പാറമുകളിലെ അത്ഭുതമായി പുരാതന രാജകൊട്ടാരം; ഒരുകാലത്തിെൻറ ഓർമപ്പെടുത്തലാണ് സിഗിരിയ
text_fieldsപാതി തുറന്ന ജാലകങ്ങൾ പോലെ തോന്നിക്കുന്ന മേഘവിടവുകളിലൂടെ ലങ്കാതീരം കണ്ടമാത്രയിൽ, പുരാണങ്ങളിലെ പുഷ്പക വിമാനവും രാവണനും സീതയും ആയിരുന്നു മനസ്സുനിറയെ. അണിഞ്ഞൊരുങ്ങി സുന്ദരിയായി നിൽക്കുകയാണ് കൊളംബോ നഗരം. സഞ്ചാരികളെ സ്വീകരിക്കാൻ ഈ നഗരത്തിെൻറ ഓരോ മുക്കും മൂലയും തയാറെടുത്തുനിൽക്കുകയാണെന്ന് തോന്നും. മറ്റെങ്ങും കണ്ടിട്ടില്ലാത്തയത്ര വൃത്തിയും കുലീനതയുംകൊണ്ട് അലംകൃതമാണ് ഇവിടം. ആദ്യ ദിവസത്തെ നഗര കാഴ്ചകൾക്കുശേഷം കടലിന് അഭിമുഖമായ ഹോട്ടൽ മുറിയുടെ ബാൽക്കണിയിൽ വെറുതെയിരുന്നു.
കൺമുന്നിൽ കാണുന്ന ഈ തിരകളുടെ കളിത്തോഴരാവും സുലൈമാനിയും ഗസലും മണക്കുന്ന നമ്മുടെ കോഴിക്കോട് ബീച്ചിനോട് കിന്നാരം പറയുന്നത്. ഒന്നോർത്താൽ എല്ലാ നാടും നമ്മുടെ നാടുതന്നെ. എല്ലാ കടലും നമ്മുടെ കടൽതന്നെ.
പിറ്റേന്ന് രാവിലെതന്നെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള സിഗിരിയ കാണാനായി പുറപ്പെട്ടു. 181 കിലോമീറ്റർ മൂന്നര മണിക്കൂർ കൊണ്ട് പിന്നിടാം എന്ന ഗൂഗിളിെൻറ അതിനൂതന അൽഗോരിതം നടത്തിയ പ്രവചനം കറുത്തുമെലിഞ്ഞ ഞങ്ങളുടെ ഡ്രൈവർ നിഷ്കരുണം തറപറ്റിച്ചു. അതിരാവിലെ മുതൽ അതിശ്രദ്ധയോടെ, ഒരു നിയമംപോലും തെറ്റിക്കാതെ, ആറു മണിക്കൂർകൊണ്ടാണ് 181 കിലോമീറ്റർ പിന്നിട്ടത്. എത്താറായോ എന്ന് ചോദിക്കുമ്പോഴൊക്കെ 'ഒരു 30 മിനിറ്റ് സാർ' എന്ന് അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു.
പാട്ടും തമാശകളും ഒക്കെ തീർന്ന് എല്ലാവരും ഉറക്കംപിടിച്ചപ്പോഴും 'ഒരു 30 മിനിറ്റ് സാർ' എന്ന് ഇടക്കിടക്ക് അയാൾ ഞങ്ങളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ജാലകക്കാഴ്ചകളിൽ കേരളംതന്നെയാണ് ശ്രീലങ്ക. ഒരു വിദേശരാജ്യം എന്ന് തോന്നുകയില്ല. ഇതുവരെ കാണാത്ത കേരളത്തിലെ ഏതൊക്കെയോ നാട്ടിൻപുറങ്ങൾ പോലെ.
നെൽപാടങ്ങൾ, തെങ്ങിൻതോപ്പുകൾ, വാഴത്തോട്ടങ്ങൾ, പൈനാപ്പിളും മാമ്പഴവും വിൽക്കുന്ന വഴിയോര കച്ചവടക്കാർ, തൊടിയും മുറ്റവും അടിച്ചുവാരി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്ന കുഞ്ഞുവീടുകൾ...
എല്ലായിടത്തും പച്ചപ്പിെൻറ ആഘോഷം...
