Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightWomenchevron_rightSheroeschevron_rightഅന്ന് പരിശീലനത്തിനു...

അന്ന് പരിശീലനത്തിനു പോലും പണമില്ലാതെ പ്രയാസപ്പെട്ടു. ഇന്ന് ‘കൊടുങ്കാറ്റാകുന്ന ദേശീയ ക്രിക്കറ്റ് താരം’, ഇത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ മലയാളീ സാന്നിധ്യം

text_fields
bookmark_border
Asha Shobana indian cricketer
cancel
camera_alt

ആശ ശോഭന ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കൊപ്പം

‘കൊടുങ്കാറ്റാകുന്ന ക്രിക്കറ്റ് താരം’ - ലോകം കണ്ട മികച്ച വനിത താരമായ മിതാലി രാജ് മലയാളിയായ ആശ ശോഭന ജോയിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇതിനപ്പുറം മറ്റൊരു വിശേഷണം ആശക്ക് ആവശ്യമില്ല. കൈവിരലുകളിൽ ഒളിപ്പിച്ചുവെച്ച ലെഗ് സ്പിൻ മാന്ത്രികതയിൽ ആരെയും കറക്കിവീഴ്ത്തുന്ന ബൗളിങ്. ശരവേഗത്തിൽ വരുന്ന പന്തുകളെ അനായാസം ബൗണ്ടറി കടത്തുന്ന ബാറ്റിങ്.

പ്രായം 32 കഴിഞ്ഞെങ്കിലും ഒരു ഓൾറൗണ്ടറായി ക്രിക്കറ്റ് ഫീൽഡിൽ ആവേശമാവുകയാണ് ആശ. തിരുവനന്തപുരം ജില്ല ടീമിലൂടെ തുടങ്ങി ദേശീയ ടീമിന്‍റെ ഭാഗമായി മാറിയ താരം. ഒടുവിൽ പ്രഥമ വുമൺസ് പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി അഞ്ച് വിക്കറ്റ് നേട്ടം. പ്രതിസന്ധികൾ നിറഞ്ഞ വഴികളിലൂടെ പന്തെറിഞ്ഞ് വിജയ പാതയൊരുക്കി പുതിയ ഇന്നിങ്സുകൾ കെട്ടിപ്പടുക്കുകയാണ് ഈ തിരുവനന്തപുരം സ്വദേശി.


തുടക്കം കടലാസ് പന്തിൽ

ചെറുപ്പം മുതലേ ആശക്ക് ക്രിക്കറ്റൊരു പാഷനായിരുന്നു. അഞ്ചാം വയസ്സ് മുതൽ ടി.വിയിൽ കളി കാണാൻ തുടങ്ങി. കുടുംബത്തിൽ ആൺകുട്ടികളായിരുന്നു അധികവും. അവരുടെ കൂടെ കൂടിയാണ് കളി തുടങ്ങുന്നത്. പാൽ കവറിൽ പേപ്പർ നിറച്ച് റബർ ബാൻഡിട്ട് പന്താക്കിയാണ് അന്ന് കളിച്ചിരുന്നത്. ഇതിനിടയിലാണ് സ്കൂളിലെ പി.ടി അധ്യാപിക തങ്കമണി ജില്ല ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷനുള്ള കാര്യം പറയുന്നത്. അതിൽ പങ്കെടുത്തതോടെ തലവര മാറാൻ തുടങ്ങി.

തുടക്കകാലത്ത് വലിയ ബുദ്ധിമുട്ടുകളാണ് നേരിട്ടത്. പണം തന്നെയായിരുന്നു പ്രശ്നം. കളിക്കാൻ വിലകൂടിയ ഉപകരണങ്ങൾ ആവശ്യമായിരുന്നു. പരിശീലനത്തിന് പോകാനും ഭക്ഷണത്തിനുമുള്ള ചെലവെല്ലാം പ്രയാസം സൃഷ്ടിച്ചു. അക്കാലത്ത് വുമൺസ് ക്രിക്കറ്റ് അസോസിയേഷൻ ബി.സി.സി.ഐയുടെ ഭാഗമായിരുന്നില്ല. അതിനാൽ കിറ്റെല്ലാം സ്വയം കണ്ടെത്തണം. ഓട്ടോ ഡ്രൈവറായ പിതാവ് ജോയിക്കും മാതാവ് ശോഭനക്കും ഇത് പലപ്പോഴും താങ്ങാനാവുമായിരുന്നില്ല. എങ്കിലും വീട്ടുകാർ കഷ്ടപ്പെട്ട് ഒപ്പംനിന്നപ്പോൾ ആശിച്ച കാര്യങ്ങൾ നേടിയെടുക്കാനായി. സഹോദരൻ അനൂപ് ജോയി വലിയൊരു ക്രിക്കറ്റ് ആരാധകനാണ്. തനിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത സ്വപ്നങ്ങൾ സഹോദരിയിലൂടെ കൊണ്ടുവരാൻ അദ്ദേഹവും പ്രയത്നിച്ചു.

