Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_rightTraveloguechevron_rightകുടുംബത്തോടൊപ്പം യാത്ര...

കുടുംബത്തോടൊപ്പം യാത്ര പോകാവുന്ന രാജ്യത്തെ കിടിലൻ സ്പോട്ടുകളിതാ...

text_fields
bookmark_border
കുടുംബത്തോടൊപ്പം യാത്ര പോകാവുന്ന രാജ്യത്തെ കിടിലൻ സ്പോട്ടുകളിതാ...
cancel
കാഴ്ചകളുടെയും വൈവിധ്യങ്ങളുടെയും പറുദീസയാണ് ഇന്ത്യ. പർവതങ്ങളും മഞ്ഞും കടലും മരുഭൂമിയുമെല്ലാമുള്ള പ്രകൃതി വൈവിധ്യങ്ങൾ നിറഞ്ഞ നാട്. അതോടൊപ്പം വ്യത്യസ്ത സംസ്കാരങ്ങൾ, ഭാഷകൾ, ചരിത്രം, നാനാജാതി മനുഷ്യർ... അങ്ങനെ എണ്ണിയാലൊതുങ്ങാത്ത സവിശേഷതകളുണ്ട് നമ്മുടെ രാജ്യത്തിന്. അത്തരത്തിൽ വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളുമെല്ലാം സമ്മാനിക്കുന്ന വിവിധ സ്ഥലങ്ങളിലേക്ക് കിടിലൻ യാത്രകൾ പോകാം.

1. വർക്കല

കേരളത്തിലെ അതിമനോഹര തീരപ്രദേശം. കടലും തീരവും കുന്നുമെല്ലാം ചേർന്നൊരുക്കുന്നു സുന്ദരമായ കാഴ്ച. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗിരി മഠം വർക്കലയിലെ പ്രധാന തീർഥാടന കേന്ദ്രമാണ്. 2500 വർഷം പഴക്കമുള്ള ജനാർദന സ്വാമി ക്ഷേത്രവും ഏറെ പ്രശസ്തമാണ്. ആയുർവേദ ചികിത്സകൾ അടങ്ങിയ റിസോർട്ടുകളുടെ ഡെസ്റ്റിനേഷൻ കൂടിയാണ്. വിദേശത്തുനിന്നടക്കം ധാരാളം സഞ്ചാരികളാണ് ഇവിടേക്ക് എത്താറുള്ളത്.

* തിരുവനന്തപുരത്തുനിന്ന് 40ഉം കൊല്ലത്തുനിന്ന് 26ഉം കിലോമീറ്റർ. വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ ഒട്ടുമിക്ക ട്രെയിനുകൾക്കും സ്റ്റോപ്പുണ്ട്.


2. രാമേശ്വരം

പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമായ കൊച്ചുദ്വീപാണ് തമിഴ്നാട്ടിലെ രാമേശ്വരം. ഇന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രം കൂടിയാണിവിടം. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്‍റെ സ്മാരകം, രാമനാഥസ്വാമി ക്ഷേത്രം, പാമ്പൻ പാലം, ധനുഷ് കോടി തുടങ്ങിയ കാഴ്ചകളും അനുഭവങ്ങളും ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിവെച്ചിട്ടുണ്ട്.

* കേരളത്തിൽനിന്ന് നേരിട്ട് ട്രെയിനില്ല. മധുര, ദിണ്ഡിഗൽ എന്നിവിടങ്ങളിൽ ട്രെയിൻ മാർഗമെത്തി അവിടെ നിന്ന് രാമേശ്വരത്തേക്ക് ട്രെയിനിൽ പോകാം. റോഡ് മാർഗമുള്ള യാത്രയും ഏറെ മനോഹരമാണ്. എറണാകുളത്തുനിന്ന് ഏകദേശം 440 കിലോമീറ്റർ.

3. ഹംപി

ഉത്തര കർണാടകത്തിലെ വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന പുരാതന നഗരം. വിജയനഗര സാമ്രാജ്യത്തിന്‍റെ ചരിത്രശേഷിപ്പുകൾ ധാരാളം ഇവിടെ കാണാനാകും. യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപി ഇടംപിടിച്ചിട്ടുണ്ട്. വിരൂപാക്ഷ ക്ഷേത്രം, പാൻ-സുപാരി ബസാർ, രാജ്ഞിയുടെ കൊട്ടാരം, ലോട്ടസ് മഹൽ, ആനപ്പന്തി എന്നിവയും മറ്റു അനവധി ക്ഷേത്രങ്ങളുമെല്ലാം ഇവിടെയുണ്ട്.

