ചുമരുകൾ കഥ പറയും ബിജാപുർ
text_fieldsമംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് 18 മണിക്കൂറിലധികം യാത്രയുണ്ട് ബിജാപുരിലേക്ക് (വിജയപുര). കിലോമീറ്ററുകളോളം നീളുന്ന പശ്ചിമഘട്ടത്തിന്റെ ഹൃദയത്തിലൂടെയുള്ള ട്രെയിൻ യാത്ര സുഖമുള്ള അനുഭവംതന്നെ. ഇടക്കിടക്ക് ചെറുതും വലുതുമായ തുരങ്കങ്ങൾ. ട്രെയിൻ മുന്നോട്ടു കുതിക്കുമ്പോൾ നിർത്താതെ പെയ്യുന്ന ചാറ്റൽ മഴ. ദൂരെ പച്ച വിരിച്ച മലനിരകളും അതിനു മുന്നിൽ കാണുന്ന വലിയ ഗർത്തങ്ങളും പശ്ചിമഘട്ടത്തിന്റെ വ്യാപ്തി വിളിച്ചോതുന്നു. ഇടക്കിടെ കോടമഞ്ഞും.
ചരിത്രം ഉണരുന്ന ബിജാപുർ
തുടർച്ചയായി അവധി ദിനങ്ങൾ വന്നപ്പോൾ സഹയാത്രക്കാരനായ ഫർമീസാണ് കർണാടകയിലെ ബിജാപുർ നിർദേശിച്ചത്. പതിനാറാം നൂറ്റാണ്ടിൽ ഡെക്കാൻ പ്രവിശ്യയിലെ പ്രബല രാജവംശമായ ആദിൽ ഷാ സുൽത്താനേറ്റിന്റെ ചരിത്രം പറയുന്ന നിരവധി സ്മാരകങ്ങളും ശേഷിപ്പുകളും തന്നെയാണ് ബിജാപുരിനെ പ്രസക്തമാക്കുന്നത്. കനപ്പെട്ട ചരിത്രം പേറുന്ന ഒരു പ്രദേശം. നിരവധി വിസ്മയകരമായ നിർമിതികൾ. എന്നിട്ടും ബിജാപുർ യാത്രികർക്കിടയിൽ കാര്യമായി സ്വീകരിക്കപ്പെട്ടിട്ടില്ല.
ബിജാപുർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറത്തേക്കിറങ്ങിയാൽ അങ്ങകലെ വലിയൊരു താഴികക്കുടമാണ് ആദ്യം നമ്മുടെ കണ്ണിൽപെടുന്നത്. ഒറ്റനോട്ടത്തിൽതന്നെ കാഴ്ചക്കാരനെ അമ്പരപ്പിക്കുന്ന ആ മിനാരം ഒരു കാലഘട്ടത്തിന്റെ പ്രൗഢിയുടെ പ്രതീകമായി നിൽക്കുന്നുണ്ട്.
ഗോൽ ഗുംബസ് എന്നറിയപ്പെടുന്ന ആ മന്ദിരത്തിന്റെ വിശേഷങ്ങൾ വഴിയേ പറയാം. റെയിൽവേ സ്റ്റേഷനിൽനിന്ന് ഒരു ഓട്ടോ വിളിച്ച് നേരെ പോയത് റൂമിലേക്കാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളും വൃത്തിഹീനമായ പരിസരങ്ങളും പൈതൃക നഗരങ്ങളോടുള്ള അവഗണനയാണ് പ്രകടമാക്കുന്നത്.
പതിനാറാം നൂറ്റാണ്ടിലെ ജാമിഅ മസ്ജിദ്
ബിജാപുരിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണ് ജാമിഅ മസ്ജിദ്. ഇൻഡോ ഇസ്‍ലാമിക് വാസ്തുവിദ്യയിൽ നിർമിക്കപ്പെട്ട മസ്ജിദ് ഭോപാലിലെ താജുൽ മസ്‌ജിദും ഡൽഹി ജമാ മസ്‌ജിദും കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ പള്ളിയാണ്. ആദിൽഷാ രാജവംശത്തിലെ അഞ്ചാമത് സുൽത്താൻ അലി ആദിൽഷാ ഒന്നാമനാണ് ഈ പള്ളി 1565ൽ പണിതത്.
