Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചരിത്രപ്രാധാന്യമുള്ളതും പ്രകൃതിസുന്ദരവുമായ കാഴ്ചകള്‍ നിറഞ്ഞ അസർബൈജാനിലൂടെ ഒരു യാത്ര
cancel
camera_alt

അസർബൈജാൻ തലസ്ഥാനമായ ബാകു സിറ്റിയുടെ രാത്രി കാഴ്ച


പടിഞ്ഞാറൻ ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയ രാജ്യമാണ് അസർബൈജാൻ. പേരുപോലെ തന്നെ മനോഹരം. ഈ മനോഹാരിത ഇവിടത്തെ ആളുകളുടെ സ്വഭാവത്തിലും സംസ്കാരത്തിലും പ്രകടമാണ്.

തണുത്ത കാലാവസ്ഥയും പ്രകൃതിയുടെ തനതായ കലാവിരുന്നുകളുമാണ് സഞ്ചാരികൾ ഇവിടേക്ക് പറന്നുവരാൻ പ്രധാന കാരണം. റഷ്യ, ഇറാൻ, അർമീനിയ, ജോർജിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതോടൊപ്പം കിഴക്കൻ ഭാഗം കാസ്പിയൻ കടലാണ്. അസർബൈജാനി ഔദ്യോഗിക ഭാഷയായ ഇവിടത്തെ നാണയം മനാത്താണ് (ഒരു മനാത്ത് 50 രൂപയോളം വരും).

രണ്ടു നൂറ്റാണ്ടോളം സോവിയറ്റ് യൂനിയന്‍റെ അധീനതയിലായിരുന്ന അസർബൈജാൻ 1991ലാണ് സ്വാതന്ത്ര്യം നേടുന്നത്. ആറാം നൂറ്റാണ്ടിൽ തന്നെ ഇസ്​ലാം കടന്നുവരുകയും 99 ശതമാനത്തോളം മുസ്​ലിംകൾ (അതിൽ 85 ശതമാനം ശിയാക്കൾ) അധിവസിക്കുകയും ചെയ്യുന്ന ഇവിടെ റഷ്യൻ-യൂറോപ്യൻ സംസ്കാരങ്ങളുടെ കടന്നുകയറ്റം നല്ല രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഡൽഹി എയർപോർട്ടിൽനിന്നാണ് അവിടേക്ക് ഇന്ത്യയിൽനിന്നുള്ള ഏക വിമാനം. ഹൈദർ അലിയേവ് ഇന്‍റർനാഷനൽ എയർപോർട്ടിൽ എത്തിയപ്പോഴേക്കും രാത്രി ഒരു മണി കഴിഞ്ഞിരുന്നു. പുറത്ത് ഞങ്ങളെയും കാത്ത് ഇവിടെ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയായ തിരുവനന്തപുരം സ്വദേശി അർഷകും അസർബൈജാനി ഡ്രൈവർ റംസാനുമുണ്ടായിരുന്നു. കാലാവസ്ഥ മാറ്റവും രാത്രി ഏറെ വൈകിയതും യാത്രാക്ഷീണവുമെല്ലാമുള്ളതിനാൽ അധികം കാഴ്ചകൾക്ക് നിന്നില്ല. ലഗേജുമായി നേരെ ഹോട്ടലിലേക്ക്.

മോശമല്ലാത്ത ഒരു ഹോട്ടലിലേക്കാണ് ഡ്രൈവർ റംസാൻ ഞങ്ങളെ കൊണ്ടുപോയത്. നല്ല തണുത്ത കാലാവസ്ഥയിൽ നന്നായി ഉറങ്ങി ഹോട്ടലിൽനിന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് നേരെ വാഹനത്തിലേക്ക്.

