“ഞാന്‍ അനുഭവിച്ചത് ഇനി ഒരു സ്ത്രീക്കും സംഭവിക്കരുത്”
text_fieldsതാന്‍ അനുഭവിച്ച യാതനകള്‍ പൊതു ഇടത്തിൽ വന്ന് പറയാൻപോലും പറ്റാത്ത അവസ്ഥയിലായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവില്‍ പീഡനത്തിനിരയായ യുവതി. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ വാര്‍ഡിലേക്കു മാറ്റിയ അറ്റന്‍ഡര്‍ ക്രൂരമായ പീഡനത്തിനിരയാക്കി. അങ്ങേയറ്റത്തെ നിസ്സഹായാവസ്ഥയില്‍ തന്നോട് പൈശാചികമായി പെരുമാറിയയാളോട് പൊറുക്കാന്‍ അവര്‍ തയാറായിരുന്നില്ല.
“ഞാന്‍ ഒരു സ്ത്രീയാണ്. എനിക്ക് മാതാവുണ്ട്, സഹോദരിമാരുണ്ട്, ഒരു മകളുണ്ട്. ഞാന്‍ അനുഭവിച്ചത് ഇനി ഒരു സ്ത്രീക്കും അനുഭവിക്കേണ്ടിവരരുത്. ഈ പോരാട്ടത്തിന്‍റെ അന്ത്യം ഒരുപക്ഷേ പരാജയമായിരിക്കാം. അത് പ്രശ്‌നമല്ല. ഒരു ക്രൂരമായ അനീതിക്കെതിരെ തന്നാലാവുംവിധം പോരാടി എന്ന് എന്‍റെ മനസ്സിനെ തൃപ്തിപ്പെടുത്തണം.
മാനഹാനി ഭയന്ന് സംഭവം മൂടിവെച്ചിട്ട്, നാളെ എന്‍റെ മകള്‍ക്ക് ഇങ്ങനെ സംഭവിച്ചാല്‍ പരിതപിച്ചിട്ട് കാര്യമില്ലല്ലോ?” -ഇത് പറയുമ്പോൾ കണ്ണുനീരല്ല, അതിജീവിച്ചവളുടെ ധീരതയായിരുന്നു ആ കണ്ണിൽ.
‘ഇതൊക്കെ ഇത്ര വലിയ പ്രശ്‌നമാക്കണോ’
പോരാട്ടത്തിന്‍റെ വഴികളില്‍ അധികാരകേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ അത്യന്തം നിരാശജനകമാണ്. കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇതൊക്കെക്കൊണ്ടാവാം ഇത്തരം സംഭവങ്ങള്‍ ഇരകള്‍ പുറത്തുപറയാനും പോരാടാനും മടിക്കുന്നത് -അതിജീവിത പറയുന്നു.
പ്രതി ശശീന്ദ്രനെ സംരക്ഷിക്കാന്‍ പല കോണുകളില്‍നിന്നും ശ്രമം നടന്നിരുന്നു. കോടതി മുമ്പാകെ രഹസ്യമൊഴി കൊടുത്ത അതിജീവിതക്ക് മതിയായ സംരക്ഷണം നല്‍കുന്നതിനു പകരം കേസില്‍നിന്ന് പിന്മാറാന്‍ സമ്മർദം ചെലുത്താനായിരുന്നു ആശുപത്രി ജീവനക്കാരില്‍ ചിലരുടെ ശ്രമം.
വിവാഹിതയായ നിങ്ങള്‍ ഇതൊക്കെ ഇത്ര വലിയ പ്രശ്‌നമാക്കണോ എന്ന് രോഗിയോട് ചോദിക്കാന്‍ ആശുപത്രിയിലെ വനിത ജീവനക്കാര്‍ക്ക് അൽപംപോലും ലജ്ജയുണ്ടായിരുന്നില്ല. വഴങ്ങാതിരുന്നപ്പോള്‍ ഭീഷണിയായി. ഇത് മാധ്യമങ്ങളെ അറിയിക്കുകയും പ്രതിപക്ഷ കക്ഷികള്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തശേഷമാണ് ഈ കേസില്‍ പ്രതികളെ ആശുപത്രിയില്‍നിന്ന് സസ്‌പെൻഡ് ചെയ്തത്.
