'വൈറലായ നിസ്കാരപ്പായയിലെ പാട്ടുകാർ'; ഇതാ ആ ഉമ്മയും മോളും VIDEO
text_fieldsമലപ്പുറം: ''മാനസം തേങ്ങും റുകൂഇലും പിന്നെ സുജൂദിലും മന്നാനെ കണ്ണീരാണെൻറെ നിസ്കാരപ്പായേലും''^നിസ്കാരപ്പായയിലിരുന്ന് രണ്ടുപേർ പാടുകയാണ്. ''കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ...'' എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ് മാപ്പിളപ്പാട്ടിൻറെ വരികൾ നിസ്കാരവേഷത്തിൽ ഇവർ ആലപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. പാട്ടുകാരികളെ തേടിയുള്ള അന്വേഷണമെത്തിയത് കൊടുവള്ളി കരുവൻപൊയിലിലാണ്. ഉമ്മയും മകളുമാണ് പാടുന്നത്, ഷബീന നസീമും നദാ നസീമും.
വസ്ത്രവ്യാപാരിയായ പൊൻപാറക്കൽ നസീമിൻറെ ഭാര്യയും മകളുമാണ് ഷബീനയും നദയും. കുടുംബത്തിലെ പ്രധാന പാട്ടുകാരാണ് ഇരുവരും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തറാവീഹ് നിസ്കാരത്തിനിടെ നദയാണ് ഇങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിച്ചത്. മൊബൈലിൽ റെക്കോഡ് ചെയ്യാൻ മൂന്നാമത്തെ മകൾ ലിദയെയും ഏർപ്പാടാക്കി. നദയുടെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത്. പ്രമുഖ ഗായകരടക്കം ഇത് പങ്കുവെച്ചതോടെ വൈറലായി. രണ്ട് ദിവസമായി ഫേസ് ബുക്കിലും വാട്സാപ്പ് സ്റ്റാറ്റസുകളിലും നിറഞ്ഞോടുകയാണ് വീഡിയോ.
കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് ഇക്കൊല്ലം ബിരുദ പഠനം പൂർത്തിയാക്കി നദ. വിഖ്യാത മാപ്പിളപ്പാട്ട് രചയിതാവായിരുന്ന മുണ്ടമ്പ്ര ഉണ്ണിമുഹമ്മദിൻറെ പ്രപൗത്രിയാണ് അരീക്കോട് പത്തനാപുരം സ്വദേശിനിയായ ഷബീന. നാല് പെൺമക്കളാണ് ഇവർക്കുള്ളത്. മൂത്ത മകൾ ഷദ വിവാഹിതയായി. രണ്ടാമത്തെവളാണ് നദ. താഴെ ലിദയും സിദയും. ഇവരും നന്നായി പാടുന്നവരാണ്. പാട്ടിലും ഒപ്പനയിലുമെല്ലാം കലോത്സവങ്ങളിലെ സമ്മാന ജേതാക്കൾ. കുടുംബത്തിലൊരു ആഘോഷമുണ്ടാവുമ്പോൾ ഒഴിച്ചുകൂടാനാവാത്തതാണ് ഷബീനയുടെയും മക്കളുടെയും പാട്ടുകൾ. ബന്ധുക്കൾ നിർവഹിക്കുന്ന രചനക്ക് ശബ്ദം നൽകലാണ് പ്രധാന പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.