Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightWomenchevron_rightSheroeschevron_right‘റേസിങ്ങിൽ...

‘റേസിങ്ങിൽ വിജയിക്കുകയല്ല, നല്ലരീതിയിൽ സുരക്ഷിതമായി പൂർത്തിയാക്കുക എന്നതാണ് പ്രധാനം’

text_fields
bookmark_border
Henna Jayanth: From State Level Cricketer To Race Car Driver
cancel
camera_alt

ഹെന്ന ജയന്ത്

കോയമ്പത്തൂരിലെ ട്രാക്കിൽ തന്‍റെ മൂന്നാം നമ്പർ റേസിങ് കാറിൽ മത്സരത്തിന്​ ഒരുങ്ങുകയാണ് ഹെന്ന ജയന്ത് എന്ന കോഴിക്കോട്ടുകാരി. നാളുകൾ നീണ്ട പരിശീലനത്തിനൊടുവിലാണ്​ വളയം പിടിക്കുന്നത്.

മുന്നിലെ ബോർഡിൽ ഗ്രീൻ സിഗ്നൽ തെളിഞ്ഞതോടെ ആക്സിലറേറ്ററിൽ കാലമർന്നു. മറ്റു കാറുകൾക്കൊപ്പം ഹെന്നയും ഇരമ്പിയാർത്ത് കുതിച്ചുപായുന്നു. ഓരോ ഗിയർ മാറ്റുമ്പോഴും ഇവർ പിന്നിലാക്കുന്നത് ജീവിതത്തിൽ നേരിട്ട ഒട്ടേറെ പ്രതിസന്ധിയെക്കൂടിയാണ്.
18ാം വയസ്സു മുതൽ ഡ്രൈവിങ് ഒരു പാഷനാണ് ഹെന്നക്ക്​.

ലൈസൻസ് ലഭിച്ചശേഷം ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളത് വാഹനങ്ങൾക്കൊപ്പംതന്നെ. എന്നാൽ, റേസിങ് മേഖലയിലേക്ക് കടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ജീവിതത്തിലൊരു പ്രതിസന്ധി വന്നപ്പോൾ അതിനെ മറികടക്കാൻ യോഗയും തെറപ്പിയുമടക്കം പല വഴികൾ നോക്കി. പക്ഷേ, അതിലൊന്നും ഫലം കണ്ടില്ല. ഇതിനിടയിൽ ഇൻസ്റ്റഗ്രാമിൽ കണ്ട പരസ്യമാണ് റേസിങ് മേഖലയിലേക്ക് എത്തിക്കുന്നത്.

പരിശീലനം കോയമ്പത്തൂരിൽ

തുടർന്ന് കോയമ്പത്തൂരിലെ കാരി മോട്ടോർ സ്പീഡ് വേയിൽ പരിശീലനം ആരംഭിച്ചു. മോട്ടോർ സ്പോർട്സ് മേഖലയിൽ വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങിയ കാലമാണ്. അതിനാൽ ഹെന്നയെ ഇരുകൈയും നീട്ടി അവർ എതിരേറ്റു. റേസിങ് വാഹനത്തെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനുമെല്ലാം കുറച്ച് ബുദ്ധിമുട്ടായിരുന്നു.


റോഡ്​ വേറെ ട്രാക്ക്​ വേറെ

റോഡിലേതു പോലെയല്ല ട്രാക്കിൽ ഓടിക്കുന്നത്. ഓരോ കാര്യവും കൊച്ചുകുട്ടിയെപ്പോലെ പഠിക്കേണ്ടിവന്നു. ബ്രേക്കിങ്, കോർണറിങ്, റേസിങ് ലൈൻ തുടങ്ങിയവയെല്ലാം മനസ്സിലാക്കി. ടീം അംഗങ്ങളും ഒഫിഷ്യൽസുമെല്ലാം അകമഴിഞ്ഞ് പിന്തുണച്ചതോടെ കാര്യങ്ങൾ സിംപിളായി.

അപകടം പിടിച്ച വഴിയിൽ

അപകടം നിറഞ്ഞ ഈ മത്സരത്തിൽ പങ്കെടുക്കണോ എന്ന ചോദ്യവും പല കോണുകളിൽനിന്നും ഉയർന്നിരുന്നു. എന്നാൽ, മനോധൈര്യത്തോടെ ഹെന്ന അതെല്ലാം മറികടന്നു. ഹെൽമറ്റടക്കമുള്ള സുരക്ഷ ഉപകരണങ്ങളെല്ലാം കൂടുതൽ ആത്മവിശ്വാസം നൽകി.

