കാൻവാസിൽ കണ്ണീരൊപ്പുന്ന നിറച്ചാർത്തൊരുക്കി കവിത ടീച്ചർ
text_fieldsകവിതയുടെ ചിത്രങ്ങൾക്ക് കാരുണ്യത്തിെൻറ നിറക്കൂട്ടാണ്. നിസ്സഹായരുടെ പുഞ്ചിരിയാണ് ആ കാൻവാസുകളിൽ നിറയെ. സ്നേഹവും ദയയും സങ്കടവും സന്തോഷങ്ങളുമെല്ലാം ചായങ്ങളിലൂടെ നിറംപകരുകയാണ്. ആ ചിത്രങ്ങളിൽ ആസ്വാദനത്തിനു പുറമെ കണ്ണീരൊപ്പാനുള്ള നിറച്ചാർത്തുകളാണ് ഏറെയും.
ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തി ചിത്രങ്ങൾ വരച്ച് നിർധനരോഗികൾക്ക് സാന്ത്വനം പകരുകയാണ് കണ്ണൂർ സർവകലാശാല നിയമപഠന വിഭാഗം മേധാവിയായ പ്രഫ. കവിത ബാലകൃഷ്ണൻ. ചിത്രം വിറ്റും എക്സിബിഷൻ നടത്തിയും ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപയാണ് സാന്ത്വനസ്പർശത്തിനായി ഒാരോ മാസവും ഈ അധ്യാപിക മാറ്റിവെക്കുന്നത്.
അധ്യാപിക, ഗവേഷക, സംഗീതജ്ഞ, നർത്തകി, ബഹുഭാഷാപണ്ഡിത എന്നിവയെല്ലാം ചേർന്നതാണ് ഇൗ 'കവിത'. വിശേഷണങ്ങൾ ഒരുപാടുണ്ടെങ്കിലും ടീച്ചർ എന്ന് അറിയപ്പെടാനാണ് കവിതക്ക് കൂടുതലിഷ്ടം. ലളിതകലാ അക്കാദമിയിലും കോഴിക്കോട്ടും തലശ്ശേരിയിലുമൊക്കെയായി നടന്ന ചിത്രപ്രദർശനങ്ങളിൽ ചിത്രം വിറ്റുകിട്ടിയ തുക മുഴുവൻ നൽകിയത് തലശ്ശേരി കോടിയേരിയിലുള്ള മലബാർ കാൻസർ സെൻററിനാണ്.
അമ്മ പകർന്ന ബാലപാഠം
അമ്മതന്നെയായിരുന്നു കവിതക്ക് കാരുണ്യത്തിെൻറയും സഹജീവിസ്നേഹത്തിെൻറയും വിശാലമായ ലോകം പരിചയപ്പെടുത്തിയത്. കവിതയുടെ അമ്മ അമൃതക്ക് ജീവകാരുണ്യപ്രവർത്തനം ജീവിതവ്രതമായിരുന്നു. നിരവധി നിർധനവിദ്യാർഥികളുടെ പഠനച്ചെലവ് അധ്യാപികയായ ഇവർ ഏറ്റെടുത്തു. നിർധനരോഗികൾക്ക് ആശുപത്രി ചെലവടക്കം നൽകി കൈത്താങ്ങായി. കുട്ടിക്കാലത്ത് ഇതെല്ലാം കണ്ട് വളർന്ന കവിതക്ക് തെൻറ ചുറ്റിലുള്ളവരുടെ വേദനയോട് ജീവിതത്തിൽ മുഖംതിരിക്കാനായില്ല.
