ലക്ഷദ്വീപുകാർ പറയുന്നു-'കപ്പൽ ഓടിക്കാനുള്ളതാണ്, കെട്ടിയിടാനുള്ളതല്ല'
text_fieldsകൊച്ചി: ലക്ഷദ്വീപിലേക്കുള്ള കപ്പലുകളുടെ എണ്ണം വെട്ടിക്കുറച്ചത് മൂലമുള്ള യാത്രാദുരിതം പരിഹരിക്കണമെന്ന ദ്വീപ് ജനതയുടെ ആവശ്യം ശക്തമായി തുടരുന്നു. ഏഴ് കപ്പലുകളാണ് കേരളത്തിൽ നിന്ന് ലക്ഷദ്വീപിലേക്ക് സർവീസ് നടത്തിയിരുന്നത്. അത് അധികൃതർ ഒന്നായി വെട്ടിച്ചത് വൻ യാത്രാദുരിതത്തിലേക്കാണ് ദ്വീപുകാരെ നയിച്ചത്.
പത്ത് ദ്വീപുകളിലേക്ക് ഒരു കപ്പൽ മാത്രം സർവീസ് നടത്തിയപ്പോൾ രോഗികളും വിദ്യാർഥികളുമടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടുകളാണ് നേരിട്ടത്. പിന്നീട് പ്രതിഷേധം ശക്തമായപ്പോൾ കപ്പലുകളുടെ എണ്ണം രണ്ടാക്കി. 'കോറൽ', 'അറേബ്യൻ സീ' എന്നീ കപ്പലുകളാണ് സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ 'അറേബ്യൻ സീ'യുടെ സർവീസ് നിർത്തിവെച്ചതോടെ നോമ്പുകാലത്തെയും പെരുന്നാളിലെയുമൊക്കെ ദ്വീപുകാരുടെ യാത്രകൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
യാത്രാക്കപ്പലുകൾ വെട്ടിക്കുറച്ചതിന്റെ ദുരിതം ദ്വീപ് ജനത പേറാൻ തുടങ്ങിയിട്ട് നാളുകളായി. കപ്പലുകളുടെ കുറവ് മൂലം വിദ്യാർഥികളും രോഗികളുമടക്കമുള്ള യാത്രക്കാർ കേരളത്തിലേക്ക് വരുന്നതിനും ലക്ഷദ്വീപിലേക്ക് പോകുന്നതിനും ഏറെ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. രാത്രി മുഴുവൻ ടിക്കറ്റ് കൗണ്ടറിന് സമീപം കാത്തുനിന്നാലും ടിക്കറ്റ് കിട്ടാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് ദ്വീപുകാർ ചൂണ്ടിക്കാട്ടുന്നു. കൗണ്ടറിന് മുന്നിൽ രാത്രി മുഴുവൻ കാത്തുനിന്ന് രാവിലെ ടിക്കറ്റെടുക്കാൻ ചെല്ലുമ്പോൾ പലകാരണങ്ങൾ പറഞ്ഞ് തിരിച്ചയക്കുകയാണെന്ന പരാതിയും വ്യാപകമാണ്. ഓൺലൈനിൽ ടിക്കറ്റെടുക്കുന്നതിനും ബുദ്ധിമുട്ടുകൾ നേരിടുന്നതായി ദ്വീപുകാർ പറയുന്നു. ടിക്കറ്റ് ലഭിച്ച് യാത്രക്ക് തയാറായി ചെല്ലുമ്പോൾ സർവീസ് നിർത്തിവെച്ചിരിക്കുകയാണെന്ന് അറിയിപ്പ് ലഭിച്ച സന്ദർഭങ്ങളുമുണ്ട്.
ലക്ഷദ്വീപിലേക്ക് സർവീസ് നടത്തിയിരുന്ന മറ്റ് കപ്പലുകൾ കൂടി സാങ്കേതിക തടസ്സങ്ങൾ നീക്കി സർവീസിന് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. 'കപ്പൽ ഓടിക്കാനുള്ളതാണ്, അല്ലാതെ കെട്ടിയിടാനുള്ളതല്ല' എന്നാണ് ദ്വീപുകാർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. പ്രതിസന്ധിഘട്ടത്തിൽ പുറത്തുനിന്നു വരെ കപ്പൽ കൊണ്ട് വന്നു ഓടിച്ച കാലം ലക്ഷദ്വീപിൽ ഉണ്ടായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കപ്പലുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയിലേക്ക് മാറിയത് ജനങ്ങളിൽ പ്രതീക്ഷ നൽകിയിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ദുരിതം തിരിച്ചറിഞ്ഞ് സർവീസുകൾ വർധിപ്പിക്കുവാനുള്ള നടപടികൾ എടുക്കാൻ കഴിയണമെന്ന് ലക്ഷദ്വീപിന് വേണ്ടിയുള്ള സമരങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന പറഞ്ഞു.
'സാങ്കേതികമായ എഴുത്തുകുത്തുകളാലും മറ്റു സർവേ നടപടികളാലും വരുന്ന സമയ ദൈർഘ്യം ഒഴിവാക്കാൻ അധികൃതർ കൃത്യമായ ഇടപെടലുകൾ സമയാസമയം നടത്തണം. അങ്ങിനെ കപ്പലുകൾ ദ്വീപിലെ ജനങ്ങൾക്ക് ഉപകാരപ്പെടുത്തുവാൻ കഴിയണം. എല്ലാ കപ്പലും ഒരുമിച്ചു ഓടിക്കുവാൻ പ്രയാസങ്ങൾ ഉണ്ടെങ്കിൽ ഓരോ കപ്പലിലും ശ്രദ്ധ കേന്ദ്രീകരിച്ച് അതിനെ സർവീസിൽ എത്തിച്ച് മുഴുവൻ കപ്പലുകളെയും ഒന്നിന് പിറകെ ഒന്നായി സർവീസിൽ എത്തിക്കുന്ന നടപടികളിലേക്ക് പോവണം' -ഐഷ സുൽത്താന ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.