‘അന്ന് കിക്ക്ബോക്സിങ് പരിശീലനത്തിനു മകന് കൂട്ടുപോയ അമ്മ ഇന്ന് അതേ ഇനത്തിൽ അന്തർദേശീയ താരം’
text_fieldsഎട്ടര വയസ്സിൽ മകൻ ക്രിസ് ജൂബിനെ കിക്ക് ബോക്സിങ്ങിന് ചേർക്കാൻ എറണാകുളം ചിറ്റൂർ റോഡിലെ വൈ.എം.സി.എ ജിമ്മിൽ എത്തിയതാണ് ഇടപ്പള്ളി സ്വദേശി ആൻ മേരിഫിലിപ്. മകന്‍റെ ഇടിയും തൊഴിയും കണ്ട് താൽപര്യം തോന്നിയപ്പോൾ അവിടെ തന്നെ അവനൊപ്പം ചേർന്ന് പരിശീലനം തുടങ്ങി.
ഫിറ്റ്നസ് നിലനിർത്തുക മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ അതിൽ ലയിച്ചപ്പോൾ നാലുവർഷത്തെ പരിശീലനം കൊണ്ട് 38കാരിയായ ആൻ വാകോ ഇന്ത്യൻ ഓപൺ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ സ്വർണം നേടി. ഒപ്പം കേരള കിക്ക് ബോക്സേഴ്സ് അസോസിയേഷന് കീഴിൽ അസിസ്റ്റന്‍റ് കോച്ചായി കാക്കനാടും എറണാകുളത്തും ക്ലാസെടുക്കുന്നു.
ഇടിച്ചുനേടിയത് പുതുജീവിതം
‘ചെറുപ്പത്തിൽ തടിച്ച ശരീരപ്രകൃതമായിരുന്നു എനിക്ക്. അതിന്‍റെ അപകർഷ ബോധം ഏറെ അലട്ടിയിരുന്നു. ഡെലിവറി കഴിഞ്ഞുള്ള പോസ്റ്റ്പാർട്ടം ഡിപ്രഷൻ, ഐ.ടി മേഖലയിലെ ജോലിയിൽ നിന്ന് മാറി ബ്രേക്ക് വന്നപ്പോഴുള്ള മുഷിപ്പ് ഇവയിൽ നിന്നുള്ള ഒരു മോചനം തന്നെയായിരുന്നു കിക്ക് ബോക്സിങ് പരിശീലനം’ -ആൻ പറയുന്നു.
‘ഞാൻ സ്പോർട്സിന് പറ്റിയ ആളല്ലെന്നാണ് വിശ്വസിച്ചിരുന്നത്. മകനൊപ്പം പരിശീലനം തുടങ്ങിയപ്പോൾ പെട്ടെന്ന് അതുമായി ഇഴുകിച്ചേരാൻ കഴിഞ്ഞു. സാധാരണ ജിമ്മിൽ പോകുന്നവർ കുറച്ചുനാൾ പോകും. പിന്നെ അതിൽ നിന്ന് മാറും. ബോഡി ബിൽഡിങ്ങുമായി മുന്നോട്ടുപോകുന്ന സ്ത്രീകൾ വളരെ കുറവാണ്.
ആദ്യ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തതോടെ ആത്മവിശ്വാസം കൈവന്നു. അത് ജീവിതത്തിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തി. നാലുകൊല്ലം കൊണ്ട് എന്‍റെ ശരീരം മാത്രമല്ല, സംസാരവും കാഴ്ചപ്പാടും തന്നെ മാറി. നടക്കുന്ന രീതിപോലും മാറി. ജീവിതം തന്നെ മാറുകയാണ്. അതൊരു വലിയ പ്രോഗ്രസാണ്’ - അവർ പറയുന്നു. ജൂബിൻ പീറ്ററാണ് ഭർത്താവ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.