ജകാർത്തയിലെ മലനിരകളിലെ ആദിവാസി സമൂഹം കെനക്കികളോടൊപ്പം രണ്ടുനാൾ കഴിഞ്ഞ അപൂർവാനുഭവം...
text_fieldsവർഷത്തിലൊരിക്കലെങ്കിലും അപരിചിതമായ ഏതെങ്കിലും ഒരു ദേശത്തു പോവുക, അപരിചിതരായ ജനങ്ങളോടൊപ്പം ഒരു മുൻവിധിയും കൂടാതെ അവരിലൊരാളായി കുറച്ചു നാൾ ചെലവഴിക്കുക എന്നതാണ് എെൻറ യാത്രകളിലെ പ്രധാന ഉദ്ദേശ്യം. ഇത്തവണ തിരഞ്ഞെടുത്തത് ഇന്തോനേഷ്യയിലെ ജാവ ദ്വീപായിരുന്നു.
നാലുവശവും സമുദ്രത്താൽ ചുറ്റപ്പെട്ടു ചിതറിക്കിടക്കുന്ന പതിനായിരക്കണക്കിന് ദ്വീപുകൾ, അവിടെ വസിക്കുന്ന ജനങ്ങളും അവരുടെ ജീവിതവും കുട്ടിക്കാലം മുതൽ കൗതുകത്തോടെ ഓർത്തിരുന്നവയാണ്. കാൽനടയായും പൊതുഗതാഗതമാർഗങ്ങളുപയോഗിച്ച് സഞ്ചരിച്ചും ജാവ ദ്വീപിലെ മുക്കുമൂലകളിലും ഹോസ്റ്റലുകളിൽ തങ്ങിയും ഒരുമാസത്തോളം ചെലവഴിച്ച യാത്രയിൽ ഏറ്റവും കൗതുകകരമായി തോന്നിയ ഒരു ആദിവാസി സമൂഹമായിരുന്നു ബദൂയി ഗ്രാമങ്ങളിൽ വസിക്കുന്ന കെനക്കി ആദിവാസി ഗോത്രങ്ങൾ. അവരോടൊത്ത് താമസിച്ച അനുഭവം മറക്കാനാവാത്തതാണ്. വളരെ യാദൃച്ഛികമായി കെനക്കികളെക്കുറിച്ച് അറിഞ്ഞത് ജകാർത്ത വിമാനത്താവളത്തിൽ െവച്ച് പരിചയപ്പെട്ട മെലൻ എന്ന സുഹൃത്തിൽ നിന്നായിരുന്നു.
ജകാർത്ത നഗരവും മെലൻ എന്ന കൂട്ടുകാരിയും
മലേഷ്യയിൽനിന്ന് പുറപ്പെട്ട എയർ ഏഷ്യ വിമാനം കണ്ണെത്താദൂരം പരന്നുകിടന്നിരുന്ന നീലക്കടലിനു മുകളിലെ കുഞ്ഞു ദ്വീപുകളും ജനവാസ കേന്ദ്രങ്ങളും കടന്ന് ജകാർത്ത എയർപോർട്ടിലിറങ്ങി. മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം. തീർത്തും അപരിചിതമായ രാജ്യം. മനുഷ്യർ, ഭാഷ, പരിസരത്ത് എന്നെ പരിചയമുള്ളതോ എനിക്ക് പരിചയമുള്ളതോ ആയ ആരുംതന്നെ ഇല്ല. കുറച്ചു നാൾ ഞാനും എെൻറ ചിന്തകളും മാത്രമായി സ്വതന്ത്രമായി സഞ്ചരിക്കാൻ പോകുന്ന ദേശം.
ജാവയിലെ കാലാവസ്ഥ ഏകദേശം നമ്മുടെ കേരളത്തെപ്പോലെ തന്നെയാണെന്നു പറയാം. എയർപോർട്ടിനു മുന്നിൽതന്നെ ജാവ ദ്വീപിെൻറ പലഭാഗങ്ങളിലേക്ക് പോകാനുള്ള ബസുകൾ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. കുറച്ചുനേരം എയർപോർട്ട് പരിസരം ചുറ്റിനടന്ന് കാഴ്ചകൾ കാണാമെന്നു കരുതി. അതോടൊപ്പം കൈയിൽ കരുതിയിരുന്ന കുറച്ചു 'ദിർഹം' മാറ്റി ഇന്തോനേഷ്യൻ റൂപിയ തരപ്പെടുത്തണം. എയർപോർട്ടിനോട് ചേർന്ന കൗണ്ടറിൽ ചെന്ന് കുറച്ചു ദിർഹം മാറ്റി. കൈയിൽ വന്ന റൂപിയ കണ്ട് കണ്ണ് തള്ളി എന്നു മാത്രമല്ല തെല്ലൊരു അഹങ്കാരവും തോന്നി. കാരണം ഇരുനൂറ് ദിർഹം മാറ്റി കൈയിൽ വന്നത് ഏഴു ലക്ഷത്തോളം ഇന്തോനേഷ്യൻ റൂപിയ ആയിരുന്നു. ഒറ്റ നിമിഷംകൊണ്ട് ലക്ഷപ്രഭുവായതിെൻറ ഗമ! തൊട്ടടുത്ത ടീസ്റ്റാളിൽ കയറി ഒരു ചായയും ഒരുകുപ്പി വെള്ളവും വാങ്ങി പതിനായിരത്തോളം ഇന്തോനേഷ്യൻ റൂപിയ ചായക്കടക്കാരിക്ക് നീട്ടുന്നതുവരെയേ ആ ഗമക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ.