2012ലാണ് കവിത തലശ്ശേരി കോടിയേരിയിലെ മലബാർ കാൻസർ സെൻറർ എത്തിക്സ് നിയമവിദഗ്ധയായി ചുമതലയേൽക്കുന്നത്. ഇത് ഇവരുടെ ജീവിതത്തെ അപ്രതീക്ഷിതമായ വഴിത്തിരിവിലേക്ക് നയിക്കുകയായിരുന്നു. അർബുദത്തിെൻറ ഭീകരതയും രോഗികളുടെ ദൈന്യതയും നേരിൽ കണ്ടുതുടങ്ങിയതോടെ തന്നാൽ കഴിയുന്നവിധം ഇത്തരക്കാരെ സഹായിക്കണമെന്ന ചിന്ത തെൻറ വർണക്കൂട്ടുകളിലൂടെ സഫലമാക്കി. അന്നോളം വരച്ച നിരവധി ഒായിൽ പെയിൻറിങ്ങുകൾ വിറ്റു. ചിത്രപ്രദർശനങ്ങൾ നടത്തി. ഇവയിലെല്ലാം ലഭിച്ച തുക 2016ൽ കാൻസർ സെൻററിന് കൈമാറി.
പിന്നീട് സമൂഹമാധ്യമങ്ങളിൽ കാണുന്നതും വ്യക്തിപരമായി അറിയുന്നതുമായ ഇത്തരത്തിലുള്ള എല്ലാവർക്കും സഹായമെത്തിക്കാൻ തുടങ്ങി. ഇതിനായി സംസ്ഥാനത്തെ നിരവധി ഭാഗങ്ങളിൽ എക്സിബിഷൻ നടത്തി ചിത്രങ്ങൾ വിറ്റു. 3000 രൂപ മുതൽ ഒരുലക്ഷം രൂപവരെയാണ് ഒാരോ ചിത്രത്തിൽനിന്നും ലഭിക്കുന്നത്. ഇങ്ങനെ കിട്ടുന്ന മുഴുവൻ തുകയും കാരുണ്യപ്രവർത്തനത്തിനായാണ് ചെലവഴിക്കുന്നത്.
എക്സിബിഷനും ചിത്രങ്ങൾ വരക്കാനുള്ളതുമായ മുഴുവൻ തുകയും സ്വയം വഹിക്കുകയാണ്. ജൂണിൽ ലണ്ടനിൽ മ്യൂറൽ പെയിൻറിങ് പ്രദർശനത്തിന് പോകാനിരിക്കെയാണ് കോവിഡ് പ്രതിസന്ധിയിൽ ലോകം സ്തംഭിച്ചത്. ലണ്ടനിൽ നടക്കുന്ന പ്രദർശനത്തിലൂടെ നല്ല തുക സമാഹരിക്കാനും കാൻസർ സെൻററിന് കൈമാറാനുമായിരുന്നു ഉദ്ദേശ്യം. എന്നാൽ, മഹാമാരിയുടെ ദുരിതത്താൽ ആ സ്വപ്നം സഫലീകരിക്കാനായില്ല.
നൃത്തം, സംഗീതം, ചിത്രം...
അധ്യാപികയും ചിത്രകാരിയുമായിരുന്ന അമ്മ അമൃതയിൽനിന്നാണ് ചിത്രകലയുടെ ബാലപാഠങ്ങൾ പഠിക്കുന്നത്. എട്ടാം ക്ലാസിലെ അവധിക്കാലത്ത് സുഷമ ടീച്ചറാണ് പിന്നീട് നിറക്കൂട്ടുകളുടെ വർണാഭമായ ലോകം കവിതക്ക് പരിചയപ്പെടുത്തിയത്. തുടർന്ന് മനസ്സില്ലാമനസ്സോടെ പഠിക്കാൻ തയാറായ നൃത്തവും സംഗീതവുമെല്ലാം പതിയെ കവിതയുടെ ഹൃദയത്തിെൻറയും ശരീരത്തിെൻറയും താളമാകുകയായിരുന്നു. വരയുടെ ലോകത്ത് കൈപിടിച്ചുനടന്ന അമ്മതന്നെയായിരുന്നു മകളെ നൃത്തവും സംഗീതവുമെല്ലാം പരിശീലിപ്പിക്കാൻ മുൻകൈയെടുത്തത്.