നമ്മുടെ നാട്ടിൽ മുട്ടിനുമുട്ടിന് കാണുന്ന കുരിശുപള്ളികളും അമ്പലങ്ങളും പോലെ ഇവിടെ ബുദ്ധവിഹാരങ്ങൾ കാണാം. കുന്നിൻമുകളിലും ഉയർന്ന പാറകളിലും എല്ലാം കാറ്റുതിർക്കുന്ന മണിയൊച്ചകളുമായി ഉയർന്നുനിൽക്കുന്ന ബുദ്ധവിഗ്രഹങ്ങൾ...
തെങ്ങുകളും മാവുകളും പുൽത്തകിടിയും നീന്തൽ കുളവും എല്ലാം അലങ്കരിച്ച മനോഹരമായ റിസോർട്ടിൽ ഉച്ചഭക്ഷണത്തിനായി കയറി. മത്സ്യം എല്ലായിടത്തും ഒരു പ്രധാന വിഭവമാണ്. കേരളത്തിലെ ഹോട്ടലുകളെക്കാൾ പൊതുവെ എരിവു കൂടുതലാണ് ഇവിടെ.
ഭക്ഷണത്തിെൻറയും കാഴ്ചകളുടെയും ആലസ്യത്തിൽ ഇരിക്കുമ്പോഴാണ് തഴച്ചു വളർന്നുനിൽക്കുന്ന തെങ്ങുകൾക്കിടയിലൂടെ വിദൂരതയിൽ ഉയർന്നുനിൽക്കുന്ന കാശ്യപരാജാവിെൻറ സിഗിരിയ ആദ്യമായി കണ്ടത്.
'സിംഹ പാറ' എന്നാണ് സിഗിരിയ എന്ന സിംഹള പദത്തിെൻറ അർഥം. ശ്രീലങ്കയുടെ സെൻട്രൽ പ്രോവിൻസിലാണ് ഏകദേശം 200 മീറ്റർ ഉയരവും ഏറെ വിസ്തൃതവുമായ ഈ ഭീമൻ പാറ ഉള്ളത്. 'കുലവംശം' എന്ന പുരാതന ഗ്രന്ഥമാണ് സിഗിരിയയുടെ ചരിത്രത്തിലേക്കുള്ള പ്രധാന സൂചനകൾ നൽകുന്നത്.
സി.ഇ 477-495 കാലഘട്ടങ്ങളിൽ കാശ്യപ രാജാവിെൻറ കോട്ടയും കൊട്ടാരവും ഈ പാറക്കു മുകളിലായിരുന്നു. നൂറ്റാണ്ടുകൾക്കുശേഷം പണിയപ്പെട്ട ഇരുമ്പു ഗോവണിയിലൂടെ, പാറയുടെ ഏകദേശം പകുതിയിൽ എത്തുമ്പോൾ, രണ്ട് സിംഹപാദങ്ങളാൽ അലംകൃതമായ ഒരു കൂറ്റൻ കവാടമുണ്ട്. സിഗിരിയ എന്ന പദത്തിെൻറ ഉത്ഭവം ഈ സിംഹ കവാടമാണ്.
നീണ്ട വരിയിൽ കാത്തുനിന്ന്, ഏകദേശം 3000 ശ്രീലങ്കൻ രൂപ കൊടുത്ത് ടിക്കറ്റ് എടുത്തു. ഇന്ത്യക്കാരാണെന്ന് പറഞ്ഞപ്പോൾ പാസ്പോർട്ട് ആവശ്യപ്പെട്ട് പരിശോധനകൾ ഒന്നുകൂടി കർശനമാക്കി. പാസ്പോർട്ട് എടുക്കാൻ മറന്നുപോയവരെ അകത്തുകയറ്റില്ലെന്ന് അവർ വാശിപിടിച്ചു. പിന്നീട് പാസ്പോർട്ട് നമ്പർ തന്നാൽ മതി എന്നുപറഞ്ഞ് അൽപമൊന്ന് അയഞ്ഞു. എല്ലാവരും മനസ്സിൽ തോന്നിയ നമ്പർ പറഞ്ഞുകൊടുത്ത് ടിക്കറ്റ് എടുത്തു. തുച്ഛമായ പണം കൊടുത്ത്, ഒരു ഭീഷണിയും ഇല്ലാതെ താജ്മഹലും ചെങ്കോട്ടയും എല്ലാം കണ്ട് കടന്നുപോകുന്ന വിദേശികളെപ്പറ്റി ഞാൻ ഓർത്തു.