എയർപോർട്ട് പരിസരം കുറച്ചുസമയം അലസമായി ചുറ്റിനടന്നപ്പോൾതന്നെ ഇന്തോനേഷ്യൻ ജനങ്ങളുടെ ആതിഥേയത്വം രുചിക്കാൻ കഴിഞ്ഞു. അപരിചിതരായ ആളുകളിൽനിന്നും ഊഷ്മളമായ പുഞ്ചിരികളും കുശലാന്വേഷണങ്ങളും കിട്ടിത്തുടങ്ങി. ഒട്ടുമിക്ക ആളുകൾക്കും ചോദിക്കാനുള്ളത് ബോളിവുഡ് നടന്മാരെ കുറിച്ചായിരുന്നു, പ്രത്യേകിച്ച് ഷാറൂഖ് ഖാനെ കുറിച്ച്. ബാഗും ഭാണ്ഡക്കെട്ടുകളും അരികിൽെവച്ച് സിം കാർഡ് ശരിപ്പെടുത്തുന്നതിനായി അടുത്തുള്ള ഫുഡ് കോർട്ടിെൻറ ആളൊഴിഞ്ഞൊരു മേശയിൽ ചെന്നിരുന്നു. തൊട്ടടുത്ത ടേബിളിൽ ഇരുന്ന് ചായ കുടിച്ചിരുന്ന മധ്യവയസ്കയായ സ്ത്രീ ഹൃദ്യമായ പുഞ്ചിരിയോടെ 'ഹായ്' പറഞ്ഞു.
'ആർ യു ഫ്രം ഇന്ത്യ'? എന്ന് ഇംഗ്ലീഷിൽ ചോദിച്ചു.
'യെസ്' എന്നുപറഞ്ഞ് ഞാൻ കസേര അവരുടെ അടുത്തേക്ക് നീക്കി ഞങ്ങൾ പരിചയപ്പെട്ടു. മെലൻ, സുമാത്ര ദ്വീപുകാരിയാണ്. വർഷങ്ങളായി ജകാർത്തയിൽ ജോലി ചെയ്യുകയാണ്. ജോലി സംബന്ധമായി ബാലിദ്വീപിലെ യാത്ര കഴിഞ്ഞുവന്നിരിക്കുകയാണ്.
യാത്രകളെ ഇഷ്ടപ്പെടുന്ന മെലൻ ഒരുപാട് നേരം ഇന്തോനേഷ്യയെക്കുറിച്ചും അടുത്തിടെ നടത്തിയ ഇന്ത്യൻ യാത്രയും താജ്മഹൽ നേരിൽക്കണ്ട അനുഭവത്തെക്കുറിച്ചും സംസാരിച്ചിരുന്നു. യാത്രാവിശേഷങ്ങൾ നീണ്ട് ഞങ്ങൾ മുെമ്പന്നോ പരിചയമുള്ള സുഹൃത്തുക്കളെപ്പോലെയായി. ഈ സംസാരത്തിനിടയിലാണ് മെലൻ ബെൻറണിലെ കെനക്കി ഗോത്രത്തെക്കുറിച്ച് പറഞ്ഞത്. തിരക്കുപിടിച്ച ജകാർത്ത നഗരത്തിൽനിന്ന് വെറും 100 കി.മീറ്റർ അകലെ ബെൻറൺ മലനിരകളിൽ ആധുനിക ലോകത്തോടും ജീവിതരീതികളോടും അകന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന ആദിവാസി സമൂഹം. യന്ത്രങ്ങളുടെ പുകയും വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങളൊന്നും ഇല്ലാത്ത തീർത്തും സ്വപ്നതുല്യമായ ഗ്രാമത്തെക്കുറിച്ച് കേട്ടപ്പോൾ കൗതുകം തോന്നി. നാട്ടിൽനിന്ന് പുറപ്പെടുന്നതുവരെ എെൻറ യാത്ര പ്ലാനുകളിൽ ഇല്ലാത്ത ഒന്നാണ് ഇതെങ്കിലും അവിടെ പോകാതെ ഇനി ഈ യാത്ര പൂർണമാകില്ലെന്നു തോന്നി.
ജകാർത്തയിലേക്ക്
മെലനോട് യാത്രപറയാൻ നേരം എന്നോട് പറഞ്ഞു, 'ജകാർത്തയിലേക്കാണെങ്കിൽ കൂടെ വന്നോളൂ', റൂമെടുത്തിട്ടില്ലെങ്കിൽ അവരുടെ താമസസ്ഥലത്തോട് ചേർന്നുള്ള ഹോസ്റ്റലിൽ താമസം തരപ്പെടുത്താമെന്നും വൈകുന്നേരം കൂട്ടുകാരോടൊപ്പം ജകാർത്ത നഗരം കാണാനിറങ്ങാമെന്നും പറഞ്ഞു. ആരോ എഴുതിെവച്ച തിരക്കഥപോലെ യാത്രകളിൽ സംഭവിക്കുന്ന ഇത്തരം അനുഭവങ്ങളാണ് എപ്പോഴും ഏകാന്തയാത്ര മനോഹരമാക്കുന്നത്. ഞാൻ ക്ഷണം സന്തോഷപൂർവം സ്വീകരിച്ചു. ഞങ്ങളൊരുമിച്ച് തൊട്ടടുത്ത ബസ് കൗണ്ടറിൽനിന്ന് ജകാർത്തയിലെ 'പഞ്ചോറാൻ' എന്ന സ്ഥലം ലക്ഷ്യമാക്കി യാത്ര തുടങ്ങി. ബസിറങ്ങി അത്യാവശ്യം സൗകര്യമുള്ളൊരു ഹോസ്റ്റലിൽ മെലനോടൊപ്പം പോയി മുറിയെടുത്തു. എന്നെ മുറിയിലാക്കി മെലൻ വീട്ടിലേക്ക് പോയി. വൈകുന്നേരത്തോടെ മെലൻ വിളിച്ചു റെഡിയാകാൻ പറഞ്ഞു. അവളുടെ സുഹൃത്തുക്കളുടെ കൂടെ ഞങ്ങൾ ജകാർത്ത നഗരം കാണാനിറങ്ങി.