ആദ്യ ചാമ്പ്യൻഷിപ്

‘ഡി.ടി.എസ് റേസിങ്’ ടീമിന്‍റെ ഭാഗമായി ജെ.കെ ടയർ നോവിസ് ചാമ്പ്യൻഷിപ്പിലാണ് ഹെന്ന ആദ്യമായി പങ്കെടുക്കുന്നത്. എൽ.ജി.ബി ഫോർമുല കാറാണ് മത്സരത്തിന് ഉപയോഗിക്കുക. മാരുതി സുസുകി എസ്റ്റീമിന്‍റെ ഗിയർ ബോക്സും സ്വിഫ്റ്റിന്‍റെ 1300 സി.സി എൻജിനും ചേർത്ത് ഒരുക്കിയ കാറായിരുന്നു ഹെന്നയുടേത്. പരമാവധി വേഗം മണിക്കൂറിൽ 190 കി.മീ. 20 പുരുഷന്മാരും രണ്ടു സ്ത്രീകളുമടക്കം 22 പേർ മത്സരത്തിനുണ്ട്. യോഗ്യത റൗണ്ടിൽ 21ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാൽ, അടുത്ത റൗണ്ടിൽ പത്താം സ്ഥാനത്തെത്തി കരുത്തു തെളിയിച്ചു.

റേസിങ്ങിൽ വിജയിക്കുകയല്ല, നല്ലരീതിയിൽ സുരക്ഷിതമായി പൂർത്തിയാക്കുക എന്നതാണ് പ്രധാനം. അതിൽ 100 ശതമാനം ഹെന്നക്ക് വിജയിക്കാനായി. ഒപ്പം തന്‍റെ ജീവിതത്തെ പിടികൂടിയ പ്രതിസന്ധിയെ തരണംചെയ്യാനും ഇത് സഹായിച്ചു. പിന്നീട് ജെ.കെ ടയർ റൂക്കീ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ദേശീയ താരമെന്ന പദവി നേടി. 2023ൽ ചെന്നൈയിൽ നടക്കുന്ന ടൊയോട്ടയുടെ എറ്റിയോസ് മോട്ടോർ റേസിങ് ട്രോഫിയിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.


ഓഫ്റോഡിലും പിടിയുണ്ട്

റേസിങ് ട്രാക്കിനു പുറമെ ഓഫ്റോഡിലും ഈ യുവതി കഴിവ് തെളിയിക്കുന്നു. മഹീന്ദ്ര ഥാർ, മാരുതി സുസുകി ജിപ്സി എന്നിവയാണ് സ്വന്തമായുള്ള വാഹനങ്ങൾ. രണ്ടും ഓഫ്റോഡിന് അനുയോജ്യം. തികച്ചും വ്യത്യസ്തമായ സ്കില്ലുകളാണ് ഇവിടെ വേണ്ടത്. ‘പെണ്ണുങ്ങളാണ്, വണ്ടിയോടിക്കാൻ അറിയുമോ? മെല്ലെയേ പോകൂ’ എന്ന പതിവു പല്ലവികൾ ഈ മേഖലയിലേക്ക് വരുമ്പോഴും കേട്ടിരുന്നു. ഇവ ആദ്യം ഒന്നു പിന്നോട്ടടിപ്പിച്ചെങ്കിലും ലക്ഷ്യങ്ങൾ താണ്ടാനുള്ള വാശി മനസ്സിൽ തീർത്തു.

ലോങ്​ ട്രിപ്പും ഇഷ്ടം

ഗോവയിലേക്കെല്ലാം ഓടിച്ചുപോകാറുണ്ട്. ഓരോ നാടിന്‍റെയും കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ റോഡ് ട്രിപ് തന്നെ വേണമെന്നാണ് ഇവരുടെ വിശ്വാസം. ലാൻഡ് റോവർ ഡിഫൻഡറാണ് ഡ്രീം കാർ.

യാത്രയുടെ ലോകത്ത്

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് ഹെന്ന. വാഹന മേഖലയിലെയടക്കം നിരവധി കമ്പനികൾക്കുവേണ്ടി ഇവർ വിഡിയോ കണ്ടന്‍റുകൾ ഒരുക്കുന്നു. പുറമെ ടൂറിസം മേഖലയിലേക്കുകൂടി ചുവടുറപ്പിച്ചു. വയനാട്ടിൽ 100 വർഷം പഴക്കമുള്ള ബംഗ്ലാവാണ് ഇതിനായി തിരഞ്ഞെടുത്തത്. ഹിപ്നോട്ടിക് സ്റ്റേയ്സ് എന്നാണ് സ്ഥാപനത്തിന്‍റെ പേര്. പിതാവാണ് ഇതിനെല്ലാം പ്രചോദനമെന്ന്​ അവർ വിവരിക്കുന്നു.

