വാഴനാരിൽ നിന്നും സാനിറ്ററി നാപ്കിൻ, കഴുകി വീണ്ടും ഉപയോഗിക്കാം; അഞ്ചു വർഷംകൊണ്ട് വിറ്റത് അഞ്ചു ലക്ഷത്തിലധികം പാഡുകൾ'
text_fields'വെട്ടിയിട്ട വാഴത്തണ്ട്' അത്ര മോശം സാധനമൊന്നുമല്ല. വേണ്ടിവന്നാൽ ഒരു സാമൂഹിക വിപ്ലവം തന്നെ വാഴത്തണ്ടിൽ വിരിയും. ലോകത്ത് ആദ്യമായി അത്തരം ഒരു വിപ്ലവം നയിച്ച് വിജയം കൊയ്യുന്ന കഥയാണ് പഞ്ചാബുകാരിയായ അഞ്ജു ബിസ്റ്റിനും സംഘത്തിനും പങ്കുവെക്കാനുള്ളത്. സുസ്ഥിര ആർത്തവകാല ശീലമായി ലക്ഷക്കണക്കിന് സ്ത്രീകൾ ഏറ്റെടുത്ത 'സൗഖ്യം' എന്ന സംരംഭത്തിന്‍റെ കഴുകി ഉപയോഗിക്കാൻ കഴിയുന്ന സാനിറ്ററി പാഡുകളിലൂടെ വലിച്ചെറിയേണ്ടതല്ല വാഴത്തണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് അവർ.
രാജ്യത്ത് മാറ്റം കൊണ്ടുവരുന്ന സ്ത്രീകൾക്കുള്ള നിതി ആയോഗിന്‍റെ അംഗീകാരവും അഞ്ജു ബിസ്റ്റിനെ തേടിയെത്തിയതോടെ 'സൗഖ്യം' വിജയപാതയിൽ ഒരു നാഴികക്കല്ലുകൂടി ചേർത്തിരിക്കുകയാണ്. പുരസ്കാരലബ്ധിക്കപ്പുറം, ലക്ഷങ്ങളിലേക്ക് ആരോഗ്യകരമായ പുതിയ ശീലമെത്തിക്കാനായതിന്‍റെ സംതൃപ്തിയാണ് അഞ്ജു ബിസ്റ്റിന്‍റെ വാക്കുകളിലും മുഖത്തുമുള്ളത്.
വാഴനാരിൽനിന്ന് പുനരുപയോഗിക്കാൻ കഴിയുന്ന ആർത്തവകാല പാഡുകൾ എന്ന ആശയമാണ് കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് വിജയം കൊയ്യുന്നതെന്ന് അഞ്ജു പറയുന്നു. ആർത്തവ ആരോഗ്യസംരക്ഷണം എന്നതിൽ കവിഞ്ഞ് റൂറൽ മേഖലകളിലെ വനിതകൾക്ക് സ്വയംപര്യാപ്തതയുടെ പുതിയ വാതായനങ്ങളും തുറന്നുകൊടുത്താണ് 'സൗഖ്യം' മുന്നേറുന്നത് എന്നതാണ് ഈ സംരംഭത്തെ കൂടുതൽ മഹത്തരമാക്കുന്നത്.
ഒടുവിൽ വാഴയിൽ ചരിത്രം
''2012 കാലഘട്ടത്തിലാണ് അമൃതാനന്ദമയി ഇങ്ങനെ ഒരു ആശയം പങ്കുവെച്ചത്. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ ആരോഗ്യസംരക്ഷണം ഉറപ്പുനൽകുന്ന, പുനരുപയോഗിക്കാൻ കഴിയുന്ന സാനിറ്ററി പാഡുകൾ പുറത്തിറക്കുക, ഒപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്ന ആശയം.
ആ ആശയം പ്രാവർത്തികമാക്കാനുള്ള യാത്ര എളുപ്പമായിരുന്നില്ല. അമൃത സർവകലാശാലയിലെ വിദഗ്ധരെ പദ്ധതിയുടെ പ്രായോഗികതലം പഠിക്കാനും ആവശ്യമായ യന്ത്രസാമഗ്രികളും മറ്റും നിർമിക്കാനുമുള്ള ചുമതലയേൽപിച്ചു'' -വാഴനാരിനെ മെരുക്കിയെടുക്കാനുള്ള പരിശ്രമത്തിന്‍റെ തുടക്കം അഞ്ജു പറയുന്നു.
