യാത്രക്കിടെ ബ്രേക്ക് നഷ്ടപ്പെട്ടാൽ ഇക്കാര്യങ്ങൾ ചെയ്യരുത്...
text_fieldsയാത്രക്കിടയിൽ വാഹനം നിന്നുപോകുന്ന അവസ്ഥ പലപ്പോഴും സഡൻ ബ്രേക്കായാകും കടന്നുവരുക. ഇതോടെ യാത്രതന്നെ നിശ്ചലമാകും. ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ പദ്ധതികൾ തകിടംമറിയും. കുടുംബവും കുട്ടികളും ഒപ്പമുണ്ടെങ്കിൽ മനഃസമാധാനവും നഷ്ടപ്പെടും. പലവിധ കാരണങ്ങളാൽ വാഹനം കേടായി വഴിയിൽ കുടുങ്ങാൻ സാധ്യതയുണ്ട്. കൃത്യമായ മുൻകരുതൽ എടുത്താൽ ഒരു പരിധിവരെ ബ്രേക്ക്ഡൗണിൽനിന്ന് രക്ഷപ്പെടാം.
യാത്രക്കുമുമ്പേ ഒരുങ്ങുക
വാഹനം കൃത്യമായ ഇടവേളകളിൽ സർവിസ് ചെയ്യുകയാണ് പ്രധാനമായും വേണ്ടത്. ദീർഘദൂര യാത്ര പോവുകയാണെങ്കിൽ സർവിസ് സെന്‍ററിൽ പോയി പരിശോധിപ്പിക്കുക. യാത്ര തുടങ്ങുംമുമ്പ് എൻജിൻ ഓയിൽ, റേഡിയേറ്റർ കൂളന്‍റ്, ബ്രേക്ക് ഫ്ലൂയിഡ് എന്നിവയെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തുക. ലൈറ്റുകളുടെ പ്രവർത്തനവും സ്പെയർ അടക്കമുള്ള എല്ലാ ടയറിലും മതിയായ കാറ്റും ഉറപ്പാക്കുക. പഞ്ചർ കിറ്റ്, പോർട്ടബ്ൾ എയർപമ്പ്, ടൂൾസ്, ജമ്പർ കേബ്ൾ, റിഫ്ലക്ടിവ് ട്രയാങ്കിള്‍, വാഹനം കെട്ടിവലിക്കാനുള്ള കയർ, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ കരുതുന്നത് നന്നാകും.
പ്രധാന സർവിസ് സെന്‍ററുകളുടെ നമ്പറും എമർജൻസി നമ്പറുകളും ഫോണിൽ സൂക്ഷിക്കുക. ഇന്ധനം എപ്പോഴും ടാങ്കിന്‍റെ പകുതിയെങ്കിലും നിലനിർത്തണം. ദീർഘദൂരയാത്രയിലെല്ലാം എണ്ണയടിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ധനം തീർന്ന് വഴിയിൽ കിടക്കാൻ സാധ്യതയുണ്ട്. ചാവി നഷ്ടപ്പെട്ട് യാത്ര പാതിവഴിയിൽ മുറിയാതിരിക്കാൻ ഡ്യൂപ്ലിക്കേറ്റ് ചാവിയും സൂക്ഷിക്കുക.
സുരക്ഷ മുഖ്യം
യാത്രക്കിടയിൽ വാഹനത്തിന് വല്ല പ്രശ്നവും അനുഭവപ്പെട്ടാൽ ഉടൻ നിർത്തുക. ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററിൽ പ്രത്യക്ഷപ്പെടുന്ന മുന്നറിയിപ്പ് ചിഹ്നങ്ങൾ അവഗണിക്കരുത്. റോഡിന് നടുവിലാണ് വണ്ടി നിന്നതെങ്കിൽ ഉടനടി തള്ളി അരികിലേക്ക് മാറ്റിയിടണം.
