37 ദിവസം, 14 സംസ്ഥാനം, മൂന്ന് കേന്ദ്രഭരണ പ്രദേശം... മഹീന്ദ്ര താറിൽ നാൽവർ സംഘം നടത്തിയ ഇന്ത‍്യ ടൂറിന്‍റെ വിശേഷങ്ങൾ
text_fieldsവിവിധ സംസ്ഥാനങ്ങളിലൂടെ ലഡാക്ക് വരെ യാത്ര ചെയ്ത് തിരികെ വരിക എന്ന സ്വപ്നം യാഥാർഥ‍്യമാകാൻ പോകുന്നെന്ന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല, സുഹൃത്ത് അഫ്ഷാനുമായി സംസാരിക്കുന്നതുവരെ.
കാറുകളോടും ഡ്രൈവിങ്ങിനോടും അതിയായ താൽപര്യമുള്ള കെ.ടി. അഫ്ഷാനാണ് യാത്ര സ്വന്തം വാഹനത്തിലാക്കാമെന്ന ചിന്ത പങ്കുവെച്ചത്.
ഇന്ത്യൻ നിരത്തുകളിലൂടെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നു എന്നത് അപ്പോഴും എനിക്ക് ഉൾക്കൊള്ളാനായിരുന്നില്ല. ‘നമ്മൾ എന്തായാലും പോയിരിക്കും’ എന്ന ഉറപ്പുമായി ഞങ്ങളുടെ പതിവ് സൊറ പറച്ചിലിലേക്ക് പി. ശംസുദ്ദീനും കെ.പി. ഷഹ്മിലും കയറിവന്നതോടെ സ്വപ്നം യാഥാർഥ‍്യമാവുകയായിരുന്നു.
ഒരു വർഷത്തോളം നീണ്ട തയാറെടുപ്പുകൾക്കൊടുവിൽ മഹീന്ദ്ര താറിൽ യാത്ര പുറപ്പെടാൻ തീരുമാനിച്ചു. ‘വണ്ടിപ്രാന്ത’നായ അഫ്ഷാൻ കൂടെയുള്ളതിനാൽ ആരു ഡ്രൈവ് ചെയ്യും എന്നതിൽ ഒരു സംസാരത്തിനുപോലും സ്കോപ്പുണ്ടായിരുന്നില്ല.
കഴിഞ്ഞ മേയിൽ മധ‍്യവേനലവധിക്കാലത്ത് നാലുപേരെയും വഹിച്ച് ആ നാലുചക്ര വാഹനം കോഴിക്കോട്ടുനിന്ന് മംഗളൂരു ലക്ഷ‍്യമാക്കി നീങ്ങിത്തുടങ്ങി.
സമ്മർ സീസണിൽ ഡൽഹിയിലും രാജസ്ഥാനിലും ചൂടുകാലമാണെങ്കിലും കശ്മീരിലൂടെ റോഡ് യാത്രയുടെ സൗകര്യം പരിഗണിച്ചാണ് മേയ് തിരഞ്ഞെടുത്തത്.
അപകട ദിനത്തിലെ മുംബൈ
മംഗളൂരുവിൽ താമസിച്ച് പിറ്റേദിവസം രാവിലെതന്നെ ഗോവ ലക്ഷ‍്യമാക്കി ഞങ്ങളെയും കൊണ്ട് താർ കുതിച്ചുപാഞ്ഞു. ഗോവയിലെത്തിയപ്പോൾ എല്ലാവരും ക്ഷീണിച്ചിരുന്നു. അൽപം വിശ്രമിച്ച് ബീച്ചുകൾ കാണാനിറങ്ങി.
ഗോവ-മുംബൈ യാത്രക്കിടെ നടന്നുപോകുന്ന മലയാളി ചെറുപ്പക്കാരനെക്കണ്ട് ഞങ്ങൾ വാഹനം നിർത്തി. അയാൾ മലപ്പുറം തിരൂരിൽനിന്ന് സൗദിയിലെ മക്കയിലേക്കുള്ള യാത്രയിലാണ് എന്നാണ് പറഞ്ഞത്.
