'കാതിലയും കഴുത്തിലയും വരെ വിറ്റാണ് ദിവസം തള്ളിനീക്കുന്നത്' -കപ്പലില്ലാതെ കൊച്ചിയിൽ കുടുങ്ങിയ ലക്ഷദ്വീപുകാർ ഓഫിസർമാരെ ഉപരോധിച്ചു
text_fieldsകൊച്ചി: 'ഈ സ്ത്രീകളൊക്കെ കാതിലയും കഴുത്തിലയും വരെ വിറ്റാണ് ദിവസം തള്ളിനീക്കുന്നത്'- വെല്ലിങ്ടൺ അയലൻഡിലെ പോർട്ട് ഓഫിസിന് മുന്നിൽ നിസ്സഹായരായ ദ്വീപ് നിവാസികൾ തങ്ങളുടെ ദുരിതത്തിന്റെ കെട്ടഴിച്ചു. ആവശ്യത്തിന് കപ്പൽ ഏർപ്പെടുത്താത്തതിനെ തുടർന്ന് മാസങ്ങളായി കൊച്ചിയിൽ കുടുങ്ങിയ ഇവർ ഒടുവിൽ സഹികെട്ട് ഇന്ന് ഉദ്യോഗസ്ഥരെ ഉപരോധിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അങ്കിത് അഗർവാൾ, ഡെപ്യൂട്ടി ഡയറക്ടർ ഷക്കീൽ അഹമ്മദ് എന്നിവരെയാണ് യാത്രമുടങ്ങിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ വെല്ലിങ്ടൺ ഐലൻഡിലെ ഓഫിസിന് മുന്നിൽ തടഞ്ഞുവെച്ചത്.
ദ്വീപിൽനിന്ന് ചികില്‍സക്കും പഠനത്തിനും പരീക്ഷകള്‍ക്കുമായി എത്തിയ ഇവർ തിരിച്ചുപോകാൻ അവസരം തേടി ദിവസവും പോർട്ട് ഓഫിസിൽ കയറിയിറങ്ങുകയാണ്. ഭക്ഷണവും താമസ സൗകര്യവുമില്ലാതെ നരകയാതനയാണ് തങ്ങൾ അനുഭവിക്കുന്നതെന്ന് ഇവർ പറഞ്ഞു.
പ്രായമായ രോഗികളും കൂട്ടിരിപ്പുകാരും സ്ത്രീകളും കുട്ടികളുമടക്കം 2000ത്തിലധികം പേരാണ് നട്ടിലെത്താനാകാതെ ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കപ്പല്‍ ഇല്ലെന്ന ന്യായമാണ് അധികൃതര്‍ ഉന്നയിക്കുന്നത്. പരിഹാരമാവശ്യപ്പെട്ട് ദ്വീപുകാര്‍ പ്രതിഷേധം തുടങ്ങിയിട്ട് നാളെറെയായെങ്കിലും നടപടിയൊന്നുമായിട്ടില്ല.
കപ്പൽ ഏർപ്പാടാക്കും വരെ തങ്ങൾക്ക് താമസസൗകര്യവും ഭക്ഷണവും ലഭ്യമാക്കണമെന്നും ധരിച്ച ആഭരണങ്ങൾ വരെ വിറ്റാണ് തങ്ങൾ ഇവിടെ കഴിയുന്നതെന്നും ഇവർ പറഞ്ഞു. 'രണ്ടാം കിട പൗരന്മാരാണോ ഞങ്ങൾ? മനുഷ്യൻമാരല്ലേ? ഇന്ത്യയിൽ ജനിച്ചുപോയി എന്നത് ഒരു തെറ്റാണോ? യാത്രക്കും ചികിത്സ ലഭിക്കാനുമുള്ള അവകാശത്തിന് വേണ്ടിയാണ് ഞങ്ങൾ ചോദിക്കുന്നത്' -ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.