കെസ്ബഗ്ഗി, ശൈത്യപ്രദേശത്ത് സാഹസിക യാത്ര നടത്താൻ ഇഷ്ടപ്പെടുന്നവരുടെ പറുദീസ
text_fieldsറഷ്യയുടെ പടിഞ്ഞാറെ അതിർത്തിയിലെ കാക്കസസ് പർവതനിരകൾക്കും അർമീനിയക്കും അസർബൈജാനും ഇടയിലെ ചെറുരാജ്യമാണ് ജോർജിയ. റഷ്യയിലെ വ്ലാദികവാസ് പട്ടണത്തെയും ജോർജിയൻ തലസ്ഥാനമായ തിബിലിസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് ജോർജിയൻ മിലിട്ടറി ഹൈവേ. ചെങ്കുത്തായ കാക്കസസ് പർവതനിരകളുടെ ചരിവിലൂടെയുള്ള ഈ മിലിട്ടറി ഹൈവേ ലോകത്തിലെതന്നെ ഏറ്റവും ദുർഘടമായ റോഡുകളിൽ ഒന്നാണ്. മിലിട്ടറി ഹൈവേയിൽ റഷ്യ അതിർത്തിയിലെ ജോർജിയൻ പർവതഗ്രാമമാണ് കെസ്ബഗ്ഗി.
തലസ്ഥാനമായ തിബിലിസ് പട്ടണത്തിൽനിന്നു മൂന്നു മണിക്കൂർ മിലിട്ടറി ഹൈവേയിലൂടെ സഞ്ചരിച്ചാൽ കെസ്ബെഗ്ഗിയിൽ എത്തിച്ചേരാം. ശൈത്യപ്രദേശത്ത് സാഹസിക യാത്ര നടത്താൻ ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണിത്. തിബിലിസിൽനിന്നു കെസ്ബഗ്ഗി പട്ടണത്തിൽ എത്തുന്നതിന് ബസ് സർവിസ് ലഭ്യമാണ്. പക്ഷേ, കെസ്ബഗ്ഗി മലമുകളിലേക്ക് മറ്റു വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
വണ്ടിയിറങ്ങിയാൽ പരിശീലനം സിദ്ധിച്ച ഡ്രൈവർമാർ ഫോർവീൽ ഡ്രൈവ് വാഹനങ്ങളുമായി നിരനിരയായി യാത്രക്കാരെ കാത്തുനിൽക്കുന്നത് കാണാം. ചെങ്കുത്തായ മലഞ്ചരിവിലൂടെ ഒരുവണ്ടിക്ക് മാത്രം സഞ്ചരിക്കാൻ വീതിയുള്ള മൺവഴിയിലൂടെയാണ് യാത്ര. ഫെബ്രുവരി മാസത്തിലാണ് കുടുംബസമേതം കെസ്ബഗ്ഗി സന്ദർശിച്ചത്.
എപ്പോഴും പുകവലിക്കുന്ന ഒരു ജോർജിയൻ ചെറുപ്പക്കാരനായിരുന്നു മലമുകളിലേക്കുള്ള യാത്രക്ക് ലഭിച്ച ഡ്രൈവർ. കെസ്ബെഗ്ഗി ഗ്രാമത്തിലൂടെയാണ് യാത്ര തുടങ്ങുന്നത്. ചെറിയ വീടുകളും വൃത്തിയുള്ള ഇടുങ്ങിയ ഗലികളും. എവിടെ നോക്കിയാലും മഞ്ഞ നിറത്തിൽ പാചകവാതക ഗ്യാസ് പൈപ്പുകൾ. റഷ്യയിലെ ഗ്യാസ്പ്രോം കമ്പനിയുടെ കേന്ദ്രീകൃത വിതരണ ശൃംഖലയുടെ ഗാർഹിക കണക്ഷനുകളാണ്.
ആൾപ്പാർപ്പുള്ള പ്രദേശം കഴിഞ്ഞാൽ മൺവഴി തുടങ്ങുകയായി. വീതി കുറഞ്ഞ റോഡിലാകെ മഞ്ഞും ചളിയും കൂടിക്കുഴഞ്ഞ് കിടക്കുന്നു. ഒരു വശം അഗാധമായ കൊക്ക, മറുവശത്ത് മലക്ക് ചരിവ് കൂടുതലായതിനാൽ തൊട്ടു മുകളിലുള്ള ഭാഗങ്ങൾ മാത്രമേ കാണാൻ കഴിയൂ. കടന്നുപോകുന്ന വണ്ടിക്കാർ പരസ്പരം അഭിവാദ്യങ്ങൾ കൈമാറുന്നു- വളരെ സൗമ്യപ്രകൃതരാണ് ജോർജിയക്കാർ. അതിഥികളോട് മാന്യമായി പെരുമാറുന്ന പരിഷ്കൃതർ. സ്വകാര്യതയെ മാനിക്കുകയും ഔപചാരികമായി ഇടപെടുകയും ചെയ്യുന്ന സാധാരണക്കാർ.