നാലു വർഷങ്ങളോളം എടുത്താണ് ഗവേഷണം പൂർത്തിയായത്. രക്തം ശരിയായ രീതിയിൽ വലിച്ചെടുക്കുന്ന രീതിയിൽ വാഴനാരിനെ പരുവപ്പെടുത്തി പാഡ് തയാറാക്കുകയായിരുന്നു ലക്ഷ്യം. അതിന് പ്രത്യേക യന്ത്രം ഉൾപ്പെടെ അമൃതയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തു. അങ്ങനെ ലോകത്താദ്യമായി വാഴനാരിൽനിന്ന് പുനരുപയോഗിക്കാൻ കഴിയുന്ന സാനിറ്ററി പാഡ് എന്ന വഴിത്തിരിവുമായി 2017ൽ 'സൗഖ്യം' പിറന്നു. ജന്മംകൊണ്ട് പഞ്ചാബുകാരിയായ അഞ്ജു ബിസ്റ്റ് കഴിഞ്ഞ 20 വർഷത്തോളമായി അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയാണ്.
ആരും സഞ്ചരിക്കാത്ത വഴിയിൽ
ആർത്തവസമയത്ത് കോട്ടൺ തുണിയുപയോഗിച്ചിരുന്ന പഴയകാലം ഇവിടെയുണ്ടായിരുന്നു. ആർത്തവശുചിത്വത്തിനും ദൈനംദിന പ്രവർത്തനരീതികൾക്കും തുണിയെക്കാൾ നല്ലത് എന്ന തിരിച്ചറിവിലാണ് ഡിസ്പോസബ്ൾ പാഡുകൾ സ്ത്രീജീവിതങ്ങളിൽ ഇടംപിടിച്ചത്. അക്ഷരാർഥത്തിൽ നമ്മുടെ രാജ്യത്ത് ഡിസ്പോസബ്ൾ പാഡുകളുടെ ബിസിനസ് സാമ്രാജ്യം തന്നെ വളർന്നുയർന്നു.
എന്നാൽ, അത്തരം പാഡുകൾ ബാക്കിയാക്കുന്ന ആരോഗ്യപ്രശ്നങ്ങളും മാലിന്യപ്രശ്നവും ഒക്കെ അതിലും വലിയ തലവേദനയാണ് സ്ത്രീകൾക്ക് സമ്മാനിച്ചത്. ഉപയോഗശേഷം പാഡുകൾ എങ്ങനെ നശിപ്പിക്കും എന്ന സമസ്യ ചെറുതല്ല. മാസംതോറും ചെറുതല്ലാത്തൊരു തുക മുടക്കി സാനിറ്ററി പാഡുകൾ വാങ്ങാൻ കഴിയാത്ത നിർധനരും ഈ നാട്ടിൽ ഏറെയുണ്ട്.
കാലം സുസ്ഥിര ആർത്തവകാല ശീലങ്ങൾ എന്ന ആശയത്തിലേക്ക് ചുവടുവെക്കാൻ തുടങ്ങിയതും ഈ തിരിച്ചറിവുകളുടെ ട്രാക്കിലാണ്. അവിടേക്കാണ് 'സൗഖ്യം' കടന്നെത്തിയത്. എന്നാൽ, വാഴനാരിനെ മെരുക്കിയെടുക്കുംപോലെ തന്നെ പ്രയാസകരമായിരുന്നു ഇത്തരം വഴികളെക്കുറിച്ച് വലിയ ധാരണയില്ലാത്ത സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങൽ. പ്രത്യേകിച്ച് 'സൗഖ്യം' പോലെ കോർപറേറ്റ് വഴിയിൽ സഞ്ചരിക്കാത്ത ഒരു സാമൂഹിക സംരംഭത്തിന്.
''വർഷങ്ങളോളം അമേരിക്കയിൽ താമസിച്ചിരുന്ന കാലത്ത് റീയൂസബ്ൾ കോട്ടൺ പാഡുകൾ ഉപയോഗിച്ച് തുടങ്ങിയ ആളാണ് ഞാൻ. 20 വർഷത്തോളമായി അവ ഉപയോഗിക്കുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിൽ അത്തരം ഉൽപന്നങ്ങൾ ചിരപരിചിതമാണ്. എന്നാൽ, ഡിസ്പോസബ്ൾ പാഡുകൾ കളംനിറഞ്ഞുനിന്ന ഇന്ത്യയിൽ അത്തരം ഒരു ആശയം ആളുകൾക്ക് അപരിചിതമായിരുന്നു. 2017ൽ സൗഖ്യം പുറത്തിറക്കുമ്പോൾ റീയൂസബ്ൾ കോട്ടൺ പാഡുകൾ എന്നതിനെക്കുറിച്ച് അറിവുപോലും ഇല്ലാത്ത മനുഷ്യരെയായിരുന്നു ഭൂരിഭാഗവും കണ്ടുമുട്ടിയത്'' -അഞ്ജു ബിസ്റ്റ് ആദ്യകാലം ഓർക്കുന്നു.
