ചേർന്നുള്ള ഒറ്റവരി റെയിൽപാത പുതുമയുള്ള കാഴ്ചയാണ്.
മൂന്നര മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ പശ്ചിമ ബംഗാളിലെ ഏറ്റവും പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഡാർജീലിങ്ങിൽ എത്തി. സമുദ്രനിരപ്പിൽനിന്ന് 6700 അടി ഉയരത്തിൽ സ്ഥിതിചെയുന്ന ഈ സുന്ദരനഗരം, കാഞ്ചൻജങ്ക പർവതനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും ദൃശ്യഭംഗികൊണ്ടും പ്രണയം തോന്നിപ്പിക്കുന്ന കാലാവസ്ഥകൊണ്ടും കേൾവികേട്ടതാണ്.
ടൂറിസം കൗൺസിലിെൻറ കീഴിലുള്ള ഡാർജീലിങ് ടൂറിസ്റ്റ് ലോഡ്ജിലാണ് റൂം ബുക്ക് ചെയ്തത്. കാശ് ഇത്തിരി കൂടിയാലും കണ്ണായ സ്ഥലത്തുതന്നെയാണ് ഹോട്ടൽ. ഇവിടെനിന്ന് വെറും 300 മീറ്റർ ദൂരത്തിലാണ് 'മഹാകാൽ മന്ദിർ'. ടൂറിസ്റ്റ് കാഴ്ചകളിൽ ഇത് എടുത്തുപറയാറില്ലെങ്കിലും ഇവിടെ സന്ദർശിച്ചിട്ടില്ലെങ്കിൽ വൻ നഷ്ടമെന്നേ ഞാൻ പറയൂ.
ദോർജെയ് റിൻസിങ് ലാമ 1782ൽ നിർമിച്ച ദോർജെ-ലിംഗ് എന്ന ബുദ്ധ ആശ്രമത്തിെൻറ ശേഷിപ്പായ ഈ ക്ഷേത്രം ഇന്ന് ഹൈന്ദവ-ബുദ്ധ വിശ്വാസങ്ങളുടെ ശ്രേഷ്ഠമായ സമന്വയമാണ്. ക്ഷേത്രത്തിെൻറ ചുറ്റുപാടാണ് എടുത്തുപറയേണ്ട സവിശേഷത. വൈവിധ്യനിറങ്ങളിലുള്ള പ്രാർഥന ഫ്ലാഗുകൾ, ഭക്തിസാന്ദ്രമാകുന്ന മണിശബ്ദങ്ങൾ, കുന്തിരിക്കപ്പുക... എല്ലാംകൊണ്ടും മഹാവിസ്മയമായ ഒരു ക്ഷേത്രസമുച്ചയം തന്നെ. ഭക്തിയാണോ ആനന്ദമാണോ എന്താണ് തോന്നുന്ന വികാരമെന്നറിയില്ല, പേക്ഷ, തിരിച്ചുപോകാൻ തോന്നാത്തവിധം മോഹിപ്പിക്കുന്ന, നമ്മെ വലിച്ചടുപ്പിക്കുന്ന എന്തോ ഉണ്ടിവിടെ.
ടൈഗർ ഹില്ലിലെ സൂര്യോദയം
മഹാകാൽ മന്ദിറിൽനിന്ന് ഇറങ്ങിയാൽ ഡാർജീലിങ് നഗരക്കാഴ്ചകൾ കാണാൻ ഒബ്സർവേറ്ററി ഹില്ലും യാത്രസ്മരണകൾക്കുവേണ്ടി സാധനങ്ങൾ വാങ്ങിക്കാൻ മാൾ മാർക്കറ്റുമുണ്ട്. ഡാർജീലിങ്ങിൽ വന്നാൽ ടൈഗർ ഹില്ലിൽനിന്നുള്ള സൂര്യോദയം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മഞ്ഞുമലകൾക്കിടയിൽനിന്നും നായകനെപ്പോലെ സുവർണ രശ്മികൾ വാരിവിതറി സൂര്യൻ പുറത്തുവരുമ്പോൾ, കുന്നിൻമുകളിൽ തണുത്ത കാറ്റുകൊണ്ട് മരവിച്ച നമ്മുടെ ശരീരവും കൂടെ ഉണർന്ന് എഴുന്നേൽക്കുന്നപോലെ തോന്നും. വാക്കുകളിൽ വർണിക്കാനാവാത്തൊരു അനുഭൂതി! സൂര്യോദയം കണ്ടുകൊണ്ട് ഒരു ഗ്ലാസ് കാപ്പി ആ കുന്നിൻമുകളിൽനിന്ന് കുടിക്കണം. ഒരുപേക്ഷ, ഇതുവരെ കഴിച്ച കാപ്പികളിൽ ഏറ്റവും രുചി ആ കുന്നിൻമുകളിലെ ചേച്ചി തന്ന കാപ്പിക്കുതന്നെയാെണന്നു തോന്നുന്നു.
