'തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത യാത്രയായിരുന്നു അത്'
text_fieldsഓരോ യാത്രയും അനുഭവങ്ങളുടെ ഘോഷയാത്രയാണ്. ഊർജത്തോടെ തിരിച്ചുവരാനുള്ള ഇന്ധനം. കാഴ്ചകൾ കണ്ടാസ്വദിച്ചങ്ങനെ പോവണം. അത് വല്ലാത്തൊരു സന്തോഷമാണ്. യാത്രകൾ നൽകുന്ന ഉന്മേഷവും ഊര്‍ജവും മറ്റൊന്നിനും നൽകാനാവില്ല. ജീവിതത്തിൽ പല മാറ്റങ്ങളും പുതുചിന്തകളും യാത്രകൾ സമ്മാനിക്കാറുണ്ട്. സോളോ ട്രാവലാണ് ഏറെയിഷ്ടം. അങ്ങനെയൊരു മറക്കാനാവാത്ത യാത്രയായിരുന്നു നേപ്പാൾ യാത്ര. അഭിനയത്തില്‍നിന്നും ഇടവേള എടുത്തുള്ളൊരു യാത്ര... ഒറ്റക്ക് എന്നെത്തന്നെ മറന്നുള്ള യാത്ര.സിനിമയില്‍ 20 വര്‍ഷം പിന്നിട്ടപ്പോള്‍ ഒരു ഇടവേള വേണമെന്ന തോന്നലായിരുന്നു യാത്രക്കു പിന്നിൽ. ഒരു പ്ലാനും ഇല്ലാതെ 50 ദിവസം നീണ്ട യാത്ര. അവിടെ എത്തി അതത് സമയം തോന്നുന്നതായിരുന്നു പ്ലാൻ. ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ച യാത്രയെ വർണിക്കാൻ വാക്കുകളില്ല.
യാത്ര പോവണമെന്ന് മനസ്സ് പറഞ്ഞുതുടങ്ങിയപ്പോഴേക്കും ആദ്യം ഓർമവന്നത് നേപ്പാളും ഹിമാലയവും ആയിരുന്നു. ഉടൻതന്നെ കാഠ്മണ്ഡുവിലേക്കു വിമാന ടിക്കറ്റുമെടുത്തു. പിന്നെയൊന്നും ആലോചിക്കാതെ തല മൊട്ടയടിച്ചു. എന്നെ ആർക്കും എളുപ്പം തിരിച്ചറിയാൻ പറ്റില്ലായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ വിമാനത്താവളത്തിനടുത്തുതന്നെ ഫോർ സ്റ്റാർ ഹോട്ടലും ബുക്ക് ചെയ്തു. ഏപ്രിൽ 19നാണ് യാത്ര തുടങ്ങിയത്. തനിച്ചുള്ള നീണ്ട യാത്രയായതിനാൽ വീട്ടുകാർക്ക് ചെറിയ പേടിയായിരുന്നു. പക്ഷേ, എെൻറ കാര്യം ഞാൻ നോക്കുമെന്നുള്ള ഉറപ്പ് അവർക്കുണ്ട്. ബാക്ക് പാക്ക്, ടെൻറ് സ്ലീപിങ് ബാഗ്, കുറച്ച് ഡ്രസ് തുടങ്ങിയവയെടുത്ത് യാത്ര പുറപ്പെട്ടു.
എെൻറ ഇഷ്ടസ്ഥലമാണ് ഹിമാലയം. ഓരോ യാത്രയിലും പുതിയ അനുഭവവും കാഴ്ചയുമാണ് ഹിമാലയം തരുന്നത്. പരിചയക്കാർക്കൊപ്പം യാത്രചെയ്യാൻ എനിക്ക് ഇഷ്ടമില്ല. ആ പരിചയം നമ്മുടെ യാത്രയെ പഴയതാക്കും. അപരിചിതരായവർക്കൊപ്പം സഞ്ചരിക്കുമ്പോഴുള്ള അനുഭവങ്ങൾ വേറെയാണ്. സമുദ്രനിരപ്പില്‍നിന്ന് 75 മുതല്‍ 8800 മീറ്റര്‍ വരെ ഉയരവ്യത്യാസമുള്ള നേപ്പാള്‍ പ്രദേശങ്ങളില്‍ 5000 മീറ്റര്‍ വരെ ഉയരത്തില്‍ ജനവാസമുണ്ട്. നേപ്പാളിെൻറ പ്രത്യേക പ്രകൃതിഭംഗിയും, ഹിന്ദു-ബുദ്ധ മതവിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രങ്ങളും, കാടും മലയും, പുഴയും നദിയും, റാഫ്റ്റിങ്ങും ബങ്കീജംപും പാരാഗ്ലൈഡിങ്ങും ചെറിയ വിമാനത്തിലും ഗ്ലൈഡറിലും മലകള്‍ക്കിടയിലൂടെ പറന്നുനടക്കലും ഭക്ഷണവുമൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ടതുണ്ട്.
കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിലായിരുന്നു ആദ്യ ദിനം. പ്രതീക്ഷിച്ച അത്ര തണുപ്പൊന്നും ഇല്ലാത്ത കാലാവസ്ഥ. പിറ്റേന്ന് ഉറക്കമെഴുന്നേറ്റപ്പോൾ ഇനിയെന്ത് എന്നുള്ള ചോദ്യത്തിന് മനസ്സിൽപോലും മറുപടി ഇല്ലായിരുന്നു. ഹോട്ടലിെൻറ കണ്ണാടിക്കുള്ളിലൂടെ നോക്കുമ്പോൾ നേപ്പാളിെൻറ ദൂരഭാഗങ്ങൾ കാണാം. രസകരമായ കാഴ്ച. പ്രകൃതിയുടെ മടിയിൽ തലചായ്ച്ചുള്ള ഉറക്കം മിസ് ചെയ്തു എന്നത് വല്ലാതെ കുറ്റബോധമുണ്ടാക്കി.
ഇനി യാത്രക്കിടെ സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കരുത്. എ.സി തണുപ്പ് എവിടെയും അനുഭവിക്കാലോ? പ്രകൃതിസൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഗ്രാമത്തോട് ഇണങ്ങണം, ഉറക്കമായാലും യാത്രയായാലും... പിന്നെയൊന്നും ആലോചിക്കാതെ തെരുവിലൂടെ നടന്ന് കാഴ്ചകൾ ആസ്വദിച്ചു. രാത്രിയോടെ താമസത്തിനായി ഹോസ്റ്റൽ കണ്ടുപിടിച്ചു. ജീവിതത്തിൽ ആദ്യമായി യാത്രക്കിടെ ഹോസ്റ്റലിൽ കിടന്നു ഞാൻ. ഒരാൾക്ക് സുഖമായി കിടന്നുറങ്ങാവുന്ന സ്പേസ്, ചാർജർ, വൃത്തിയുള്ള ടോയ്ലെറ്റ്... നിരവധി ആളുകളെയാണ് അവിടെവെച്ച് പരിചയപ്പെട്ടത്.
പിറ്റേന്ന് പശുപതി നാഥ് ടെമ്പ്ൾ, ബുദ്ധിസ്റ്റ് ടെമ്പ്ൾ എന്നിവിടങ്ങളിൽ പോയി. നേപ്പാളിലെ വളരെ പഴക്കമേറിയതും പ്രസിദ്ധവുമായ ക്ഷേത്രമാണ് പശുപതി നാഥ് ക്ഷേത്രം. കാഠ്മണ്ഡുവില്‍ ബാഗമതിയുടെ തീരത്താണ് ക്ഷേത്രം.അടുത്തദിവസം യാത്ര പൊഖ്റയിലേക്കാണ്. കാഠ്മണ്ഡുവില്‍നിന്ന് ഇരുനൂറിലധികം കിലോമീറ്റര്‍ അകലെ യുള്ള ഈ കൊച്ചുപട്ടണത്തില്‍ ടൂറിസ്റ്റുകളുടെ പ്രവാഹമാണ്. ബസിൽ എട്ടൊമ്പത് മണിക്കൂറോളം യാത്രയുണ്ട്. ഹിമാലയത്തിെൻറ പര്‍വതനിരകള്‍ പൊഖ്റയില്‍ എവിടെ നിന്നുനോക്കിയാലും കാണാം. ചുറ്റിലും മനോഹരമായ കാഴ്ചകൾ.
