Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightWomenchevron_rightSheroeschevron_rightട്രെയിലർ, ബുൾഡോസർ,...

ട്രെയിലർ, ബുൾഡോസർ, ക്രെയിൻ... വാഹനം ഏതുമാകട്ടെ, ഈ 73കാരി പുഷ്പം പോലെ ഓടിക്കും

text_fields
bookmark_border
maniyamma
cancel
camera_alt

മണിയമ്മ

“പേടിച്ചുപേടിച്ചാണ് അന്നൊക്കെ ഡ്രൈവിങ് സീറ്റിലിരുന്നത്. ചേട്ടൻ ധൈര്യം പകരും, എന്നാലും ഒരു ടെൻഷനാണ്. വല്ലതും പറ്റുമോയെന്നു മാത്രമല്ല, എന്‍റെ അച്ഛനും അമ്മയും അറിയുമോ, അറിഞ്ഞാൽ അവര് വഴക്കുപറയില്ലേ എന്നൊക്കെയുള്ള പേടിയുമുണ്ടായിരുന്നു.നാലു പതിറ്റാണ്ടിനും മുമ്പുള്ള കാര്യമാണിത്. ഇന്ന് ഒരുവിധ പേടിയുമില്ലെന്നു മാത്രമല്ല, ഈ രംഗത്തേക്ക് വരാൻ മടിച്ചുനിന്ന, പേടിച്ചുനിന്ന കുറെപ്പേരുടെ പേടിമാറ്റാനും പറ്റി...” -പറയുന്നത് വർഷങ്ങൾക്കുമുമ്പേ ഹെവി ഡ്രൈവിങ് ലൈസൻസ് എടുക്കുകയും ഹെവി വാഹനങ്ങളുൾപ്പെടെ കൂളായി ഓടിക്കുകയും ചെയ്യുന്ന ഒരു അമ്മയെക്കുറിച്ചാണ്. പേര് രാധാമണി ലാലൻ എന്ന മണിയമ്മ. ആള് ചില്ലറക്കാരിയല്ല, സ്കൂട്ടർ മുതൽ ഭീമൻ ട്രെയിലർ വരെ ഓടിക്കും ഈ 73കാരി.

ട്രെയിലർ, ബുൾഡോസർ, എക്സ്കവേറ്റർ, ട്രാക്ടർ, ഫോർക് ലിഫ്റ്റ്, ബസ്, ലോറി, ക്രെയിൻ തുടങ്ങി ഹെവി വാഹനങ്ങളുടെ ലൈസൻസ് മുതൽ കാർ, ഓട്ടോറിക്ഷ, സ്കൂട്ടർ തുടങ്ങി സാധാരണ വാഹനങ്ങളുടെ ലൈസൻസ് വരെ ഈ അമ്മ വർഷങ്ങൾക്കുമുമ്പേ നേടിയെടുത്തു.

പെട്രോളിയം ഉൽപന്നങ്ങൾ കയറ്റിയ വാഹനങ്ങളോടിക്കാനുള്ള അത്യധികം ശ്രദ്ധയും ധൈര്യവും വേണ്ട ഹസാർഡ്സ് ലൈസൻസും ഇവർക്കുണ്ട്. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലായി 15 ബ്രാഞ്ചുകളുള്ള എ ടു ഇസെഡ് ഡ്രൈവിങ് സ്കൂളിന്‍റെ ഉടമയാണ് മണിയമ്മ.


മംഗളൂരുവിൽ നിന്ന് എടുത്ത ഹെവി ലൈസൻസ്

ആലപ്പുഴ അരൂക്കുറ്റി സ്വദേശിയായ മണിയമ്മ 1967ലാണ് ട്രാൻസ്പോർട്ട് ബിസിനസുകാരനായ ടി.വി. ലാലനെ വിവാഹംചെയ്ത് എറണാകുളം തോപ്പുംപടിയിലെത്തുന്നത്. 17 വയസ്സായിരുന്നു അന്ന്. 1978ൽ ഇവരുടെ കുടുംബം ഡ്രൈവിങ് സ്കൂൾ തുടങ്ങി. ഭർത്താവിന്‍റെ നിർദേശപ്രകാരമാണ് ഡ്രൈവിങ് പഠിക്കാൻ തീരുമാനിച്ചത്.

അന്ന് മാതാപിതാക്കൾ അറിഞ്ഞാൽ വഴക്കുപറഞ്ഞാലോ, നിരുത്സാഹപ്പെടുത്തിയാലോ എന്നൊക്കെ ആലോചിച്ച് രഹസ്യമായിട്ടായിരുന്നു ഡ്രൈവിങ് പഠനമെന്ന് മണിയമ്മ ഓർക്കുന്നു.