തളിക്കോട്ട യുദ്ധത്തിൽ വിജയനഗര സാമ്രാജ്യത്തിന്മേലുള്ള വിജയത്തിന്റെ സ്മാരകമായിട്ടായിരുന്നു ഈ മസ്ജിദിന്‍റെ നിർമാണം. പള്ളിയുടെ മിഹ്റാബിൽ സ്വർണത്തിൽ ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഇരുവശങ്ങളിലും നിരവധി കമാനങ്ങളടങ്ങിയ കെട്ടിടങ്ങൾക്ക് നടുവിലാണ് വലിയ താഴികക്കുടമുള്ള പ്രധാന കെട്ടിടം. വിശാലമായ നടുമുറ്റവും നടുത്തളത്തിൽ ഒരു കുളവും കാണാം. മൂന്ന് ഭാഗങ്ങളിൽ കവാടങ്ങളും ഉൾക്കൊള്ളുന്നതാണ് ജാമിഅ സമുച്ചയം.
കിഴക്കൻ പ്രവേശന കവാടം മുഗൾ ഭരണാധികാരി ഔറംഗസീബാണ് നിർമിച്ചത്. ഡെക്കാൻ സുൽത്താനേറ്റിന്റെ സ്മാരകങ്ങളും കോട്ടകളും എന്ന പേരിൽ 2014ൽ ലോക പൈതൃക സൈറ്റായി മാറ്റുന്നതിനായി യുനെസ്കോയുടെ ‘താൽക്കാലിക പട്ടിക’യിൽ ഉൾപ്പെടുത്തിയ കെട്ടിടങ്ങളിലൊന്നാണ് ജാമിഅ മസ്ജിദ്. ആർക്കിയോളജി വകുപ്പിന്‍റെ കീഴിലുള്ള പള്ളിയിൽ ഇപ്പോഴും നമസ്കാരം നടക്കുന്നുണ്ട്.
കറുത്ത താജ്മഹൽ എന്ന ഇബ്രാഹിം റൗസ
ആരുടെയും മനം കവരുന്ന ദൃശ്യചാരുതയുണ്ട് ഇബ്രാഹിം റൗസക്ക്. പരസ്പരം അഭിമുഖമായി നിൽക്കുന്ന രണ്ട് സമുച്ചയങ്ങൾ ഹൈദരാബാദിലെ ചാർമിനാറിനെ ഓർമിപ്പിക്കും. സുൽത്താൻ ഇബ്രാഹിം ആദിൽ ഷാ രണ്ടാമൻ തന്റെ രാജ്ഞിയായ താജ് സുൽത്താനക്കുവേണ്ടി നിർമിച്ച മഖ്ബറയാണ് ഇബ്രാഹിം റൗസ. പിന്നീട് ഇബ്രാഹിം ആദിൽ ഷാ രണ്ടാമനെയും ഇവിടെത്തന്നെ അടക്കം ചെയ്തു.
പേർഷ്യൻ വാസ്തുശിൽപിയായ മാലിക് സാൻഡൽ രൂപകൽപന ചെയ്ത ഇബ്രാഹിം റൗസ 1627ലാണ് നിർമാണം പൂർത്തിയാവുന്നത്. വിശാലമായ ഉദ്യാനത്തിനു നടുവിലൂടെയുള്ള നീണ്ട നടപ്പാത നമ്മെ പ്രവേശന കവാടത്തിലേക്കെത്തിക്കും. മനോഹരമായ കൊത്തുപണികളും ഗോപുരങ്ങളുംകൊണ്ട് സമ്പന്നമായ മൂന്ന് കെട്ടിട സമുച്ചയങ്ങളാണിത്. െഡക്കാൻ താജ്, ബ്ലാക്ക് താജ് എന്നും ഇതിനെ വിളിക്കാറുണ്ട്.
താജ്മഹലിന്റെ നിര്‍മാണത്തില്‍ ഇബ്രാഹിം റൗസയുടെ സാമ്യം പ്രകടമാണ്. പള്ളിയെ അഭിമുഖീകരിച്ച് പള്ളിയുടെ അതേ മാതൃകയിൽ മഖ്ബറ. രണ്ടിനും മധ്യത്തിലായി ഒരു അലങ്കാര കുളമുണ്ട്. ഗോളാകൃതിയിലുള്ള താഴികക്കുടങ്ങളുടെ അകത്ത് ഖുര്‍ആൻ വചനങ്ങളും പേര്‍ഷ്യന്‍ കവിതകളും ചേർത്ത കാലിഗ്രഫി കൊത്തിവെച്ചിട്ടുണ്ട്.
