വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സ്ത്രീയാണോ നിങ്ങൾ? എങ്കിൽ ഈ രോഗം നിങ്ങളെ ബാധിച്ചേക്കാം
text_fieldsഒന്നര പതിറ്റാണ്ടിനിടെ വൈദ്യശാസ്ത്രരംഗം ശ്രദ്ധിച്ചുതുടങ്ങുകയും ഈ അടുത്തകാലത്തായി ഗൗരവത്തോടെ സമീപിക്കുകയുംചെയ്ത ഒരു രോഗമാണ് ‘ഹറീഡ് വുമൺ സിൻഡ്രോം’ (Hurried Woman Syndrome).
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് (Psychosomatic disease) വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്. ഒരു വ്യക്തിക്ക് താങ്ങാവുന്നതിലധികം ഭാരം ചുമക്കേണ്ടിവരുമ്പോൾ ശരീരം നടത്തുന്ന ചെറിയ ‘പണിമുടക്കായി’ ഇതിനെ വിശേഷിപ്പിക്കാം.
ഉയർന്ന മാനസിക സമ്മർദം മൂലം ജോലികൾ ശരിയായ രീതിയിൽ ചെയ്യാൻ കഴിയാതെ വരുക, അമിതമായ ഉത്കണ്ഠ, നേരിയ വിഷാദം, പെട്ടെന്ന് കോപം വരുക, എപ്പോഴും ക്ഷീണം അനുഭവപ്പെടൽ, പുളിച്ചുതികട്ടൽ, വയറ്റിൽ കാളൽ, മറ്റു ദഹനസംബന്ധ തകരാറുകൾ, ഭക്ഷണത്തോട് വിരക്തി അല്ലെങ്കിൽ അമിതമായി ഭക്ഷണം വാരിവലിച്ച് കഴിക്കൽ, ശരീരഭാരം കുറയൽ അല്ലെങ്കിൽ അമിതവണ്ണം, ഉറക്കക്കുറവ്, ലൈംഗികതാൽപര്യമില്ലായ്മ, കാര്യങ്ങൾ ചെയ്തുതീർക്കാൻ കഴിയാതെവരുമ്പോഴുള്ള കുറ്റബോധം എന്നിവയെല്ലാം ഈ അവസ്ഥയുടെ ചില ലക്ഷണങ്ങളാണ്.
ഡൽഹി എയിംസിലെ ക്ലിനിക്കൽ സൈക്യാട്രി പ്രഫസർ ഡോ. മഞ്ജു മേത്തയാണ് ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയ ഒരു വ്യക്തി. അമിതഭാരം സഹിക്കാനാവാതെ ശരീരം സൃഷ്ടിക്കുന്ന പ്രതിരോധമാർഗമാണ് ഇതെന്നും ശാരീരികവും വൈകാരികവും മാനസികവുമായ ഒരു കൂട്ടം ലക്ഷണങ്ങളാണ് ‘ഹറീഡ് വുമൺ സിൻഡ്രോം’ ബാധിച്ച സ്ത്രീകളിൽ കണ്ടുവരുന്നതെന്നും ഡോ. മഞ്ജു മേത്ത പറയുന്നു. ഡോക്ടർമാർ ഈ അവസ്ഥയെ വിഷാദരോഗത്തിന് തൊട്ടുമുമ്പുള്ള ഘട്ടമായി (Pre-depression state) പരിഗണിക്കുന്നുമുണ്ട്.
ഹറീഡ് വുമൺ സിൻഡ്രോം ഉള്ള സ്ത്രീകളിൽ കണ്ടുവരുന്ന തുടർച്ചയായ മാനസിക സമ്മർദം കാലക്രമേണ തലച്ചോറിലെ ‘സെറോടോണിൻ-ഡോപാമിൻ സിസ്റ്റ’ത്തിലെ രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥക്ക് കാരണമാകും. ഈ അവസ്ഥമൂലം ശാരീരികക്ഷീണം ഉണ്ടാകുകയും ജോലികൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു.
ഇതോടെ മാനസിക സമ്മർദവും വിഷാദവും അധികരിക്കുകയും ശരീരം കൂടുതൽ ക്ഷീണത്തിലേക്കു പോകുകയും ചെയ്യുന്നു. ചുരുക്കത്തിൽ, കൃത്യസമയത്ത് ചികിത്സക്കു വിധേയമായില്ലെങ്കിൽ വിഷാദരോഗത്തിലേക്ക് എത്തിപ്പെടാനും സാധ്യതയുണ്ട്. മേൽപറഞ്ഞ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ എത്രയും പെട്ടെന്ന് മനഃശാസ്ത്ര വിദഗ്ധനെയോ മനോരോഗ ചികിത്സകനെയോ സമീപിക്കുക.
പ്രതിരോധിക്കാനുള്ള വഴികൾ
● വീട്ടുജോലികൾ സംബന്ധിച്ച് കൃത്യമായ പ്ലാൻ ഉണ്ടാക്കുക. അതനുസരിച്ച് ജോലികൾ ക്രമീകരിക്കാം.
● വീട്ടുജോലിയുടെ ഭാരവും വിഷമങ്ങളും കുടുംബാംഗങ്ങളോടു പങ്കുവെച്ച് അവരുടെ സഹകരണവും സഹായവും തേടുക.
● വീട്ടിലും ഓഫിസിലും അയൽപക്കങ്ങളിലും സ്നേഹപൂർണമായ അന്തരീക്ഷം നിലനിർത്തുക.
● പോഷകസമ്പന്നമായ ഭക്ഷണം കഴിക്കുക. ആവശ്യത്തിന് വിശ്രമിക്കുക
● വ്യായാമം ചെയ്യുക.
● കൃത്യമായി ഉറങ്ങുക.
● ഓഫിസിൽ തന്റെ മാത്രം ജോലികൾ കൃത്യമായും സമയബന്ധിതമായും ചെയ്യാൻ ശ്രമിക്കുക.
● മേലധികാരികളെ ബോധ്യപ്പെടുത്തി അധിക ചുമതലകളും ഉത്തരവാദിത്തങ്ങളും കുറക്കുക.
● ഇടക്ക് ടി.വി കാണാനും വായിക്കാനും സൗഹൃദങ്ങൾ പങ്കുവെക്കാനും സമയം കണ്ടെത്തുക.
തയാറാക്കിയത്: ആർ.കെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.