1981ലാണ് കാർ ലൈസൻസ് എടുത്തത്. അതൊരു തുടക്കം മാത്രമായിരുന്നു. അക്കാലത്ത്, മംഗളൂരുവിൽ പോയി എടുക്കേണ്ട, സാമ്പത്തിക ചെലവുകൂടിയ ഹെവി ലൈസൻസും സ്വന്തമാക്കി.

കേരളത്തിൽ അന്ന് ഹെവി ഡ്രൈവിങ് ലൈസൻസ് നൽകുന്ന സ്ഥാപനങ്ങളുണ്ടായിരുന്നില്ല. പലതവണ അപേക്ഷ നൽകിയിട്ടും സ്ഥാപനത്തിന് അനുമതി കിട്ടാത്തതിനെ തുടർന്ന് മണിയമ്മ നിയമപോരാട്ടത്തിലൂടെ കേരളത്തിലാദ്യമായി ഹെവി ലൈസൻസ് നൽകുന്ന ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടും എ ടു ഇസെഡിനു കീഴിൽ ആരംഭിച്ചു. പിന്നാലെ ഡ്രൈവിങ് പരിശീലനവും തുടങ്ങി.

അക്കാലത്തൊക്കെ സ്ത്രീകൾ ഡ്രൈവ് ചെയ്യുന്നതുപോലും അപൂർവ കാഴ്ചയായിരുന്നു. വണ്ടിയുമെടുത്ത് ഇറങ്ങിയാൽ കളിയാക്കാനും നെഗറ്റിവ് അടിക്കാനുമെല്ലാം നിരവധി പേരുണ്ടാകും. പ്രത്യേകിച്ച് ഓട്ടോ, ബസ് ഡ്രൈവർമാരൊക്കെ ഈ പെണ്ണിനു വേറെ പണിയില്ലേ എന്ന മട്ടിലാണ് കളിയാക്കിയിരുന്നത്. ആ സാഹചര്യത്തിലാണ് അതെല്ലാം മറികടന്ന് അവർ ഡ്രൈവിങ് പരിശീലനത്തിനായി ഇറങ്ങുന്നത്.

ഇതിനിടെ 1993ൽ സ്കൂട്ടർ ലൈസൻസ് എടുത്തു. അങ്ങനെ ജീവിതം സന്തോഷ ട്രാക്കിലൂടെ മുന്നോട്ടുപോകുന്നതിനിടെ സഡൺ ബ്രേക്കായി ഭർത്താവ് ലാലന്‍റെ മരണം. ഇതിന്‍റെ വേദനയിൽ ഒരു വർഷത്തോളം വാഹനങ്ങളുടെയും ഡ്രൈവിങ്ങിന്‍റെയും ലോകത്തുനിന്ന് മാറിനിന്നു. വൈകാതെ തിരിച്ചെത്തി, ഡ്രൈവിങ് സ്കൂളിന്‍റെ ചുമതല പൂർണമായും ഏറ്റെടുത്തു.

പ്രചോദനമാണീ ജീവിതം

തുടക്കത്തിൽ പരിഹാസവും നിരുത്സാഹപ്പെടുത്തലും മാത്രമായിരുന്നു പാതയോരങ്ങളിൽനിന്ന് ലഭിച്ചിരുന്നതെങ്കിൽ ഇന്ന് ആളുകളെല്ലാം ആരാധനയോടും അഭിമാനത്തോടുമാണ് ഇടപെടുന്നതെന്ന് മണിയമ്മ സാക്ഷ്യപ്പെടുത്തുന്നു. എനിക്ക് കാറോടിക്കാനൊന്നും പറ്റില്ല, ടെൻഷനാണ് എന്നുപറയുന്ന നിരവധി പേർ മണിയമ്മയുടെ ജീവിതം കണ്ട് പ്രചോദനമുൾക്കൊണ്ടും ആത്മവിശ്വാസം കൈവരിച്ചും ധൈര്യത്തോടെ ഡ്രൈവിങ്ങിലേക്കിറങ്ങി വിജയം കൈവരിച്ചിട്ടുണ്ട്.

എന്നെക്കൊണ്ട് പറ്റില്ലെന്നു പറഞ്ഞവർ മണിയമ്മയെ കാണുമ്പോൾ, ‘ഈ പ്രായത്തിലുള്ള അമ്മക്കു പറ്റുമെങ്കിൽ പിന്നെ ഞങ്ങൾക്കെന്താ ആയിക്കൂടേ’ എന്നു മാറ്റിപ്പറഞ്ഞ് ആത്മവിശ്വാസത്തോടെ ഡ്രൈവിങ് സീറ്റിലേക്ക് കയറിയിരിക്കും.