മുംബൈയിലെത്തി താജ് ഹോട്ടൽ, ഗേറ്റ് വേ ഓഫ് ഇന്ത‍്യ, ഹാജി അലി ദർഗ എന്നീ ചരിത്രപ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. മുംബൈ നഗരത്തിൽ വലിയ ഫ്ലക്സ് ബോർഡ് വീണ് 12 പേർ മരിച്ച ദിവസമായിരുന്നു അന്ന്. നഗരവാസികൾക്കൊപ്പം ഞങ്ങളെയും ദുഃഖത്തിലാഴ്ത്തി ആ സംഭവം.
പിന്നീടുള്ള യാത്ര മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ ഗുജറാത്തിലേക്കായിരുന്നു. സബർമതി ആശ്രമത്തിലെത്തി മഹാത്മാവിന്‍റെ ഓർമകൾക്കുമുന്നിൽ പ്രണാമം അർപ്പിച്ചു.
അഹ്മദാബാദിലെ സിദി സയ്യിദ് മസ്ജിദും ജമാമസ്ജിദും സന്ദർശിച്ച് പ്രാർഥന നടത്തി. യാത്രക്കിടെ ‘ഓൾ ഇന്ത‍്യ ഗുരുദ്വാര യാത്ര’യുമായി കാറിൽ തനിച്ചിറങ്ങിയ സിദ്ധാർഥ് സിങ് റാംപാലിനെ പരിചയപ്പെട്ടു. ഒരു വർഷത്തോളം നീളുന്ന അദ്ദേഹത്തിന്‍റെ യാത്രയിൽ കേരളവും ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.
കൊടും ചൂടിലെ രാജസ്ഥാൻ
രാജസ്ഥാനായിരുന്നു അടുത്ത ലക്ഷ‍്യം. ഉഷ്ണകാലാവസ്ഥയാണ് വരവേറ്റത്. അത് വകവെക്കാതെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനിറങ്ങി. എന്നാൽ, കടുത്ത ചൂടിനെതുടർന്ന് എട്ടുദിവസത്തെ രാജസ്ഥാൻ സന്ദർശനം ആറാക്കി ചുരുക്കി. ചൂടുമൂലം ഭക്ഷണം ശരീരത്തിൽ പിടിക്കാതെയായി. ഉദയ്പൂരിൽ ഒരുദിവസം ഞങ്ങളെ റൂമിൽതന്നെ പിടിച്ചിരുത്താൻ പോന്നതായിരുന്നു ഉഷ്ണം.
യാത്ര വളരെ കുറച്ച് പകൽ ഒമ്പത് മുതൽ മൂന്നുവരെ പുറത്തിറങ്ങാതെ റൂമിൽ നിൽക്കുകയും വൈകുന്നേരം മാത്രം പുറത്തിറങ്ങുകയുമാണ് ചെയ്തത്. 52 ഡിഗ്രി സെൽഷ‍്യസ് വരെ താപനിലയുള്ള ദിവസമുണ്ടായിരുന്നു. യാത്രാ ദിവസങ്ങൾ വെട്ടിച്ചുരുക്കിയെങ്കിലും ഉദയ്പൂർ പാലസ്, അജ്മീർ ദർഗ, ജയ്പൂർ, ആംബർ പാലസ്, ജൽ മഹൽ, ഹവാ മഹൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ മിസ്സാക്കിയില്ല.
വിശപ്പറിഞ്ഞ എക്സ്പ്രസ് ഹൈവേ
ജയ്സാൽമീർ കഴിഞ്ഞ് ബലോട്രയിൽനിന്ന് ജാംനഗർ-അമൃത് സർ എക്സ് പ്രസ് ഹൈവേയിലേക്ക്. പഞ്ചാബിലെത്താൻ ഈ പാതയിലൂടെ 450 കിലോമീറ്റർ യാത്ര ചെയ്യണം.
