യാത്രാദുരിതം: ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിന് അരങ്ങൊരുങ്ങുന്നു
text_fieldsകൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്ര കപ്പലുകൾ ഒരെണ്ണമാക്കി വെട്ടിക്കുറച്ചതിന്റെ ദുരിതം പേറുകയാണ് കുറച്ചുനാളുകളായി ദ്വീപ് ജനത. നേരത്തെ ഏഴ് കപ്പലുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരെണ്ണം മാത്രമാണ് ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്നത്. കപ്പലുകളുടെ കുറവ് മൂലം വിദ്യാർഥികളും രോഗികളുമടക്കമുള്ള യാത്രക്കാർ ലക്ഷദ്വീപിലേക്ക് പോകുന്നതിന് ഏറെ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. രാത്രി മുഴുവൻ ടിക്കറ്റ് കൗണ്ടറിന് സമീപം കാത്തുനിന്നാലും ടിക്കറ്റ് കിട്ടാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. രാത്രി കാത്തുനിന്ന് രാവിലെ ടിക്കറ്റെടുക്കാൻ ചെല്ലുമ്പോൾ പലകാരണങ്ങൾ പറഞ്ഞ് തിരിച്ചയക്കുകയാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു.
ഒരാഴ്ചക്കുള്ളിൽ മുഴുവൻ കപ്പൽ സർവീസുകളും പുനരാരംഭിച്ച് ഈ യാത്രാദുരിതം പരിഹരിച്ചില്ലെങ്കിൽ വൻ പ്രതിഷേധം നടത്താൻ തയാറെടുക്കുകയാണ് ദ്വീപ് ജനത. ലക്ഷദ്വീപിന് വേണ്ടിയുള്ള സമരങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇതുസംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിനാണ് അരങ്ങൊരുങ്ങുന്നതെന്നാണ് ഐഷ പറയുന്നത്. ലക്ഷദ്വീപിലെ യുവജനങ്ങൾ മുഴുവൻ നിയമപരമായും സമരപരമായുമുള്ള ചെറുത്തുനിൽപ്പിൽ അണിനിരക്കുമെന്ന് ഐഷ ഫേസ്ബുക്ക് കുറിപ്പിലുടെ വ്യക്തമാക്കുന്നു.
ഐഷ സുൽത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ലക്ഷദ്വീപിലേക്കുള്ള യാത്ര കപ്പലുകൾ ഒരെണ്ണമാക്കി വെട്ടി കുറച്ച് കൊണ്ട് ഞങ്ങളെ മനഃപ്പൂർവം ബുദ്ധിമുട്ടിക്കുന്ന ഗവർമെന്റിനോട് എനിക്കൊന്നേ പറയാനുള്ളൂ-സാധാരണ മുമ്പ് ഓടിയിരുന്ന പോലെ ഈ ഒരു ആഴ്ചയിക്കുള്ളിൽ എല്ലാ കപ്പലുകളും ലക്ഷദ്വീപിലേക്ക് ഓടിയില്ലെങ്കിൽ ഫേസ്ബുക്കിൽ കൂടിയുള്ള എന്റെ അറിയിപ്പ് നിർത്തി വെച്ചു കൊണ്ട് ലക്ഷദ്വീപിലെ മൊത്തം യൂത്തും രംഗത്തിറങ്ങി ശക്തമായി നിങ്ങൾക്കെതിരെയും ഈ കരട് നിയമങ്ങൾക്കെതിരെയും പ്രതിഷേധിക്കും... (നിയമപരമായിട്ടും, സമരമായിട്ടും)
ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമായി ഈ സമരം മാറും...(അത് കൊണ്ട് ആ പ്രതിഷേധം തുടങ്ങുന്നതിനു മുമ്പ് ഞങ്ങൾ നിങ്ങളെ അറിയിച്ചുവെന്നെ ഉള്ളു, ഇതിനുള്ളിൽ കപ്പലുകൾ ഓടിയാൽ നിങ്ങൾക്ക് കൊള്ളാം, ഇല്ലെങ്കിൽ നിങ്ങൾക്കേ കൊള്ളു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.