ഇതിനിടയിൽ കാലിന് ചെറിയൊരു ബലക്കുറവുണ്ടായി. ഇതോടെ നൃത്താഭ്യാസം പ്രയാസത്തിലാകുകയായിരുന്നു. പത്തിലൊക്കെ പഠിക്കുേമ്പാൾ ഒാേട്ടായിൽതന്നെയായിരുന്നു സ്കൂളിലേക്കുള്ള പോക്കും വരവും. പിന്നീട് അതിനെയെല്ലാം അതിജീവിച്ച് താളങ്ങൾക്കനുസരിച്ച് വേദികളിൽ ചുവടുറപ്പിച്ചു. എന്നാൽ, നൃത്തത്തെയും സംഗീതത്തെക്കാളുമൊക്കെ കുട്ടിക്കാലം മുതലേ വർണങ്ങളുടെ ലോകത്തോടായിരുന്നു കവിതക്ക് കൂടുതൽ താൽപര്യം.
തൃശൂരിൽനിന്ന് താമസം കോഴിക്കോട്ടേക്ക് മാറിയതോടെ ചുമർചിത്ര രചനയിലും പരിശീലനം നേടി. അങ്ങനെ അക്രിലിക്, എണ്ണച്ചായം, ചുമർചിത്രം എന്നിങ്ങനെ കലയുടെ വൈവിധ്യങ്ങൾ സ്വായത്തമാക്കി. കോഴിക്കോട്ടെ പ്രശസ്തമായ സാമൂതിരി കോവിലകത്തെ തൃശാല ഭഗവതി ക്ഷേത്രത്തിലും ശ്രീകൃഷ്ണ ക്ഷേത്രത്തിലും ചിത്രങ്ങളൊരുക്കുന്നതിൽ പങ്കാളിയായി.
ചിത്രരചനയിൽ കവിത സൃഷ്ടിച്ച സേങ്കതമാണ് 'കോഫി പെയിൻറിങ്' എന്നത്. കാപ്പിപ്പൊടി വെള്ളം ചേർത്ത് കുറുക്കി കുഴമ്പുരൂപത്തിലാക്കി പിന്നീട് ആവശ്യത്തിന് വെള്ളം ചേർത്ത് ചായമായി ഉപയോഗിക്കുന്ന രീതിയാണിത്. ഇത്തരത്തിൽ ലളിതകലാ അക്കാദമി ഹാളിലടക്കം നിരവധി തവണ ചിത്രപ്രദർശനം സംഘടിപ്പിച്ചു.
''മോള് എൽ.കെ.ജിയിൽ പഠിക്കുേമ്പാഴാണ് പാട്ട് വീണ്ടും പഠിക്കാൻ തുടങ്ങിയത്. അങ്ങനെ വിവിധയിടങ്ങളിൽ കച്ചേരി അവതരിപ്പിക്കാൻ തുടങ്ങി. ഗുരുവായൂരിൽ നടക്കുന്ന ചെൈമ്പ സംഗീതോത്സവത്തിൽ എല്ലാവർഷവും പാടാറുണ്ട്. സുബ്ബുലക്ഷ്മി, സുശീല എന്നിവരാണ് ഇൗ രംഗത്തെ ഗുരുക്കൾ.''
തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഒാഫ് ഫൈൻ ആർട്സിലെ പ്രഫ. വിജയഭാനു, കലാമണ്ഡലം കൃഷ്ണകുമാരി എന്നിവരിൽനിന്നാണ് നൃത്തം പഠിച്ചത്. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ ആഴത്തിലുള്ള അവഗാഹവും നേടി. കോഴിക്കോെട്ട സുമാവർമയുടെ കീഴിൽ വീണയും പരിശീലിച്ചു. വിവാഹം കഴിഞ്ഞപ്പോഴാണ് വീണ പഠനത്തിനുള്ള വഴിയും തെളിഞ്ഞത്.പാട്ടിന് വൈകീട്ടാണ് സമയം കണ്ടെത്താറ്. നൃത്തം രാവിെലയും വൈകീട്ടും ഒരു മണിക്കൂർ പ്രാക്ടിസ് ചെയ്യും. യൂട്യൂബ് ചാനലിലൂടെ സ്വയം കൊറിയോഗ്രഫി ചെയ്ത് ഡാൻസ് വിഡിയോകൾ അപ്ലോഡ് ചെയ്യാറുണ്ട്.