സിഗിരിയ
ലോകത്തിലെ എല്ലാ കോട്ടകളെയുംപോലെ ഉപേക്ഷിക്കപ്പെട്ട ഘനസ്മൃതികളുടെ ചിതറിക്കിടക്കുന്ന ഇഷ്ടിക കഷണങ്ങളായി സിഗിരിയയും കാണപ്പെട്ടു. കോട്ടമതിലിെൻറ ഇരുവശങ്ങളിലുംനിന്ന് പോരാടി മരിച്ചവരും ജയിച്ചവരും തോറ്റവരും അടിമവംശങ്ങളും രാജവംശങ്ങളും എല്ലാം ഇന്ന് കൊഴിഞ്ഞും ജീർണിച്ചും പോയിരിക്കുന്നു. വാളുകളെയും കുന്തങ്ങളെയും ഗജങ്ങളെയും അതിജീവിച്ച കരുത്താർന്ന കോട്ടയുടെ ഒതുക്കുകല്ലുകളെ ഊർത്തുമാറ്റിക്കൊണ്ട് അവക്കിടയിൽ കൊങ്ങിണിച്ചെടികൾ പൂത്തിരിക്കുന്നു...
ഏറ്റവും പുറത്തായി ആഴമേറിയ കിടങ്ങ്. അതിൽ നിറയെ മുതലകൾ ആയിരുന്നത്രെ അക്കാലത്ത്. അതിനുള്ളിലായി കോട്ടമതിലിെൻറ ഇന്നവശേഷിക്കുന്ന തറക്കും ഉള്ളിലായി സിഗിരിയയെ പ്രശസ്തമാക്കിയ പൂന്തോട്ടങ്ങൾ. പാതിയോളം തേഞ്ഞുപോയ ചവിട്ടുപടികൾ കയറിത്തുടങ്ങുമ്പോൾ മനസ്സ് പതിയെ ചരിത്രത്തിലേക്ക് ഊളിയിടുകയായിരുന്നു.
'അനുരാധപുരം' എന്ന മനോഹരവും ശിൽപഭംഗി തുളുമ്പുന്നതുമായ തലസ്ഥാനം വിട്ടാണ് ഈ കോട്ടമതിലും മുതലക്കുളവും പണിത് കാശ്യപൻ തലസ്ഥാനം ഇങ്ങോട്ട് മാറ്റിയത്. ശത്രുരാജ്യങ്ങളെയോ അവരുടെ പോരാളികളെയോ പേടിച്ചല്ല, സ്വന്തം സഹോദരനായ മൊഗല്ലാനയെ പേടിച്ചായിരുന്നു ഇതെല്ലാം ചെയ്തത് എന്നതാണ് വിരോധാഭാസം. മാത്രമല്ല ധാതുസേന എന്ന അച്ഛൻ സ്വന്തം മകെൻറ ഭരണകാലത്ത് ഈ കോട്ടക്കുള്ളിൽ ഒരു തടവറയിൽ ജീവനോടെ കുഴിച്ചുമൂടപ്പെട്ടിരുന്നു...
1500 വർഷങ്ങൾക്കു മുമ്പ് പണിയപ്പെട്ട 'വാട്ടർ ഗാർഡൻ' എന്ന പ്രശസ്തമായ പൂന്തോട്ടത്തിലെ ജലാശയങ്ങളും കൃത്രിമ നീരുറവകളും ഇന്നും പ്രവർത്തിക്കുന്നു. പൂന്തോട്ടം കടന്ന് കൽപടവുകൾ കയറിത്തുടങ്ങുമ്പോൾ പാതിമനുഷ്യരും പാതിപ്രകൃതിയും ചേർന്ന് നിർമിച്ച ഗുഹകൾ. ചുടുകട്ടകൾ കൊണ്ട് കെട്ടിമറച്ച ഗുഹാവാതായനങ്ങൾ. കരിമ്പാറകളിൽ കൊത്തിയുണ്ടാക്കിയ കൽപടവുകൾ. അതിനെല്ലാം മുകളിലായി വളർന്നുപന്തലിച്ചുനിൽക്കുന്ന വന്മരങ്ങൾ. മരച്ചില്ലകളിൽ നിന്നുയരുന്ന കിളിപ്പാട്ടുകൾ. നിശ്ശബ്ദത. ഇളം തണുപ്പ്. പായൽ പച്ചയിൽ മയങ്ങിനിൽക്കുന്ന ഇന്നെലകൾ...