തണലായി നിന്നവർ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ജില്ല ടീമിന്‍റെ സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തപ്പോഴാണ് പരിശീലകരായ ഷബീന ജേക്കബിനെയും ശ്രീകുമാർ സാറിനെയും പരിചയപ്പെടുന്നത്. ഇരുവർക്കും ആശയുടെ പ്രകടനം ഇഷ്ടമാവുകയും പ്രാക്ടീസ് തുടരാൻ നിർദേശിക്കുകയും ചെയ്തു. അത് വലിയൊരു വഴിത്തിരിവായി. പിന്നീട് ആരോൺ ജോർജ് തോമസിന് കീഴിലായി പരിശീലനം. വണ്ടിക്കൂലിക്കെല്ലാം ബുദ്ധിമുട്ടുമ്പോൾ പരിശീലകരടക്കമുള്ളവർ സഹായവുമായി എത്തി. പ്രതിസന്ധികാലത്ത് നല്ല ആളുകൾ കൂടെയുണ്ടായതിനാൽ ബുദ്ധിമുട്ടുകളെ ചിരിച്ചുകൊണ്ട് നേരിടാനും അത് ആസ്വദിക്കാനും സാധിച്ചു.


ഫാസ്റ്റ് ബൗളറിൽനിന്ന് സ്പിന്നിലേക്ക്

ആദ്യകാലത്ത് ഫാസ്റ്റ് ബൗളറായിരുന്നു ആശ. ഒരുദിവസം പരിശീലിച്ച് ക്ഷീണിച്ച സമയത്ത് വേഗത്തിൽ പന്തെറിയുന്നതിന് പകരം അടുത്തുനിന്ന് ലെഗ് സ്പിൻ എറിഞ്ഞു. കുട്ടിക്കാലത്ത് സുഹൃത്തുകൾക്കൊപ്പം സ്പിൻ എറിഞ്ഞതിന്‍റെ അനുഭവസമ്പത്തുണ്ടായിരുന്നു ആശക്ക്. കുത്തിത്തിരിഞ്ഞ് കറങ്ങുന്ന പന്ത് കോച്ച് ശ്രീകുമാർ കണ്ടു. സാർ വഴക്ക് പറയുമോ എന്ന് പേടിച്ചിരിക്കുമ്പോൾ അതിശയിപ്പിക്കുന്ന മറുപടിയാണ് ലഭിച്ചത്. ഇനിമുതൽ ഇങ്ങനെ എറിഞ്ഞാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ കമന്‍റ്.

ആസ്ട്രേലിയൻ ക്യാപ്റ്റന്‍റെ വിക്കറ്റ്

തിരുവനന്തപുരം ജില്ല ടീമിൽ കളിക്കുമ്പോഴാണ് കേരള ടീമിലേക്ക് വിളിയെത്തുന്നത്. തുടർന്ന് സൗത്ത് സോൺ ടീം, ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഗ്രീൻ എന്നിവക്കായി കളിച്ചു. 2009ൽ ഇന്ത്യ അണ്ടർ19 ക്യാമ്പിൽ ഉൾപ്പെട്ടു. 2012ൽ ഇന്ത്യൻ എ ടീമിന്‍റെ ഭാഗമായി ആസ്ട്രേലിയൻ ടീമിനെതിരെ സന്നാഹ മത്സരം കളിക്കുകയും ക്യാപ്റ്റൻ മെഗ് ലാനിങ്ങിന്‍റെ വിക്കറ്റ് നേടുകയും ചെയ്തു. ലെഗ് സ്പിൻ ഇതിഹാസം ഷെയിൻ വോണിന്‍റെ കോച്ച് ടെറി ജെന്നറിന്‍റെ കീഴിൽ പത്തുദിവസം പരിശീലനം നേടിയതും വലിയൊരു അനുഭവംതന്നെയായിരുന്നു.

2018ൽ ശ്രീലങ്കയിൽ ഫസ്റ്റ് ക്ലാസ് ഡിവിഷൻ ടീമായ ചിലോ മാരിയൻസ് ടീമിന്‍റെ ഭാഗമാകുകയും പ്ലയർ ഓഫ് ടൂർണമെന്‍റായി തെരഞ്ഞെടുക്കുകയും ചെയ്തു. അതേവർഷം വീണ്ടും ഇന്ത്യ എ ടീമിലെത്തുകയും ആസ്ട്രേലിയൻ പര്യടനത്തിൽ പങ്കെടുക്കുകയുമുണ്ടായി. നിലവിൽ പോണ്ടിച്ചേരി വനിത ടീമിന്‍റെ ക്യാപ്റ്റനാണ്.