അല്ലാത്തപക്ഷം അപകടങ്ങൾക്ക് കാരണമായേക്കാം. തുടർന്ന് ഹസാർഡ് ലൈറ്റ് ഓണാക്കുക. മറ്റുള്ള ഡ്രൈവര്‍മാരുടെ ശ്രദ്ധ പതിയാൻ വാഹനത്തിനു പിറകിൽ റോഡിലായി റിഫ്ലക്ടിവ് ട്രയാങ്കിള്‍ സ്ഥാപിക്കണം. സുരക്ഷ മുന്‍നിര്‍ത്തി വാഹനത്തില്‍നിന്ന് ഉടനടി ആളുകള്‍ പുറത്തേക്കിറങ്ങുക. എന്തു സംഭവിച്ചാലും മനോധൈര്യം കൈവിടാതിരിക്കുക. കൂടെയുള്ളവർക്കും ആത്മവിശ്വാസം നൽകാൻ ശ്രമിക്കുക.
സ്വയം നന്നാക്കാനാകാത്ത പ്രശ്നമാണെങ്കിൽ അടുത്തുള്ള സർവിസ് സെന്‍ററിനെ സമീപിക്കണം. മൊബൈൽ മെക്കാനിക്കൽ സർവിസ് ലഭ്യമാക്കുന്ന ആപ്പുകളും ഇപ്പോൾ ധാരാളമുണ്ട്. മൊബൈൽ ഫോണിൽ ലൊക്കേഷൻ ഓണാക്കിയാൽ സമീപത്ത് ഏതെല്ലാം മെക്കാനിക്കുകളുണ്ടെന്ന് അറിയാൻ കഴിയും. ഇവരെ വിളിച്ച് സർവിസ് ആവശ്യപ്പെടാം.
റോഡ് സൈഡ് അസിസ്റ്റന്‍റ്
മിക്ക വാഹന കമ്പനികളും റോഡ് സൈഡ് അസിസ്റ്റന്‍റ് (ആർ.എസ്.എ) നൽകുന്നുണ്ട്. ബ്രേക്ക്ഡൗണാവുകയോ അപകടത്തിൽപെടുകയോ ചെയ്താൽ, വിവരം അറിയിക്കുന്നതിന് അനുസരിച്ച് അടുത്തുള്ള അംഗീകൃത സർവിസ് സെന്‍ററിൽനിന്ന് ആളെത്തും. വാഹനത്തിന് ചെറിയ പ്രശ്നമേ ഉള്ളൂവെങ്കിൽ ഉടനടി നന്നാക്കിത്തരും.
അല്ലാത്തപക്ഷം സർവിസ് സെന്‍ററിലേക്ക് കൊണ്ടുപോകും. പഞ്ചറായ ടയർ നന്നാക്കുക, ബാറ്ററി ചാർജ് തീർന്നാൽ പരിഹരിക്കാനുള്ള ജംപ് സ്റ്റാർട്ടിങ്, ചാവി നഷ്ടപ്പെടുകയോ കേടുവരുകയോ ചെയ്താൽ അതിനുള്ള പരിഹാരം എന്നിവയും ഈ പാക്കേജുകളിൽ ലഭ്യമാണ്. ഇന്ധനം ഇല്ലെങ്കിൽ അതും എത്തിച്ചുതരും.
വണ്ടി സർവിസ് സെന്‍ററിലേക്ക് മാറ്റുകയാണെങ്കിൽ, യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാനുള്ള വാഹനം സൗജന്യമായി പല കമ്പനികളും വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്‍റെ വാറന്റിയോടൊപ്പംതന്നെ ആർ.എസ്.എ സംവിധാനം ലഭ്യമാകാറുണ്ട്. അല്ലാത്തപക്ഷം പ്രത്യേകം പ്രീമിയം അടച്ച് ഈ സേവനം ഉപയോഗപ്പെടുത്താം. ആർ.എസ്.എ എമർജൻസി നമ്പറുകളും അതുമായി ബന്ധപ്പെട്ട രേഖകളും വാഹനത്തിലും ഫോണിലും സൂക്ഷിക്കുക.