അവിടെനിന്ന് നേരെ 15 അടി നീളമുള്ള മൈത്രേയ ബുദ്ധശിൽപമുള്ള ഗൂമ് മൊണാസ്ട്രിയിലേക്കു പോയി. അപ്പോഴേക്കും സമയം രാവിലെ ആറു മണി. വഴിയോരക്കച്ചവടക്കാർ ഇതിനകം തന്നെ സജീവമായിക്കഴിഞ്ഞിരുന്നു. ഡാർജീലിങ് തെരുവുകൾ ആറു മണിയോടെതന്നെ നമ്മുടെ നാട്ടിലെ 10 മണി സമയത്തേതിന് തുല്യമാകും.
രാവിലെയുള്ള കാഴ്ചകളിൽ അടുത്തത് പിരിയൻ റെയിൽ പാതയുള്ള ബാറ്റേഷ്യ ലൂപ്പായിരുന്നു. ബൈനോക്കുലറിലൂടെ പർവതനിരകളുടെ സൗന്ദര്യം ആസ്വദിച്ചും ഡാർജീലിങ്ങിലെ തനത് വേഷമണിഞ്ഞ് ചിത്രങ്ങൾ പകർത്തിയും സമയം പോയതറിഞ്ഞതേയില്ല.
ഉയരത്തിൽനിന്ന് പൊടുന്നനേ താഴ്ച, അതായിരുന്നു റോക്ക്ഗാർഡനിലേക്കുള്ള യാത്ര. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ സകല ദൈവങ്ങളെയും ഓർമിപ്പിച്ചു. മനുഷ്യനിർമിത പാർക്കുകളോട് വലിയ താൽപര്യം ഇല്ലാത്തതുകൊണ്ടാവാം റോക്ക് ഗാർഡൻ മനസ്സിൽ ചേക്കേറിയില്ല.
പ്രചോദനം പകർന്ന ടെൻസിങ് റോക്ക്
തിരിച്ചുവരുംവഴി ടെൻസിങ് റോക്ക് കണ്ടപ്പോൾ കൗതുകം തോന്നി. 50 രൂപ കൊടുത്ത് ടെൻസിങ് നോർഗേ പരിശീലനം നടത്തിയെന്നു പറയപ്പെടുന്ന ആ മല കയറിയപ്പോൾ എെന്തന്നില്ലാത്ത ആനന്ദം. അവിടെനിന്ന് പ്രചോദനം ഉൾക്കൊണ്ട് മലകയറ്റത്തെക്കുറിച്ച് കൂടുതൽ അറിയാൻ നേരെ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വെച്ചുപിടിച്ചു. ടെൻസിങ് നോർഗേ മൗണ്ട് എവറസ്റ്റ് കീഴടക്കി എന്ന് വളരെ ലാഘവത്തോടെ പറയാറുള്ള നമ്മുടെ ഓരോരുത്തരുടെയും കണ്ണുതുറപ്പിക്കുന്ന അറിവുകളാണ് അവിടെ കാത്തിരുന്നത്. കഠിനപ്രയത്നം, അറിവ്, ആത്മവിശ്വാസം, സ്ഥിരോത്സാഹം, തോൽക്കാൻ അനുവദിക്കാത്ത മനസ്സ്... ഇവയുടെ അപൂർവ മിശ്രണംകൊണ്ട് നേടിയെടുത്തതാണ് ഓരോ തിളക്കമാർന്ന വിജയവും. നിസ്സാരങ്ങളായ പ്രതിബന്ധങ്ങളിൽ തളരുന്ന, മനസ്സ് തകരുന്ന നമുക്ക് ഉത്തേജനം നൽകാൻ അവിടത്തെ ഓരോ വിജയകഥക്കും സാധിക്കും.