ആതിശ് ഗാഹ് സുരഗാനി ഫയർ ടെമ്പിൾ

യൂറോപ്യൻ രാജ്യങ്ങളെ വെല്ലുന്നതായിരുന്നു തലസ്ഥാനമായ ബാകു. ബാകുവിനടുത്ത് കാസ്പിയൻ കടലിലേക്ക് തള്ളിനിൽക്കുന്ന അബ്ഷറോൺ ഉപദ്വീപിലെ സിറ്റിയോട് ചേർന്നുകിടക്കുന്നതാണ് ബാകുവിലെ ആതിശ് ഗാഹ് സുരഗാനിയിലെ കോട്ട പോലുള്ള ഫയർ ടെമ്പിൾ.

പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണിത്. ‘ആതിശ്’ എന്ന പേർഷ്യൻ വാക്കിന്‍റെ അർഥംതന്നെ അഗ്നി എന്നാണ്. അഗ്നി ആരാധനയാണ് പ്രധാനമായും ഇവിടെയുള്ളത്. ഇത് ഹിന്ദു ആരാധനാലയമായും സൗരാഷ്ട്രിയൻ ക്ഷേത്രമായും ഉപയോഗിച്ചതായി ചരിത്രത്തിൽ കാണാം.

ചൈനയിൽനിന്ന് ഇന്ത്യയിലേക്കും മറ്റു മധ്യേഷ്യൻ രാജ്യങ്ങളിലേക്കുമുള്ള പുരാതന വ്യാപാര പാതകളുടെ ശൃംഖലയായ സിൽക്ക് റൂട്ട് അസർബൈജാനിലൂടെ കടന്നുപോകുന്നുണ്ട്. ഇവിടത്തെ ‘ഷേകി’ എന്ന സ്ഥലം ഇതിന് പ്രസിദ്ധമാണ്. അതിന്‍റെ ശേഷിപ്പുകളായി സംസ്കൃതത്തിലും അറബിയിലും മറ്റുമുള്ള ലിപികൾ ഇവിടെ കാണാം.

യനാർദാഗിലെ കത്തുന്ന കുന്നുകളിൽ ഒന്ന്


അഗ്നിയുടെ നാട്

തലസ്ഥാനമായ ബാകുവിനടുത്ത് വാതകം കത്തുന്നതുമൂലം അണയാത്ത തീ നിലനിൽക്കുന്ന സ്ഥലമായ യനാർദാഗും ഞങ്ങൾ സന്ദർശിച്ചു. ഇവിടെ അഗ്നിനാളങ്ങൾ മൂന്ന് മീറ്ററോളം ഉയരത്തിൽ കത്തുന്നുണ്ട്. ‘അഗ്നിയുടെ നാട്’ എന്നും ഇവിടം അറിയപ്പെടുന്നു. ഭൂമിയുടെ പ്രതലത്തിനടിയിൽനിന്ന് സ്ഥിരമായി പ്രകൃതിവാതകം ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്.

1950കളിൽ അബദ്ധത്തിൽ ഒരു ഇടയൻ തീ കൊടുത്തപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടതെന്നാണ് ഇവിടത്തുകാർ പറയുന്നത്.

1. ഫ്ലെയിം ടവർ 2. ഗോബുസ്താൻ



ഹൈലാൻഡ് പാർക്ക്‌

മനോഹര ഉദ്യാനങ്ങളാൽ ചുറ്റപ്പെട്ട അലിയെവ് മ്യൂസിയത്തിലേക്കായിരുന്നു പിന്നീട് ഞങ്ങളുടെ യാത്ര. സഞ്ചാരികൾക്ക് വിശ്രമിക്കാനും ഉല്ലസിക്കാനും പറ്റിയ ഇടമാണിത്. മ്യൂസിയം സന്ദർശനശേഷം നേരെ ഹൈലാൻഡ് പാർക്കിലേക്ക്...