അമേരിക്കയിലൂടെ 24 ദിവസം നീണ്ടുനിന്ന സോളോ ട്രിപ്പാണ് ജീവിതത്തിലെ വലിയ യാത്ര. ഒരുപാട് അനുഭവങ്ങൾ ഈ യാത്ര നേടിക്കൊടുത്തു. ഹിമാചൽപ്രദേശിലേക്ക് നടത്തിയ യാത്ര ഒരിക്കലും മറക്കാനാവാത്തതാണ്. അത്രക്ക് പ്രിയപ്പെട്ടതും മനോഹരവുമാണ് അവിടം.

വീണ്ടും അവിടേക്ക് പോകാനുള്ള തയാറെടുപ്പിലാണ്. മോഡലിങ് രംഗത്തും സിനിമയിലുമെല്ലാം ഹെന്ന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സെന്‍റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. ഡിഗ്രി വിദ്യാഭ്യാസം ബംഗളൂരുവിലാണ്. പിന്നീട് ഒരുവർഷം ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഉപരിപഠനം നടത്തി.


ദോശ ഓവർ ദോക്ല

വീട്ടിൽ ദിവസവും കേരള, ഗുജറാത്തി ഭക്ഷണങ്ങൾ വിളമ്പും. ഇവരുടെ ഇൻസ്റ്റഗ്രാം പേജിന് ഗുജറാത്തി വിഭവമായ ദോക്ലയും ദക്ഷിണേന്ത്യൻ വിഭവമായ ദോശയും ചേർന്നുള്ള ‘dosaoverdhokla’ എന്നാണ്​ പേരിട്ടത്​. സാമൂഹിക പ്രവർത്തകനും ഇൻവെസ്റ്റ് കൺസൽട്ടന്‍റുമായ ആർ. ജയന്ത് കുമാറാണ് പിതാവ്. അധ്യാപികയായിരുന്ന മാതാവ് ഹൻസ ജയന്ത് കോർപറേഷൻ കൗൺസിലറായിരുന്നു. ഏക സഹോദരൻ: ശിവ.

സ്വപ്നങ്ങൾക്കു പിറകെ

‘‘പ്രതിസന്ധികൾ വരും. അതിനെ മറികടക്കാൻ ചിലപ്പോൾ സമയമെടുക്കും. അപ്പോഴും സ്വയം ഉത്തേജിപ്പിച്ചു കൊണ്ടിരിക്കുക. അത് വലിയ വിജയങ്ങൾ നേടിത്തരും’’ -ഹെന്നയുടെ വാക്കുകൾ.


ക്രിക്കറ്റ് പിച്ചിലും ഹെന്നയുണ്ട്​

ഗുജറാത്തി വേരുകളുള്ള ഹെന്നയുടെ മറ്റൊരു ഇഷ്ടമേഖലയാണ് ക്രിക്കറ്റ്. സ്കൂൾകാലം തൊട്ട് ബാറ്റേന്തുന്നു. കേരള ടീമിനുവേണ്ടി ദേശീയ ടൂർണമെന്‍റിൽ വരെ ഈ ഓപണിങ് ബാറ്റർ ബൗണ്ടറികൾ പായിച്ചു. ഹെന്നയുടെ മാതാവും കേരള ക്രിക്കറ്റ് താരമായിരുന്നു. ഇവരാണ് ക്രിക്കറ്റ് പിച്ചിൽ പിച്ചവെക്കാൻ നിമിത്തമാകുന്നത്. അക്കാലത്ത് വനിത ക്രിക്കറ്റിന് ഒട്ടും പ്രാധാന്യമില്ലായിരുന്നു.

എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാറിയെന്ന് ഹെന്ന പറയുന്നു. ഗുജറാത്തി കുടുംബം ആണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം കോഴിക്കോടാണ്. അതിനാൽതന്നെ കേരള ടീമിനുവേണ്ടി ജഴ്സിയണിഞ്ഞതിൽ ഇവർ അഭിമാനം കൊള്ളുന്നു. ജില്ല വനിത ക്രിക്കറ്റ് ടീം സെലക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam kudumbamwomens day 2023digit alldigital sheroesHenna JayanthRace Car Driver
News Summary - Henna Jayanth: From State Level Cricketer To Race Car Driver
Next Story