ഈ കറുപ്പിൽ ഞാൻ അഭിമാനിക്കുന്നു
text_fields'അച്ഛൻ ജനിത്തും അമ്മ അർച്ചനയും ഞാനും കറുത്ത നിറമാണ്. നിറം നോക്കാതെ പ്രണയിച്ച് ഒരുമിച്ച് അന്തസ്സോടെ ജീവിക്കുന്നവരുടെ മകളാണ് ഞാൻ, അതുതന്നെയാണ് എന്റെ കരുത്തും. എന്റെ ജീവിതം അതാണ് പഠിപ്പിച്ചത്. അതിൽ ഞാൻ അഭിമാനിക്കുന്നു. ഈ നിറമാണ് എന്റെ വ്യക്തിത്വം. ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവരുടെ പരിഹാസം തന്നെയാണ് എനിക്ക് പ്രചോദനമായത്. ആ പരിഹാസം തന്നെയാണ് എന്നെ ഇവിടെ എത്തിച്ചതും.'
കറുത്ത നിറത്തിന്റെ പേരിൽ കളിയാക്കലുകൾ തളർത്തിയ ഒരു കാലമുണ്ടായിരുന്നു കാജലിന്. പക്ഷേ, അതേ കറുപ്പിനെ അവൾ കരുത്താക്കി മാറ്റി, നിറം സൗന്ദര്യത്തിെന്റെ അളവുകോലാക്കിയവരുടെ മുന്നിലേക്ക് കറുപ്പഴകിന് കൈയടി വാങ്ങിയാണ് ഇടവ സ്വദേശി കാജലെത്തിയത്.
'കുട്ടിക്കാലം മുതൽ നിറത്തിന്റെ പേരിൽ കടുത്ത പരിഹാസങ്ങളാണ് നേരിട്ടത്. ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും അയൽവാസികളും കാണുന്നവരെല്ലാം പരിഹസിക്കാറുണ്ടായിരുന്നു. ഞാൻ കേൾക്കേ പരിഹസിക്കാൻ ആളുകൾ മത്സരിച്ച കാലം. കുട്ടിക്കാലത്തായിരുന്നു നിറത്തിന്റെ പേരിൽ ഏറ്റവും വിഷമിച്ചത്.
ആദ്യമൊക്കെ പരിഹാസം കാരണം സ്കൂളിൽ പോകാൻ തന്നെ മടിയായിരുന്നു. കൂട്ടുകാരുടെ ചോദ്യവും നോട്ടവും കാണുമ്പോൾ പേടിയും. സ്കൂളിലേക്ക് പോവുന്ന വഴി, കല്യാണ വീടുകൾ, ബസ്സ്റ്റോപ്, കട... അങ്ങനെ എവിടെ പോയാലും തുറിച്ചുനോക്കുന്നവർ, അടക്കം പറയുന്നവർ, അമ്മയെയും എന്നെയും ഉപദേശിക്കുന്നവർ, വെളുക്കാൻ ഐസ്ക്രീമോ പയർപൊടിയോ തേച്ചുകൂടേ എന്നൊക്കെയുള്ള പരിഹാസങ്ങളും ഉപദേശങ്ങളും വരെ അതിലുണ്ടായിരുന്നു. എന്നാൽ, 'വെളുക്കാനുള്ള പൊടിക്കൈകൾ' ആശ്വാസത്തിനു പകരം അസ്വസ്ഥതകളാണ് എനിക്ക് നൽകിയത്.
പക്ഷേ, അമ്മയും അച്ഛനും റസ്ലിങ് കോച്ച് സതീഷ് സഹദേവനും കുറച്ചു കൂട്ടുകാരും മനസ്സിൽ നിറച്ചുതന്ന കരുത്തായിരുന്നു പ്രചോദനം. 'എത്ര നാൾ പരിഹാസം കേട്ട് ഒതുങ്ങിക്കഴിയും, അങ്ങനെ ജീവിക്കേണ്ടവളല്ലല്ലോ നീ' എന്ന അമ്മയുടെ ഉപദേശം തന്നെയാണ് പരിഹാസങ്ങൾക്കു മുന്നിൽ തലകുനിക്കാതെ ജീവിച്ചുകാണിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. കളറല്ല സൗന്ദര്യം, മനസ്സും സ്വഭാവവുമാണെന്ന് മനസ്സിനെ പറഞ്ഞുശീലിപ്പിക്കലായിരുന്നു ആദ്യ പടി. നമ്മുടെ ശരീരത്തെ സ്വയം ഉൾക്കൊണ്ടാൽ തീരാവുന്ന പ്രശ്നമേ നമുക്കുള്ളൂ.
ഫോട്ടോ എടുക്കുന്നതായിരുന്നു എനിക്ക് ഏറ്റവും വെറുപ്പുള്ള കാര്യം. കാമറക്കു മുന്നിൽ വരാൻ പേടിച്ചിട്ടല്ല. സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ പോയാൽ വെളുപ്പിച്ച് ഞാനല്ലാതായ ഫോട്ടോയായിരുന്നു തിരികെ തന്നിരുന്നത്. അതു കണ്ടാൽ ഞാൻ അത്രക്കു മോശമാണോ എന്ന തോന്നലുണ്ടാകും. ലോക്ഡൗൺ സമയത്ത് എന്റെ കസിൻ പ്രിൻസാണ് ഫോട്ടോഷൂട്ട് നടത്തിയത്. ചേട്ടനാണ് ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അതു കണ്ടാണ് മെയ്ക്കോവർ ഫോട്ടോഷൂട്ടിന് വിളിച്ചത്. പക്ഷേ, ഇത്തവണ ഫോട്ടോ ഷൂട്ടിന് വിളിച്ചപ്പോൾ എെൻറ കണ്ടീഷൻ ഇത്ര മാത്രമായിരുന്നു, ''വെളുപ്പിക്കരുത്, ഉള്ള നിറംതന്നെ ഫോട്ടോക്ക് വേണം.'' ആ ഫോട്ടോ ഷൂട്ടാണ് പിന്നീട് വൈറലായത്. എന്നെ മോഡലാക്കി ഫോട്ടോഷൂട്ട് എടുത്ത ഡോ. ഐഷ ആബേൽ, രാഹുൽ ആർ. നാഥ്, റോയ് ലോറൻസ് എന്നിവരോട് നന്ദിയുണ്ട്.
പലതരത്തിലുള്ള ബോഡി ഷെയ്മിങ്ങിനെതിരെ ഇപ്പോൾ ആളുകൾ രംഗത്തുവരുന്നുണ്ടെന്നതിൽ വളരെ സന്തോഷമുണ്ട്. അണിഞ്ഞൊരുങ്ങാൻ താൽപര്യമില്ലാത്ത എനിക്ക് കാഷ്വൽ വസ്ത്രങ്ങളോടാണ് ഇഷ്ടം. ഏഴു വർഷമായി റസ്ലിങ് പരിശീലിക്കുന്നുണ്ട്. ഷെഫ് ആവാനാണ് ആഗ്രഹം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.