* ബംഗളൂരുവിൽനിന്ന് ഏകദേശം 340 കിലോമീറ്റർ. 60 കിലോമീറ്റർ അകലെയുള്ള ബെല്ലാരിയാണ് അടുത്തുള്ള എയർപോർട്ട്. 13 കിലോമീറ്റർ അകലെയുള്ള ഹോസ്പേട്ടാണ് ഹംപിയുടെ റെയിൽവേ സ്റ്റേഷൻ. കേരളത്തിൽനിന്ന് നേരിട്ട് ട്രെയിനില്ല. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് നിരവധി ട്രെയിനുകൾ ഹോസ്പേട്ട് വഴി സർവിസ് നടത്തുന്നുണ്ട്.


4. ഹൈദരാബാദ്

തെലങ്കാനയുടെ തലസ്ഥാനമായ ഈ മെട്രോ നഗരം ചരിത്രപരവും സാംസ്കാരികവും കലാപരവുമായ പാരമ്പര്യത്താൽ പ്രശസ്തമാണ്. നിരവധി ചരിത്രനിർമിതികൾ ഹൈദരാബാദിലുണ്ട്. കൂടാതെ ബിരിയാണി ഉൾപ്പെടെ ഭക്ഷണവൈവിധ്യങ്ങളുടെ കലവറ കൂടിയാണ്. ചാർമിനാർ, സലാർജങ് മ്യൂസിയം, ഹുസൈൻ സാഗർ തടാകം, ഗോൾക്കൊണ്ട ഫോർട്ട്, രാമോജി ഫിലിം സിറ്റി തുടങ്ങി നിരവധി ആകർഷണ കേന്ദ്രങ്ങളുമുണ്ട്.

* തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലെ സെക്കന്തരാബാദ് വരെ ദിവസവും ശബരി എക്സ്പ്രസ് സർവിസ് നടത്തുന്നുണ്ട്. കൂടാതെ ബുധൻ, ശനി ദിവസങ്ങളിൽ മംഗളൂരുവിൽനിന്ന് ഷൊർണൂർ വഴി ഹൈദരാബാദിലെ കച്ചേഗുഡയിലേക്കും ട്രെയിനുണ്ട്. കേരളത്തിലെ നാല് എയർപോർട്ടുകളിൽനിന്നും ഹൈദരാബാദിലേക്ക് നേരിട്ട് വിമാന സർവിസും ലഭ്യമാണ്.

5. ഡൽഹി

ഓരോ ഇന്ത്യക്കാരനും തീർച്ചയായും കാണേണ്ട സ്ഥലങ്ങളിലൊന്നാണ് രാജ്യതലസ്ഥാനം. ഭരണസിരാ കേന്ദ്രങ്ങൾക്ക് പുറമെ മുഗൾ-ബ്രിട്ടീഷ് ഭരണകാലത്തെ നിരവധി നിർമിതികൾ ഇന്ദ്രപ്രസ്ഥത്തിൽ തലയുയർത്തിനിൽപ്പുണ്ട്. റെഡ് ഫോർട്ട്, ഖുത്തുബ് മിനാർ, രാഷ്ട്രപതി ഭവൻ, ജമാമസ്ജിദ്, പാർലമെന്‍റ്, ഇന്ത്യാ ഗേറ്റ്, ഹുമയൂൺ ടോമ്പ്, രാജ്ഘട്ട്, ലോട്ടസ് ടെമ്പിൾ തുടങ്ങി നിരവധി കാഴ്ചകളും അനുഭവങ്ങളും ഡൽഹിയിലുണ്ട്.

* കേരളത്തിൽനിന്ന് ദിവസവും നിരവധി ട്രെയിനുകൾ ഡൽഹിയിലേക്ക് സർവിസ് നടത്തുന്നുണ്ട്. ഏകദേശം 45 മണിക്കൂറുണ്ട് യാത്രാസമയം. കൂടാതെ നാല് എയർപോർട്ടുകളിൽനിന്നും നേരിട്ട് വിമാനങ്ങളും ലഭ്യമാണ്.


