Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_rightTraveloguechevron_rightമാന്ത്രികതകൾ നിഗൂഢമായി...

മാന്ത്രികതകൾ നിഗൂഢമായി ഒളിപ്പിച്ച വിയറ്റ്നാമിലേക്കൊരു യാത്ര

text_fields
bookmark_border
മാന്ത്രികതകൾ നിഗൂഢമായി ഒളിപ്പിച്ച വിയറ്റ്നാമിലേക്കൊരു യാത്ര
cancel
camera_altഹനോയ്

വശ്യമായ സൗന്ദര്യമുണ്ട്​ വിയറ്റ്​നാമിന്​. മാന്ത്രികതകൾ നിഗൂഢമായി ഒളിപ്പിച്ച നാട്​. പതിഞ്ഞ താളമുള്ള, നമ്മെ മൃദുവായി പുണരുന്ന രാജ്യം. ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞ്​ കിടക്കുന്ന ആ നാട്ടിലേക്കുള്ള യാത്ര മനം മയക്കും. ആ രാജ്യവും അവിടത്തെ ആളുകളും ചിരപരിചിതർ എന്ന ഭാവം നമ്മിൽ ഉണർത്തും.

വിയറ്റ്​നാമുകാരുടെ ഉജ്ജ്വല ചരിത്രവും അവരുടെ ധീരനായകൻ ഹോചിമിനോടുള്ള​ ആരാധനയോളം പോന്ന ഇഷ്​ടവുമാണ്​ ഹനോയ് സന്ദർശിക്കാൻ പ്രേരിപ്പിച്ചത്​. ദൂ​​ങ് തു ​​ഹൗ​​ങ് എ​​ഴു​​തി​​യ ‘മെ​​മ്മ​​റീ​​സ് ഓ​​ഫ് എ ​​പ്യുർ സ്​പ്രിങ്’ വാ​​യി​​ച്ച​​തോ​​ടെ വി​​യ​​റ്റ്നാം കാ​​ണ​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹം മ​​ന​​സ്സി​​ൽ കുടിയേറി.

ഒരുക്കമെല്ലാം വേഗത്തിൽ നടത്തി. ബാങ്കോക്​ വഴിയോ ക്വലാലംപുർ വഴിയോ അധികം ചെലവില്ലാതെ ഹനോയിൽ എത്താം. ഞങ്ങൾ തിരഞ്ഞെടുത്തത്​ ബാ​ങ്കോക്​ വഴിയുള്ള യാത്രയും ക്വലാലംപുർ​ വഴിയുള്ള മടക്കയാത്രയുമാണ്​. ഇരു രാജ്യങ്ങളും മുമ്പ്​ സന്ദർശിച്ചിരുന്നതിനാൽതന്നെ അവിടെ ഇറങ്ങുക അജണ്ടയിലുണ്ടായിരുന്നില്ല.

കൃത്യമായ പദ്ധതിയും ചെലവഴിക്കാൻ ദിവസങ്ങളും ഉണ്ടെങ്കിൽ ഒറ്റ യാത്രയിൽ തായ്​ലൻഡും മലേഷ്യയും സിംഗപ്പൂരും ഒരുമിച്ച്​ കണ്ടുമടങ്ങാം.

ഹോചിമിൻ മൊസോളിയം


ഹോചിമിന്‍റെ നാട്

അ​​മേ​​രി​​ക്ക​​യെ​​യും അ​​തി​​നുമു​​മ്പ് ഫ്രാ​​ൻ​​സി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ജ​​ന​​തയാണ്​ വിയറ്റ്​നാമുകാർ. അക്കാലത്ത്​, ഈ ലേഖകൻ ജനിക്കുന്നതിന്​ രണ്ടുവർഷം മുമ്പുവരെ, ‘മേ​​രാ നാം ​​തേ​​രാ നാം- വിയറ്റ്നാം’ ​​എ​​ന്ന മു​​ദ്രാ​​വാ​​ക്യം കേരളത്തിലടക്കം മുഴങ്ങി. ഹനോയിലേക്ക് പോകുംമുമ്പ് ആഗ്രഹിച്ച ഒന്നാണ്​ വിയറ്റ്​നാമുകാരുടെ നായകൻ ഹോചിമിന്‍റെ ഭൗതികശരീരം കാണണമെന്നത്​. 1969ൽ അന്തരിച്ച ഹോചിമിന്‍റെ ഭൗതികശരീരം എംബാം ചെയ്​ത്​ കരുതലോടെ സൂക്ഷിച്ചിരിക്കുന്നു.