പൈതൃക ട്രെയിനിൽ
ഇനിയാണ് ഡാർജീലിങ്ങിെൻറ അഭിമാനമായിപ്പറയുന്ന, യുനെസ്കോ അംഗീകരിച്ച പൈതൃക ട്രെയിൻ യാത്ര. ഡാർജീലിങ്ങിൽ തുടങ്ങി ബാറ്റേഷ്യ ലൂപ്പ് വഴി ഡാർജീലിങ്ങിൽ അവസാനിക്കുന്ന യാത്രയാണ് ഞങ്ങൾ ബുക്ക് ചെയ്തത്. 1879-81 കാലഘട്ടത്തിൽ നിർമിച്ച ഈ ട്രെയിൻ സർവിസ് 1991ലാണ് യുനെസ്കോ പട്ടികയിൽ ഇടംപിടിച്ചത്. റോഡിലൂടെ വളരെ സാധാരണക്കാരനെ പോലെ പോകുന്ന ട്രെയിനിനു വഴിമാറിക്കൊടുക്കുന്ന വഴിയാത്രക്കാരും വണ്ടിക്കാരും രസകരമായ കാഴ്ചയായിരുന്നു.
പിറ്റേന്ന് രാവിലെ ഗാങ്ടോക്ക് കാണാനുള്ള യാത്ര തുടങ്ങി. ഏകദേശം നാലര മണിക്കൂർ നീളുന്ന യാത്രയിൽ കാത്തിരുന്നത് ദൃശ്യവിരുന്നുതന്നെയാണ്. മലകളും കുന്നുകളോടുമൊപ്പം ടീസ്റ്റ നദിയുംകൂടി വന്നപ്പോൾ കാഴ്ചകൾ അതിമനോഹരമായി മാറി. ഡാർജീലിങ്ങിൽനിന്ന് വ്യത്യസ്തമായി, ഗാങ്ടോക്ക് പ്രശാന്തസുന്ദരമാണ്, തിരക്കും പൊതുവെ കുറവ്.
ഗാങ്ടോക്കിൽ ഞങ്ങളെ കാത്തിരുന്ന കാഴ്ചകളിൽ പ്രധാനമായത് ദലൈ ലാമ തറക്കല്ലിട്ട നംഗ്യാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബെറ്റോളജി, 1909ൽ നിർമിച്ച എൻചെയ് ആശ്രമം (Enchey monastery), മനോഹരമായ പർവതക്കാഴ്ചകൾ തരുന്ന ഗണേഷ് ടോക്, താഷി വ്യൂ പോയൻറ്, റോഡിനോടു ചേർന്ന് വീഴുന്ന ഭക്തങ് വെള്ളച്ചാട്ടം... അങ്ങനെ പോകുന്നു. പേക്ഷ, ഗാങ്ടോക്കിൽ വന്നത് മഞ്ഞു കാണാൻവേണ്ടി മാത്രമായിരുന്നു.