6. ഡാർജീലിങ്

പശ്ചിമ ബംഗാളിന്‍റെ വടക്കേ അറ്റത്തായി ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഹിൽസ്റ്റേഷനാണ് ഡാർജീലിങ്. മഞ്ഞുമലകളും തേയിലത്തോട്ടങ്ങളുമെല്ലാം ചന്തം ചാർത്തുന്ന നാട്. ലോകത്തിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടി കാഞ്ചൻജംഗ ഇവിടെനിന്ന് കാണാനാകും എന്നത് മറ്റൊരു പ്രത്യേകത. മലമുകളിലൂടെ പോകുന്ന പർവത ട്രെയിൻ യാത്രയും ആരെയും കൊതിപ്പിക്കുന്നതാണ്. ട്രെക്കിങ് പ്രേമികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ കൂടിയാണിവിടം. ടൈഗർ ഹിൽ, ബറ്റാസിയ ലൂപ്പ്, റാണിഘട്ട് വാലി റോപ് വേ, റിംപിക്, ഹിമാലയൻ സുവോളജിക്കൽ പാർക്ക്, പീസ് പഗോഡ തുടങ്ങിയ സ്ഥലങ്ങൾ സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി നിൽപ്പുണ്ട്.

* സിലിഗുരിക്ക് സമീപത്തെ ന്യൂ ജൽപായ്ഗുരിയാണ് സമീപ റെയിൽവേ സ്റ്റേഷൻ. ഇവിടേക്ക് കേരളത്തിൽനിന്ന് ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിനുണ്ട്. എറണാകുളത്തുനിന്ന് ഏകദേശം 48 മണിക്കൂർ യാത്രയുണ്ട്. ന്യൂ ജൽപായ്ഗുരിയിൽനിന്ന് 70 കിലോമീറ്റർ ദൂരമുണ്ട് ഡാർജീലിങ്ങിലേക്ക്. ഇവിടേക്ക് ടോയ് ട്രെയിനും ഷെയർ ടാക്സിയുമെല്ലാം ലഭിക്കും. 70 കിലോമീറ്റർ അകലെയുള്ള ബാഗ്ഡോഗ്രയാണ് അടുത്തുള്ള വിമാനത്താവളം.

7. ഷില്ലോങ്

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ് കിഴക്കിന്‍റെ സ്കോട്ട്ലൻഡ് എന്നാണ് അറിയപ്പെടുന്നത്. ഉമിയം തടാകം, എലഫെന്‍റ് ഫാൾസ്, ലൈറ്റ്ലം കാന്യൺ, ഡോൺ ബോസ്കോ മ്യൂസിയം എന്നിവയെല്ലാം ഷില്ലോങ്ങിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

ഷില്ലോങ്ങിൽനിന്ന് ഏതാനും മണിക്കൂറുകൾ സഞ്ചരിച്ച് ചിറാപൂഞ്ചി, മൗസിന്‍ റാം, ബംഗ്ലാദേശ് അതിർത്തിയിലെ ദൗകി തുടങ്ങിയ സ്ഥലങ്ങളിലെത്താം. മേഘാലയ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്‍ററിൽനിന്ന് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഏകദിന സർവിസുണ്ട്. കുറഞ്ഞ ചെലവിൽ കൂടുതൽ കാഴ്ചകൾ കാണാൻ സാധിക്കുന്ന യാത്രകളാണിത്.

* അസമിലെ ഗുവാഹതിയാണ് അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ. ഇവിടെ നിന്ന് ഏകദേശം മൂന്ന് മണിക്കൂർ യാത്രയാണ് ഷില്ലോങ്ങിലേക്ക്. കേരളത്തിൽനിന്ന് വിവിധ ദിവസങ്ങളിൽ ഗുവാഹതിയിലേക്ക് ട്രെയിൻ ലഭിക്കും. എറണാകുളത്തുനിന്ന് ഏകദേശം 57 മണിക്കൂർ യാത്രയുണ്ട്. കൂടാതെ ധാരാളം വിമാനങ്ങളും ഗുവാഹതിയിലേക്കുണ്ട്.

