ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഭരണകൂടം; രാത്രി പത്തിന് മുമ്പ് പ്രകടനം നടത്തി നാട്ടുകാർ
text_fieldsഎൻ.സി.പി തിങ്കളാഴ്ച പ്രതിഷേധദിനം നടത്താനിരിക്കേ, ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേഷൻ. സമരത്തെ ഭയന്ന് ഞായറാഴ്ച രാത്രി പത്ത് മുതൽ പത്ത് ദ്വീപിലും ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ. എന്നാൽ, ഉത്തരവ് ഇറങ്ങിയ ഉടൻ രാത്രി പത്ത് മണിക്ക് മുമ്പ് പ്രകടനം നടത്തി നാട്ടുകാർ പ്രതിഷേധം അറിയിച്ചു.
തിങ്കളാഴ്ചത്തെ എൻ.സി.പി പ്രതിഷേധം കലാപം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് അഡ്മിനിസ്ട്രേഷൻ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങൾക്ക് തടയിടാനാണ് നടപടിയെന്ന് ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ വിമർശിച്ചു. ലക്ഷദ്വീപിൽ ഭരണകൂടം ജനജീവിതത്തെ ബാധിക്കുന്ന നടപടികൾ കൊണ്ടുവന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ സമരരംഗത്തിറങ്ങുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കൂട്ടപ്പിരിച്ചുവിടൽ നടത്തിയും കപ്പൽ സർവീസുകൾ വെട്ടിക്കുറച്ചുമെല്ലാം ഭരണകൂടം നടത്തുന്ന ജനദ്രോഹ നടപടികൾക്കെതിരെയാണ് സമരം നടത്തുന്നത്. സേവ് ലക്ഷദ്വീപ് ഫോറവും ഉടൻ സമരരംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ദ്വീപിൽ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആരാധനാലയങ്ങളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ജുമുഅ നിസ്‌കാരമടക്കം അനുവദിച്ചിരുന്നില്ല. ടി.പി.ആർ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭരണകൂട നടപടികൾക്കെതിരായ പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികൾ കുറ്റപ്പെടുത്തിയിരുന്നു. ഭരണകൂട നടപടികൾക്കെതിരെ വൻ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.