മനോഹരമായ മിനാരങ്ങൾ ഓരോ കെട്ടിടത്തിന്‍റെയും കോണുകളിലുണ്ട്. രണ്ടു കെട്ടിടങ്ങൾക്കു ചുറ്റും കോട്ടമതിൽ പോലെ ചെറിയ ആർച്ചുകളുള്ള ചുറ്റുമതിലും വലിയ കവാടവും പച്ചവിരിച്ച ഉദ്യാനവും ഇമ്പമുള്ള കാഴ്ചയാണ്.
വിസ്പറിങ് ഗാലറി വിസ്മയം
കെട്ടിടത്തിന്റെ നാലു വശത്തായി വാതിലുകളും സുഷിരങ്ങളുമുള്ള നാലു മിനാരങ്ങൾ കാണാം. മിനാരങ്ങളുടെ അകത്ത് കോണിപ്പടിയുണ്ട്. ഒരാൾക്കു മാത്രം കടന്നുപോകാവുന്ന കോണിപ്പടിയിലൂടെ ഏഴു നിലകൾ കയറിയാൽ ഡോമിന്‍റെ ഉൾവശത്തുള്ള വിസ്പറിങ് ഗാലറിയിലെത്താം.
ഗോൽ ഗുംബസിന്‍റെ മറ്റൊരു ആകർഷണം ഈ ഗാലറിയാണ്. താഴികക്കുടത്തിന്റെ ഭിത്തിയോടു ചേർന്ന് നേർത്ത ശബ്ദത്തിൽ പറയുന്നത് നേരെ എതിർവശത്തുള്ള ഭിത്തിയിൽ ചെവിയോർത്താൽ വ്യക്തമായി കേൾക്കാം. വിസ്പറിങ് ഗാലറിയുടെ ഈ ടെക്നിക് മനസ്സിലാക്കാത്ത സന്ദർശകർ ഉച്ചത്തിൽ കൂവിയും ചൂളമടിച്ചും അതിന്റെ പ്രതിധ്വനികൾ കേട്ട് സായൂജ്യമടയുന്നു. അതുകൊണ്ടുതന്നെ കെട്ടിടത്തിനുള്ളിൽ എപ്പോഴും ബഹളമയമാണ്.
തൂണില്ലാത്ത താഴികക്കുടം
നടുവിൽ ഒരു തൂണിന്റെ പോലും പിൻബലമില്ലാതെ 144 അടി വ്യാസമുള്ള ഈ താഴികക്കുടത്തിന്റെ നിൽപുതന്നെ പ്രാചീന നിർമാണകലയുടെ മഹത്ത്വം വിളിച്ചുപറയുന്നു. വിസ്പറിങ് ഗാലറിയുടെ പുറത്ത് കെട്ടിടത്തിന്‍റെ മുകളിലൂടെ നടക്കാനാവും. ബിജാപുർ നഗരത്തിന്‍റെ ആകാശക്കാഴ്ചയും ഇവിടെ നിന്നാൽ സാധ്യമാവും. ഗോൽ ഗുംബസിനോട് ചേർന്ന് മനോഹരമായ പള്ളിയുണ്ട്. മുഹമ്മദ് ആദിൽ ഷാ, പത്നിമാരായ താജ് ജഹാൻ ബീഗം, അരൂസ് ബീബി, മക്കൾ, ചെറുമകൻ എന്നിവരെ ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്.
ചരിത്രത്തിലെ ബിജാപുർ
പതിനഞ്ചാം നൂറ്റാണ്ടില്‍ ഡെക്കാന്‍ പീഠഭൂമിയില്‍ ഉദയംകൊണ്ട അഞ്ചു രാജവംശങ്ങളിലൊന്നാണ് ആദിൽ ഷാ രാജവംശം. ഗുല്‍ബര്‍ഗയിലും ബിദാറിലും അധികാരത്തിലുണ്ടായിരുന്ന ബാഹ്മനി രാജവംശത്തിന്റെ ശക്തിക്ഷയത്തോടെയാണ് ബിജാപുരില്‍ ആദിൽ ഷാ രാജവംശം അധികാരവഴിയിലെത്തുന്നത്. 1490ല്‍ യൂസുഫ് ആദില്‍ ഷാ ആണ് ബിജാപുര്‍ എന്ന സ്വതന്ത്രനഗരം നിര്‍മിക്കുന്നത്.
