അമിനി ദ്വീപിൽ കപ്പലിലേക്ക് ഇരച്ചുകയറി യാത്രക്കാർ; യാത്രാദുരിതത്തിന്റെ നടുക്കടലിൽ ദ്വീപ് ജനത -വീഡിയോ കാണാം
text_fieldsകൊച്ചി: 'ഇത് ശ്രീലങ്കൻ ജനതയുടെ പലായനത്തിന്റെ വീഡിയോ അല്ല' എന്ന അടിക്കുറിപ്പുമായി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നൊരു വീഡിയോയുണ്ട്. ലക്ഷദ്വീപിലെ അമിനി ദ്വീപിൽ നിന്നുള്ള വെള്ളിയാഴ്ചത്തെ ദൃശ്യമാണിത്. കൊച്ചിയിലേക്കുള്ള എം.വി കോറൽ എന്ന കപ്പലിൽ യാത്രക്കാർ ഇരച്ചുകയറുന്ന വീഡിയോ. 450 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന കപ്പലിൽ 1500ഓളം പേരാണ് കയറിക്കൂടിയത്. മോശം കാലാവസ്ഥയിലും കപ്പലും യാത്രക്കാരും സുരക്ഷിതരായി കൊച്ചിയിൽ എത്തിയതിന്റെ ആശ്വാസത്തിനിടയിലും ലക്ഷദ്വീപുകാരടെ യാത്രാദുരിതത്തിന്റെ നേർക്കാഴ്ചയായി ഈ ദൃശ്യങ്ങൾ മാറുകയാണ്.
ഇനി നാലുമാസത്തേക്ക് കൊച്ചിയിൽ നിന്നുള്ള രണ്ട് കപ്പലുകൾ മാത്രമാണ് ആശ്രയമെന്നുള്ളത് ദ്വീപ് ജനതയെ യാത്രാദുരിതത്തിന്റെ നടുക്കടലിലാക്കിയിരിക്കുകയാണ്. മൺസൂൺ പ്രമാണിച്ച് ബേപ്പൂരിൽ നിന്നുള്ള സ്പീഡ് വെസലുകൾ നിർത്തലാക്കിയതോടെയാണ് ഇത്. മേയ് 15 മുതൽ നാലുമാസത്തേക്ക് സ്പീഡ് വെസലുകൾ നിർത്തലാക്കിയതോടെ മലബാർ മേഖലയിൽ നിന്നുള്ള ദ്വീപ് യാത്രക്കാർക്ക് കൊച്ചിയാണ് ആശ്രയം. പക്ഷേ, കൊച്ചിയിൽനിന്നും രണ്ട് കപ്പലുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഇത് ദ്വീപുകാരുടെ യാത്രാദുരിതം പതിന്മടങ്ങാക്കും.
ചികിത്സക്കും വിദ്യാഭ്യാസത്തിനും മറ്റുമായി ലക്ഷദ്വീപുകാര്‍ കേരളത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിനും തിരിച്ചുപോകുന്നതിനും പലപ്പോഴും ദിവസങ്ങളോളം അല്ലെങ്കില്‍ ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. കപ്പലുകളുടെ എണ്ണം വെട്ടിക്കുറച്ചതിനാൽ ടിക്കറ്റ് ലഭിക്കാനുള്ള കാലതാമസമാണ് പ്രധാനകാരണം. കപ്പലുകളുടെ എണ്ണം കുറഞ്ഞതോടെ ടിക്കറ്റ് നിരക്കില്‍ 100 ശതമാനത്തോളം വര്‍ധനയും ഉണ്ടായി.
കൊച്ചിയില്‍ നിന്നും ബേപ്പൂരില്‍ നിന്നുമായി ഏഴ് യാത്രാക്കപ്പലുകളാണ് ലക്ഷദ്വീപിലേക്ക് നേരത്തെ ഉണ്ടായിരുന്നത്. ബേപ്പൂരില്‍ നിന്നുള്ള അമിനി ദ്വീപ്, മിനിക്കോയ് എന്നീ കപ്പലുകള്‍ ഒരു മുന്നറിയിപ്പ് പോലുമില്ലാതെ സര്‍വീസ് നിര്‍ത്തിയിരുന്നു. എം.വി. കോറല്‍സ്, എം.വി. ലഗൂണ്‍ എന്നീ കപ്പലുകള്‍ മാത്രമാണ് ഇപ്പോള്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. എം.വി കവരത്തി എന്ന 700 പേരെ ഉൾകൊള്ളുന്ന കപ്പൽ ഇടവേളയില്ലാതെ സർവീസ് നടത്തിയതോടെ കാര്യമായ തേയ്മാനം വരികയും തീ പിടിക്കുകയും ചെയ്തിരുന്നു.
കപ്പലുകളുടെ കുറവ് മൂലം ലക്ഷദ്വീപ് നിവാസികൾ കൊച്ചിയിൽ ആഴ്ചകളോളം താമസിച്ചാണ് ടിക്കറ്റ് തരപ്പെടുത്തുന്നത്. വാടകക്കും മറ്റും താമസിക്കുന്നതിനാൽ ഇതുയർത്തുന്ന സാമ്പത്തിക ചെലവും വളരെ വലുതാണ്. ലക്ഷദ്വീപിലേക്കും തിരിച്ച് കേരളത്തിലേക്കുമുള്ള യാത്ര പ്രതിസന്ധിയിലായത് വിനോദ സഞ്ചാര വ്യവസായത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
എത്രയും പെട്ടെന്ന് അഞ്ച് കപ്പലുകൾ എങ്കിലും പുനഃസ്ഥാപിച്ച് പൂർവ സ്ഥിതിയിലാക്കണമെന്നും അതിൽ രണ്ട് സർവിസുകൾ ബേപ്പൂരിൽനിന്നും മൂന്നെണ്ണം കൊച്ചിയിൽനിന്നും വേണമെന്നുമുള്ള ആവശ്യം ശക്തമാണ്. കപ്പൽ അപകടത്തിൽപ്പെടുന്ന സാഹചര്യമുണ്ടായാൽ ഉടനെ ജീവൻ രക്ഷ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു ദ്രുതപ്രതികരണ സംഘത്തെ നിയമിക്കുക, ടിക്കറ്റ് നിരക്കിലെ വർധന പിൻവലിക്കുക എന്നീ ആവശ്യങ്ങളും ദ്വീപ് നിവാസികൾ ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.