തൊലിയിലും നിറത്തിലുമെന്തുണ്ട്? പ്രചോദനമായി മഞ്ജുവിെൻറ മോഡലിങ്
text_fieldsകൊച്ചി: കുട്ടിയായിരിക്കെ തൊലിപ്പുറത്തെ പ്രത്യേക നിറത്തിെൻറ പേരിൽ കളിയാക്കലുകൾക്കും മാറ്റിനിർത്തലുകൾക്കും മഞ്ജു കുട്ടികൃഷ്ണൻ ഇരയായിയിരുന്നു. അപകർഷത ബോധത്തിെൻറയും ഉൾവലിയലിെൻറയും ദിനരാത്രങ്ങളിലൂടെ ഏറക്കാലം കടന്നുപോയ മഞ്ജു ഇന്ന് ഒരൊറ്റ മോഡലിങ്ങിലൂടെ ഇത്തരം ദുരനുഭവങ്ങൾ നേരിടുന്നവർക്ക് പ്രചോദനമായി.
വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ (ല്യൂകോഡെർമ) എന്ന ശാരീരികാവസ്ഥയുള്ള ഇവർ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജസീന കടവിലിെൻറ കാറ്റലിസ്റ്റ് സ്കോളർ എന്ന സംരംഭത്തിലൂടെയാണ് ബാഹ്യസൗന്ദര്യത്തിനപ്പുറമുള്ള മനോഹാരിതയിൽ നിറയുന്നത്. 'ദേശാഭിമാനി' കൊച്ചി യൂനിറ്റ് സീനിയർ സബ് എഡിറ്ററായ മഞ്ജു, ല്യൂകോഡെർമ ബാധിച്ചവർക്ക് ആത്മവിശ്വാസവും പ്രചോദനവും പകരുക എന്ന ലക്ഷ്യത്തോടെയാണ് കാമറക്കുമുന്നിൽ ചിരിവിടർത്തിയത്. കുഞ്ഞുനാൾമുതൽ നേരിട്ട പരിഹാസങ്ങളും അച്ഛൻ തന്നിലുണർത്തി വലുതാക്കിയ ആത്മവിശ്വാസവും സംബന്ധിച്ചെല്ലാം ഫോട്ടോഷൂട്ടിെൻറ ഭാഗമായി ചെയ്ത വിഡിയോയിൽ അവർ വിശദമാക്കുന്നുണ്ട്. ചടങ്ങുകളിലും പരിപാടികളിലും പങ്കെടുക്കാതെ വീട്ടിലടച്ചിരുന്ന ഭൂതകാലമുണ്ടായിരുന്നതായി മഞ്ജു 'മാധ്യമ'ത്തോട് പറഞ്ഞു.
മാസങ്ങൾ മുമ്പ് വിടപറഞ്ഞ, മഞ്ജുവിെൻറ അച്ഛനും കമ്യൂണിസ്റ്റ് നേതാവുമായ ബി. കുട്ടികൃഷ്ണനായിരുന്നു മകളുടെ ഉള്ളിലെ തേങ്ങലുകളെയും നോവിനെയും കുളിർവാക്കുകളാൽ ഒപ്പിയെടുത്തത്. ബാല്യ, കൗമാരങ്ങൾ പിന്നിട്ടപ്പോൾ ആത്മവിശ്വാസവും പ്രോത്സാഹനവും നൽകുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്നു ചുറ്റുമെന്ന് 20 വർഷമായി മാധ്യമ മേഖലയിലുള്ള മഞ്ജു പറയുന്നു. ലോകം കണ്ടുവരുന്ന സൗന്ദര്യസങ്കൽപങ്ങളെ മാറ്റിമറിക്കുന്ന ശ്രമങ്ങളുടെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും മഞ്ജു പറയുന്നു.
തൂവെള്ള വിവാഹഗൗൺ, പട്ടുസാരി, വെസ്റ്റേൺ ഔട്ട്ഫിറ്റ് തുടങ്ങിയവയെല്ലാം മാറിമാറി അണിഞ്ഞാണ് ബ്യൂട്ടി ബിയോണ്ട് കളർ എന്ന ടാഗ് ലൈനോടെയുള്ള കാറ്റലിസ്റ്റ് സ്കോളറിൽ മഞ്ജുവെത്തുന്നത്. വിനീത് ശ്രീനിവാസൻ ഫേസ്ബുക്ക് പേജിലൂടെയാണ് മോഡലിങ് വിഡിയോ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.