വിമാനത്താവളത്തിൽനിന്ന്​ നേരെ ​ഹോചിമിൻ മൊസോളിയത്തിലേക്ക് നീങ്ങി. ചില ദിവസങ്ങളിൽ നിശ്ചിത സമയങ്ങളിലേ മൊസോളിയത്തിൽ കയറാനാവൂ. അവിടെ വിയറ്റ്നാമി​ന്‍റെ വീരനായകൻ ശാന്തമായി ഉറങ്ങുന്നു.

മൊസോളിയം പ്രൗഢഗംഭീരമാണ്​. നമ്മൾ അറിയാതെ ചരിത്രത്തി​ന്‍റെ താളുകളിൽ ചെന്നുനിൽക്കും. പരിപൂർണ നിശ്ശബ്​ദതയാണ്​ ഇവിടെ പാലിക്കേണ്ടത്​. ഫോ​ട്ടോയെടുക്കാൻ അനുവാദമില്ല. കൈയിൽ വെള്ളമോ ഒന്നും അകത്തേക്ക്​ കൊണ്ടുപോകാൻ കഴിയില്ല. ഫോ​ട്ടോ മൃതദേഹത്തിൽ മാറ്റം വരുത്തുമെന്നതുകൊണ്ടാണ്​ ഈ നിയ​​ന്ത്രണം.

ഈ ജനത ചരിത്രത്തിലാണ് ഇപ്പോഴും ജീവിക്കുന്നത് എന്നുതോന്നി. അതേസമയം പലതരം വിശ്വാസങ്ങളിൽ, തിരക്കിട്ട ജീവിതം നയിക്കുന്നവരാണ്​ അവർ. ചുവപ്പാണ് മൊത്തം രാജ്യത്തിന്‍റെയും നിറം. വിയറ്റ്​നാമുകാർ സൗമ്യമായി, സൗഹൃദമായി ഇടപെടുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പതിവുള്ള നിർബന്ധമോ പിടിച്ചുവലിയോ ഇല്ല. ‘കമിങ്’ എന്നോ ‘സോറി’ എന്നോ പറഞ്ഞാൽ അവർ വഴിമാറും. ‘സായിപ്പി’നെ കാണുമ്പോൾ പ്രത്യേക സ്നേഹമോ വിനയമോ ഇല്ല.

വിയറ്റ്നാം ജനതയിൽ ഭൂരിപക്ഷവും ശരാശരി ഉയരമുള്ള, തടിയില്ലാത്തവരാണ്. വിയറ്റ്നാമീസ് ഭാഷയല്ലാതെ ഇംഗ്ലീഷ് അറിയുന്നവർ ചുരുക്കം, പെട്ടുപോകും. എന്നാൽ, ഗൂഗ്ൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് സംസാരിക്കാമെന്ന് ഈ യാത്രയിൽ ആദ്യമായി പഠിച്ചു. സ്ത്രീ-പുരുഷ തുല്യത ഏറക്കുറെ ഉറപ്പാക്കിയ രാജ്യമാണിത്.

വലിയ പോരാട്ടങ്ങളിൽ തോളോടുതോൾ ചേർന്ന് പോരാടിയതിനാൽ ആ തുല്യത സാധ്യമാണെന്ന് ഗൈഡ് പറഞ്ഞത് സത്യം. ഹനോയിലും മറ്റും സ്ത്രീ യാത്രികർ ഒറ്റക്കാണെങ്കിലും സുരക്ഷിതർ. ‘കാസിനോ’ തേടിയ ഒരു ഹിന്ദിക്കാരന് ഗൈഡ്​ മറുപടി നൽകുന്നതു കേട്ടപ്പോഴും കാര്യം വ്യക്തം, ‘അത് നിയമവിരുദ്ധം’. തായ്‍ലൻഡല്ല, വിയറ്റ്നാം!