അതിനിടെയാണ് ഓഡോ മീറ്ററിലേക്ക് ശ്രദ്ധിച്ചത്. അധികദൂരം സഞ്ചരിക്കാനുള്ള ഇന്ധനം വാഹനത്തിലില്ല. കുറേദൂരം സഞ്ചരിച്ചിട്ടും ഒരു പെട്രോൾ ബങ്ക് പോലും കണ്ടില്ല. ഹൈവേയിൽനിന്ന് ഇറങ്ങി ഗ്രാമീണ റോഡിലൂടെ 11 കിലോമീറ്ററോളം സഞ്ചരിച്ചപ്പോഴാണ് പെട്രോൾ ബങ്ക് കണ്ടുകിട്ടിയത്.
ഡീസലടിച്ച് തിരികെ ഹൈവേയിൽ പ്രവേശിച്ചപ്പോഴേക്കും എല്ലാവർക്കും വിശന്നു തുടങ്ങിയിരുന്നു. പാതയോരത്ത് ഹോട്ടലോ തട്ടുകടയോ ഒന്നുമില്ല. മണിക്കൂറുകളുടെ യാത്രക്കൊടുവിൽ പഞ്ചാബിലെ ഭടിൻഡയിലെത്തിയപ്പോൾ ആദ്യം കണ്ട ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.
പഞ്ചാബിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ എല്ലാവരും നേരത്തേ കണ്ടിട്ടുള്ളതിനാൽ നേരെ ജമ്മുവിലേക്ക് വെച്ചുപിടിച്ചു.
വിസ്മയവും ഭീതിയും നിറച്ച കശ്മീർ
ഭൂമിയിലെ സ്വർഗത്തിലേക്കുള്ള യാത്ര സംഭവബഹുലമായിരുന്നു. ‘സ്വർഗ’മാണെങ്കിലും കശ്മീർ ഇടക്ക് ഞങ്ങളെ ഭയപ്പെടുത്തി. ആദ്യത്തെ രണ്ടുദിവസം താമസിച്ചത് ഹോട്ടലിലാണ്. എന്‍റെ കൂടെ യൂനിവേഴ്സിറ്റിയിൽ സീനിയറായി പഠിച്ച സുഹൈൽ എന്ന കശ്മീരിയുടെ വീട്ടിലാണ് പിന്നീടുള്ള മൂന്ന് ദിവസം താമസിച്ചത്.
അവരുടെ ആതിഥേയത്വം ഞങ്ങളെ അത്ഭുതപ്പെടുത്തി. സുഹൈൽ ഭായിയുടെ ഉപ്പ, അനിയൻ, സഹോദരി, അയൽവാസികൾ, കുടുംബക്കാർ എല്ലാവരും ഞങ്ങളെ നന്നായി സൽക്കരിച്ചു. കശ്മീരിലെ ഒരുവിധം എല്ലാ വിഭവങ്ങളും ഞങ്ങൾക്ക് ഉണ്ടാക്കിത്തന്ന് വയറും മനസ്സും നിറച്ചു. ഷോപ്പിയാൻ, അഹർബൽ വെള്ളച്ചാട്ടം, ചന്ദൻവാരി, ഗുരസ് വാലി, വൂളാർ ലേക്ക് തുടങ്ങി അധികമാരും കടന്നുവരാത്ത പ്രദേശങ്ങൾ സുഹൈൽ ഭായിയുടെ വീട്ടുകാർക്കൊപ്പം സന്ദർശിച്ചു.
സുഹൈൽ ഭായിയോടും കുടുംബത്തോടുമുള്ള കടപ്പാട് വാക്കുകളിൽ ഒതുക്കാനാവില്ല. വീണ്ടും വരാമെന്നുപറഞ്ഞ് ആ കുടുംബത്തോട് യാത്ര ചോദിച്ചു.
