ലക്ഷദ്വീപ് ബി.ജെ.പിയിൽ പൊട്ടിത്തെറി: വൈസ് പ്രസിഡന്റ് അഡ്വ. കെ.പി. മുത്തുക്കോയക്ക് സസ്പെൻഷൻ
text_fieldsകവരത്തി: ലക്ഷദ്വീപ് ബി.ജെ.പിയിൽ നേതാക്കൾ തമ്മിലടി. ബി.ജെ.പി ലക്ഷദ്വീപ് വൈസ് പ്രസിഡന്റ് അഡ്വ. കെ.പി. മുത്തുക്കോയയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
സാമൂഹിക മാധ്യമങ്ങളിലെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി രണ്ട് മാസത്തേക്കാണ് സസ്പെൻഷൻ. സംസ്ഥാനനേതാക്കളുടെ ചിത്രങ്ങൾ അനാവശ്യ കമൻറുകൾ ചേർത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ് അച്ചടക്കനടപടിക്ക് കാരണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിശദീകരണം.
ബി.ജെ.പി ലക്ഷദ്വീപ് സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമാണ് അഡ്വ. കെ.പി മുത്തുക്കോയ. സംസ്ഥാന പ്രസിഡന്റ് കെ.എന്‍ കാസിംകോയ കല്‍പേനി ദ്വീപ് സന്ദർശിച്ചപ്പോൾ മുത്തുക്കോയ പകർത്തിയ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്ക് അപകീര്‍ത്തി ഉണ്ടാക്കും വിധം പങ്കുവെച്ചതാണ് ഒടുവിലുണ്ടായ സംഭവം. സമ്മതമില്ലാതെയാണ് കാസിംകോയയുടെ ഫോട്ടോ എടുത്തതെന്നും ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് വിശദീകരണം സമര്‍പ്പിക്കണമെന്നും പാർട്ടി മുത്തുക്കോയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി അഞ്ചുമുതല്‍ മുതല്‍ എട്ട് വരെ സംസ്ഥാന ജനറല്‍ സെക്രട്ടറിക്കും ട്രഷറര്‍ക്കും ഒപ്പമാണ് സംസ്ഥാന പ്രസിഡന്റ് കെ.എന്‍ കാസിംകോയ കല്‍പേനി ദ്വീപ് സന്ദര്‍ശിച്ചത്. ഇതിനിടെ, ജനുവരി ഏഴിന് പീച്ചിയത്ത് കാസ്മിക്കോയയും കെ.എൻ. കാസിംകോയയും കല്‍പേനിയിലെ ഗസ്റ്റ് ഹൗസില്‍ നിൽക്കുന്ന ഫോട്ടോ അഡ്വ. മുത്തുക്കോയ എടുക്കുകയായിരുന്നു. ഫോട്ടോ എടുക്കരുതെന്ന് കാസിംകോയ വിലക്കിയിരുന്നുവത്രെ. എന്നാൽ, ഇതവഗണിച്ച് ഫോട്ടോ എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
സംസ്ഥാനപ്രസിഡന്റിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായപൊതുസമൂഹത്തിന് മുന്നില്‍ തകര്‍ക്കാനും ലക്ഷദ്വീപിലെ ബി.ജെ.പിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്താനുമാണ് മുത്തുക്കോയയുടെ ഉദ്ദേശമെന്നും പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
അഭിഭാഷകനും പൊതുപ്രവര്‍ത്തകനും സംസ്ഥാന വൈസ് പ്രസിഡന്റും ഹജ്ജ് കമ്മിറ്റി അംഗവും മറ്റുള്ളവരുടെ അന്തസ് മാനിക്കേണ്ട മുതിര്‍ന്ന പൗരനുമായ മുത്തുക്കോയ താന്‍ വഹിക്കുന്ന സ്ഥാനങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കാതെ സാധാരണക്കാരനെപ്പോലെ പെരുമാറിയെന്നാണ് മറ്റൊരു ആരോപണം. പാര്‍ട്ടിക്ക് യോജിച്ചതല്ലാത്ത പോസ്റ്റുകള്‍ പങ്കുവെക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അദ്ദേഹം ഇത് തുടരുകയാണെന്നും സസ്പെൻഷൻ അറിയിപ്പിൽ പറയുന്നു.
(ഈ വാർത്തയോടൊപ്പം നേരത്തെ പ്രസിദ്ധീകരിച്ച ചിത്രം മാറിപ്പോയതിൽ നിർവ്യാജം ഖേദിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.