ബാകു സിറ്റിയിലെ ഏറ്റവും ഉയരത്തിലുള്ള ഹൈലാൻഡ് പാർക്കിലാണ് അസർബൈജാന്‍റെ ഐക്കണായ ഫ്ലെയിം ടവറുകൾ സ്ഥിതിചെയ്യുന്നത്. മുകളിൽനിന്ന് നോക്കിയാൽ കാണുന്ന ബാകു സിറ്റിയും കാസ്പിയൻ കടലും കണ്ണിന് കാഴ്ചവിരുന്നൂട്ടി സഞ്ചാരികളെ ആകർഷിക്കുന്നു.

സ്വാതന്ത്ര്യസമര സേനാനികളുടെ ശവകുടീരങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. എണ്ണയും പ്രകൃതിവാതകവും പ്രധാന ജീവിതമാർഗമായ ഇവിടെ വഴിയോരങ്ങളിൽ എണ്ണപ്പാടങ്ങളും കാണാം.

ഓൾഡ് ബാകു സിറ്റി

ബാകു സിറ്റിക്കുള്ളിൽ മതിലുകളാൽ ചുറ്റപ്പെട്ട ഓൾഡ് ബാകു സിറ്റി യുനെസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട സ്ഥലമാണ്. ഇവിടത്തെ പ്രധാന കേന്ദ്രങ്ങളാണ് ശിർവാൻഷാ കൊട്ടാരവും മെയ്ഡൻ ടവറും. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു സ്മാരകമാണ് മെയ്ഡൻ ടവർ. ഇവിടെ ബാകു നഗരത്തിന്‍റെ ചരിത്രപരമായ പരിണാമത്തിന്‍റെ കഥ പറയുന്ന മ്യൂസിയവും കാണാം.

15ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ശിർവൻഷ കൊട്ടാരവും ഇതിനോടു ചേർന്ന് ഹോട്ടലുകളും സുവനീർ ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 3000ത്തോളം പേരാണ് ഓൾഡ് സിറ്റിയിൽ താമസിക്കുന്നത്.

വൈവിധ്യപൂർണമായ സംസ്കാരത്തെയും വർഷങ്ങളോളം നേരിട്ട അധിനിവേശത്തെയും പ്രതിഫലിപ്പിക്കുന്നതാണ് അസർബൈജാനി ഭക്ഷണരീതി. തുർക്കിയ, പേർഷ്യൻ, റഷ്യൻ പാചകരീതികളുടെ സ്വാധീനം ഇതിൽ വേണ്ടുവോളമുണ്ട്. മത്സ്യം, മാംസം, പച്ചിലകൾ, പലവ്യഞ്ജനങ്ങൾ എന്നിവയാണ് ഭക്ഷണത്തിലെ പൊതു ഘടകങ്ങൾ. ചിക്കൻ, മട്ടൻ, ബീഫ് എല്ലാം ഉൾപ്പെട്ട അസർബൈജാനിയൻ ഭക്ഷണം രുചികരമായിരുന്നു.

1. നിസാമി സ്ട്രീറ്റ് 2. ഗബാലയിലേക്കുള്ള റോഡ്



നിസാമി സ്ട്രീറ്റ്

മൂന്നര കിലോമീറ്ററോളം നീണ്ടുകിടക്കുന്ന നിസാമി സ്ട്രീറ്റ് കോഴിക്കോട്ടെ മിഠായിതെരുവിനെ ഓർമിപ്പിക്കുംവിധമായിരുന്നു. യൂറോപ്യൻ ആർക്കിടെക് രീതിയിൽ പണിത കെട്ടിടങ്ങൾ മനോഹരമായി ഇന്‍റർലോക് ചെയ്ത പാതക്ക് ഇരുവശവുമുണ്ട്. ഇവിടത്തെ വൃത്തിയും ഇരിപ്പിട സൗകര്യങ്ങളും എടുത്തുപറയേണ്ടതാണ്.

ക്ലാസിക്കൽ പേർഷ്യൻ കവിയായ നിസാമി ഗഞ്ചാവിയുടെ പേരിലാണിത് അറിയപ്പെടുന്നത്. നിസാമി സ്ട്രീറ്റിലൂടെ ഞങ്ങൾ ഏറെ നേരം ആസ്വദിച്ച് നടന്നു.