കുറ്റവാളികള്‍ക്ക് സംരക്ഷണ കവചം
കുറ്റവാളികള്‍ക്ക് സംരക്ഷണ കവചമൊരുക്കാന്‍ മെഡിക്കല്‍ കോളജിന് അകത്തും പുറത്തും ആളുണ്ടായിരുന്നു. ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണത്തില്‍ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആ സമയത്തെ പ്രിന്‍സിപ്പല്‍ വിരമിക്കുന്ന ദിവസം കുറ്റവാളികള്‍ക്ക് ശുദ്ധിപത്രം നല്‍കി തിരിച്ചെടുത്ത് ഉത്തരവിറക്കി.
ഇതിനെതിരെ അതിജീവിത രംഗത്തെത്തിയതോടെ ബ്യൂറോക്രാറ്റുകളുടെ കണക്കുകൂട്ടല്‍ തെറ്റി. പ്രിന്‍സിപ്പലിന്‍റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ആരോഗ്യവകുപ്പ് ഇടപെട്ട് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ഉത്തരവ് റദ്ദാക്കി.
ഇതിനിടെ അതിജീവിതയെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് പ്രതിക്ക് അനുകൂലമാംവിധം പൊലീസിന് നല്‍കിയ മൊഴി പുറത്തുവന്നു. ഗൈനക്കോളജിസ്റ്റിനെതിരെയും അതിജീവിത കേസ് നല്‍കിയെങ്കിലും ഇതില്‍ കഴമ്പില്ലെന്നായിരുന്നു പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് പൊലീസ് കമീഷണര്‍ക്ക് വിവരാവകാശം നല്‍കിയെങ്കിലും അത് അനുവദിക്കാന്‍ തയാറായില്ല. ഭരണസ്വാധീനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നിയമത്തിനു മുന്നില്‍ എത്തിക്കാനായെങ്കിലും അതിജീവിതക്ക് നീതി ലഭിക്കണമെങ്കില്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്.
സമരജ്വാലയിൽ ഉരുകി
ഓരോ ഘട്ടത്തിലും അതിജീവിത കേസിനെ വിടാതെ പിന്തുടരുന്നതാണ് കുറ്റവാളികളുടെയും അവരെ പിന്തുണക്കുന്നവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. സാധാരണ സ്ത്രീയല്ലേ എന്ന് നിസ്സാരവത്കരിച്ചവര്‍ ഇന്ന് അവരുടെ സമരജ്വാലയിൽ ഉരുകുകയാണ്.
കേസിന്‍റെ ഓരോ ഘട്ടത്തിലും അധികൃതരുടെ ഭാഗത്തുനിന്ന് നിരാശജനകമായ പ്രതികരണങ്ങളാണ് ഉണ്ടായിരുന്നതെന്ന് അതിജീവിത പറയുന്നു. എങ്കിലും പിന്മാറിയില്ല. ഓഫിസുകള്‍ കയറിയിറങ്ങി കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും തേടിക്കൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ആരോഗ്യവകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭിക്കാന്‍ അതിജീവിതക്ക് തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കേണ്ടിവന്നു.
പീഡനക്കേസില്‍ കോടതി മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തിയ അതിജീവിതയെ സ്വാധീനിക്കാന്‍ പല കോണുകളില്‍നിന്നും ശ്രമം നടക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും സുരക്ഷ ഒരുക്കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി.
ഇക്കാര്യം ആരോഗ്യ വകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും നഴ്‌സുമാരിലേക്ക് നടപടി ചുരുക്കി. ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ചു ജീവനക്കാരെ ജില്ലക്ക് പുറത്തേക്ക് സ്ഥലംമാറ്റിയതിനു പിന്നാലെ അതിജീവിതക്ക് അനുകൂല മൊഴി നല്‍കിയ ഹെഡ് നഴ്‌സിനെയും സ്ഥലംമാറ്റിയത് ചിലരുടെ സമ്മർദത്തിലാണെന്നും ആക്ഷേപമുണ്ട്.
പ്രതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആളുകള്‍ ഉണ്ടെങ്കിലും നീതിക്കായി ഏതറ്റംവരെയും പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് അതിജീവിത. ഈ പോരാട്ടം അവർക്കുവേണ്ടി മാത്രമല്ല, ശബ്ദിക്കാനാകാതെ നിസ്സഹായരായ അനേകം സ്ത്രീജന്മങ്ങൾക്കുവേണ്ടി കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.