കാശ്യപെൻറ കാമിനിമാർ
200 മീറ്ററോളം ഉയരത്തിൽ ഒരു മതിൽപോലെ നിൽക്കുന്ന പ്രധാന പാറയുടെ ഒരുവശം വിശാലമായ കാൻവാസ് ആയിരുന്നു. 140 മീറ്റർ നീളവും 40 മീറ്റർ ഉയരവുമുള്ള, സിമൻറ് പോലുള്ള ഏതോ മിശ്രിതംകൊണ്ട് പ്ലാസ്റ്റർ ചെയ്തെടുത്ത വിശാലമായ കാൻവാസിൽ വരച്ച ഏകദേശം അഞ്ഞൂറോളം സ്ത്രീരൂപങ്ങൾ. ലോകത്തിെൻറ പല ഭാഗങ്ങളിൽനിന്നും പല ജനവിഭാഗങ്ങളിൽനിന്നുമുള്ള അഴകൊത്ത സ്ത്രീകളുടെ വർണചിത്രങ്ങൾ.
ബാക്കിയെല്ലാവരും കാലത്തിെൻറയും കാറ്റിെൻറയും മഴയുടെയും വിരൽത്തുമ്പുപിടിച്ച്, മദ്യവും കാമവും തുകൽവാദ്യങ്ങളിൽ പെയ്ത നൃത്തച്ചുവടുകളും തളംകെട്ടിനിൽക്കുന്ന, കാശ്യപെൻറ അന്തഃപുരത്തിലേക്ക്, ചമയങ്ങളും ചിലങ്കയും കൊലുസ്സുമണിഞ്ഞ് തിരികെ പോയിരിക്കാം...
ഒരുവേള മിഴിപൂട്ടി ശ്രദ്ധിച്ചാൽ, ഇന്നെലകളുടെ നനുത്ത ഇടനാഴികളിലൂടെ അകന്നുപോകുന്ന ആ കാലൊച്ചകൾ കേൾക്കാം. അരമണികളുടെ ശൃംഗാരനാദം കേൾക്കാം. കാമവും പ്രണയവും ഉള്ളിലൊളിപ്പിച്ച വേദനയിൽ ചാലിച്ച പൊട്ടിച്ചിരികൾ കേൾക്കാം. ആകാശത്തിെൻറ അനന്തസ്മൃതികളിൽ എന്നോ പതിഞ്ഞ, മൈലാഞ്ചിയിട്ട ആ കാൽപാദങ്ങൾ അറിയാതെ പിന്തുടരാൻ തോന്നും. യാത്രകൾ വർത്തമാനത്തിെൻറയും ഭൂതത്തിെൻറയും അതിരുകൾ അനുഭൂതികൾകൊണ്ട് മായ്ക്കുന്നു...
പാറവിളുമ്പിലെ പിരിയൻ ഗോവണിയിലൂടെ വേണം ഗ്രാഫിറ്റിയുടെ അടുത്തെത്താൻ. ഭിത്തിയിലെ സ്ത്രീരൂപങ്ങളെ നോക്കി ഒരു വശത്തുനിന്നും മറുവശത്തേക്ക് നടന്നാൽ അനുരാഗവിവശരായ അവരുടെ കണ്ണുകൾ നമ്മെ പിന്തുടരുന്നത് കാണാം.
കവിത തുളുമ്പുന്ന കണ്ണാടിച്ചുമരുകൾ
മിറർ വാൾ (കണ്ണാടിച്ചുമർ) എന്ന മിനുസമുള്ളതും തിളക്കമാർന്നതുമായ നീണ്ട ചുവരിലേക്കാണ് അടുത്തതായി നമ്മൾ പോവുക. കാശ്യപൻ നടന്നുപോകുമ്പോൾ അദ്ദേഹത്തിെൻറ പ്രതിബിംബം അക്കാലഘട്ടത്തിൽ ഈ ചുമരിൽ കാണാമായിരുന്നു. നൂറ്റാണ്ടുകൾക്കു മുേമ്പ ഇവിടെ സന്ദർശനം നടത്തിയവർ കാലാകാലങ്ങളായി ഈ ചുമരിൽ കവിതകൾ കോറിെവച്ചു. പ്രണയത്തിെൻറയും വേദനയുടെയും ഹൃദയസ്പർശിയായ അക്ഷരക്കൂട്ടങ്ങൾ...
