ആൺകുട്ടികൾക്ക് ട്രൗസറും പെൺകുട്ടികൾക്ക് ഹാഫ് പാവാടയും; ലക്ഷദ്വീപിൽ സ്കൂൾ യൂനിഫോം മാറ്റുന്നതിൽ പ്രതിഷേധം
text_fieldsകൊച്ചി: ലക്ഷദ്വീപിലെ സ്‌കൂൾ യൂനിഫോമിൽ മാറ്റംവരുത്തുന്നതിൽ പ്രതിഷേധം. ആൺകുട്ടികൾക്ക് ട്രൗസറും പെൺകുട്ടികൾക്ക് ഹാഫ് പാവാടയും കൊണ്ടുവരാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം. ഇതോടൊപ്പം അരക്കൈ ഷർട്ടുമാണ് കുട്ടികൾ ധരിക്കേണ്ടത്. ഇതിന് ക്വട്ടേഷൻ ക്ഷണിച്ചുള്ള നോട്ടീസ് വിദ്യാഭ്യാസ ഡയറക്ടർ രാകേഷ് സിംഗാൾ പുറത്തിറക്കി.
പെൺകുട്ടികൾക്ക് ചുരിദാറും ആൺകുട്ടികൾക്ക് പാന്റ്സും ഷർട്ടുമാണ് ഇതുവരെയുള്ള യൂനിഫോം. പ്രീ സ്‌കൂൾ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള ആൺകുട്ടികൾക്ക് സ്റ്റിച്ച്ഡ് ട്രൗസറും (ഹാഫ് പാന്റ്) അരക്കൈ ഷർട്ടുമാണ് നോട്ടീസിൽ പറയുന്നത്.
ആറുമുതൽ പ്ലസ് ടു വരെയുള്ള ആൺകുട്ടികൾക്ക് പാന്റ്സും അരക്കൈ ഷർട്ടും പെൺകുട്ടികൾക്ക് പ്രീ സ്‌കൂൾ മുതൽ പ്ലസ് ടു വരെ ഹാഫ് പാവാടയും അരക്കൈ ഷർട്ടുമാണ് യൂനിഫോം. ആറുമുതൽ പ്ലസ് ടു വരെയുള്ള പെൺകുട്ടികൾക്ക് ഡിവൈഡർ സ്‌കേർട്ടാണ് (ട്രൗസർ പോലെയുള്ള പാവാട) നിർദേശിച്ചിട്ടുള്ളത്.
യൂനിഫോം പരിഷ്കാരം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് എൻ.എസ്.യു-ഐ നേതൃത്വം വിദ്യാഭ്യാസ സെക്രട്ടറിയെയും വിദ്യാഭ്യാസ ഡയറക്ടറെയും കണ്ട് ചർച്ച നടത്തി.
ഉത്തരവ് പുനഃപരിശോധിക്കണം -എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന സ്കൂൾ യൂനിഫോം ഉത്തരവ് പുനഃപരിശോധിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇതിനെതിരെ എല്ലാവിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും യോഗം അഭ്യർഥിച്ചു.
പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വർക്കിങ് സെക്രട്ടറി അയ്യൂബ് മുട്ടിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.