കൊട്ടാരങ്ങൾ, കമാനങ്ങൾ, ജലസംഭരണികൾ, മിനാരങ്ങള്‍, ചെറുമിനാരങ്ങൾ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ചരിത്രനിർമിതികളുടെയും കാഴ്ചകളുടെയും പറുദീസയാണ് ബിജാപുർ. മാലിക് ഇ മൈദാനിലെ പീരങ്കിയും രാജദർബാറായിരുന്ന ഗഗൻ മഹലും വെണ്ണക്കൽ കൊത്തുപണികൾകൊണ്ട് സമ്പന്നമായ താഴികക്കുടങ്ങളുള്ള മിഹ്താറെ മഹലുമെല്ലാം സഞ്ചാരികള്‍ക്ക് കൗതുകം പകരുന്നു.
എങ്ങനെ എത്താം?
മംഗളൂരു ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് ഉച്ചക്കുശേഷം 2.50ന് യാത്ര തുടങ്ങുന്ന ബിജാപുർ എക്സ്പ്രസ് (07378) പിറ്റേന്ന് രാവിലെ 9.30ന് ബിജാപുരിൽ എത്തും. ബിജാപുർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഒരു കിലോമീറ്റർ ദൂരമാണ് ഗോൽ ഗുംബസിലേക്ക്. രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ജാമിഅ മസ്ജിദിലെത്താം.
ബിജാപുരിലെ കാഴ്ചകളെല്ലാം നഗരത്തിലെ നാലു കിലോമീറ്റർ ചുറ്റളവിലാണ്. യാത്രക്ക് ഓട്ടോറിക്ഷയോ ടാക്സിയോ ലഭിക്കും. താമസത്തിനായി 700 രൂപ മുതൽ ഹോട്ടൽ റൂമുകൾ ലഭ്യമാണ്. 300 രൂപ മുതൽ ഡോർമിറ്ററികൾ, ലോഡ്ജുകൾ എന്നിവയും ഇവിടെയുണ്ട്.
വിസ്മയം തീർത്ത് ഗോൽ ഗുംബസ്
ആദിൽ ഷാ രാജവംശത്തിലെ ഏഴാമത്തെ സുൽത്താൻ മുഹമ്മദ് ആദിൽ ഷാ നിർമിച്ച മഖ്ബറയാണ് ഗോൽ ഗുംബസ്. കാഴ്ചക്കാരെ ഒരേസമയം വിസ്മയിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ഏഴുനില കെട്ടിടം. ക്യൂബ് ആകൃതിയിലെ കെട്ടിടത്തിന്‍റെ മുകളിലെ കൂറ്റൻ താഴികക്കുടമാണ് പ്രധാന ആകർഷണം.
വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സിനുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ താഴികക്കുടമാണിത്. സമുച്ചയത്തിലേക്ക് പ്രവേശിക്കുമ്പോൾ ചതുരാകൃതിയിലുള്ള ഇരുനില കെട്ടിടം കാണാം. നഖർ ഖാന എന്നറിയപ്പെടുന്ന ഈ കെട്ടിടത്തിനു പിന്നിൽ മറഞ്ഞിരിക്കുകയാണ് ഗോൽ ഗുംബസ്. അകലെനിന്ന് നോക്കിയാൽ ഗോൽ ഗുംബസിന്റെ താഴികക്കുടം മാത്രമേ കാണൂ. നഖർ ഖാനയിപ്പോൾ ആർക്കിയോളജിക്കൽ മ്യൂസിയമാണ്. എ.ഡി അഞ്ചാം നൂറ്റാണ്ടു മുതൽ ഡെക്കാൻ ഭരിച്ചിരുന്ന വിവിധ രാജവംശങ്ങളുടെ ചരിത്രവും ശേഷിപ്പുകളും ഈ മ്യൂസിയത്തിൽ കാണാം.
(എഴുത്തും ചിത്രങ്ങളും: പി.എം. സജീദ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.