ജകാർത്ത നഗരത്തിനും രാത്രിയിൽ പ്രത്യേക ഭംഗിയാണ്. മുക്കിലും മൂലയിലുമായി നിരവധി സ്ട്രീറ്റ് ഫുഡുകളും വഴിയോര കച്ചവടങ്ങളും. പലയിനം വാദ്യോപകരണങ്ങൾ വായിക്കുന്ന കലാകാരന്മാർ തുടങ്ങി നഗരം രാത്രിയെ ആഘോഷമാക്കുകയാണ്. പല മുഖച്ഛായയോടുകൂടിയ മനുഷ്യർ, ദക്ഷിണ ചൈനയിൽനിന്ന് കുടിയേറിപ്പാർത്തവരാണത്രെ ഇന്തോനേഷ്യക്കാരുടെ പൂർവികർ. ചെറിയ നഗരപ്രദക്ഷിണം കഴിഞ്ഞ് മെലനും കൂട്ടുകാരും എന്നെ ഹോസ്റ്റലിലാക്കി. അതിനിടയിൽ ബദൂയി ഗ്രാമത്തിലേക്കുള്ള യാത്രക്കുവേണ്ടി അവിടേക്കു പോകുന്നതിനു തൊട്ടുമുമ്പുള്ള സെറാങ് എന്ന ചെറുപട്ടണത്തിൽ താമസിക്കുന്ന അവരുടെ കൂട്ടുകാരൻ 'ദിദി റോഷിദി'യെ ഫോണിൽ പരിചയപ്പെടുത്തി. ബദൂയി ഗ്രാമത്തിലേക്കു പോകാനുള്ള എല്ലാ ഏർപ്പാടുകളും ദിദി ചെയ്തുതരുമെന്നും ഉറപ്പുതന്നാണ് മെലനും കൂട്ടുകാരും യാത്ര പറഞ്ഞത്.
ബന്യു ഗ്രാമം
ജകാർത്തയിൽനിന്ന് െബൻറൺ പ്രോവിൻസിലെ സെറാങ്ങിലേക്ക് ബസ് കയറി. കുറച്ചുസമയം കൊണ്ടുതന്നെ പെട്ടിയും ബാഗും പിടിച്ച് പല ഗ്രാമങ്ങളിലേക്കു പോകാനുള്ള വേറെയും ഒരുപാട് യാത്രക്കാർ ബസിൽ കയറി. കയറുന്നവരെല്ലാം കൗതുകത്തോടെ എന്നെ നോക്കുന്നുണ്ട്. ഞാൻ മാത്രമായിരുന്നു ബസിലെ ഏക വിദേശി. ചിലർ 'ഇൻഡിയ' എന്ന് ചോദിക്കുന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന ആരെയും പരിചയപ്പെടാൻ സാധിച്ചില്ല. ബസ് പതുക്കെ നീങ്ങിത്തുടങ്ങി. ജകാർത്തയുടെ തിരക്കുപിടിച്ച ഭാഗങ്ങൾ അവസാനിച്ചാൽ സെരങ്ങിലേക്കുള്ള പാതയിൽ പിന്നെ കുഞ്ഞു ഗ്രാമങ്ങളാണ്. കണ്ണെത്താദൂരം പച്ച നിറത്തിലുള്ള നെൽപാടങ്ങളും കൃഷിയിടങ്ങളും താണ്ടി ഏകദേശം രണ്ടു മണിക്കൂർ യാത്രചെയ്ത് സെറാങ്ങിലെ 'പകുപത്താൻ' ബസ് ടെർമിനലിൽ ഇറങ്ങി.