നിയമപഠനവും കരിയറും
പത്താം തരത്തിൽ ഉയർന്ന മാർക്ക് ലഭിച്ചതിനാൽ സയൻസ് ഗ്രൂപ് എടുക്കാൻ രക്ഷിതാക്കൾ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് ബി.എസ്സി പഠനം പൂർത്തിയാക്കി. പിന്നീട് തൃശൂർ ഗവ. ലോ കോളജിൽനിന്നാണ് എൽഎൽ.ബി കരസ്ഥമാക്കുന്നത്. കുസാറ്റിൽനിന്ന് എൽഎൽ.എം പാസായശേഷം പുണെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിസിൻ ആൻഡ് ലോയിൽനിന്ന് മെഡിക്കൽ ലോയിൽ സ്പെഷലൈസേഷനും നേടി. ഒരു വർഷത്തിനകം ലോ കോളജിൽ അധ്യാപികയായി ചേർന്നു.
അധ്യാപന ജീവിതത്തിനിടയിലെ ഇടവേളകളിൽ നൃത്തത്തിനും സംഗീതപഠനത്തിനും സമയം കണ്ടെത്തുകയായിരുന്നു. ഇതിനിടയിൽ അറുപതോളം പ്രബന്ധങ്ങളും രചിച്ചു. കണ്ണൂർ സർവകലാശാല നിയമവിഭാഗം ബോർഡ് ഒാഫ് സ്റ്റഡീസ് ചെയർപേഴ്സൻ, ഫാക്കൽറ്റി ഡീൻ എന്നീ നിലകളിലും പ്രവർത്തിക്കുന്ന ഇവർ മറ്റുപല സർവകലാശാലകളിലും അക്കാദമിക് േബാർഡ് അംഗമാണ്.
ഇരിങ്ങാലക്കുട കൊല്ലാടിക്കൽ തറവാട്ടിലെ എൽ.െഎ.സി ഉദ്യോഗസ്ഥനായ ബാലകൃഷ്ണെൻറ മകളായ കവിത അമിയ മോട്ടീഫ് ഗ്രൂപ് സി.ഇ.ഒ പ്രിൻസ് ലീല പത്മഹാരെൻറ ഭാര്യയാണ്. അക്ഷർ വിനായക്, നക്ഷത്ര എന്നിവർ മക്കളാണ്.
ഭാഷാപഠനം ലോക്ഡൗണിൽ
ലോക്ഡൗൺ കാലവും ടീച്ചർ വെറുതെ കളഞ്ഞില്ല. കവിതയും മകനും ചേർന്ന് സ്പാനിഷ് ഭാഷ പഠിച്ചു. പിന്നെ യൂനിവേഴ്സിറ്റി ഒാഫ് കാലിഫോർണിയയിൽ അക്കാദമിക് റൈറ്റിങ്ങിെൻറ കോഴ്സിനും ചേർന്നു.
ഇപ്പോൾ കാൻവാസിലും സാരികളിലും മാസ്ക്കുകളിലും വരെ ചിത്രപ്പണികൾ ചെയ്യാറുണ്ട്. തൂലി എന്ന പെയിൻറിങ് ശൈലിയിലാണ് ഇപ്പോൾ പരിശീലനം. പ്രധാനപ്പെട്ട രാഷ്ട്രീയക്കാരുടെയും കലാകാരന്മാരുടെയും പോർട്രെയ്റ്റുകൾ വരക്കുന്നതും കവിതയുടെ ഇഷ്ടവിനോദങ്ങളിലൊന്നാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.