40 ദിവസംകൊണ്ട് 1120 കിലോമീറ്റർ; ദക്ഷിണ ധ്രുവം താണ്ടി ഹർപ്രീത് ചാന്ദി
text_fieldsകൊടും മഞ്ഞിലൂടെ 40ദിവസം കൊണ്ട് 1120 കിലോമീറ്റർ താണ്ടാൻ പറ്റുമോ സക്കീർ ബായിക്ക്? എന്നാൽ ഹർപ്രീതിന് കഴിയും. മരം കോച്ചുന്ന തണുപ്പിലും തളരാതെ ഒറ്റയ്ക്ക് 700 മൈലുകൾ 40 ദിവസം കൊണ്ട് താണ്ടി ചരിത്രം കുറിച്ചിരിക്കുകയാണ് ബ്രിട്ടീഷുകാരിയായ സിഖ് വനിത ഹർപ്രീത് ചാന്ദി.
പ്രീത് എന്നറിയപ്പെടുന്ന ഹർപ്രീത് ബ്രിട്ടീഷ് ആർമിയുടെ ക്ലിനിക്കൽ ട്രെയിനിംഗ് ഓഫീസറാണ്. അധികമാരും കടന്നുചെല്ലാത്ത ദക്ഷിണധ്രുവത്തിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത, 'വുമൺ ഓഫ് കളർ' എന്ന പേരും നേടിയെടുത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണവർ.ദക്ഷിണധ്രുവത്തിലേക്ക് 1120 കിലോമീറ്റർ പിന്നിട്ട ശേഷമാണ് പ്രീത് പര്യവേഷണം പൂർത്തിയാക്കിയത്. മൈനസ് 50 ഡിഗ്രി സെൽഷ്യസും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റും വകവയ്ക്കാതെയായിരുന്നു പ്രീതിന്‍റെ യാത്ര.
'എല്ലാവർക്കും ഹലോ'
'ഇപ്പോൾ യാത്രയുടെ നാൽപ്പതാം ദിവസം മഞ്ഞ് പെയ്യുന്ന ദക്ഷിണ ധ്രുവത്തിലാണ് ഞാൻ. ഇപ്പോൾ എന്ത് വികാരമാണ് എന്നിൽ പൊതിയുന്നതെന്ന് അറിയില്ല. മൂന്ന് വർഷം മുമ്പ് എനിക്ക് ധ്രുവങ്ങളെ കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു. ഒടുവിൽ ഇവിടെയെത്തിയത് അവിശ്വസനീയമായാണ് തോന്നുന്നത്. ഈ യാത്ര വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. ആളുകളെ അവരുടെ അതിരുകൾ മറികടക്കാനും അവരിൽ തന്നെ വിശ്വസിക്കാനും പ്രചോദിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു. ആഗ്രഹിക്കുന്ന എന്തിനും നിങ്ങൾ പ്രാപ്തരാണ്. എവിടെ തുടങ്ങുന്നു എന്നതിൽ കാര്യമില്ല. എല്ലാം എവിടെ നിന്നെങ്കിലും ആരംഭിക്കണം. തടസം നിൽക്കുന്നതെല്ലാം പൊട്ടിച്ചെറിയാനാണ് ശീലിക്കേണ്ടത്' -ഹർപ്രീത് സമൂഹമാധ്യമത്തിൽ കുറിച്ചു.
യാത്രയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാൻ പ്രീത് മറന്നിരുന്നില്ല. പോളാർ പ്രീത് എന്ന ഇൻസ്റ്റാഗ്രാം ഐഡിയിലൂടെയായിരുന്നു താൻ ചരിത്രം കീഴടക്കിയ നിമിഷം പ്രീത് തന്റെ ഫോള്ളോവേഴ്‌സിനായി പങ്ക് വെച്ചത്. ദക്ഷിണധ്രുവത്തിൽ നിൽക്കുമ്പോൾ ഒരുപാട് വികാരങ്ങൾ കടന്നുപോകുന്നുവെന്നാണ് അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. പിന്തുണച്ച എല്ലാവർക്കും അവർ നന്ദിയും പറഞ്ഞു. നിരവധിപേർ ഹർപ്രീതിന് ആശംസകൾ നേർന്നും രംഗത്ത് എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.