ബസിറങ്ങിയതോടെ തെരുവ് കച്ചവടക്കാർ പലയിനം ഉൽപന്നങ്ങളുമായി ഓടിക്കൂടുന്നുണ്ട്. അറിയാത്ത ഭാഷയിൽ എന്തൊക്കെയോ വിളിച്ചുപറഞ്ഞു വിൽക്കുന്നു. ഗിത്താർ വായിച്ച് പണം പിരിക്കുന്ന വയസ്സായ ഒരപ്പൂപ്പൻ എെൻറ മുന്നിൽ വന്ന് കുറച്ചുനേരം ഏതോ ഭാഷയിൽ പാട്ടുപാടി. ഒന്നും മനസ്സിലായില്ലെങ്കിലും ആളുടെ ഉദ്ദേശ്യം ചില്ലറ ആയിരിക്കുമെന്ന് എനിക്കുറപ്പായി. പോക്കറ്റിൽ ഉണ്ടായിരുന്ന ചില്ലറ പൈസ അപ്പൂപ്പന് നീട്ടിയപ്പോൾ നന്ദിപൂർവം നിരസിച്ച് ചിരിച്ചുകൊണ്ട് വീണ്ടും രണ്ടുവരി പാടി അയാൾ മറ്റൊരു ബസ് ലക്ഷ്യമാക്കി പോയി. ചില സമയങ്ങളിൽ നമ്മുടെ മുൻവിധികൾ തീർത്തും അബദ്ധമാകാറുണ്ട്. ഒരുപേക്ഷ അവരുടെ നാട്ടിൽ വന്ന വിദേശിയെ തെൻറ പാട്ടു കേൾപ്പിക്കണം എന്ന ചിന്ത മാത്രമേ അയാൾക്കുണ്ടായിരിക്കാൻ വഴിയുള്ളൂ.
അൽപസമയത്തിനകം ദിദി സ്കൂട്ടറുമായി വന്ന് എന്നെയും കൂട്ടി അവെൻറ 'അനാമിക' എന്നുപേരുള്ള കോഫി ഷോപ്പിൽ ചെന്നിറങ്ങി. ദിദിയും നല്ലൊരു ഇന്ത്യൻ ആരാധകനാണ്. ദിദി ഉണ്ടാക്കിയ കാപ്പിയും മൊത്തിക്കൊണ്ട് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. അന്ന് ദിദിയുടെ വീട്ടിൽ താമസിച്ച് രാവിലെ ബദൂയി ഗ്രാമത്തിലേക്കു പോകാമെന്നും പറഞ്ഞു. വൈകുന്നേരത്തോടെ ദിദി എന്നെയും കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു.
തിരക്ക് കുറഞ്ഞ തനി ഗ്രാമപ്രദേശം. എൺപതുകളിലെ മലയാള സിനിമകളിൽ കണ്ടിരുന്ന നാട്ടിൻപുറങ്ങളെ അനുസ്മരിപ്പിക്കുന്ന സ്ഥലങ്ങൾ. ഓടുമേഞ്ഞ കുഞ്ഞു വീടുകളും ചെറിയ പള്ളികളും തോടുകളും വീടുകളുടെ മുന്നിൽ വീട്ടമ്മമാർ നടത്തുന്ന ഭക്ഷണശാലകളും പലചരക്ക് കച്ചവടങ്ങളും പിന്നിട്ടു ഞങ്ങൾ 'ബൻയു' ഗ്രാമത്തിലെ ദിദിയുടെ വീടിനു മുന്നിലെത്തി.
മുളകൊണ്ട് പട്ടിക മേഞ്ഞ് ഓടിട്ട പഴയ ഒരു കുഞ്ഞു വീട്. മുറ്റത്തു കായ്ച്ചുനിൽക്കുന്ന റംബൂട്ടാൻ മരവും ഒരുപാട് മറ്റു ചെടികളും. ഗൃഹാതുരത്വം തോന്നിക്കുന്ന ഓർമകൾ മനസ്സിലൂടെ പാഞ്ഞു. അപ്പുറത്തെ വീട്ടിലെ ആളുകൾ വാതിലിനു മറവിലൂടെ എത്തിനോക്കുന്നുണ്ട്. വയസ്സായ, ദിദിയുടെ അച്ഛനും അമ്മയും വീടിെൻറ ഉമ്മറത്തു വന്നു. അവരുടെ ഭാഷയിൽ എന്നെ പരിചയപ്പെടുത്തി. അവരുടെ നാടുകാണാൻ വന്നതാണെന്ന് പറഞ്ഞുകൊടുത്തത്രെ. ഹൃദ്യമായ പുഞ്ചിരിയോടെ അകത്തുകയറാൻ ആംഗ്യം കാണിച്ചു. ബാഗും സാധനങ്ങളും വീട്ടിൽെവച്ച് ഞങ്ങൾ കറങ്ങാനിറങ്ങി. വഴിയിലെല്ലാം കള്ളിമുണ്ടുടുത്ത ആളുകളെ കാണാമായിരുന്നു. എനിക്കും മുണ്ടുടുത്ത് ഗ്രാമം കാണാൻ ഇറങ്ങണമെന്ന ആഗ്രഹം ദിദിയെ അറിയിച്ചപ്പോൾ 'സറോങ്' എന്ന് അവർ വിളിക്കുന്ന നമ്മുടെ നാട്ടിൻപുറങ്ങളിലെ അസ്സൽ കള്ളിമുണ്ടെടുത്തു തന്നു. മുണ്ടും മടക്കിക്കുത്തി ഞങ്ങൾ അടുത്തുള്ള വഴികളിലൂടെ കാഴ്ചകൾ കണ്ടു നടന്നു. വഴിയിൽ വിൽക്കാൻ െവച്ച പലയിനം വിഭവങ്ങൾ എന്നെ പരിചയപ്പെടുത്തി. അതിൽ 'മർത്തബക്' പേരുള്ള ഒരു പലഹാരം വാങ്ങിക്കഴിച്ചു. വഴിയിൽ കാണുന്ന പരിചയക്കാരോടെല്ലാം ഇന്ത്യയിൽനിന്നു വന്ന സുഹൃത്താണെന്ന് പറഞ്ഞ് ഗമയോടെ എന്നെ പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ടായിരുന്നു.