ഹലോംഗ്​ ബേയിലെ ഡോക്


‘നമസ്​തെ ഹനോയ്’

മലയാളി യാത്രക്കാർ ഭക്ഷണ കാര്യത്തിൽ മിക്കവാറും കുടുങ്ങും. മീനല്ലാത്ത സീഫുഡും പോർക്കും ഇഷ്ടംപോലെ. സ്ട്രീറ്റ് ഫുഡും ധാരാളം. ഇലകൾ നിരത്തിവെച്ചിരിക്കുന്നു. കാലിന്‍റെ കാൽ ഭാഗംവരെ മാത്രം ഉയരമുള്ള ഇരിപ്പിടത്തിൽ ഇരിക്കണം. ആളുകൾ കൂടുതലും സ്​ട്രീറ്റ്​ ഫുഡിനെയാണ്​ ആശ്രയിക്കുന്നത്​.

നൂഡിൽസും ഇലകളുമാണ്​ കൂടുതൽ. പലതും നമ്മു​ടെ രുചികളുമായി ഒത്തുപോകുന്നവയല്ല. സീഫുഡ്​ കഴിക്കു​ന്നത്​ പരിചയമില്ലെങ്കിൽ ശ്രദ്ധിക്കണം. ചിലപ്പോഴെങ്കിലും ദഹനപ്രക്രി​യ മൊത്തത്തിൽ തകരാറിലാകും. ചോപ്സ്റ്റിക്സ് പിടിച്ചു പരമ്പരാഗത വിയറ്റ്​നാം ഭക്ഷണം വായിലേക്ക് കൊണ്ടുപോവുകതന്നെ പ്രയാസം.

ഹനോയിയിൽ ‘നമസ്തെ ഹനോയ്’ എന്ന റസ്റ്റാറന്‍റുണ്ട്​. അതി​ന്‍റെ ഉടമസ്​ഥൻ ചെന്നൈ സ്വദേശി ഗോപാൽ. നന്നായി മലയാളം പറയും, നന്നായി സ്വീകരിക്കും. അവിടെ വില അൽപം കൂടുതലാണ്​. നമുക്ക്​ ഏ​റക്കുറെ ‘പരിചിത’മായ ഭക്ഷണം കഴിക്കാം. തന്തൂരി ചിക്കൻ എന്നുപറഞ്ഞു കൊണ്ടുവന്നതിന്​ നിറയെ ചുവപ്പുനിറം.

‘സ്വാദില്ല’ എന്നു പറഞ്ഞ സഹയാത്രികർ നിമിഷ നേരംകൊണ്ട്​ പാത്രം കാലിയാക്കിയെങ്കിൽ അതിനർഥം വിശപ്പ് എന്നുമാത്രം. ഇഷ്​ടംപോലെ പഴങ്ങൾ ലഭിക്കുന്ന നാടാണ്​ വിയറ്റ്നാം. ആദ്യ ദിവസം മുതൽ പഴങ്ങളായിരുന്നു ഞങ്ങളുടെ ​പ്രിയ വിഭവം.

പഴമയുള്ള, തിരക്കുള്ള നഗരമാണ് ഹനോയ്. എന്നാൽ, ഹനോയിക്കുപുറത്ത് തിരക്കു കുറവ്. കാറുകളും വിരളം. നമ്മുടെ മോപ്പഡിനും ബൈക്കിനും ഇടയിൽ രൂപമുള്ള ഇരുചക്ര വാഹനത്തിൽ സ്ത്രീകളും ചെറുപ്പക്കാരുമെല്ലാം ചീറിപ്പായുന്നു. മറ്റെല്ലായിടത്തെയും പോലെ, ഹനോയിക്കുപുറത്ത് വൻകിട നിർമാണങ്ങൾ നിരവധി നടക്കുന്നു. വൈകാതെ ഹനോയ് ഓർമയാകും. അല്ലെങ്കിൽ നഗരം പുറത്തേക്ക് പടർന്ന് മറ്റൊരു കാഴ്ചയായി മാറും.