നാനാഭാഗങ്ങളിലും കുന്നുകളും പുല്‍മേടുകളും പാര്‍ക്കുകളും. സുഹൃത്തിെൻറ സുഹൃത്തായ രാജി കാലങ്ങളായി ഇവിടെയുണ്ട്. അവരാണ് എനിക്ക് ഫേവ തടാകത്തിനു സമീപം താമസസൗകര്യം ഏർപ്പാടാക്കിയത്. പൊഖ്റ പട്ടണത്തിന് തെക്കു ഭാഗത്തായി സാരംഗ്കോട്ട്, കാസ്കികോട്ട് മലനിരകളോട് ചേർന്ന് സ്ഥിതിചെയ്യുന്ന നേപ്പാളിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലതടാകമാണ് ഫേവ തടാകം. രണ്ടാഴ്ചയോളം ഇവിടെയായിരുന്നു താമസം. ധാരാളം മീന്‍ ലഭിക്കുന്ന തടാകമാണിത്. തടാകത്തിെൻറ ഒരു ഭാഗത്ത് ദ്വീപായി 'ബാറാവി മന്ദിറും' മറുവശത്ത് താഴെ അന്നപൂര്‍ണ പര്വതമേഖലയും തലയുയര്ത്തിനില്ക്കുന്നു. ഇവിടെവെച്ച് നിരവധി ആർട്ടിസ്റ്റുകൾ, പാട്ടുകാർ, ബോഡി ആർട്ട് ചെയ്യുന്നവർ, ജിംനാസ്റ്റികൾ, യോഗാ അധ്യാപകർ തുടങ്ങിയവരെ മീറ്റ് ചെയ്തു. ഗ്രാമത്തിലെ ഒരു വീട്ടിലെ മുറിയിലായിരുന്നു എെൻറ താമസം. വാടക നൂറ്റമ്പതു രൂപമാത്രം, നല്ല ഭക്ഷണവും.
ഇവിടത്തെ പാരാഗ്ലൈഡിങ് മറ്റൊരു ആകർഷണമാണ്. മഞ്ഞുമലകൾ, താഴെ പൊട്ടുപോലെ നദിയും മരങ്ങളും, ദൂരെ മലനിരകൾ... പ്രകൃതിഭംഗികൾ കൺകുളിർക്കെ ആസ്വദിച്ച് ശുദ്ധവായുവാൽ നിറഞ്ഞ ഈറൻതണുപ്പിെൻറ അന്തരീക്ഷത്തിലെ യാത്ര വല്ലാത്തൊരു അനുഭൂതിയായിരുന്നു. തണുത്ത കാറ്റിെൻറ അകമ്പടിയിൽ ഒരു തൂവൽപോലെ പാറിപ്പറക്കുന്ന അനുഭവം. സൂര്യോദയം കാണാന്‍ സാരംഗോട് കുന്നിന്മുകളിലൊന്നു കയറാതെ സന്ദര്‍ശകര്‍ പൊഖ്റയോട് യാത്രപറയില്ല.
ഇനി ഭുജൂങ് വില്ലേജിലേക്കാണ്. ജീപ്പിെൻറ മുകളിൽ ഇരുന്ന് നല്ല തണുത്ത കാറ്റും കാഴ്ചയും ആസ്വദിച്ചുള്ള യാത്ര. യാത്രയിലുടനീളം പറഞ്ഞറിയിക്കാത്ത വിഷ്വൽ ട്രീറ്റായിരുന്നു. പോകുംതോറും ഹിമാലയം അങ്ങനെ തൂവെള്ള വസ്ത്രത്തിൽ പൊതിഞ്ഞ് മുന്നിലേക്ക് തെളിഞ്ഞുവരുന്നുണ്ടായിരുന്നു. ചെറു റോഡുകൾക്കിരുവശവും അരുവികളും പുഴകളും കാടുകളും നിറഞ്ഞ കാഴ്ചയുടെ വസന്തം...