8. അമൃത് സർ

വ്യത്യസ്തമായ സംസ്കാരവും കാഴ്ചകളുമായി സമ്പന്നമായ നാട്. സിഖ് മതവിശ്വാസികളുടെ പുണ്യനഗരം. സുവർണ ക്ഷേത്രമാണ് ഏറ്റവും പ്രധാന ആകർഷണം. സ്വാതന്ത്ര്യ സമരകാലത്തെ ഇരുണ്ട അധ്യായമായ ജാലിയൻ വാലാബാഗും സ്ഥിതി ചെയ്യുന്നത് ഈ മണ്ണിലാണ്. അമൃത് സറിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള പാകിസ്താൻ അതിർത്തിയിലെ വാഗാ ബോർഡറും വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുക. ദെ പാർട്ടീഷ്യൻ മ്യൂസിയം, ഗോബിന്ദ്ഗഢ് കോട്ട, ദുർഗിയാന ക്ഷേത്രം തുടങ്ങിയ വ്യത്യസ്തമായ കാഴ്ചകളും അമൃത് സറിലുണ്ട്.

* എല്ലാ ബുധനാഴ്ചകളിലും കൊച്ചുവേളിയിൽനിന്ന് അമൃത് സർ വരെ ട്രെയിനുണ്ട്. 57 മണിക്കൂറാണ് യാത്രാസമയം. കൂടാതെ ഡൽഹിയിൽ നിന്നും ധാരാളം ട്രെയിൻ ലഭിക്കും. അമൃത് സറിൽ വിമാനത്താവളവുമുണ്ട്. കേരളത്തിൽനിന്ന് നേരിട്ട് വിമാനം ഇല്ല. കണക്ഷൻ വിമാനം വഴി ഇവിടെ എത്താം.


9. ജയ്പുർ

കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട്. പിങ്ക് സിറ്റി എന്ന പേരിലറിയപ്പെടുന്ന ഈ നഗരം 1727ൽ മഹാരാജാ സവാഇ ജയ്സിങ് രണ്ടാമനാണ് സ്ഥാപിച്ചത്. ആംബേർ പാലസ്, സിറ്റി പാലസ്, ഹവാ മഹൽ, ജൽ മഹൽ, ജയ്ഗഢ് കോട്ട, നഹർഗഢ് കോട്ട തുടങ്ങി നിരവധി കാഴ്ചകളാൽ സമ്പന്നമാണ് രാജസ്ഥാന്‍റെ തലസ്ഥാന നഗരി. ജയ്പുർ സന്ദർശിക്കുമ്പോൾ 131 കിലോമീറ്റർ അകലെയുള്ള തീർഥാടന കേന്ദ്രമായ അജ്മീറും ബക്കറ്റ് ലിസ്റ്റ് ഉൾപ്പെടുത്താവുന്നതാണ്.

* കേരളത്തിൽനിന്ന് എല്ലാ ഞായറാഴ്ചയും ജയ്പുരിലേക്ക് നേരിട്ട് ട്രെയിൻ സർവിസുണ്ട്. 42 മണിക്കൂറാണ് യാത്രാസമയം. കൂടാതെ ഡൽഹി വഴിയും എത്താം. ജയ്പുർ എയർപോർട്ടിലേക്ക് കേരളത്തിൽനിന്ന് കണക്ഷൻ വിമാനങ്ങൾ ലഭിക്കും.


10. ആഗ്ര

ലോകാത്ഭുതമായ താജ്മഹലിന്‍റെ നാട്. ഉത്തർപ്രദേശിലെ യമുന നദി തീരത്ത് വെണ്ണക്കല്ലിൽ തീർത്ത ഈ പ്രണയസ്മാരകം മാത്രം മതി ആഗ്ര സന്ദർശിക്കാൻ. വിവിധ വാസ്തുവിദ്യകൾ സമന്വയിക്കുന്ന ധാരാളം ചരിത്ര നിർമിതികളും ഇവിടെയുണ്ട്. ആഗ്ര ഫോർട്ട്, ഫത്തേഹ്പുർ സിക്രി, അക്ബറിന്‍റെ ശവകുടീരം, ഇതിമാദ് ഉദ് ദൗളയുടെ ശവകുടീരം തുടങ്ങിയ ചരിത്രസ്ഥലങ്ങളും ആഗ്രയിലെത്തിയാൽ കാണാം.