ബദൂയി ഗ്രാമത്തിലേക്ക്
ബാന്യുവിൽനിന്നും ചിബോലേഗർ എന്ന സ്ഥലം വരെ മാത്രമേ വാഹനത്തിൽ സഞ്ചരിക്കാനാവൂ. പിന്നീട് കിലോമീറ്ററുകളോളം വനപാതയാണ്. മൂന്നു മണിക്കൂറോളം കാൽനടയായി യാത്ര ചെയ്തുവേണം ബദൂയി ഗ്രാമത്തിലെത്താൻ. ചിബോലേഗർ കഴിഞ്ഞാൽ പിന്നീടങ്ങോട്ട് കടകളോ ഹോട്ടലുകളോ പോലുള്ള ഒരു സൗകര്യവും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഗേറ്റു കഴിഞ്ഞാൽ നമ്മൾ തീർത്തും പ്രാകൃതമനുഷ്യരാവാൻ പോവുകയാണെന്നും ദിദി ചിരിച്ചുകൊണ്ട് പറഞ്ഞു. ചിബോലേഗറിെൻറ ഗേറ്റു കഴിഞ്ഞാൽ നൂറ്റാണ്ടുകൾ പിന്നിലേക്കുള്ള ടൈം മെഷീൻ കടക്കുകയായിരിക്കുമെന്നു ദിദി പറഞ്ഞപ്പോൾ, മുെമ്പാരിക്കലും എെൻറ സങ്കൽപത്തിൽ പോലും അങ്ങനെയൊരു ജനതയും ഗ്രാമവും കാണാൻ കഴിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. യാത്രക്കു മുമ്പായി രണ്ടു ദിവസത്തേക്കുവേണ്ട അവശ്യസാധനങ്ങൾ മുൻകൂട്ടി കരുതണം. കാട്ടിനുള്ളിൽ ഏതെങ്കിലും ബദൂയി കുടുംബത്തിെൻറ വീടിനു പരിസരത്ത് ടെൻറ് കെട്ടി താമസിക്കാനും പകരം പാരിതോഷികമായി അവർക്ക് നാട്ടിലെ ഭക്ഷണ സാധനങ്ങൾ വാങ്ങി നൽകാനും തീരുമാനിച്ചു. ബദൂയികളുടെ സുണ്ടനീസ് (sundanese) ഭാഷ സംസാരിക്കാനറിയാവുന്ന ദിദിക്ക് അവരുമായുള്ള ആശയവിനിമയം പ്രയാസമാവില്ല.
കുടിവെള്ളം ശേഖരിക്കാനുള്ള പാത്രങ്ങളും താമസിക്കുന്നതിനായി ടെൻറും സ്ലീപ്പിങ് ബാഗും കുറച്ച് ഇൻസ്റ്റൻറ് ഭക്ഷണങ്ങളും, ബദൂയി കുടുംബത്തിന് കൊടുക്കാനായി അരിയും ഇലച്ചെടികളും പലവിധ ഉണക്കമത്സ്യങ്ങളും പലഹാരങ്ങളും പച്ചക്കറികളും വാങ്ങി കൈയിൽ കരുതി.
സെറങ്ങിൽനിന്ന് ചിബോൾഗാറിലേക്കുള്ള യാത്രയിൽ ചിന്തിച്ചിരുന്നത് മൊബൈലോ ഇൻറർനെറ്റോ എന്തിനു കറൻറുപോലും ഇല്ലാത്ത ഗ്രാമത്തിലെ ജീവിതം എങ്ങനെ ആയിരിക്കുമെന്നതായിരുന്നു. ഈ കാലത്തും ആളുകൾക്ക് അങ്ങനെ ജീവിക്കാനാകുമോ എന്നോർത്തപ്പോൾ അത്ഭുതം തോന്നി. ഒന്നര മണിക്കൂറോളമുള്ള യാത്ര അവസാനിക്കുന്നത് ചിബോലേഗറിലെ ബദൂയി ഗ്രാമത്തിലേക്കുള്ള ചെറിയ കവലയുടെ മുന്നിലാണ്. ഇതാണ് ബദൂയി ഗ്രാമത്തിനു മുമ്പുള്ള അവസാനത്തെ 'ആധുനിക പ്രദേശം' എന്നു പറയാം. ബദൂയി ഗ്രാമങ്ങളിലേക്ക് ആളുകൾ കയറുന്നത് ഇവിടെനിന്നായതിനാലാവണം കെനക്കി ഗോത്രങ്ങളുടെ പരമ്പരാഗത ചിത്രങ്ങൾ കൊത്തിെവച്ച വലിയൊരു കവാടം സർക്കാർ പണിതിട്ടുണ്ട്. ചെറിയ കടകളിൽ മല കയറുമ്പോൾ സഹായത്തിനു കുത്തിപ്പിടിക്കാനായി ചെത്തി കൂർപ്പിച്ച വടികളും മഴക്കോട്ടുകളും കാട്ടിനുള്ളിൽനിന്ന് ശേഖരിച്ച കാട്ടുതേനും മറ്റും വിൽക്കാൻ െവച്ചിട്ടുണ്ട്. ഞങ്ങൾ അടുത്തുള്ള കടയിൽ കയറി ചെറുതായൊന്നു ഭക്ഷണം കഴിച്ചു. കിലോമീറ്ററുകൾ മല കയറാനുള്ളതാണ്.