''അമ്മയുടെ ജന്മദിനാഘോഷ വേളയിലാണ് സൗഖ്യം പുറത്തിറക്കിയത്. അന്ന് ഒരുപാട് പാഡുകൾ വിറ്റുപോയി. ആ ആഘോഷം കഴിഞ്ഞ് ആളൊഴിഞ്ഞപ്പോൾ ആണ്, ഇനി എന്ത് എന്ന ചോദ്യം മുന്നിൽവന്നത്. പരിശീലനം കൊടുത്ത് ജോലിക്കെടുത്ത വനിതകൾ ആത്മാർഥമായി പണിയെടുത്ത് പാഡുകൾ ഉണ്ടാക്കുന്നു.
പക്ഷേ, ആര് വാങ്ങും എന്നത് വലിയ ചോദ്യചിഹ്നമായി. ഇത് വാങ്ങാൻ ആളില്ലാതെ വന്നാൽ എന്തുചെയ്യും, അമ്മയുടെ അടുത്ത ജന്മദിനം വരെ കാത്തിരിക്കേണ്ടിവരുമോ എന്നുവരെ ചിന്തിച്ചു. ഒരിക്കൽ വാങ്ങുന്നവർ പിന്നെ മൂന്നു വർഷത്തേക്ക് വീണ്ടും വാങ്ങില്ലെന്നതിനാൽ പുതിയ കസ്റ്റമർ സ്ഥിരമായി വേണം എന്നതായിരുന്നു വെല്ലുവിളി. അവിടെയാണ് ബോധവത്കരണ ക്ലാസുകൾ രക്ഷക്കെത്തിയത്. റീയൂസബ്ൾ ക്ലോത്ത് പാഡ് എന്ന് കേട്ടിട്ടുപോലും ഇല്ലാത്ത ആയിരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഉള്ള വാതിലായിരുന്നു ആ ക്ലാസുകൾ.''
മഠം ദത്തെടുത്ത ഉത്തരേന്ത്യൻ ഗ്രാമങ്ങളിലാണ് 'സൗഖ്യം' ആദ്യം പാഡ് നിർമാണ യൂനിറ്റ് തുടങ്ങിയത്. ''ഉത്തർപ്രദേശിലും ബിഹാറിലുമായിരുന്നു തുടക്കം. അവിടങ്ങളിൽ ക്ലാസെടുക്കാൻ എത്തുമ്പോൾ മുന്നിലിരിക്കുന്ന ഒരാൾക്കുപോലും ഇത്തരം പാഡുകളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അവിടന്നങ്ങോട്ട് ആയിരക്കണക്കിന് ക്ലാസുകളാണ് എടുത്തത്. സ്കൂളുകളും കോളജുകളും സ്ത്രീ കൂട്ടായ്മകളും കേന്ദ്രീകരിച്ചുള്ള ആ ക്ലാസുകൾ വലിയ മാറ്റമാണ് കൊണ്ടുവന്നത്.
ഞാൻതന്നെ ആയിരത്തോളം വർക് ഷോപ്പുകൾ നയിച്ചു. ടീമിലെ ബാക്കിയുള്ളവരും അങ്ങനെതന്നെ. സൗഖ്യത്തിനെ ആളുകൾക്കിടയിൽ എത്തിക്കുന്നതിനുള്ള അവസരം എന്നതിനൊപ്പം സമൂഹത്തിനായി വലിയൊരു സേവനം ചെയ്യുന്നതിനുള്ള വഴികൂടിയായിരുന്നു ആ ക്ലാസുകൾ. അങ്ങനെ പതിയെ, എങ്ങനെ വിറ്റുതീർക്കും എന്ന ആശങ്ക, ഓർഡറുകൾ സമയത്തിന് കൊടുത്തുതീർക്കാൻ ആകുമോ എന്ന ആഹ്ലാദം പകരുന്ന ടെൻഷനിലേക്ക് വഴിമാറി'' -അഞ്ജു പറയുന്നു.