ഗോബുസ്താൻ നാഷനൽ പാർക്ക്‌


ഗോബുസ്താൻ

മൂന്നാം ദിവസം ഗോബുസ്താനിലേക്കായിരുന്നു യാത്ര. സഹസ്രാബ്ദങ്ങൾക്കുമുമ്പ് ജനങ്ങൾ താമസിച്ചിരുന്നതിന്‍റെ ശേഷിപ്പുകൾ ഇവിടെ കാണാം. ഇവിടത്തെ പുരാതന കൊത്തുപണികൾ നിറഞ്ഞ ശിലകൾ, മറ്റ് അവശിഷ്ടങ്ങൾ എന്നിവ സർക്കാർ സംരക്ഷണത്തിലുള്ളവയാണ്. 2007ൽ യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഗോബുസ്താൻ ഇടംപിടിച്ചു.

ചരിത്രാതീത കാലഘട്ടത്തിലെ ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വേട്ടയാടൽ, ജീവജാലങ്ങൾ, സസ്യജാലങ്ങൾ, ജീവിതശൈലികൾ എന്നിവ കൊത്തിവെച്ച പാറക്കെട്ടുകൾ കാണാം.

ചളി അഗ്നിപർവതങ്ങൾ

ചളി അഗ്നിപർവതങ്ങൾക്ക് (mud volcano) പേരുകേട്ട സ്ഥലമാണ് ഗോബുസ്താൻ. ലോകത്തിലെ 700 ചളി അഗ്നിപർവതങ്ങളിൽ മുന്നൂറും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. മെയിൻ റോഡിൽനിന്ന് ഓഫ്‌ റോഡിലൂടെ വേണം മഡ് വോൾക്കാനോ നിൽക്കുന്ന കുന്നുകളിലെത്താൻ. ടൂറിസ്റ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ല. 30 മനാത്ത് കൊടുത്ത് മൂന്നുപേർ ഉൾക്കൊള്ളുന്ന ചെറിയ കാറുകളിലാണ് അഗ്നിപർവതങ്ങളിലേക്ക് പോയത്.

ഇവിടത്തെ അമ്പരപ്പിക്കുന്ന കാഴ്ചകൾക്കുശേഷം നേരെ അസർബൈജാനിലെ കശ്മീർ എന്ന് വിശേഷിപ്പിക്കാവുന്ന ഗബാലയിലേക്ക്. വഴിയരികിൽ പരമ്പരാഗത അസർബൈജാനിയ സ്വീറ്റ്സ് ബക്ലാവ കിട്ടുന്ന ഒരു ഹണി ഹട്ടിൽ കാർ നിർത്തി. നാടൻ തേനിൽ നിർമിച്ച പലതരത്തിലുള്ള ബക്ലാവ രുചിച്ച് വീട്ടിലേക്കുള്ളവ പാർസലാക്കി യാത്ര തുടർന്നു...

ഹൈദർ അലിയെവ് മ്യൂസിയം


ഗബാല

ബാകുവിൽനിന്ന് 200 കിലോമീറ്ററിലധികം അകലെയുള്ള കൊക്കേഷ്യൻ മലനിരകളിലെ ഹൈറേഞ്ച് ഏരിയയായ ഗബാലയിലേക്കുള്ള യാത്ര മനോഹരമായിരുന്നു. ഗ്രാമങ്ങൾക്കിടയിലൂടെ ഞങ്ങളുടെ കാർ ചീറിപ്പാഞ്ഞു.

