വിവാദങ്ങൾക്കിടെ ലക്ഷദ്വീപ് കലക്ടർ അസ്കർ അലിക്ക് സ്ഥലംമാറ്റം
text_fieldsകൊച്ചി: വിവാദത്തിനിടയാക്കിയ നിരവധി തീരുമാനങ്ങളിലൂടെ വാർത്തകളിൽ ഇടംപിടിച്ച ലക്ഷദ്വീപ് കലക്ടർ അസ്കർ അലിയെ സ്ഥലംമാറ്റി. ദാദ്രനഗർഹവേലിയിലേക്കാണ് പുതിയ നിയമനം. ദാദ്രനഗർഹവേലിയിൽ നിന്നും സലോനി റായ്, രാകേഷ് മിൻഹാസ് എന്നീ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർ ലക്ഷദ്വീപിലെത്തും. ഇരുവരും അസ്കർ അലിയും 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്.
അസ്കർ അലിക്ക് പകരം ഇവരിൽ ആരായിരിക്കും കലക്ടർ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇവരെ കൂടാതെ മൂന്ന് ഐ.എ.എസ് ഓഫീസർമാർ ലക്ഷദ്വീപിൽ വിവിധ തസ്തികകളിൽ സേവനം അനുഷ്ടിക്കുന്നുണ്ട്. നികത്തപ്പെടാത്ത രണ്ട് ഒഴിവുകളുമുണ്ട്.
ജനവിരുദ്ധ നയങ്ങൾ ലക്ഷദ്വീപ് ജനതക്കുമേൽ അടിച്ചേൽപ്പിക്കാനുള്ള അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ശ്രമങ്ങൾക്ക് കൂട്ട് നിന്നതോടെയാണ് അസ്ക്കർ അലി വിവാദങ്ങളിൽ ഇടംപിടിച്ചത്. എല്ലാ വിവാദങ്ങൾക്കുമിടയിൽ അഡ്മിനിസ്ട്രേറ്ററുടെ വലംകൈയായി നിന്ന ഓഫീസറായിരുന്നു അസ്കർ അലി. ലക്ഷദ്വീപ് വിവാദം രൂക്ഷമായ ഘട്ടത്തിൽ ഭരണകൂടത്തെ ന്യായീകരിച്ച് അസ്കർ അലി കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയത് ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
അസ്കർ അലിയുടെ ചില പരാമർശങ്ങൾ ദ്വീപ് ജനതയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ശക്തമായ പ്രതിഷേധമുയർന്നത്. കില്‍ത്താന്‍ ദ്വീപില്‍ കുറ്റകൃത്യങ്ങള്‍ കൂടുതലാണെന്നും ലഹരി ഉപയോഗം വര്‍ധിക്കുന്നതായും അസ്കർ അലി പറഞ്ഞത് വാസ്തവ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ജനങ്ങളെ നിയമവിരുദ്ധമായി കുടിയൊഴിപ്പിച്ച നടപടികളെയും അസ്കർ അലി ന്യായീകരിച്ചിരുന്നു. ലക്ഷദ്വീപിനെക്കുറിച്ച് പുറത്ത് വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും ദ്വീപിലെ അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചതെന്നുമാണ് വിശദീകരിച്ചത്.
ലക്ഷദ്വീപിലെ പ്രതിഷേധങ്ങൾ തടയാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചതടക്കം നടപടികളിൽ കലക്ടർ വിമർശനം നേരിട്ടു. ഏറ്റവുമൊടുവിൽ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ഭിന്നശേഷിക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ നടപടിയും വിവാദമായിരുന്നു. ദ്വീപിലെ ഐ.പി.എസ് ഓഫീസർമാരായ സച്ചിൻ ശർമ, അമിത് വർമ എന്നിവർക്ക് ഡൽഹിയിലേക്കും സ്ഥലംമാറ്റമുണ്ട്. പകരം ദാദ്രനഗർഹവേലിയിൽ നിന്നും വി.എസ്. ഹരേശ്വർ ലക്ഷദ്വീപിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.