നേപ്പാളിലെ പഴയ വില്ലേജുകളിലൊന്നാണ് ഭുജൂങ്. വീടുകളെല്ലാം തട്ടുതട്ടുകളായാണ് സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിന് നടുക്ക് മനോഹരമായ ആംഫി തിയറ്ററുണ്ട്. നെറ്റ്വർക്ക് കവറേജ് ഒഴികെ പുതിയ ടെക്നോളജികളൊന്നും ഇവിടേക്ക് എത്തിച്ചേർന്നിട്ടില്ല. എല്ലാ വഴികളും സ്ഥലവും ഒരേപോലെ ഇരിക്കുന്നതിനാൽ ഗ്രാമത്തിൽനിന്ന് തനിച്ച് പുറത്തിറങ്ങിയാൽ വഴിതെറ്റാനുള്ള സാധ്യത ഏറെയായിരുന്നു. അവിടെ ബുദ്ധ പൂർണിമ ഫെസ്റ്റിവലിൽ പങ്കെടുക്കാനായത് മറ്റൊരു അനുഭവമായിരുന്നു. ബുദ്ധമതക്കാരുടെ ഏറ്റവും വലിയ ഫെസ്റ്റിവലാണ് ബുദ്ധപൂർണിമ.
ഇനിയാണ് യാത്രയിലെ മറ്റൊരു കിടിലൻ അനുഭവത്തിലേക്ക് യാത്ര തിരിക്കുന്നത്. കാട്ടിലൂടെയുള്ള ട്രക്കിങ്ങിനുശേഷം ബീ ഹണ്ടിങ് ആണ് ലക്ഷ്യം. അവിടെ പരമ്പരാഗതമായി വർഷത്തിൽ ഒന്നോ രണ്ടോ തവണ നടക്കുന്നതാണ് ബീ ഹണ്ടിങ് അല്ലെങ്കിൽ ഹണീ ഹണ്ടിങ്. വിദേശികളും സ്വദേശികളുമായ ഞങ്ങൾ അഞ്ചുപേരായിരുന്നു ടീമിനൊപ്പം ചേർന്നത്. മണിക്കൂറുകളോളം കാട്ടിലൂടെ കുന്നും മലയും അരുവികളും പുഴയും കടന്ന് സാഹസിക ട്രക്കിങ്. 80 വയസ്സുള്ള ഗുരുവാണ് സംഘത്തിെൻറ തലവന്‍.
വെളുപ്പിന് ട്രക്കിങ് ആരംഭിച്ചു. പോകുന്ന വഴിയിലേ ചെടികളിൽ പലതും ഗുരു പറിച്ച് ബാഗിലിടുന്നുണ്ടായിരുന്നു. അതൊക്കെ ഭക്ഷണത്തിനൊപ്പമുള്ള സാലഡാണെന്ന് പിന്നീടാണ് മനസ്സിലായത്. രാവിലെയെന്നോ ഉച്ചയെന്നോ ഇല്ലാത്ത യാത്ര... എവിടേം എത്തുന്നില്ല... എന്നെക്കൊണ്ടു പറ്റുമോ എന്ന പേടി മനസ്സിനെ അലട്ടിയെങ്കിലും കാട്ടിലെ ശാന്തതയും ഏകാന്തതയും എന്നെ വശീകരിച്ചുതുടങ്ങിയിരുന്നു. അന്നു രാത്രി കുത്തനെയുള്ള പാറയുടെ മടക്കിലാണ് കഴിച്ചുകൂട്ടിയത്.
രാത്രി ശക്തമായ മഴ പെയ്തെങ്കിലും ഒരു തുള്ളിപോലും അകത്തേക്ക് എത്തിയില്ല. ചോറും ദാലുമായിരുന്നു രാത്രി ഭക്ഷണം. നമ്മൾ ഒരിക്കലും കഴിക്കാത്ത കൂട്ടുകറികൾ, സാലഡ്, അച്ചാർ... അങ്ങനെ വ്യത്യസ്ത രുചികൾ. മഴക്കോട്ട്, മഞ്ഞിനെ പ്രതിരോധിക്കാൻ, ഉറങ്ങാൻ, വസ്ത്രം, പുതപ്പ് തുടങ്ങി എല്ലാത്തിനും അവർ ഉപയോഗിക്കുന്നത് യാക് സ്കിന്നായിരുന്നു. ഞാനും രാജിയും എെൻറ ടെൻറിൽ കിടന്നു. ഗുരുവും സംഘവും വെറും മണ്ണിൽ യാക് സ്കിൻ പുതച്ചും കിടന്നു. പ്രകൃതിയുടെ മടിത്തട്ടിൽ തലചായ്ച്ചുള്ള ഉറക്കം.
