ലക്ഷദ്വീപ് നിവാസികൾക്ക് ഇക്കുറിയും നിറംമങ്ങിയ പെരുന്നാൾ ആഘോഷം
text_fieldsകൊച്ചി: ലക്ഷദ്വീപിന് ഇക്കുറിയും നിറംമങ്ങിയ പെരുന്നാൾ ആഘോഷം. ഏഴുമാസമായി തുടരുന്ന യാത്രദുരിതത്തിൽനിന്ന് മോചനമില്ലാത്തതാണ് അവർക്ക് വിനയായത്. ദ്വീപിലേക്ക് ഏഴ് കപ്പലും അനേകം ഹൈസ്പീഡ് വെസലും പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് എം.വി കോറൽസ്, അറേബ്യൻ സീ എന്നീ കപ്പൽ മാത്രമാണ് ഇപ്പോള്‍ കൊച്ചിയിൽനിന്ന് സർവിസ് നടത്തുന്നത്. ഈ കപ്പലുകളിൽ വെറും 450ഉം 250ഉം സീറ്റ് മാത്രമാണുള്ളത്.
ഇത് ലക്ഷദ്വീപിലെ ജനങ്ങളുടെ യാത്ര ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമാണ്. മൺസൂൺ സമയത്ത് കടൽ വളരെ പ്രക്ഷുബ്ധമായതിനാൽ എല്ലാ കാലാവസ്ഥക്കും അനുയോജ്യമായ കപ്പലുകൾക്ക് മാത്രമേ സർവിസ് നടത്താനാകൂ.
എന്നാൽ, 700 പേർക്ക് യാത്ര ചെയ്യാവുന്ന പ്രധാന കപ്പലായ എം.വി കവരത്തി കഴിഞ്ഞ ഏഴ് മാസമായി ഡോക്കിലാണ്. കേരളത്തിലെയും അന്തർ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ദ്വീപിലേക്ക് പോകാനും മടങ്ങാനും ടിക്കറ്റ് കിട്ടുന്നില്ല. വിദ്യാർഥികൾക്കൊപ്പം പോകേണ്ട രക്ഷിതാക്കളും ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടിലാണ്. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്കുപോലും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്.
എറണാകുളം ജനറൽ ആശുപത്രിയിൽ ദ്വീപിൽനിന്ന് നിരവധി പേരാണ് ചികിത്സക്ക് എത്തുന്നത്. കൂടാതെ സ്വകാര്യ ആശുപത്രികളിലും നിരവധിപേർ ചികിത്സക്ക് എത്താറുണ്ട്.
ചികിത്സക്കായി വൻ തുക ചെലവഴിക്കാൻ നിർബന്ധിതരാകുന്ന രോഗികൾക്ക്, മടക്കയാത്രക്ക് കപ്പൽ കാത്തിരിക്കുന്ന ദിവസങ്ങളിൽ, നഗരത്തിൽ ജീവിക്കാനുള്ള ചെലവിന്‍റെ കനത്ത ഭാരവും പേറേണ്ടിവരുന്നു.
ലക്ഷദ്വീപിലേക്കും തിരിച്ച് കേരളത്തിലേക്കുമുള്ള യാത്ര പ്രതിസന്ധിയിലായത് വിനോദസഞ്ചാര വ്യവസായത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കപ്പലുകളുടെ എണ്ണം കുറഞ്ഞതോടെ ടിക്കറ്റ് നിരക്കിൽ 100 ശതമാനത്തോളം വർധനയും ഉണ്ടായി. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശംതന്നെ നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
നിലവിൽ എം.വി ലഗൂൺസ് എന്ന കപ്പൽ അറ്റകുറ്റപ്പണി പൂർത്തിയായി കിടക്കുകയാണ്. അത് നീറ്റിലിറക്കാൻ വൈകുന്നത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഇടപെടൽ ഉണ്ടാകാത്തതുമൂലമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.