കോവിഡിലും തളരാതെ
പഞ്ചാബ്, ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും നിർമാണ യൂനിറ്റുകൾ തുടങ്ങിയശേഷം 2020ൽ രാജ്യത്തെ എട്ടാമത്തെ യൂനിറ്റ് ആയാണ് കേരളത്തിലെ തങ്ങളുടെ ആദ്യ യൂനിറ്റിന് കൊല്ലം വള്ളിക്കാവിലെ അമൃതപുരിയിൽ തുടക്കമിട്ടത്. വർക് ഷോപ്പുകൾ ഓൺലൈനിലേക്ക് മാറിയ ആ കാലത്താണ് സത്യത്തിൽ 'സൗഖ്യം' കൂടുതൽ ആളുകളിലേക്ക് ഇറങ്ങിച്ചെന്നത് എന്നാണ് അഞ്ജുവിന് പറയാനുള്ളത്.
''ഓൺലൈൻ ക്ലാസുകളും ഒപ്പം വിവിധ ഭാഷകളിൽ ഇറക്കിയ പ്രമോഷനൽ വിഡിയോകളും ഫലംചെയ്തു. നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിങ്ങനെ വിവിധയിടങ്ങളിൽനിന്ന് എണ്ണിയാലൊടുങ്ങാത്ത ഓർഡറുകളാണ് ഓൺലൈനിൽ എത്തിയത്. ഇന്ത്യയിൽ ചെറിയ പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും അന്വേഷണങ്ങളെത്തി. മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെല്ലാം ഇൻസ്ട്രക്ഷൻ മാന്വൽ അച്ചടിക്കേണ്ട സ്ഥിതിയായി. ഡിമാൻഡിനൊപ്പം ഓടിയെത്താൻ തന്നെ കഷ്ടപ്പെടുന്നനിലയിലാണ് ഇന്ന് തിരക്ക്.''
ഏറെ അംഗീകാരങ്ങൾ ഇതിനകം സ്വന്തമാക്കിയ 'സൗഖ്യം' വിമൻ ഫോർ ഇന്ത്യ ആൻഡ് സോഷ്യൽ ഫൗണ്ടർ നെറ്റ് വർക്കിന്‍റെ സോഷ്യൽ എന്‍റർപ്രൈസ് അവാർഡ് കോവിഡിനു മുമ്പ് നേടിയിരുന്നു. 2018ൽ പോളണ്ടിൽ നടന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിലേക്കും സൗഖ്യം ടീമിന് ക്ഷണം ലഭിച്ചു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്‍റിന്‍റെ മോസ്റ്റ് ഇന്നവേറ്റിവ് പ്രോജക്ടിനുള്ള പുരസ്കാരവും തേടിയെത്തി. വനിതകളെ ലക്ഷ്യമിടുന്ന മികച്ച 30 സംരംഭങ്ങൾ യു.എൻ.ഡി.പി തിരഞ്ഞെടുത്തതിലും സൗഖ്യം ഉൾപ്പെട്ടിരുന്നു.
നിതി ആയോഗിന്‍റെ അംഗീകാരം എത്തിയതോടെ കേരളത്തിനുള്ളിൽനിന്ന് മുമ്പെങ്ങുമില്ലാത്ത അന്വേഷണങ്ങൾ എത്തുന്നതും പുതുമയായി. ''വിദ്യാർഥിനികൾക്കിടയിലാണ് ഞങ്ങൾ പ്രചാരണം കൂടുതൽ നടത്തിയിരുന്നത്. കാരണം അവർക്കാണല്ലോ ആർത്തവകാലം 30-40 വർഷങ്ങളോളമുള്ളത്. പരിസ്ഥിതിയെക്കുറിച്ചുള്ള ബോധ്യവും മാറ്റങ്ങളെ പെട്ടെന്ന് സ്വീകരിക്കാനുള്ള മനസ്സും അവർക്കുണ്ട്.
മുപ്പതുകളിൽ എത്തിയവർക്ക് താൽപര്യമുണ്ടാകുമെങ്കിലും ഒരു മാറ്റം വരുത്തുക ഇത്തിരി പ്രയാസമായിരിക്കും. ഏതൊരു നല്ലശീലവും പോലെ മൂന്നുനാല് മാസമെങ്കിലും എടുക്കും ഒന്ന് പൊരുത്തപ്പെടാൻ. ഇപ്പോൾ കാണുന്ന ഏറ്റവും സന്തോഷകരമായ കാര്യം പുരുഷന്മാരുടെ അന്വേഷണങ്ങൾ വരുന്നു എന്നതാണ്.