പുതുമയുള്ള ഹോചിമിൻ സിറ്റി

ഹ​നോയ് പഴമയിലാണെങ്കിൽ ഹോചിമിൻ സിറ്റി പുതുമയുടെ പ്രൗഢിയിൽ വിടർന്നാടുന്ന നഗരമാണ്​. രണ്ടും രണ്ടു സംസ്​കാരം, ജീവിതരീതി. വടക്കൻ വിയറ്റ്​നാമി​ന്‍റെ തലസ്​ഥാനമാണ്​ ഹനോയ്. തെക്കൻ വിയറ്റ്​നാമി​ന്‍റെ സിരാകേന്ദ്രമാണ്​ ഹോചിമിൻ സിറ്റി. ദൂരം 1696 കിലോമീറ്റർ​. ഇരു നഗരങ്ങൾക്കിടയിൽ വിശാലമായ റോഡുണ്ട്​. കുറഞ്ഞത്​ 28 മണിക്കൂർ വേണം റോഡ്​ യാത്രക്ക്​. വിമാനത്തിൽ രണ്ടു മണിക്കൂർ. ഇഷ്​ടംപോലെ വിമാനങ്ങൾ ഇരുനഗരങ്ങൾക്കുമിടയിൽ പറക്കുന്നു.

ഹോചിമിൻ മൊസോളിയം കൂടാതെ ഹനോയിൽ കാണാനേറെയുണ്ട്​. നഗരമധ‍്യത്തിൽ തടാകങ്ങളുണ്ട്​. അവിടത്തെ പഴയ കൊട്ടാരങ്ങൾ, ബുദ്ധക്ഷേത്രങ്ങൾ, ഒറ്റക്കല്ലിൽ തീർത്ത വിഹാരങ്ങൾ എന്നിവ കാഴ്​ചയിൽനിന്ന്​ മറയില്ല. നഗരം കാണാൻ ‘സൈക്ളോ’യുണ്ട്​. നമ്മുടെ പഴയകാല സൈക്കിൾറിക്ഷക്ക് ​ഏകദേശം സമാനം. കുറഞ്ഞ നിരക്ക്. സൈക്ളോയിലെ രാത്രികാഴ്​ചകൾ അതിമനോഹരം.

സമ്പന്നമല്ല വിയറ്റ്നാം. കറൻസിയായ ഡോംഗിന് വിലയില്ല, മുല്യത്തകർച്ച. ഒരു ലക്ഷം ഡോംഗ് ഏകദേശം 400 രൂപയാണ്. 23,000 ഡോംഗാണ് ഒരു ഡോളർ. കറൻസിക്ക് വിലയില്ലെന്നുകരുതി നിഗമനങ്ങളിലെത്തിയാൽ തെറ്റും. അരക്കിലോ കശുവണ്ടിപ്പരിപ്പിന് 293 ഡോംഗ് എന്നുകണ്ടാൽ അത് 2,93,000 ഡോംഗാണെന്ന് തിരിച്ചറിയണം. ഇ​ല്ലെങ്കിൽ തെറ്റായ തീരുമാനങ്ങളിൽ കുഴങ്ങും.

ഹലോംഗ്​ ബേയിലെ കടൽ കാഴ്ച


കേരളത്തെ ഓർമിപ്പിച്ച് ഹലോംഗ്​ ബേ യാത്ര

ഹനോയിക്കുപുറത്ത്​ ഏറ്റവും സുന്ദരമായ അനുഭവം പകരുക താം കോക്​, ഹലോംഗ്​ ബേ എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണ്​. താം കോകിൽ (Ninh Binh province) ചെറുവള്ളത്തിൽ കൈകൊണ്ടും കാലുകൊണ്ടും തുഴഞ്ഞ് ഒരു മണിക്കൂർ സവാരിപോകാം.