പിറ്റേന്ന് രാവിലെ അവിടെ വ്യത്യസ്ത ചടങ്ങുണ്ടായിരുന്നു. അതിനുശേഷമാണ് യാത്ര ആരംഭിച്ചത്. വീണ്ടും കുറച്ചുകൂടി യാത്ര ചെയ്താണ് ഹണ്ടിങ് സ്ഥലത്തെത്തിയത്. പ്രകൃതിക്ക് ഇണങ്ങുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് ഹണ്ടിങ്. പോഷകഗുണമേറെയുള്ള നേപ്പാളിലെ തേന്‍ ലോകപ്രശസ്തമാണ്.
വഴിയിൽനിന്ന് ശേഖരിച്ച ഒരു തരം പുല്ല് കത്തിച്ചാണ് ബീ ഹണ്ടിങ് ആരംഭിക്കുന്നത്. അതിനുമുമ്പ് കയർ ഗോവണിയിട്ട് തേനെടുക്കാനുള്ള വഴിയൊരുക്കും. തീ പുകച്ച് തേനീച്ചകളെ ഇളക്കിവിടും. തേനീച്ചകളെ പ്രകോപിപ്പിക്കാതെ തേൻ എടുക്കാൻ വിദഗ്ധരാണ് ഇവർ. നേപ്പാളിലെ ഹണി ഹണ്ടേഴ്സിലെ അവസാന ജനറേഷനായിരുന്നു അവർ. കയർഗോവണിയിൽ കയറി കമ്പ് വെച്ച് തേൻകൂട് ഇളക്കും. തേൻകൂടിെൻറ ഒരുഭാഗം മുറിച്ച് താഴേ സ്ഥാപിച്ച കൊട്ടയിലേക്ക് തേൻ ഒഴുക്കിവിടും. ഫ്രഷ് തേൻ 'ചൂടോടെ' ആദ്യമായാണ് രുചിയോടെ കുടിച്ചത്.
ഹണ്ടിങ്ങിനുശേഷം രാത്രി പാറമടക്കിൽ തങ്ങി. തൊട്ടടുത്ത പുഴയിൽനിന്ന് പിടിച്ച തവള കറിയായിരുന്നു രാത്രി. തവളക്കൊപ്പം തേൻകൂടിൽ (തേൻകൂട് എടുത്ത് പിറ്റേന്ന് രാവിലെ വരെ അടച്ചുവെക്കും. ശേഷം അത് പിഴിഞ്ഞ് തേങ്ങാപ്പാൽപോലുള്ള പാല് ലഭിക്കും) നിന്ന് ലഭിച്ച പാലും ചേർത്താണ് കറി വെക്കുന്നത്. ഭയങ്കര രുചിയായിരുന്നു. ഒരു തവളയെ കറിവെച്ചു കഴിച്ചാൽ ആ വർഷം മുഴുവൻ അസുഖം വരില്ലെന്നാണ് ഗുരു പറഞ്ഞത്.
അടുത്തതായിരുന്നു എെൻറ സ്വപ്നയാത്ര. ലോകത്തെ ഏറ്റവും വിസ്മയിപ്പിക്കുന്ന ട്രക്കിങ്ങുകളിലൊന്നായ അന്നപൂർണ സർക്യൂട്ട് ട്രക്കിങ്. ഹിമാലയത്തിലെ കൊടുമുടിയാണ് അന്നപൂർണ. ഉയരം (8052 മീ.) ലോകത്തിലെ കൊടുമുടികളിൽ പതിനൊന്നാം സ്ഥാനമാണ് അന്നപൂർണക്ക്. പൊഖ്റ താഴ്വരക്ക് അഭിമുഖമായി നിലകൊള്ളുന്ന ഈ കൂറ്റൻ ഗിരിശൃംഗത്തെ തദ്ദേശീയർ 'വിളവുകളുടെ ദേവി'യായാണ് സങ്കൽപിക്കുന്നത്. അന്നപൂർണ പർവതനിരയുടെ ചരിവുകളിലൂടെ സഞ്ചരിക്കുന്ന ജനപ്രിയ ഹൈക്കിങ് റൂട്ടാണിത്. 200 കിലോമീറ്ററാണ് നീളം. ബെസാഹാർ ഗ്രാമത്തിലാണ് തുടക്കം.