മുന്നിലെ ചെറിയ പടികൾ താണ്ടി മുന്നോട്ടുപോകുംതോറും കടകളും നിർത്തിയിട്ട മോട്ടോർവാഹനങ്ങളും നാടിെൻറ മറ്റു ശബ്ദങ്ങളും പിറകോട്ട് പാഞ്ഞു മറഞ്ഞു. പകരം കാടിെൻറ മനോഹര ശബ്ദങ്ങൾ വരവേറ്റുതുടങ്ങി. പാതിവഴി പിന്നിട്ടപ്പോഴേക്കും മുന്നിൽ പലയിടത്തും കെനക്കി മനുഷ്യർ പല സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നത് കണ്ടു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച ആളുകൾ, ഈ വസ്ത്രങ്ങളെല്ലാം വീടുകളിൽ സ്വയം നിർമിക്കുന്നതാണത്രേ. വിറകെടുക്കാനും കൃഷിസ്ഥലങ്ങളിലേക്കും മറ്റും യാത്ര ചെയ്യുന്നവരാണ് ഞങ്ങളുടെ മുന്നിലൂടെ നടന്നുപോകുന്നത്.
കുന്നും മലയും കയറിയും ഏകദേശം രണ്ടര മണിക്കൂറോടെ ആദ്യത്തെ ബദൂയി ഗ്രാമത്തിൽ എത്തി. ഈ ഒരു കാഴ്ച മതിയായിരുന്നു അതുവരെ നടന്ന ക്ഷീണം മാറാൻ. കുട്ടിക്കാലത്തു നാടോടിക്കഥകളിൽ വായിച്ചു മറന്ന മനോഹരമായ ഏതോ ഗ്രാമം. മുളകൊണ്ട് നിർമിച്ച മനോഹരമായ ചെറിയ വീടുകൾ, പുഴയിലെ ഉരുളൻ കല്ലുകൾ പാകിയ മുറ്റം, എല്ലാ വീടുകളും ഒരേപോലെയാണ് നിർമിച്ചിട്ടുള്ളത്. എന്തായാലും അയൽപക്കത്തുകാരെൻറ വീടിനേക്കാൾ വലിയ വീട് വെക്കാനോ മറ്റുള്ളവെൻറ വസ്ത്രത്തേക്കാൾ നല്ല വസ്ത്രം ധരിക്കണമെന്ന മത്സര ചിന്തകളോ ഒന്നും അടുത്ത കാലത്തൊന്നും അവരുടെ ഇടയിൽ വരില്ലെന്ന് ഉറപ്പാണ്. ഗ്രാമവഴികളും ഉരുണ്ട കല്ലുകൾ പാകി ഭംഗിയാക്കിയിട്ടുണ്ട്.
ബദൂയി ലുആർ
ബദൂയി നിവാസികളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ബദൂയി ദലം (ഉള്ളിൽ താമസിക്കുന്നവർ) എന്നും ബദൂയി ലുആർ (പുറത്തു താമസിക്കുന്നവർ) എന്നും. ഇരുപത്തിരണ്ടോളം ഗ്രാമങ്ങളിൽ നാൽപതോളം കുടുംബങ്ങൾ ബദൂയി ലുആർ എന്ന പ്രദേശത്ത് താമസിക്കുന്നുണ്ട്. ഇവരുടെ ഗോത്രത്തലവൻ 'ജറോ' (jaaro) എന്നാണ് അറിയപ്പെടുന്നത്.
കെനക്കികൾ പ്രകൃതിയെ ആരാധിക്കുന്നവരാണ്. സുണ്ട വിവിതൻ (sunda wieitan) എന്ന മതമാണത്രെ അവരുടേത്. ബദൂയി ലുവാരിൽ ഉള്ളവരാണ് കൂട്ടത്തിൽ കുറച്ചെങ്കിലും പുറംലോകവുമായി ബന്ധമുള്ളവർ. ആദ്യ ഗ്രാമം കഴിഞ്ഞാൽ പുഴക്കു കുറുകെയുള്ള മുളകൊണ്ടുള്ള മനോഹരമായ പാലം കടക്കണം മറ്റു ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാൻ. ഇരുമ്പാണിയോ കയറുകളോ ഇല്ലാതെ മുളകൾ തമ്മിൽ കുടുക്കിയും കാട്ടുവള്ളികൊണ്ട് ബന്ധിപ്പിച്ചും നിർമിച്ചിട്ടുള്ള പാലം. നേരം വൈകുന്നതിനു മുമ്പ് അടുത്ത ഗ്രാമത്തിലെ ഏതെങ്കിലും വീട്ടുവളപ്പിൽ താമസം ശരിയാക്കാൻ തീരുമാനിച്ചു.