ചുണ്ണാമ്പുപാറകൾക്കിടയിലെ ഇരുട്ടിലൂടെ വള്ളം ശബ്​ദമുണ്ടാക്കി നീങ്ങും. തടാകത്തിന്​ അതിരുകളായി നിൽക്കുന്ന ഉയരമുള്ള പാറകൾ കഥകളിലെ ഭീമാകാരികളായ രാക്ഷസരായി തോന്നും. പാറകളിലെ തുളകളും വിടവുകളും അവ​ക്ക്​ വിചിത്ര രൂപം പകരും.

ഹലോംഗ്​ ബേയിലേക്കുള്ള രണ്ടര മണിക്കൂർ യാത്ര മറക്കാനാവില്ല. വാഴകളും നെൽവയലുകളും റെഡ്​ റിവർ പോലുള്ള വലിയ നദികളും നമ്മുടെ കേരളത്തെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. പോകും വഴി ​മുത്തുകൾ കൃത്രിമമായി നിർമിക്കുന്ന ‘ഫാക്​ടറി’യുടെ കാഴ്​ചയുണ്ട്. അവർ എങ്ങനെയാണ്​ മുത്തുകൾ കടലി​ന്‍റെ ആവാസ വ്യവസ്​ഥയിൽ വിജയകരമായി സാധ്യമാക്കുന്നത്​ എന്നത് കാണേണ്ടതുതന്നെ.

കുറഞ്ഞ വിലയ്ക്ക് മുത്തുമാലകൾ വാങ്ങാം. ​നൗകകളിലെ യാത്രയാണ്​ ഹലോംഗ്​ ബേയുടെ പ്രത്യേകത. ക്രൂയിസിൽ രാത്രി തങ്ങാം. ഭക്ഷണമടക്കം എല്ലാം നൗകയിലുണ്ട്​. വലിയ ചുണ്ണാമ്പു മലകൾക്കിടയിലൂടെ നൗക ശാന്തമായി ഒഴുകിനീങ്ങും. ഇട​ക്ക്​ ഓരോ കരകളിൽ നിർത്തും.

വിസ്മയിപ്പിച്ച ഗുഹകൾ

ഹലോംഗ് ബേയിൽ കുത്തനെയുള്ള കയറ്റം ചൂണ്ടിക്കാട്ടി 40 മിനിറ്റ് നടത്തമുണ്ടെന്ന് പറഞ്ഞതുകേട്ട് തിരികെ പോന്നിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ഗുഹകളിലൊന്നായ സങ് സോട് കേവ് (Sung Sot Cave) ഞങ്ങൾക്ക്​ നഷ്ടമായേനെ. പണ്ട് ആ ഗുഹ ഒരു രാജ്യമായിരുന്നിരിക്കണം.

മറ്റൊരിടത്ത്​ ലുയോൺ കേവ് (Luon cave) എന്ന പാറക്കെട്ടിനടിയിലെ ഒറ്റക്കവാടത്തിലൂടെ ചെറിയ വള്ളത്തിൽ നൂണ്ടുകടന്നപ്പോൾ കണ്ടത് ചുറ്റും പാറകൾക്കുള്ളിൽ മനോഹര തടാകം. ഹാങ് ബൊ നൊ (Hang Bo Nau -Pelican Cave), വിർജിൻ, Thien Canh Son Cave എന്നിങ്ങനെയുള്ള ഗുഹകൾ വേറെയുമുണ്ട്​.

ടിപ് ടോപ് ഐലൻഡിലെ ബീച്ചിൽ വേണമെങ്കിൽ ഒന്നു കുളിക്കാം. അപകടം കുറഞ്ഞ മനോഹര ബീച്ചാണിത്. അറിയാത്ത കടലിൽ ഒരിക്കലും ഇറങ്ങാതിരിക്കുന്നതാണ്​ നല്ലത്​. അതു ഞങ്ങളുടെ അനുഭവം ബോധ്യപ്പെടുത്തി. എന്തോ കടിച്ചെന്ന് മകൻ ഓടിവന്ന്​ പറഞ്ഞു. പക്ഷേ നമുക്ക് ഒന്നും ചെയ്യാനാവില്ല.