പുരാവസ്തു ഗവേഷകരും പുരാതന ഭാഷാപണ്ഡിതന്മാരും പാലിയിലും മറ്റു പുരാതന ഭാഷകളിലുമായി എഴുതിയ 685ഓളം വരികൾ കണ്ടെടുത്തിട്ടുണ്ട്. ആ കവിതകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഏതാനും വരികൾ ഇങ്ങനെ. ''ഞാൻ ബുധാള്, സിഗിരിയയെ കാണാനായി വന്നു... എല്ലാവരും കവിതകൾ കുറിച്ചിരിക്കുന്നതിനാൽ ഞാൻ മാത്രം ഒന്നും അടയാളപ്പെടുത്തുന്നില്ല...''
പ്രിയപ്പെട്ടവളുടെ കൈ ചേർത്തുപിടിച്ച് കവിത തുളുമ്പുന്ന കണ്ണാടിച്ചുമരിനു മുന്നിലൂടെ നിശ്ശബ്ദമായി നടന്നു. തിളക്കം ഏറെ നഷ്ടപ്പെട്ടുപോയ കാലത്തിെൻറ ആ ചുമരിൽ, നനുത്ത അക്ഷരക്കൂട്ടങ്ങൾക്കിടയിൽ, ഇരുണ്ട നിഴൽരൂപങ്ങൾപോലെ നമുക്ക് നമ്മെത്തന്നെ കാണാം, സൂക്ഷിച്ചുനോക്കിയാൽ.
കൊട്ടാരവും അന്തഃപുരങ്ങളും...
സിംഹപാദങ്ങളുടെ പ്രധാന കവാടമാണ് അടുത്തത്. പലപ്പോഴായി പുതുക്കിപ്പണിതതിെൻറ പാടുകൾ അവിടെ കാണാം. ചുടുകട്ടകളുടെ പടിക്കെട്ടുകൾ അവസാനിക്കുന്നിടത്തുനിന്ന് കൽഭിത്തിയിൽ ചെത്തിയൊരുക്കിയ പടവുകൾ ആരംഭിക്കുന്നു.
ഏറ്റവും മുകളിൽ എത്തുമ്പോഴാണ് കൊട്ടാരത്തിെൻറയും അന്തഃപുരങ്ങളുടെയും വലുപ്പം മനസ്സിലാവുക. പക്ഷേ, ഇന്ന് അവശേഷിക്കുന്നത് ചരിത്രത്തിെൻറ രൂപരേഖ കണക്ക് കുറച്ച് തറകളും ചുടുകട്ടയുടെ ഭിത്തികളും മാത്രം. ഇവക്കെല്ലാം ഇടയിൽ പാറ അരിഞ്ഞുണ്ടാക്കിയ കിണറുകൾ, കുളങ്ങൾ... കുടിവെള്ളത്തിനു വേറെ, കുളിക്കാനും മറ്റാവശ്യങ്ങൾക്കും വേറെ... ഇവിടെയെത്തുന്നതുവരെ ചരിത്രം പറയുന്നതുപോലെ ഇത്തരമൊരു കൊട്ടാരം ഈ പാറയുടെ മുകളിലുണ്ടായിരുന്നു എന്ന് ഒട്ടുംതന്നെ എനിക്ക് വിശ്വാസം ഇല്ലായിരുന്നു.
പൊടുന്നനെ മുന്നറിയിപ്പുകൾ ഇല്ലാതെ വെയിൽ കുറയുകയും താഴ്ന്നിറങ്ങിവന്ന മേഘശകലങ്ങൾ കാറ്റിനെ തണുപ്പിക്കുകയും ചെയ്തു. നടന്നുതളർന്ന ക്ഷീണംകൊണ്ടോ ചരിത്രത്തിൽ സ്വയം നഷ്ടപ്പെട്ടതുകൊണ്ടോ എല്ലാവരും നിശ്ശബ്ദരായി കാഴ്ചകളിലൂടെ പ്രദക്ഷിണം െവച്ചു.