ഇന്ത്യൻ റെയിൽവേയിൽ

2011ലാണ് ആശക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി ലഭിക്കുന്നത്. യാദൃശ്ചികമായിട്ടാണ് റെയിൽവേയുടെ ഭാഗമാകുന്നത്. വിശാഖപട്ടണത്ത് സൗത്ത് സോൺ മത്സരം നടക്കുന്ന സമയത്താണ് റെയിൽവേയുടെ ഓപൺ ട്രയൽസ് ഹൈദരാബാദിൽ വരുന്നത്. മത്സരശേഷം വിശാഖപട്ടണത്തുനിന്ന് രാത്രിതന്നെ വണ്ടികയറി. ഔദ്യോഗികമായി അപേക്ഷിക്കാതെയും സർട്ടിഫിക്കറ്റുകളൊന്നും എടുക്കാതെയുമാണ് പോയത്. ട്രയൽസിന് നേതൃത്വം നൽകുന്ന നൂഷിൻ അൽ ഖദീർ, മിതാലി രാജ് എന്നിവരോട് ആശ വരുന്ന വിവരം പരിശീലകർ സൂചിപ്പിച്ചിരുന്നു. ട്രയൽസിൽ മികച്ച പ്രകടനംതന്നെ ആശക്ക് പുറത്തെടുക്കാനായി. അങ്ങനെ ക്രിക്കറ്റ് വഴി റെയിൽവേയിൽ ജോലി ലഭിച്ചു. നിലവിൽ ടെക്നിക്കൽ ഫീൽഡിൽ മെഷീനിസ്റ്റാണ്.

ആശ പലവർഷങ്ങളിലായി റെയിൽവേ ടീമുകൾക്കുവേണ്ടി കളിച്ചു. മിതാലി രാജിന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ റെയിൽവേയിൽ കളിക്കാൻ സാധിച്ചതും വലിയ ഭാഗ്യമായി കാണുന്നു. അവരുടെ കൂടെ ഏറെനേരം ബാറ്റ് ചെയ്യാനും മികച്ച പാർട്ണർഷിപ്പുകൾ പടുത്തുയർത്താനും സാധിച്ചു. ബാറ്റിങ്ങിനോടുള്ള ആശയുടെ മനോഭാവവും ശൈലിയുമെല്ലാം മാറ്റാനും അവർ ഏറെ സഹായിച്ചു. ജോലി കിട്ടുമ്പോൾ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയായിരുന്നു ആശ. ഹൈദരാബാദിലേക്ക് താമസം മാറിയതോടെ പഠിത്തം നിർത്തിയെങ്കിലും പിന്നീട് വിദൂരവിദ്യാഭ്യാസം വഴി ഡിഗ്രി നേടിയെടുത്തു.


ആർ.സി.ബിയിലെ രണ്ടാം ഇന്നിങ്സ്

2023ലാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐ.പി.എൽ) വനിത പതിപ്പായ വുമൺസ് പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം 10 ലക്ഷം രൂപക്ക് ലേലത്തിലൂടെ ആശയെ സ്വന്തമാക്കി. 32ാം വയസ്സിലാണ് ആർ.സി.ബിക്കുവേണ്ടി ജഴ്സിയണിയുന്നത്. അക്ഷരാർഥത്തിൽ ആശക്ക് അതൊരു രണ്ടാം ഇന്നിങ്സായിരുന്നു. വലിയൊരു ആരാധകവൃന്ദത്തിനുമുന്നിൽ ആദ്യമായിട്ടായിരുന്നു ആശ പന്തെറിയുന്നത്.

എല്ലാ കളികൾക്കും ആർ.സി.ബി ഫാൻസ് ഗാലറിയിൽ നിറഞ്ഞു. അവരുടെ ആരവങ്ങൾക്കിടയിൽ കളിക്കുക എന്നത് പ്രത്യേക വികാരം തന്നെയാണ്. അഞ്ച് മത്സരങ്ങളിൽനിന്നായി അഞ്ച് വിക്കറ്റ് നേടി ആശ ടീമിന്‍റെ വിജയങ്ങളിൽ പങ്കാളിയായി. ഇതിനുപുറമെ ടീമിലെ വിദേശ താരങ്ങളടക്കമുള്ളവരിൽനിന്ന് പുതിയ കാര്യങ്ങൾ പഠിക്കാനുമായി. അവരുടെ ജീവിതരീതികൾ, ആശയവിനിമയ ശൈലികൾ, സമ്മർദഘട്ടങ്ങളിൽ കളിക്കേണ്ട രീതി എന്നതെല്ലാം പുതിയ അനുഭവങ്ങളായിരുന്നു.