മഞ്ഞുസ്വർഗം
നാഥുല പാസ് അടഞ്ഞുകിടക്കുകയാണെന്ന് കേട്ടപ്പോൾ സങ്കടം തോന്നി. എന്നാൽ, ഗാങ്ടോക്കിൽനിന്ന് ചെക്ക്പോസ്റ്റ് കടന്ന് ഇത്തിരി ദൂരം കഴിഞ്ഞപ്പോഴേക്കും ഞാൻ സ്വർഗത്തിലെത്തിയോ എന്നു തോന്നിപ്പോയി. മഞ്ഞുമൂടിയ പർവതങ്ങൾ മാത്രമാണ് ചുറ്റും. കൈകൾ തണുത്തുമരവിച്ചിട്ടും ചിത്രങ്ങൾ പകർത്താൻ പുറത്തേക്കു കൈയിടാൻ എന്തോ, ഒരു മടിയും തോന്നിയില്ല. ഇതുപോലെ ഒരവസരം ഇനി എപ്പോഴാണ് എന്നറിയില്ല എന്നു മനസ്സ് മന്ത്രിച്ചു. എവിടേക്കു നോക്കി വെറുതെ ക്ലിക്ക് ചെയ്താലും മനോഹരങ്ങളായ പടങ്ങൾ. പോകുംവഴി ഒരു കടയിൽ നിർത്തി ഞങ്ങൾ ചായയും മാഗി നൂഡ്ൽസും കൊതിമാറുവോളം കഴിച്ചു. അമ്മയെ തണുപ്പ് ബാധിക്കാതിരിക്കാൻ ഷാൾ കഴുത്തിൽ ചുറ്റിക്കെട്ടിക്കൊടുക്കുമ്പോൾ എന്തോ വല്ലാത്തൊരു അഭിമാനം തോന്നി. അമ്മയെയും അച്ഛനെയും നോക്കാൻ പറ്റുന്നവിധം ഞാൻ വളർന്നു എന്ന അഭിമാനം.
യാക്കുകളുടെ സോഗമോ
യാക്കുകൾ നിറഞ്ഞ സോഗമോ തടാകമാണ് (tsogmo lake) ഇവിടെ ഏറ്റവും പ്രശസ്തം. സമുദ്രനിരപ്പിൽനിന്ന് 12,000 അടി മുകളിലാണ് ഈ തടാകം. അവിടെനിന്ന് കുറച്ചുകൂടി മുന്നിലേക്കു പോകുമ്പോൾ മരവിച്ചുകിടക്കുന്ന ചങ്കു തടാകവും (changu lake) കാണാം. വണ്ടിയൊതുക്കി ഞങ്ങൾ മഞ്ഞിൽ കളിക്കാൻ തുടങ്ങി. ചേച്ചിയും ചേട്ടനും മക്കളും എല്ലാവരും മനസ്സ് നിറഞ്ഞ് ആഘോഷിച്ചു. അച്ഛനും അമ്മയുമാണ് ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ചെറുപ്പം എന്നെനിക്കു തോന്നിപ്പോയി. ഇതുപോലെയുള്ള നിമിഷങ്ങൾ ജീവിതത്തിൽ വളരെ കുറച്ചേ ലഭിക്കൂ എന്നുറപ്പാണ്. അതുകൊണ്ട് ഓരോ നിമിഷവും ഞങ്ങൾ തകർത്ത് ആഘോഷിച്ചു.
മൂടൽമഞ്ഞ് മുന്നിൽ വഴിയടച്ചെങ്കിലും ഡ്രൈവർ ചേട്ടൻ ഏതോ മാന്ത്രികവിദ്യപോലെ വണ്ടി ഓടിച്ചുകൊണ്ടേയിരുന്നു. ബാബ മന്ദിറിൽ പട്ടാളക്കാരൻ തന്ന പ്രസാദവും അവിടെനിന്നു കിട്ടിയ സർട്ടിഫിക്കറ്റും ഹൃദയത്തോടു ചേർത്തുപിടിച്ചാണ് മടങ്ങുന്നത്. തിരിച്ചുവരുമ്പോൾ വണ്ടിയിൽ ഞങ്ങൾ ഇടം കൊടുത്ത സിക്കിം ചേച്ചിയും മോളും പഠിപ്പിച്ച പ്രശസ്ത നേപ്പാളി ഗാനം 'കൂട്ടൂലെ കൂട്ടു...' കാതിൽ ഇപ്പോഴും മൂളുന്നുണ്ട്.
ചില യാത്രകൾ സ്വപ്നംപോലെയാണ്, യാഥാർഥ്യമായാലും വിശ്വാസം വരില്ല. എന്തോ, ഗാങ്ടോക്കിലെ മഞ്ഞുപർവതങ്ങളെ കണ്ട ഈ യാത്ര എനിക്ക് അതുപോലെയാണ്; സ്വപ്നംപോലെ മനോഹരം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.