നുബ്ര വാലിയിൽനിന്ന് പാങ്ങോങ് ലേക്കിന്‍റെ അടുത്ത പട്ടണമായ ദുർബുക്കിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. മോശം കാലാവസ്ഥ. യാത്ര മലയിടിച്ചിൽ ഭീഷണിയുള്ള റോഡിലൂടെയും. ഒരുഭാഗത്ത് കുത്തനെയുള്ള മലയും മറുഭാഗത്ത് വലിയ കൊക്കയും നദിയും.
പെട്ടെന്നാണ് രണ്ട് കാറിനേക്കാൾ വലുപ്പമുള്ള കൂറ്റൻ പാറകൾ മലയിൽനിന്ന് ഉരുണ്ടുവന്ന് കൊക്കയിലേക്ക് പതിച്ചത്. ജീവൻ മരവിച്ച നിമിഷം! ഞങ്ങളുടെ ജീപ്പ് കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു ആ വീഴ്ച. രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരിഞ്ഞുനോക്കുമ്പോൾ ശക്തമായ മലയിടിച്ചിൽ! മരണത്തെ മുഖാമുഖം കണ്ട ഞങ്ങൾ വേഗത്തിൽ ജീപ്പ് ഓടിച്ചുപോയി.
സാധാരണ നുബ്ര വാലിയിൽനിന്ന് പങ്ങോങ് ലേക്കിലേക്ക് പോകാൻ ആദ്യം ദുർബുക്കിലെത്തണം. എന്നാൽ, മലയിടിഞ്ഞതിനാൽ കൽസാർ വഴി ദുർബുക്കിലേക്കുള്ള റോഡ് താൽക്കാലികമായി അടച്ചിട്ടുണ്ടായിരുന്നു. ആർമി ക്യാമ്പിൽ കയറി വഴിചോദിച്ചു.
താൽക്കാലികമായി നിർമിച്ച പാലം വഴി കയറിയിട്ട് കാണുന്ന റോഡിലൂടെ പോയാൽ മതിയെന്ന് ആർമിക്കാർ പറഞ്ഞു. മൊബൈൽ നെറ്റ്‌വർക്ക് ലഭ‍്യമല്ലായിരുന്നു. ഗൂഗ്ൾ മാപ്പിൽ റോഡ് കാണാനുമില്ല. പുതിയ റോഡായതിനാൽ അധികം വാഹനങ്ങളുമില്ല. റോഡ് മുഴുവൻ കല്ലുകൾ.
വാഹനം പോയ രണ്ട് അടയാളമല്ലാതെ റോഡ് എന്നുപോലും പറയാനാവാത്ത അവസ്ഥ. പേടിപ്പെടുത്തിയ നാലു മണിക്കൂർ യാത്രക്കൊടുവിലാണ് ദുർബുക്കിലെത്തിയത്.
അങ്ങനെ പാങ്ങോങ് ലേക്കും സന്ദർശിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത പാതയായ 19,024 അടി ഉയരത്തിലുള്ള ഉമിങ് ലാ പാസ് കീഴടക്കുക എന്ന ലക്ഷ‍്യവുമായി ലഡാക്ക് അതിർത്തിയിലെ ഹാൻലെയിലേക്ക്. ഉമിങ് ലാ പാസിന് 900 അടി താഴെ ഫോട്ടിലയിലെത്തിയപ്പോൾ ഓക്സിജനില്ലാത്തിനാൽ വാഹനം മുന്നോട്ടുപോകാനാവാത്ത അവസ്ഥ. അതിനുപുറമെ പ്രതികൂല കാലാവസ്ഥയും. അതോടെ ഉമിങ് ലാ പാസ് എന്ന ലക്ഷ‍്യം ഉപേക്ഷിച്ചു.