ചുടുകട്ടകളുടെ തറകൾക്കിടയിലൂടെ വെറുതെ നടന്നപ്പോൾ മനസ്സിലോർത്തു, ഇവിടെയായിരിക്കും ധാതുസേന തടവിൽ കിടന്നത്. ഈ മുറിയിലായിരിക്കും മകൻ അച്ഛനെ തടവറയുടെ ഇരുട്ടിൽ ജീവനോടെ മറവുചെയ്തത്. കലകളിലും കാമിനിമാരിലും അഭിരമിച്ച് കാലം കഴിച്ച കാശ്യപനെ തേടി സൈന്യം രൂപവത്കരിച്ച് അനുജൻ തിരിച്ചുവന്നു. സേനാപതി കൂറുമാറിയതോടെ പിന്നിൽ ഒരു പോരാളിയുടെ പിന്തുണപോലുമില്ലാതെ കാശ്യപൻ യുദ്ധഭൂമിയിൽ ഒറ്റപ്പെട്ടു. തടവറയുടെ ഇരുട്ടിൽ ഒരു അടിമയായി ശിഷ്ടകാലം ജീവിക്കാൻ ഇഷ്ടപ്പെടാതെ അയാൾ അരയിൽനിന്ന് കഠാരയൂരി സ്വന്തം കഴുത്തറുത്തു. കാശ്യപനെ അനുജൻ ആദരവോടെയാണ് സംസ്കരിച്ചത്.
പിന്നീട് തലസ്ഥാനം അനുരാധപുരത്തേക്ക് മാറ്റപ്പെട്ടു. കാശ്യപെൻറ മേഘശിഖരങ്ങളിലെ ആകാശഗോപുരം ഒരു ബുദ്ധവിഹാരമാക്കി മാറ്റപ്പെട്ടു. മൃതിയുടെയും പകയുടെയും രതിയുടെയും ഗിരിശൃംഗങ്ങളിൽ പിന്നീട് നൂറ്റാണ്ടുകൾ ബുദ്ധസന്യാസിമാർ ധ്യാനിച്ചിരുന്നു. ഏറ്റവും മുകളിൽനിന്ന് നോക്കുമ്പോൾ പൂന്തോട്ടങ്ങൾക്കപ്പുറത്ത് ഉയർന്നുനിൽക്കുന്ന ഒരു വെളുത്ത കൂറ്റൻ ബുദ്ധവിഗ്രഹം കാണാം. തണുത്ത കാറ്റും കാഴ്ചയും ആസ്വദിച്ച് ഏറെനേരം അവിടെ ഇരുന്നു.
പടികൾ ഇറങ്ങിവരുമ്പോൾ വിയർപ്പിലും മണ്ണിലും കുളിച്ച പണിയാളന്മാർ പാറവിളുമ്പിലെ കൽപടവുകളിലൂടെ കല്ലും മണ്ണും ചുമന്ന്, കൊട്ടാരം ഉണ്ടാക്കാൻ കയറിപ്പോകുന്ന കാഴ്ച മനസ്സിൽ സങ്കൽപിച്ചുനോക്കി. ചരിത്രം ഇങ്ങനെയാണ്, കാശ്യപനെപ്പോലെ ചിലർ എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും കോട്ടകളുടെയും കൊട്ടാരങ്ങളുടെയും അവശേഷിപ്പുകളായി ജീവിക്കും. ബുദാളിനെപ്പോലെ ചിലർ കണ്ണാടിച്ചുമരുകളിലെ കവിതകളായി അവശേഷിക്കും. കാലത്തിെൻറ കാൻവാസിലെ ഗ്രാഫിറ്റികളായി, ചരിത്രത്തെ കടമിഴികൾകൊണ്ട് പിന്തുടരുന്ന കാമിനിമാരായി ചിലർ ബാക്കിയാകും. വീണ്ടും ചിലർ ഊരും പേരും ഇല്ലാത്ത, കാൽപാടുകൾപോലും അവശേഷിപ്പിക്കാത്ത അടിമകളും സഞ്ചാരികളുമായി കാലയവനികയിൽ മറയും...