വളരെ പതുക്കെ വണ്ടി മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. വണ്ടിയിൽ റഷ്യൻ സംഗീതത്തിെൻറ നേർത്ത ശബ്ദം മാത്രം- ആരും ഒന്നും സംസാരിക്കുന്നില്ല. ഈ യാത്ര വേണ്ടായിരുന്നു എന്ന് പറയണമെന്ന് പലവട്ടം തോന്നി. അത് മറ്റുള്ളവരുടെ ഭയം വർധിപ്പിക്കും എന്ന് തോന്നിയതുകൊണ്ട് പറഞ്ഞില്ല. ഇനി എത്ര ദൂരം ബാക്കിയുണ്ട് എന്ന് ചോദിക്കാനോ ഭാഷ വശവുമില്ല.
ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞുകാണും, മലയുടെ മറു ചരിവിലേക്ക് വാഹനം കടന്നു. തൊട്ടടുത്ത് മറ്റൊരു മലമുകളിൽ ഒരു പുരാതന ക്രിസ്ത്യൻ പള്ളി. അവിടേക്ക് വാഹനങ്ങൾ പോകില്ല. വണ്ടി പാർക്ക് ചെയ്തശേഷം തണുപ്പിനെ അവഗണിച്ച് മലകയറി പള്ളി സന്ദർശിക്കാൻ തീരുമാനിച്ചു. ഇന്ത്യക്കാർ ആരെയും കെസ്ബഗ്ഗി യാത്രയിൽ കണ്ടില്ല. അഞ്ഞൂറു വർഷം മുമ്പ് പണിത ഗെർഗെറ്റി പള്ളി. കാക്കസസ് പർവതനിരകളുടെ ഏറ്റവും ഉയർന്ന ഭാഗത്ത് ഒറ്റപ്പെട്ട മലമുകളിൽ ഒരു കൽദേവാലയം. ആകാശത്തിലേക്ക് ഉയർന്നുനിൽക്കുന്ന സ്തൂപംപോലെയുള്ള കമാനം. ദേവാലയത്തോടു ചേർന്ന് സന്യാസിമാർ താമസിക്കുന്ന ആശ്രമം. മലയുടെ മറ്റു മൂന്നു വശങ്ങളിലും കുത്തനെയുള്ള ഗർത്തങ്ങളാണ്. മലമുകളിലെത്തിയാൽ ഭൂമിയുടെ നിറുകയിൽ എത്തിയതുപോലെ തോന്നും. പിന്നെ മുകളിലേക്ക് യാത്രയില്ല.
യാത്ര കഴിഞ്ഞ് കെസ്ബഗ്ഗി ഗ്രാമത്തിലെത്തി ജോർജിയക്കാരുടെ മുഖ്യ ആഹാരമായ കിങ്കാളിയും കഴിച്ച് ഞങ്ങൾ റഷ്യൻ അതിർത്തിയിലേക്ക് തിരിച്ചു. കെസ്ബഗ്ഗി മലഞ്ചരിവിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ചെലവുകുറഞ്ഞ വൃത്തിയുള്ള ഹോട്ടലുകളുണ്ട്. തിബിലിസിെൻറ തിരക്കിൽനിന്നു മാറി തദ്ദേശീയരുടെ ഭക്ഷണവും കഴിച്ച് ശാന്തമായി കഴിയാൻ പറ്റിയ മറ്റൊരിടം വേറെയില്ല. വർഷത്തിലെ ഏതു കാലത്തും ജോർജിയ സന്ദർശിക്കാം. ശൈത്യകാല യാത്ര നടത്തുന്നവർ തണുപ്പ് പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ കരുതുന്നത് നല്ലതാണ്. ഇടത്തരം വരുമാനുള്ളവർക്കും യാത്രാചെലവ് താങ്ങാനാകുന്ന ഒരു യുറേഷ്യ രാജ്യമാണ് ജോർജിയ.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.