14 ദിവസമാണ് ട്രക്കിങ്. ട്രക്കിങ്ങിനിടയിൽ വില്ലേജ് ടു വില്ലേജ് സ്റ്റേയാണ്. 6-8 മണിക്കൂറാണ് ഒരു ദിവസത്തെ ട്രക്കിങ്. ആദ്യ ദിവസം ചാമയിലായിരുന്നു താമസം. പിറ്റേന്ന് പിസാങ്ങിലെത്തി. ഉയരം കൂടുന്നതിനാൽ ശ്വാസം എടുക്കാൻ പ്രയാസം അനുഭവപ്പെട്ടുതുടങ്ങിയിരുന്നു.
പിറ്റേന്ന് ബ്രാക്കയിലേക്ക് യാത്ര തുടങ്ങി. ഇതുവരെ കാണാത്ത ചെടികൾ, മരം, ജീവികൾ... സ്നോകാപ്പ് മൗണ്ടെൻറ അടുത്തായിരുന്നു താമസം. ചുറ്റും മനോഹര കാഴ്ചകൾ. ശരിക്കും സ്വർഗീയ അനുഭൂതി. പിറ്റേന്ന് മനാംഗിലേക്കായിരുന്നു യാത്ര. അവിടെ മുതൽ മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനമില്ല. യാത്രക്ക് വേണമെങ്കിൽ കുതിര, കഴുത എന്നിവയെ ആശ്രയിക്കാം. പതിയെ ഹിമപാളികൾ മഞ്ഞുപുതച്ച സുന്ദര കാഴ്ച കൺമുന്നിൽ തെളിഞ്ഞുവരുന്നു. മനാംഗ് പ്രദേശത്തെ ഗംഗപൂർണ, അന്നപൂർണ 3 എന്നീ ഹിമാനികളുടെ കാഴ്ച അതിമനോഹരമാണ്. അവിടെയുള്ള ബുദ്ധിസ്റ്റ് മൊണാസ്ട്രിയിൽ പോയി സ്വസ്ഥമായി ഇരുന്ന് പതിനഞ്ചു മിനിറ്റോളം പൊട്ടിക്കരഞ്ഞു, പക്ഷേ എന്തിനാണ് കരഞ്ഞതെന്ന് ഇതുവരെ എനിക്കറിയില്ലായിരുന്നു. മനസ്സിൽനിന്ന് എന്തോ ഒഴിഞ്ഞുപോയ അനുഭവം...
മനാംഗിൽനിന്ന് മുകളിലേക്കുള്ള യാത്ര ദുർഘടമായിരുന്നു. അടുത്തത് ലോവർ ബേസ് ക്യാമ്പാണ്. ഉയരം കൂടുന്തോറും ശ്വാസമെടുക്കാനുള്ള പ്രയാസം അലട്ടിയിരുന്നു. ഹിമാലയത്തിൽ മാത്രം ലഭിക്കുന്ന സീ ബക്ക്തോൺ ജ്യൂസ് (ഒരുതരം പഴം) കുടിച്ചായിരുന്നു യാത്ര. ഭയങ്കര എനർജി നൽകുന്ന ജ്യൂസ്. ക്ഷീണം, തലവേദന, അസ്വസ്ഥത... എല്ലാത്തിനും ഒറ്റമൂലിയായിരുന്നു ജ്യൂസ്.
5416 അടി ഉയരത്തിലുള്ള സ്ഥലമായതിനാൽ അപകടസാധ്യത ഏറെയാണ്. ഇവിടെവെച്ച് നിരവധിയാളുകളാണ് ശാരീരിക അസ്വസ്ഥതകളാൽ മരിച്ചത്. വെള്ളപുതച്ച ആ മലകൾക്ക് അഭിമുഖമായി ഇരുന്ന് മിനിറ്റുകളോളം പ്രാർഥിച്ചു. ഇനി മടങ്ങാം... ഞാൻ സ്വർഗം കണ്ടിരിക്കുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.