ലക്ഷദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേര് മാറ്റിയതിനെതിരെ ഹരജി
text_fieldsകൊച്ചി: കൽപേനിയിലെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുമാറ്റിയ ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ നടപടി ചോദ്യം ചെയ്ത് ഹൈകോടതിയിൽ ഹരജി. ഡോ. കെ.കെ. മുഹമ്മദ് കോയ ഗവ. സീനിയർ സെക്കൻഡറി സ്കൂൾ, ബിയുമ്മ മെേമ്മാറിയൽ ജൂനിയർ ബേസിക് സ്കൂൾ, പി.എം. സഈദ് കാലിക്കറ്റ് യൂനിവേഴ്സിറ്റി സെന്‍റർ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേര് മാറ്റിയത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) സംസ്ഥാന പ്രസിഡന്‍റ് ഡോ. മുഹമ്മദ് സാദിഖാണ് ഹരജി നൽകിയിരിക്കുന്നത്.
സ്കൂളുകളുടെ പേര് മാറ്റി ഫെബ്രുവരി ഒന്നിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബിയുമ്മ സ്കൂൾ സുഭാഷ് ചന്ദ്രബോസിന്‍റെ പേരിലും കെ.കെ. മുഹമ്മദ് കോയ സ്കൂൾ സർദാർ വല്ലഭായ് പട്ടേലിന്‍റെ പേരിലും മാറ്റാനാണ് നീക്കം. സ്വാതന്ത്ര്യസമര സേനാനികളുടെ പേരാണിടുന്നതെന്നാണ് ഭരണകൂടത്തിന്‍റെ വാദം. ലക്ഷദ്വീപ് ജില്ല പഞ്ചായത്തിന്‍റെ ആദ്യ ചീഫ് കൗൺസിലറായിരുന്നു ഡോ. കെ.കെ. മുഹമ്മദ് കോയ. ദ്വീപിലെ ആദ്യ വനിത മെട്രിക്കുലേഷൻ ജേതാവും പ്രഥമ ടി.ടി.സി അധ്യാപികയുമായിരുന്നു ബീയുമ്മ.
സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിടുന്നതിൽ എതിർപ്പില്ലെങ്കിലും ലക്ഷദ്വീപിന്‍റെ ചരിത്രത്തിൽ ഇടം പിടിച്ചവരുടെ പേരിലുള്ള സ്കൂളുകളെതന്നെ അതിനായി തെരഞ്ഞെടുത്തതിൽ ചില താൽപര്യങ്ങളുള്ളതായി ഹരജിക്കാരൻ വാദിക്കുന്നു. അഡ്മിനിസ്ട്രേറ്റർക്ക് കത്തയച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.