പാലം കഴിഞ്ഞാൽ പിന്നെ മെരാങ്കോ (merango), ചിക്കാടു(cikadu), ബെലിമ്പിങ് (belimbing ), ഗെസബോ (gezabo) തുടങ്ങിയ ഗ്രാമങ്ങളാണ്. വഴിയിൽ കാണുന്ന ബദൂയികളോട് ചിരിച്ചുകൊണ്ട് ദിദി കുശലാന്വേഷണങ്ങൾ നടത്തുന്നുണ്ട്. പൊതുവെ ശാന്തരും സൗമ്യരുമാണ് ബദൂയികൾ. കുറച്ചു ദൂരം നടന്നു ഏറെ വൈകുന്നതിനു മുമ്പ് മെരാങ്കോ ഗ്രാമത്തിൽ പുഴയോട് ചേർന്നുനിൽക്കുന്ന ഒരു വീടിെൻറ പരിസരത്ത് താമസം ശരിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തി. അടുത്തുള്ള മുളവീടിെൻറ അരികിൽ ചെന്ന് ദിദി കാര്യങ്ങൾ അവതരിപ്പിച്ചു. കുടുംബനാഥൻ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അവരെയും അവരുടെ ഗ്രാമവും കാണാൻ ഒരുപാട് ദൂരെ ഇന്ത്യ എന്ന രാജ്യത്തുനിന്ന് വന്നതാണെന്ന് പറഞ്ഞപ്പോൾ അയാളുടെയും കുടുംബത്തിെൻറയും കണ്ണിൽ കൗതുകത്തിെൻറ പ്രകാശം കാണാമായിരുന്നു.
കറുത്ത വസ്ത്രം ധരിച്ച് തലയിൽ ഒരുതരം നാടകൊണ്ട് കെട്ടി (തെലുകുങ് എന്നാണത്രെ ആ നാടയെ വിളിക്കുന്നത്) മഞ്ഞ നിറത്തിലുള്ള ദൃഢമായ ശരീരത്തോട് കൂടിയ കുറിയ മനുഷ്യൻ കുടുംബത്തെയും കൂട്ടി വീടിനു പുറത്തേക്ക് വന്നു. വെറ്റില പോലെ എന്തോ മുറുക്കി കറപിടിച്ച പല്ലുകളോടെ എന്നോട് ചിരിച്ചു തലയാട്ടി. ദിദി എനിക്ക് അവരെ പരിചയപ്പെടുത്തി. കുടുംബനാഥൻ 'കെങ് നർസാൻ', കടുംനീല വസ്ത്രം ധരിച്ച സുന്ദരിയായ അദ്ദേഹത്തിെൻറ ഭാര്യ 'തെഹ് സറീന', മക്കളായ സാമിനും ചഹായുവും. ഭാര്യ മക്കളോട് എന്തോ പറയുന്നത് കേട്ട് ഉടനെ ചഹായുവും സാമിനും എെൻറ അരികിൽ വന്നു തലകുനിച്ച് എെൻറ വലതുകൈ അവരുടെ നെറുകയിൽ െവച്ചു. സന്തോഷംകൊണ്ട് ഞാനവരെ ചേർത്തുപിടിച്ചു. വിരുന്നുകാരെ സ്വീകരിക്കുന്ന അവരുടെ രീതിയാണത്രെ അത്. അവരുടെ ഭാഷയിൽ കെങ് എന്നാൽ സഹോദരനും തെഹ് എന്നാൽ സഹോദരിയുമാണ്.
അവർക്കു കൊടുക്കാനായി വാങ്ങിയ സമ്മാനങ്ങൾ ഞാൻ കുട്ടികളുടെ കൈയിലേക്ക് നീട്ടി. രണ്ടുപേരും അതുമായി വീടിനുള്ളിലേക്ക് ഓടി. ദിദിയും നർസനും അവരുടെ ഭാഷയിൽ ഒരുപാട് നേരം സംസാരിച്ചു. എന്നെക്കുറിച്ച് പലതും ചോദിച്ചറിയുന്നതിനിടയിൽ ഇടക്കിടക്ക് എന്നെ നോക്കി പുഞ്ചിരിച്ചു. ഭാഷ അറിയാമായിരുന്നെങ്കിൽ എനിക്കും ഒരുപാടു ചോദിച്ചറിയാനുണ്ടായിരുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും രാത്രിഭക്ഷണം വീട്ടിൽ ഉണ്ടാക്കാമെന്ന് 'കെങ് നർസാൻ' പറഞ്ഞു.
അടുത്തുള്ള അരുവിയാണ് ഗ്രാമവാസികളുടെ കുളിസ്ഥലം. ഞങ്ങളും അവിടെ ചെന്ന് നന്നായൊന്നു നീന്തിക്കുളിച്ചു. അതിനിടയിലാണ് ഞാനോർത്തത് എെൻറ കാമറയും ബാഗുമെല്ലാം പുറത്തായിരുന്നു എന്നത്. അപരിചിതമായ സ്ഥലത്ത് അശ്രദ്ധമായി അങ്ങനെ െവച്ചതിൽ എനിക്ക് നേരിയ ഭയം തോന്നി. ഞാൻ ദിദിയോട് കാര്യം അവതരിപ്പിച്ചു. ദിദി പുഞ്ചിരിയോടെ എന്നോട് പറഞ്ഞു; ഇവിടെ വഴിയിലുപേക്ഷിച്ചു പോയാലും ആരും എടുക്കില്ല എന്ന്. ശരിയാണ്, അപ്പോഴാണ് ഞാനും ചിന്തിച്ചത്; ഇവർക്കെന്തിനാണ് കാമറയും മൊബൈലും. ഞങ്ങൾ തിരിച്ചു ടെൻറിനടുത്തേക്ക് നടന്നു.