ഇന്ത്യൻ താരം സ്മൃതി മന്ദാനയുടെ കീഴിലാണ് ആർ.സി.ബിയിൽ കളിക്കുന്നത്. ക്യാപ്റ്റൻ കൂളാണ് അവർ. എന്ത് അഭിപ്രായവും സംശയവും ചോദിക്കാൻ കഴിയുന്ന അടുത്ത സുഹൃത്ത്. എല്ലാവരെയും ചേർത്തുനിർത്തി നല്ല രീതിയിൽ ടീമിനെ കൊണ്ടുപോകുന്ന വ്യക്തിത്വം. ആർ.സി.ബിക്കുവേണ്ടി കളിക്കുമ്പോഴാണ് സൂപ്പർ താരം വിരാട് കോഹ്ലിയെ കണ്ടുമുട്ടുന്നത്. തികച്ചും സർപ്രൈസായിട്ടാണ് അദ്ദേഹം ക്യാമ്പിലേക്ക് വരുന്നതും ടീം അംഗങ്ങളുമായി സംസാരിക്കുന്നതും. വളരെയധികം പ്രചോദനം തരുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്‍റേതെന്ന് ആശ പറയുന്നു.

ആശിച്ചു നേടിയ വിജയം

പ്രതിസന്ധികൾ ഏറെ തരണം ചെയ്താണ് ആശ ക്രിക്കറ്റിന്‍റെ ഉയരങ്ങളിലേക്ക് എത്തുന്നത്. പ്രതിസന്ധികളെ സധൈര്യം നേരിടുകയാണ് ആശയുടെ ശൈലി. ഒരിക്കലും അതിൽനിന്ന് ഒഴിഞ്ഞുമാറുകയോ അവയെ മറികടക്കാൻ എളുപ്പവഴികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. സഹിച്ചും പോരാടിയും അതിനെ കീഴ്പ്പെടുത്തി.

2012ൽ ഇന്ത്യൻ ടീമിന്‍റെ ഭാഗമായപ്പോൾ ലോകത്തിലെതന്നെ മികച്ച ലെഗ് സ്പിന്നറാകും എന്ന് പലരും പ്രവചിച്ചിരുന്നു. എന്നാൽ, അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിക്കാത്തത് സങ്കടപ്പെടുത്തി. ഇത് വിഷാദത്തിലേക്ക് നയിച്ചു. അപ്പോഴും ആശ പ്രതീക്ഷ കൈവിട്ടില്ല. അതിന് ഫലമുണ്ടായി. അംഗീകാരങ്ങൾ തേടിവന്നപ്പോൾ മനസ്സിൽ സന്തോഷം നിറഞ്ഞു. ‘നിങ്ങളിലുള്ള വിശ്വാസം കൈവിടരുത്. ചെയ്യുന്ന പ്രവൃത്തി ഭംഗിയായി തുടരുക. ഒരിക്കൽ ഫലം തേടിയെത്തും’ -ആശയുടെ വാക്കുകൾക്ക് ബാറ്ററെ നിഷ്പ്രഭമാക്കുന്ന ഗൂഗ്ളിയുടെ മൂർച്ചയുണ്ട്.

‘‘പുതുതായി ക്രിക്കറ്റ് മേഖലയിലേക്ക് വരുന്ന വനിതകൾക്കെല്ലാം പരിശീലനത്തിൽ കൂടുതൽ സാധ്യതകളുണ്ട്. ഫീൽഡിങ്ങിന് പ്രാധാന്യം വർധിച്ചുവരുകയാണ്. ഏറ്റവുമധികം ഫിറ്റ്നസ് വേണ്ട സന്ദർഭമാണിത്. ഫിറ്റ്നസും ക്രിക്കറ്റും ഒരുപോലെ കൊണ്ടുപോകണം. അതോടൊപ്പം പഠനവും തുടരണം’’ - അടങ്ങാത്ത വിക്കറ്റ് ദാഹവുമായി ഇന്നും ഗ്രൗണ്ടിലെത്തുന്ന ആശയുടെ വാക്കുകൾ പുതുതലമുറക്ക് പ്രചോദനം തന്നെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CricketerAsha Shobana
News Summary - Asha Shobana indian cricketer
Next Story