ഇനി അൽപം ലക്ഷ്വറിയാവാം...

വമ്പൻ വാഹനങ്ങളെല്ലാം ഓടിച്ച് പുതുമ നഷ്ടപ്പെട്ട മണിയമ്മ അടുത്തിടെ ആഡംബര, ഓഫ് റോഡ് വാഹനങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ബെൻസും താറുമെല്ലാം ഓടിച്ച് മനസ്സിനെ തൃപ്തിപ്പെടുത്തി. ഇനി റോൾസ് റോയ്സ്, ബി.എം.ഡബ്ല‍്യു തുടങ്ങിയ വാഹനങ്ങളോടിക്കാനുള്ള ആഗ്രഹവും ഉള്ളിലുണ്ട്.

വർഷങ്ങൾക്കുമുമ്പ് താൻ വണ്ടിയോടിച്ചുപഠിച്ച നാട്ടിലെ റോഡിലൂടെ ഇന്ന് പലതരം വാഹനങ്ങളിൽ പോകുമ്പോൾ അന്നത്തെ ആളുകളിലും ഇന്നത്തെ ആളുകളിലും പലതരം കൗതുകങ്ങൾ കാണാമെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. ഡ്രൈവിങ് പരിശീലക എന്നതിനുമപ്പുറം നൂറുകണക്കിനാളുകൾക്ക് ലൈസൻസ് എടുത്തുനൽകിയിട്ടുണ്ട്.

ഇതുവരെ ഓടിച്ച വാഹനങ്ങളിൽ ചെറുതായെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുള്ളത് ട്രെയിലർ ആണ്. 2014ലാണ് ഇവർ ട്രെയിലറോടിക്കാൻ പഠിച്ച് ലൈസൻസെടുക്കുന്നത്. ട്രെയിലറിന്‍റെ നീളക്കൂടുതലും മറ്റു വാഹനങ്ങളിൽനിന്ന് വ്യത്യസ്തമായി സ്റ്റിയറിങ് തിരിക്കുന്നതിന്‍റെ വിപരീത ദിശയിൽ വാഹനം നീങ്ങുന്നതുമാണ് ബുദ്ധിമുട്ടിനു കാരണമെന്നും അവർ പറയുന്നു.

കൂടുതൽ ലൈസൻസെടുത്ത പ്രായംകൂടിയ വനിത

കഴിഞ്ഞ വർഷം ഇന്ത്യയിലാദ്യമായി ജെ.സി.ബി ഇലക്ട്രിക് എക്സ്കവേറ്റർ ലോഞ്ച് ചെയ്തപ്പോൾ ആദ്യമായി ഓടിച്ചത് രാധാമണിക്ക് ഏറെ അഭിമാനമുള്ള നിമിഷമാണ്. ജെ.സി.ബിയുടെ എക്സ്കോൺ പവിലിയനിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം നടത്തിയതിനുശേഷമായിരുന്നു ആ അവസരം ലഭിച്ചത്.

കഴിഞ്ഞ വനിതദിനത്തിൽ സംസ്ഥാന വനിത ശിശുവികസന വകുപ്പ്, വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വനിതകളെ ആദരിച്ചവരുടെ കൂട്ടത്തിൽ രാധാമണിയുമുണ്ടായിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സംഘടനകൾ വിവിധ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

മണിയമ്മയുടെ മക്കളായ മിലൻ, മിനി, മിജുലാൽ, മരുമക്കളായ ദീപ, ശിവപ്രസാദ്, രാധിക, പേരമക്കൾ തുടങ്ങിയവരെല്ലാം ഡ്രൈവിങ് സ്കൂൾ ബിസിനസിൽ ഒപ്പമുണ്ട്. സംസ്ഥാനത്താദ്യമായി ഓട്ടോമൊബൈൽ ഡിപ്ലോമയെടുത്ത വനിതയായ മിനി വൈക്കത്ത് ഡ്രൈവിങ് സ്കൂൾ നടത്തുന്നു.

മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ പേരമകൻ അരവിന്ദ് മിലനാണ് കൂടുതൽ കാര്യങ്ങളും ഏറ്റെടുത്ത് നടത്തുന്നത്. പഴയതുപോലെ ഡ്രൈവിങ്ങിൽ സജീവമല്ലെങ്കിലും ആവുന്നത്രകാലം പാഷൻ മുറുകെപ്പിടിച്ച് ജീവിക്കണമെന്നുതന്നെയാണ് മണിയമ്മയുടെ ആഗ്രഹം.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women .Lifestyle
News Summary - heavy vehicle driver maniyamma
Next Story