താഴ്വരയിറക്കം
ഉമിങ് ലാ പാസിൽ പോകാനാവാതെ ഹാൻലെയിലേക്ക് തിരിച്ചിറങ്ങി. പുഗ വാലി, അടൽ ടണൽ വഴി മണാലിയിലേക്ക്. അവിടെ തിരക്കായതിനാലും എല്ലാവരും ക്ഷീണിതരായതിനാലും നേരെ ഡൽഹിയിലേക്ക്. ദിവസങ്ങൾ ഡ്രൈവ് ചെയ്ത് അഫ്ഷാൻ ക്ഷീണിച്ചതിനാൽ ഞാൻ ഡ്രൈവിങ് സീറ്റിലേക്ക് കയറിയിരുന്നു. സ്ട്രീറ്റ് ഫുഡും മറ്റും കഴിച്ച് ഹൈദരാബാദിലേക്ക് തിരിച്ചു.
ചാർമിനാറും മക്ക മസ്ജിദും സന്ദർശിച്ചു. ഹൈദരാബാദ് ബിരിയാണിയും കഴിച്ച് ബംഗളൂരുവിലേക്ക്. ബംഗളൂരുവിലെത്തി മുറിയെടുത്ത് താമസിച്ച് രാവിലെ എഴുന്നേറ്റ് സ്വന്തം നാടായ കോഴിക്കോട്ടേക്ക്. ജീവിതത്തോട് തന്നെയുള്ള കാഴ്ചപ്പാടുകൾ പൊളിച്ചെഴുതിയ പുതിയ മനുഷ‍്യരായാണ് ഞങ്ങൾ നാലുപേരും നാടും വീടുമണഞ്ഞത്.
സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച കശ്മീരികൾ
മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി സ്നേഹത്തോടെയും സഹാനുഭൂതിയോടെയും പെരുമാറിയത് കശ്മീരിലെ നിഷ്കളങ്കരായ ഗ്രാമീണരാണ്. ടൂറിസ്റ്റുകൾ അധികം പോകാത്ത മനോഹര ഗ്രാമങ്ങൾ, താഴ്വരകൾ എന്നിവിടങ്ങളിലേക്ക് അവർ ഞങ്ങളെയും കൊണ്ടുപോയി.
ഞങ്ങളുടെ പക്കലുള്ള പഞ്ചർ കിറ്റ് ഉപയോഗിച്ച് പഞ്ചർ അടച്ചുകൊടുത്ത വാഹനത്തിന്‍റെ ഉടമ വീട്ടിലേക്ക് ക്ഷണിക്കുകയും ഒരുദിവസം താമസിക്കാൻ നിർബന്ധിക്കുകയും ചെയ്തു. സമയമില്ലാത്തതിനാൽ അദ്ദേഹത്തിന്‍റെ ക്ഷണം സ്നേഹപൂർവം നിരസിച്ചു. മറ്റൊരു കടക്കാരൻ മലയാളികളാണ് എന്നറിഞ്ഞപ്പോൾ വീട്ടിലേക്കുവരാനും ഭക്ഷണം കഴിക്കാനും നിർബന്ധിച്ചു.
അദ്ദേഹത്തോടും സമയമില്ലെന്ന് പറഞ്ഞപ്പോൾ ഒരു കൂട നിറയെ പഴങ്ങളും കൂടയിലൊതുങ്ങാത്ത സ്നേഹവും നൽകി ഞങ്ങളെ യാത്രയാക്കി. അങ്ങനെ സ്നേഹം വിളമ്പി സൽക്കരിച്ച അനേകം മനുഷ‍്യർ.
യാത്രാ ചെലവ് രണ്ടര ലക്ഷം
പ്ലാൻ ചെയ്തതിൽനിന്ന് രണ്ടുദിവസം അധികമെടുത്ത് 37 ദിവസം കൊണ്ടാണ് 14 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും യാത്ര ചെയ്തത്. മൊത്തത്തിൽ രണ്ടര ലക്ഷത്തോളം രൂപ ചെലവായി.
അതിൽ വാഹന സർവിസിങ്ങിന് 50,000 രൂപയും തയാറെടുപ്പുകൾക്ക് 20,000 രൂപയും താമസം, ഭക്ഷണം, വാഹന ഇന്ധനം, അറ്റകുറ്റപ്പണി തുടങ്ങിയവക്ക് 1.80 ലക്ഷവും ചെലവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.