ബുദ്ധസന്യാസിമാരും സിഗിരിയയെ പിന്നീട് എന്നോ ഉപേക്ഷിച്ചു. പുൽതലപ്പുകളുടെയും ചെറുമരങ്ങളുടെയും വീട് ആയിരുന്നു പിന്നീട് നൂറ്റാണ്ടുകളോളം സിഗിരിയ. അതിനുശേഷം വനാന്തരങ്ങളിലൂടെ കുതിരസ്സവാരിപോയ ഒരു ബ്രിട്ടീഷുകാരൻ ആണത്രെ സിഗിരിയയിലേക്ക് ലോകത്തിെൻറ ശ്രദ്ധയാകർഷിച്ചത്. ഓരോ പടിയും ഇറങ്ങി പൂന്തോട്ടവും കോട്ടമതിലും കടന്നു സിഗിരിയയോട് യാത്രപറഞ്ഞു.
തെങ്ങുകളും പൊന്തക്കാടുകളും നിറഞ്ഞ നാട്ടിൻപുറത്തു കൂടെയുള്ള മടക്കയാത്രയിൽ പ്രഭാകരനെ ഓർത്തു. തലയോട്ടി തകർന്ന് അയാൾ മരിച്ചിട്ട് ഏതാനും വർഷങ്ങൾ ആകുന്നതേയുള്ളൂ. ആയിരക്കണക്കിന് തമിഴരാണ് പട്ടാളത്തിെൻറ തോക്കിനിരയായത്. നൂറുകണക്കിനു പേർ സയനൈഡ് കഴിച്ചും ആത്മഹത്യ ചെയ്തു. പ്രഭാകരന് സുരക്ഷിതത്വം നൽകാൻ മനുഷ്യമതിലായിനിന്ന നൂറുകണക്കായ സാധുജനങ്ങൾ കൊന്നുതള്ളപ്പെട്ടു. തമിഴ് പുലികളുടെ ശവപ്പറമ്പായി ഈ ചെറിയ ദ്വീപ് അന്ന് മാറി.
അവരെല്ലാം ഇന്ന് ഈ പൊന്തകൾക്കിടയിൽ കാറ്റായും കാട്ടുപൂവായും കാട്ടിലകളുടെ മർമരങ്ങളായും ഒളിച്ചിരുന്ന്, സ്വാതന്ത്ര്യത്തിെൻറ സുഭഗസ്വപ്നങ്ങൾ കാണുന്നുണ്ടാകും... രണ്ടു സഹസ്രാബ്ദങ്ങളുടെ നീണ്ടകഥയിൽ നമ്മൾ ഒട്ടും മാറിയിട്ടേയില്ല. അട്ടിമറികളും അധികാര വടംവലികളും ആൾക്കൂട്ടത്തിെൻറ ബുദ്ധിശൂന്യമായ ഭ്രമകൽപനകളും നിഷ്കളങ്കരുടെ കണ്ണുനീരും കൊല്ലപ്പെട്ട പേരറിയാത്ത കുരുന്നുകളുടെ അനാഥമാക്കപ്പെട്ട സ്വപ്നങ്ങളുമായി ചരിത്രം മുന്നോട്ടുതന്നെ നീങ്ങുകയാണ്.
തിരിച്ചുള്ള യാത്രയിൽ ട്രാഫിക് ബ്ലോക്കുകൾ കുറവായിരിക്കുമെന്നും അതിനാൽ പെട്ടെന്നുതന്നെ എത്തുമെന്നും ഡ്രൈവർ ഇടക്ക് പറയുന്നുണ്ടായിരുന്നു. 'ഇപ്പ ശരിയാക്കിത്തരാം' എന്ന വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പുവിെൻറ ഡയലോഗാണ് ഓർമ വന്നത്. എങ്കിലും വിനയാന്വിതനായ ഈ നിഷ്കളങ്ക സാധുവിനോട് ദയ തോന്നിപ്പോകുന്നു.
പുറത്ത് ലോകം പച്ചത്തഴപ്പിനാൽ സുന്ദരമാണ്. കാറ്റിൽ തലയുയർത്തിനിൽക്കുന്ന ബുദ്ധപ്രതിമകളും വിഹാരങ്ങളുടെ സ്വർണം പൂശിയ മകുടങ്ങളും വിൻറ് ചാൻറുകളുടെ മണിയൊച്ചകളും മനോഹരം തന്നെ...
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.