ചരക്കുവാഹനങ്ങൾ ബുക്ക് ചെയ്യാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം
text_fieldsദുബൈ: എമിറേറ്റിൽ ചരക്കുവാഹനങ്ങൾ എളുപ്പത്തിൽ ബുക്ക് ചെയ്യാനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമിക്കുന്നതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രമുഖ ലോജിസ്റ്റിക് ട്രാൻസ്പോർട്ടേഷൻ സേവന ദാതാക്കളായ ട്രക്കർ ടെക്നോളജീസ് ഡി.എം.സി.സിയുമായി കരാറിൽ ഒപ്പിട്ടു.
വ്യക്തികൾക്കും കമ്പനികൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ആപ്ലിക്കേഷൻ രൂപകൽപന ചെയ്യുന്നതിനാണ് കരാർ. വിവിധ തരം ചരക്കുവാഹനങ്ങൾ, കാർഗോ ട്രക്കുകൾ, ഫർണിച്ചർ ട്രാൻസ്പോർട്ട് വാഹനങ്ങൾ, മറ്റ് വാണിജ്യ ആവശ്യങ്ങൾക്കുള്ള ചരക്കുവാഹനങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ആപ്പിന്റെ പ്രവർത്തനം.
ആർ.ടി.എ ഓഫിസിൽ നടന്ന ചടങ്ങിൽ ആർ.ടി.എ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അബ്ദുല്ല യൂസുഫ് അൽ അലി, ട്രക്കർ ടെക്നോളജീസ് ഡി.എം.സി.സി സ്ഥാപകനും സി.ഇ.ഒയുമായ ഗൗരവ് ബിശ്വാസ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. സേവന ദാതാക്കളെ ഉപഭോക്താക്കളുമായി ബന്ധിപ്പിച്ചുകൊണ്ട് നിലവാരമുള്ള വാണിജ്യ ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അബ്ദുല്ല യൂസുഫ് അൽ അലി പറഞ്ഞു.
ദുബൈയിലെ വ്യക്തികൾക്കും കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അനുയോജ്യമായ വാണിജ്യ വാഹനങ്ങൾ ബുക്ക് ചെയ്യാനും ആർ.ടി.എയിൽ രജിസ്റ്റർ ചെയ്ത സേവന ദാതാക്കളുമായി നേരിട്ട് ബന്ധിപ്പിക്കാനും ആപ്ലിക്കേഷനിലൂടെ കഴിയും.
പൊതു-സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുക എന്ന ആർ.ടി.എയുടെ നയപരമായ ലക്ഷ്യങ്ങളോട് ചേർന്നു നിൽക്കുന്നതാണ് പുതിയ സംരംഭം. ആപ്ലിക്കേഷൻ നിർമിക്കുന്നതിൽ ട്രക്കർ ടെക്നോളജീസ് ഡി.എം.സി.സി കമ്പനിയുമായി കരാർ ഒപ്പിടുന്നതിൽ സന്തോഷമുണ്ടെന്നും സ്വകാര്യ സ്ഥാപനങ്ങളുമായുള്ള സഹകരണം വിപുലീകരിക്കാനാണ് ആർ.ടി.എ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.