ടീൻ സൈസിലുള്ള പാഡുകൾക്കായാണ് ആ അന്വേഷണം ഭൂരിഭാഗവും. എന്നുവെച്ചാൽ, തങ്ങളുടെ പെൺമക്കൾക്കായി അച്ഛന്മാർ ആരോഗ്യസംരക്ഷണത്തിനുതകുന്ന പാഡുകൾ നോക്കിവാങ്ങുന്നു. ആർത്തവം എന്നതിനെക്കുറിച്ച് ഒരു വാക്കുപോലും തുറന്നു സംസാരിക്കാതെയിരുന്ന കാലത്തുനിന്നുള്ള ഏറ്റവും പോസിറ്റിവ് ആയ മാറ്റം'' -അഞ്ജുവിന്‍റെ വാക്കുകളിൽ നിറഞ്ഞ സംതൃപ്തി.
ഉയരണം, ഇനിയുമേറെ
ആർത്തവകാലത്തിന്‍റെ കഷ്ടതകളിലൂടെ കടന്നുപോകുന്ന പെൺജീവിതങ്ങൾക്ക് വലിയ ആശ്വാസമാകും റീയൂസബ്ൾ പാഡുകൾ എന്നത് അഞ്ജു ബിസ്റ്റും സംഘവും ഉറപ്പിച്ചു പറയുന്നതും തങ്ങളുടെ അനുഭവവും ലക്ഷക്കണക്കിന് സന്തുഷ്ട ഉപഭോക്താക്കളുടെ പിന്തുണയും നൽകുന്ന ബലത്തിലാണ്. ''7000 പാഡുകൾ വിറ്റുതുടങ്ങി, അഞ്ചു വർഷംകൊണ്ട് അഞ്ചു ലക്ഷത്തിലധികം പാഡുകളാണ് ഞങ്ങൾ വിറ്റത്.
തുണി മാത്രമുള്ള പാഡുകളും നിർമിക്കുന്നുണ്ടെങ്കിലും വാഴനാരുകൊണ്ടുള്ള പാഡിനാണ് ആവശ്യക്കാർ ഏറെ. മനോഹരമായ ഡിസൈനുകളിൽ ഒമ്പത് ടൈപ്പുകളിൽ നൈറ്റ് പാഡുകൾ, ഹെവി ഫ്ലോ പാഡുകൾ, പാന്‍റി ലൈനർ, ടീൻ പാഡുകൾ എന്നിവ ലഭിക്കും. ഉപയോഗശേഷം പച്ചവെള്ളവും സോപ്പും ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കി, വെയിലത്ത് ഉണക്കിയെടുക്കാം.''
''റീയൂസബ്ൾ പാഡുകൾ എന്നതിനെക്കുറിച്ച് അറിവുപോലും ഇല്ലാത്ത നാളുകളിൽനിന്ന് ഐ.എസ്.ഒ സ്റ്റാൻഡേഡ് വരെയുള്ള റീയൂസബ്ൾ പാഡുകളുടെ കാലത്ത് എത്തിനിൽക്കുന്ന 'സൗഖ്യ'ത്തിന്‍റെ യാത്ര ഇനിയും ഏറെ മുന്നേറാനുണ്ട്. നിലവിൽ ഓൺലൈൻ വഴിയാണ് വിൽപന.
റൂറൽ മേഖലകളിൽ റീസെല്ലർമാരെ ഉപയോഗിച്ചാണ് ഗ്രാമീണരിലേക്ക് ഇവ എത്തിക്കുന്നത്. ഓഫ് ലൈൻ സ്റ്റോറികളിലേക്കുകൂടി വിൽപന വ്യാപിപ്പിക്കണം. അതിലുപരി, സുരക്ഷിത ആർത്തവശീലത്തിന്‍റെ ഭാഗമായി റീയൂസബ്ൾ പാഡുകൾ നൽകുന്ന സംതൃപ്തിയെക്കുറിച്ച് ഓരോ സ്ത്രീയെയും ബോധവതികളാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര കൂടിയാണിത്'' -സൗഖ്യത്തിന്‍റെ സാരഥി പറയുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.