* കേരളത്തിൽനിന്ന് ഡൽഹിയിലേക്കുള്ള പല ട്രെയിനുകൾക്കും ആഗ്രയിൽ സ്റ്റോപ്പുണ്ട്. എറണാകുളത്തുനിന്ന് 41 മുതൽ 45 മണിക്കൂർ വരെ സമയം വേണം. വിമാനത്തിലാണെങ്കിൽ ഡൽഹിയിലേക്ക് പോകുന്നതാണ് ഉചിതം. അവിടെനിന്ന് 240 കിലോമീറ്റർ ദൂരമുണ്ട്. ധാരാളം ബസുകൾ ഡൽഹി-ആഗ്ര റൂട്ടിൽ സർവിസ് നടത്തുന്നുണ്ട്. ഈ റൂട്ടിൽ നിരവധി ട്രെയിനുകളും ലഭ്യമാണ്.


കുടുംബവുമൊത്തുള്ള യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

* എവിടേക്കാണ് പോകേണ്ടത് എന്നത് തന്നെയാണ് മുഖ്യം. വ്യത്യസ്തവും സുന്ദരവുമായ സ്ഥലങ്ങൾ തിരഞ്ഞെടുത്താൽ യാത്ര ഏറെ ആസ്വാദ്യകരമാകും. കാലാവസ്ഥ, താമസസൗകര്യങ്ങളുടെ ലഭ്യത എന്നിവയും മുൻകൂട്ടി കണ്ടറിയണം. ഏതെല്ലാം സ്ഥലങ്ങൾ കാണണമെന്ന് നേരത്തേ തന്നെ തീരുമാനിക്കുക.

* ബസ്, ട്രെയിൻ, വിമാന ടിക്കറ്റുകളെല്ലാം മുൻകൂട്ടി ബുക്ക് ചെയ്യുക. നേരത്തേ ബുക്ക് ചെയ്താൽ വിമാന ടിക്കറ്റിലെല്ലാം ഇളവ് പ്രതീക്ഷിക്കാം. പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബസുകളിലടക്കം ഗൈഡ് ടൂർ സംവിധാനങ്ങളുണ്ട്. അവ ഉപയോഗപ്പെടുത്തിയാൽ കുറഞ്ഞ ചെലവിൽ കാഴ്ചകളെല്ലാം കാണാം.

* റൂമുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് ഉചിതം. ഇതിനായി നിരവധി ആപ്പുകളുണ്ട്. ബുക്ക് ചെയ്യുന്നതിനുമുമ്പ് ഹോട്ടലിനെ സംബന്ധിച്ച റിവ്യൂകൾ വായിക്കുന്നത് നല്ലതാണ്. അത്യാവശ്യത്തിന് മാത്രം സാധനങ്ങൾ കൊണ്ടുപോവുക. അനാവശ്യ വസ്ത്രങ്ങളടക്കം ഭാരമായി മാറുന്ന സാഹചര്യമുണ്ടാകരുത്.

* ദീർഘദൂര യാത്രകളാണെങ്കിൽ ടൂർ ഓപറേറ്റർമാർ നടത്തുന്ന ഗ്രൂപ് പാക്കേജുകൾ വഴി പോകുന്നതാകും കൂടുതൽ സുരക്ഷിതം. യാത്ര പോകുംമുമ്പ് ആ നാടിന്‍റെ ചരിത്രവും സംസ്കാരവും ഭൂമിശാസ്ത്രവും പ്രധാന സ്ഥലങ്ങളെ കുറിച്ചുമെല്ലാം പഠിക്കാൻ ശ്രമിക്കുക.

* ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഗൈഡിന്‍റെ സഹായം സ്വീകരിക്കുന്നതാണ് ഉചിതം. നമ്മൾ കാണാത്തതും മനസ്സിലാകാത്തതുമായ ഒരുപാട് കാര്യങ്ങൾ പറഞ്ഞുതരാൻ അവർക്ക് സാധിക്കും. ആരോഗ്യത്തിന്‍റെ കാര്യത്തിൽ എപ്പോഴും മുൻഗണന വേണം. സ്ഥിരം കഴിക്കുന്ന മരുന്നുകൾ, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ കരുതുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traveltravel destinations
News Summary - 10 Places To Visit In India, Tourist Places in India
Next Story