തണുപ്പ് സമയങ്ങളിൽ മഞ്ഞിൽ പൊതിഞ്ഞുനിൽക്കുന്ന ഇവിടം മറ്റു സമയങ്ങളിൽ പൂക്കൾ നിറഞ്ഞ അതിമനോഹര പ്രകൃതിഭംഗിയുള്ള പർവതനിരകളാൽ സമ്പന്നമാണ്. അന്ന് ഗബാലയിലെ റിസോർട്ടിലായിരുന്നു താമസം. രാവിലത്തെ കൊടും തണുപ്പിൽ പുറത്തെ കാഴ്ചകൾ മനോഹരമായിരുന്നു. മഞ്ഞിൽ പൊതിഞ്ഞ മലകൾ, മരങ്ങൾ, ചെടികൾ..

മലമുകളിലേക്കുള്ള കേബ്ൾ കാറുകളാണ് ഗബാലയിലെ പ്രധാന ആകർഷണം. പല സ്ഥലങ്ങളിലെയും കേബ്ൾ കാറിൽ കയറിയിട്ടുണ്ടെങ്കിലും ഇതൊരു പ്രത്യേക അനുഭവമായിരുന്നു. വഴിയരികിൽ കടലയും മറ്റും വിൽക്കുന്ന അസർബൈജാനിയൻ ബാലികമാരെ കാണാം. ഉൾനാടുകളിലൂടെ മണിക്കൂറുകളോളമുള്ള യാത്രക്കുശേഷം ഞങ്ങൾ എത്തിയത് സെവൻ ബ്യൂട്ടി വാട്ടർ ഫാളിലായിരുന്നു.

ധാരാളം പടികൾ കയറി കുന്നിൻ മുകളിലെത്തുമ്പോഴാണ് പ്രകൃതിയുടെ ഈ കരവിരുത് ഏറ്റവും നന്നായി ആസ്വദിക്കാൻ കഴിയുക. മലകളാൽ ചുറ്റപ്പെട്ട നുഹൂർ തടാകത്തിലൂടെയുള്ള ബോട്ട് യാത്രയായിരുന്നു പിന്നീട്. തടാകത്തോടനുബന്ധിച്ച് ഒരു പാർക്കും കുറെ ഓപൺ റസ്റ്റാറന്‍റുകളും പ്രവർത്തിക്കുന്നുണ്ട്. മനുഷ്യനിർമിത തടാകമാണ് നുഹൂർ.

ബോളിവാർഡ് ഏരിയ

അവസാന ദിവസത്തെ യാത്ര ബോളിവാർഡ് ഏരിയയിലേക്കാണ്. കാസ്പിയൻ കടൽത്തീരത്തെ മനോഹരമായി ഇന്‍റർലോക്ക് ചെയ്ത പൂന്തോട്ടത്താൽ അലങ്കരിച്ച ഒരു നടപ്പാതയാണിത്. സ്വദേശികളടക്കം ധാരാളമായി എത്തുന്ന ഇവിടെ ഏതു നട്ടുച്ചക്കും വിശ്രമിക്കാനാകും.

അസർബൈജാനടക്കം അഞ്ചു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന കാസ്പിയൻ കടൽ ലോകത്തിലെ ഏറ്റവും വലിയ തടാകമാണ്. ബാകുവിലെ പ്രധാന വിനോദ കേന്ദ്രമാണ് കാസ്പിയൻ കടലും കടലിനോടു ചേർന്ന കോർണിഷ് ഏരിയയും മറ്റ് അനേകം നിർമിതികളും.

അസർബൈജാനോട് വിട പറയാൻ സമയമായി. മടക്കയാത്രയിൽ വല്ലാത്തൊരു നിരാശ, യാത്ര പറയാൻ തോന്നുന്നില്ല. അസർബൈജാനിയൻ രുചി ആസ്വദിക്കാൻ എത്തിയ ഹ്രസ്വകാല സഞ്ചാരികളായിരുന്നല്ലോ ഞങ്ങൾ. എല്ലാം മായാത്ത സ്വപ്നങ്ങൾ. ഇനിയും പോകണം, കാണണം. വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ വിട.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Azerbaijan visitWorld Travel DestinationTravel Destinations
News Summary - A journey through Azerbaijan
Next Story