പൊടിക്കൈകൾ അറിയണം
വാഹനത്തിന് ചെറിയ പ്രശ്നമാണ് ഉള്ളതെങ്കിൽ താൽക്കാലികമായി നമുക്കുതന്നെ നന്നാക്കാൻ സാധിക്കും. ഉദാഹരണത്തിന്, വണ്ടി സ്റ്റാർട്ടാകുന്നില്ലെങ്കിൽ ചിലപ്പോൾ ബാറ്ററിയുടെ പ്രശ്നമായിരിക്കും. ബാറ്ററി ഘടിപ്പിച്ച ഭാഗത്തെ വയറുകൾ ഇളകിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ബാറ്ററി ചാർജ് കഴിഞ്ഞിട്ടുണ്ടെങ്കിൽ ജംപ് സ്റ്റാർട്ടിങ് സംവിധാനം ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യാം. മറ്റൊരു വാഹനത്തിന്‍റെ ബാറ്ററി, ജംപർ കേബ്ൾ ഉപയോഗിച്ച് ചാർജില്ലാത്ത ബാറ്ററിയുമായി ബന്ധിപ്പിച്ച് സ്റ്റാർട്ടാക്കുന്ന രീതിയാണിത്. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണിത്.
ജംപ് സ്റ്റാർട്ടിങ് രീതി സാധ്യമല്ലെങ്കിൽ, മാന്വൽ ഗിയറുള്ള വാഹനം തള്ളി സ്റ്റാർട്ടാക്കാൻ സാധിക്കും. ഇതിനായി ആദ്യം ചാവി ഓണിലേക്ക് തിരിക്കുക. തുടർന്ന് ഗിയർ സെക്കൻഡിലേക്ക് മാറ്റിയശേഷം ക്ലച്ച് ചവിട്ടുക.
വണ്ടി തള്ളി മുന്നോട്ടുപോകാൻ തുടങ്ങിയശേഷം ക്ലച്ചിൽനിന്ന് കാലെടുക്കുക. വണ്ടി സ്റ്റാർട്ടാകുന്നത് കാണാം. മറ്റൊരു നിർവാഹവും ഇല്ലെങ്കിൽ മാത്രമേ തള്ളി സ്റ്റാർട്ട് ചെയ്യാൻ പാടുള്ളൂ. ഇങ്ങനെ പലതവണ ചെയ്താൽ പാർട്സുകൾക്ക് തകരാർ സംഭവിക്കാൻ സാധ്യതയുണ്ട്.
യാത്രക്കിടയിൽ സ്ഥിരമായി വരുന്ന പ്രശ്നമാണ് ടയർ പഞ്ചറാകൽ. വാഹനം ഓടിക്കാൻ പഠിക്കുന്നതുപോലെ തന്നെ അറിഞ്ഞിരിക്കേണ്ട കാര്യമാണ് ടയർ മാറ്റാനും. ഇനി ഇതിന് ബുദ്ധിമുട്ടാണെങ്കിൽ പഞ്ചർകിറ്റ് ഉപയോഗിച്ച് ടയർ ശരിയാക്കുക. തുടർന്ന് വാഹനത്തിൽ ഘടിപ്പിക്കാവുന്ന എയർപമ്പ് ഉപയോഗിച്ച് വായു നിറക്കാം.
ബ്രേക്ക് നഷ്ടപ്പെട്ടാൽ
യാത്രക്കിടെ ബ്രേക്ക് നഷ്ടപ്പെട്ടാൽ ആദ്യംതന്നെ ആക്സിലറേറ്ററിൽനിന്ന് കാലെടുക്കുക. ബ്രേക്ക് പെഡൽ കാലുകൊണ്ട് ഏതാനും സെക്കൻഡുകൾ നന്നായി പമ്പ് ചെയ്യുക. എന്നിട്ടും ശരിയായില്ലെങ്കിൽ വാഹനം താഴ്ന്ന ഗിയറുകളിലേക്കു മാറ്റി സ്പീഡ് കുറച്ചുകൊണ്ടുവരുക.
ഇതിനിടയിൽ ഹസാർഡ് ലൈറ്റിടാനും റോഡിന്‍റെ അരികിലേക്ക് മാറ്റാനും ശ്രമിക്കുക. വേഗം നന്നായി കുറഞ്ഞാൽ പതിയെ ഹാൻഡ് ബ്രേക്കിട്ട് നിർത്തുക. ഓടുന്നതിനിടെ എൻജിൻ ഓഫാക്കുകയോ ഗിയർ ന്യൂട്രലിലേക്ക് ഇടുകയോ ചെയ്യരുത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.