മുഹമ്മദ് ഫൈസൽ എം.പിക്ക് ലക്ഷദ്വീപിൽ ഉജ്ജ്വല സ്വീകരണം: ‘മൂത്തോൻ റിട്ടേൺസ്’ പരിപാടിക്ക് ആന്ത്രോത്തിലാണ് തുടക്കമായത്
text_fieldsകൊച്ചി: ജയിൽമോചിതനായശേഷം ആദ്യമായി ലക്ഷദ്വീപിൽ എത്തിയ മുഹമ്മദ് ഫൈസൽ എം.പിക്ക് വൻ വരവേൽപ്. ലക്ഷദ്വീപിലെ ജനങ്ങളെയും എൻ.സി.പി പ്രവർത്തകരെയും നേരിൽ കാണുകയെന്ന ലക്ഷ്യത്തോടെയാണ് എം.പിയുടെ പര്യടനം. ജയിലിലായപ്പോൾ തനിക്കായി പ്രാർഥിച്ച ജനങ്ങളോട് നന്ദി അറിയിച്ചാണ് പ്രകടനം കടന്നുപോകുന്നത്. വിവിധ ദ്വീപുകളിൽ സംഘടിപ്പിക്കുന്ന ‘മൂത്തോൻ റിട്ടേൺസ്’ എന്ന പരിപാടിക്ക് ആന്ത്രോത്തിൽ തുടക്കമായി.
വധശ്രമക്കേസിൽ 10 വർഷം കവരത്തി കോടതി ശിക്ഷ വിധിക്കുകയും ജയിലിൽ അടക്കുകയും ചെയ്ത മുഹമ്മദ് ഫൈസലിനെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതടക്കം കാര്യങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും ഇടപെടലിൽ ജയിൽമോചിതനാകുകയും എം.പി സ്ഥാനത്തേക്ക് തിരികെയെത്തുകയും ചെയ്ത ഫൈസലിന് ഉജ്ജ്വല സ്വീകരണമാണ് ആന്ത്രോത്ത് ദ്വീപിൽ ലഭിച്ചത്.
എൻ.സി.പി, എൻ.വൈ.സി സംസ്ഥാന നേതൃത്വവും ലക്ഷദ്വീപ് സ്റ്റുഡൻറ്സ് അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. 28 മുതൽ മാർച്ച് രണ്ടുവരെ കവരത്തി, മാർച്ച് മൂന്നുമുതൽ അഞ്ച് വരെ കൽപേനി, ആറുമുതൽ എട്ടുവരെ മിനിക്കോയ്, 10 മുതൽ 12 വരെ അമിനി, 12 മുതൽ 13 വരെ കടമത്ത്, 14 മുതൽ 15 വരെ കിൽത്താൻ, 16 മുതൽ 17 വരെ ചെത്ത് ലത്ത്, 18ന് ബിത്ര എന്നിവിടങ്ങളിൽ പര്യടനം നടത്തി 19ന് അഗത്തി ദ്വീപിൽ പ്രവേശിക്കും. 20 വരെ ഇവിടത്തെ പരിപാടികൾ നീളും. ആന്ത്രോത്തിൽ നടന്ന സ്വീകരണത്തിൽ എൻ.സി.പി ലക്ഷദ്വീപ് അധ്യക്ഷൻ കെ.എം. അബ്ദുൽ മുത്തലിഫ്, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ, എൽ.എസ്.എ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് അനീസ്, എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഡ്വ. അറഫ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.