നർസനും കുടുംബവും ഗംഭീര അത്താഴംതന്നെ ഒരുക്കിയിരുന്നു. മുള വിരിച്ച വീടിെൻറ ഹാളിൽ ഞങ്ങൾ നിലത്തിരുന്നു. ദിദി ഓരോ വിഭവവും പരിചയപ്പെടുത്തി. ജോജോറൊങ് (jojorong) വാഴയിലയിൽ ബൗൾപോലെ ഉണ്ടാക്കി അതിൽ സോഫ്റ്റായ വെള്ളനിറത്തിലുള്ള മധുരപലഹാരം. അപെംപുതിഹ് (apemputih) അരിപ്പൊടി പുളിപ്പിച്ച മറ്റൊരു മധുരപലഹാരം, കൂടെ ചോറും സംബാൽ എന്ന പേരുള്ള എരിവുള്ള മുളകരച്ച ചമ്മന്തിയോട് സാമ്യമുള്ള വിഭവം. പുളിപ്പിച്ച സോയാബീനിെൻറ കേക്ക്, ഉണക്കമത്സ്യം, പച്ചക്കറികൊണ്ടുള്ള സൂപ് തുടങ്ങി ഒരുപാടു വിഭവങ്ങളുണ്ടായിരുന്നു. ഏതെങ്കിലും ഇൻസ്റ്റൻറ് ഭക്ഷണവുമായി അന്നത്തെ അത്താഴം ഒപ്പിക്കാമെന്നു കരുതിയ ഞങ്ങൾക്ക് ഇതുവരെ കാണാത്ത ഒട്ടേറെ വിഭവങ്ങളുമായി സമൃദ്ധമായി ഭക്ഷണം കിട്ടി. നർസങ്ങിനോട് നന്ദി പറഞ്ഞു ഞങ്ങൾ ടെൻറിലേക്ക് പോയി. ഇത്രയും മനോഹരമായ ഒരു രാത്രി മുെമ്പാരിക്കലും കണ്ടിട്ടില്ലായിരുന്നു.
നമ്മുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വ്യത്യസ്തരായ നിരവധി ആദിവാസി ഗോത്രങ്ങളായ റിയാങ്, കുക്കി, ത്രിപുരി, ജമാത്തിയ, ചക്മ, ഒറാങ്, അംഗാമി തുടങ്ങിയ ആദിവാസി ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചപ്പോഴെല്ലാം ശ്രദ്ധിച്ചിട്ടുള്ളത്, ഇവരെല്ലാം ആധുനിക ജീവിതരീതികളോട് പൊരുത്തപ്പെട്ട് പുതിയ ജീവിതമാരംഭിച്ചിട്ടുെണ്ടന്നതാണ്. എന്നാൽ, കെനക്കികൾ ആധുനിക ലോകത്തോടും ജീവിതരീതികളോടും ഒട്ടും താൽപര്യമില്ലാതെ അവരുടേതായ രീതിയിൽ ജീവിക്കുന്ന ഒരു സമൂഹമാണ്.
മൂന്ന് ഗ്രാമങ്ങളായ ചിബിയോ (cibeo), ചികർത്തവർണ (cikartawarna), ചിക്കയുസിക (Cikeusik) അടങ്ങിയ തൊട്ടപ്പുറത്തുള്ള ബദൂയി ദലം ഇവർക്കിടയിലെ പവിത്രമായ പ്രദേശമാണത്രെ. ഒരുതരം കാസ്റ്റിങ് സമ്പ്രദായമാണെന്ന് പിന്നീടാണ് അറിഞ്ഞത്. വെളുത്ത വസ്ത്രം ധരിച്ച ദലം നിവാസികൾ ഇവർക്കിടയിലെ ഉയർന്ന ജാതിക്കാരാണ്. ഇവിടേക്ക് പൊതുവെ വിദേശികൾക്ക് പ്രവേശനമില്ല. എങ്കിലും ഗോത്രത്തലവെൻറ പ്രത്യേക അനുമതിയോടെ വേണമെങ്കിൽ പോയി കാണാം. അങ്ങോട്ട് ആധുനിക സാമഗ്രികൾ, സോപ്പ്, ഷാംപു മുതലായ വസ്തുക്കൾ കൊണ്ടുപോകാനാവില്ല.
മൊബൈലിെൻറ ശബ്ദമോ വാഹനങ്ങളുടെ ഇരമ്പലുകളോ മറ്റുയന്ത്രങ്ങളുടെ ശബ്ദങ്ങളോ ഇല്ലാതെ പുഴയിലിറങ്ങി കുളിച്ചും രാത്രിയിൽ മുളവീടിെൻറ മുറ്റത്ത് ഉറങ്ങിയും രണ്ടു ദിവസം കഴിഞ്ഞു പുറത്തുവരുമ്പോൾ ഒരു മായാലോകത്തുനിന്ന് പുറത്തിറങ്ങിയ പ്രതീതിയായിരുന്നു. ദിദി പറഞ്ഞപോലെ ശരിക്കും ഒരു ടൈം മെഷീനിൽ നൂറ്റാണ്ടുകൾക്കപ്പുറം സഞ്ചരിച്ചു പുറത്തിറങ്ങിയ പ്രതീതി. ഒരുപേക്ഷ ഇനിയൊരിക്കലും കാണാൻ സാധ്യതയില്ലാത്ത ഗ്രാമത്തോടും ഗ്രാമവാസികളോടും കൂടെ രണ്ടുദിവസം കഴിഞ്ഞ നർസാങ്ങിനോടും കുടുംബത്തോടും യാത്ര പറഞ്ഞ് ഞങ്ങൾ തിരിച്ചു മലയിറങ്ങിത്തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.