ബ്ലൂ ​ജെല്ലി ഫിഷാണെങ്കിൽ കുഴപ്പമില്ല, റെഡ് ഫിഷാണെങ്കിൽ മരിക്കുമെന്ന് ഗൈഡ് പറഞ്ഞാൽ പിന്നെ എന്തുചെയ്യും? ഇപ്പോൾ മരിക്കുമെന്ന് ഓർത്ത് കരയുന്നതും ആരും കാണാതെ ക്രൂയിസിന്‍റെ വശത്തുനിന്ന് ‘ഈ കടൽ നശിക്കട്ടെ’ എന്ന് മോൻ പറയുന്നത് കണ്ടുംകേട്ടും നിസ്സഹായനായി, ആകുലതകളുടെ കടലിരമ്പവുമായി ഇരിക്കേണ്ടിവരും.

പരമ്പരാഗത തൊപ്പി അണിഞ്ഞ വിയറ്റ്​നാമുകാരുടെ ആതിഥ്യ മര്യാദകൾ നമ്മെ ആശ്ചര്യപ്പെടുത്തും. നമുക്ക്​ മനസ്സിലാകുന്നില്ലെങ്കിലും തങ്ങളുടെ ഭാഷയിൽ അവർ കഥകൾ പറയും. അവരുടെ ആഹാരം സ്​നേഹത്തോടെ നീട്ടും. ഒട്ടും അപരിചിതമല്ലാത്ത, സ്വന്തമെന്ന തോന്നൽ ആ നാടും ജനതയും നൽകും. നൂറായിരം കാഴ്ചകളെ ഒളിപ്പിച്ച വിയറ്റ്നാമിനെ ഒരു ഹ്രസ്വയാത്രയിൽ അറിയുക സാധ്യമല്ല. എങ്കിലും കൺകുളിർക്കെ കാഴ്​ചകൾ കണ്ടും മനംനിറഞ്ഞും മടങ്ങാം.

വിയറ്റ്​നാം സന്ദർശിക്കു​മ്പോൾ ശ്രദ്ധിക്കേണ്ടത്​

● യാത്ര തിരിക്കുംമുമ്പ്​ വിയറ്റ്​നാമിന്‍റെ ചരിത്രവും സംസ്​കാരവും അൽപമെങ്കിലും അറിയാൻ ശ്രമിക്കുക

● ഹ​നോയിയാണോ ഹോചിമിൻ സിറ്റിയാണോ അതോ രണ്ടു നഗരങ്ങളുമാണോ കാണേണ്ടത്​ എന്ന്​ ആദ്യമേ മനസ്സിലാക്കുക. ഇരു നഗരങ്ങൾക്കുമിടയിലെ ദൂരത്തെപ്പറ്റി ധാരണ വേണം.

● വിയറ്റ്​നാമിലെ സംസ്​കാരത്തോട്​ ആദരവ്​ പുലർത്തുക.

● അനാവശ്യ രാഷ്​ട്രീയ താൽപര്യം പ്രകടിപ്പിക്കരുത്​

● തായ്​ലൻഡിലോ ബാലിയിലോ ലഭിക്കുന്നതൊന്നും ഹനോയിയിൽ പ്രതീക്ഷിക്കരുത്​

● ടൂറിസ്​റ്റ്​​ കേന്ദ്രങ്ങളിൽ മര്യാദ പാലിക്കുക

സന്ദർശകർക്ക്​ പ്രിയങ്കരമാകുന്നത്​

● ഭൂ​​പ്രകൃതി. മനോഹരമായ നദികളും കടലും പാറക്കെട്ടുകളും

● കേരളത്തിന്​ സമാനമായ കാലാവസ്​ഥ

● സുരക്ഷിതത്വം

● സ്​ത്രീകളെയും വിദേശികളെയും തുല്യരായി പരിഗണിച്ചുള്ള ആദരം

● ചെലവ്​ കുറവ്​




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vietnamWorld Travel DestinationTravel Destinations
News Summary - A trip to Vietnam
Next Story