കൈയടി നേടി കുട്ടിപ്പൊലീസിന്റെ അക്ഷര കൃഷി
text_fieldsഎടവനക്കാട്: വൈപ്പിൻ ദ്വീപിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന 87 വർഷം പാരമ്പര്യമുള്ള വിദ്യാലയമാണ് എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂൾ. അഞ്ച് മുതൽ 10 വരെ ക്ലാസുകളിലായി 1300ന് മുകളിൽ വിദ്യാർഥികൾ പഠിക്കുന്ന ഇവിടെ നേവൽ എൻ.സി.സി, സ്റ്റുഡൻറ് പൊലീസ്, ജൂനിയർ റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയ കാഡറ്റ് വിഭാഗങ്ങളുടെ യൂനിറ്റുകളുണ്ട്. കാഡറ്റ് വിഭാഗങ്ങളുടെ മേൽ ഘടകങ്ങളിൽനിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾക്ക് പുറമെ തനത് പദ്ധതികൾ ആവിഷ്കരിച്ച് സമൂഹത്തിൽ ഇടപെടലുകൾ നടത്തുന്നും എന്നതും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റ് ആവിഷ്കരിച്ച തനത് പദ്ധതിയാണ് അക്ഷര കൃഷി. പ്രൈമറി വിദ്യാർഥികളിലെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സീനിയർ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളാണ് ഓരോ വർഷവും പ്രവർത്തനം ഏറ്റെടുക്കുന്നത്. ഉച്ച നേരത്തെ ഇടവേളകൾ ഇവർ ഈ പഠന പ്രവർത്തനത്തിനായി മാറ്റിവെക്കും. പ്രൈമറി കുട്ടികൾക്കിടയിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി അക്ഷരമാല ഉറപ്പിക്കുക എന്നതാണ് ആദ്യ ഘട്ടം. അതിനായി അധ്യാപകരുടെ സഹായത്തോടെ പ്രൈമറി കുട്ടികൾക്കിടയിൽ ചെറു പരീക്ഷകൾ സംഘടിപ്പിച്ച് ഓരോ കുട്ടിയുടെയും നിലവാരം മനസ്സിലാക്കും. തുടർന്ന് ത്രിഭാഷ അക്ഷരമാല എല്ലാ വിദ്യാർഥികളെയും പഠിപ്പിച്ച ശേഷം പുസ്തകങ്ങൾ വായിപ്പിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും.
സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് യൂനിറ്റ് 2013 മുതലാണ് അക്ഷര കൃഷി എന്ന തനതുപദ്ധതി ആവിഷ്കരിച്ചത്. ഒരു മാസത്തോളം നീളുന്ന പ്രവർത്തനത്തോടെ ഓരോ വർഷവും കുട്ടികളിൽ കാര്യമായ മാറ്റം വരുത്താനായിട്ടുണ്ടെന്ന് ഹെഡ്മിസ്ട്രസ് സി. രത്നകല പറയുന്നു. വിദ്യാർഥികളിൽ ജൈവ പച്ചക്കറി കൃഷിയോട് താൽപര്യമുണ്ടാക്കാനും സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റ് മുൻകൈ എടുക്കുന്നുണ്ട്. കേഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിക്ക് ഈ വർഷത്തെ മികച്ച കാർഷിക പ്രവർത്തനങ്ങൾക്കുള്ള കൃഷിഭവന്റെ അവാർഡ് ലഭിച്ചു. എടവനക്കാട്, നായരമ്പലം, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിൽ പി.ജെ വൈഷ്ണവി , എ.യു രേവതി, നെവിൻ ജോളി എന്നീ കേഡറ്റുകൾ
മികച്ച കുട്ടി കർഷകരായി തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എസ്.പി.സി പദ്ധതിയുടെ സീനിയർ ട്രെയിനറായ ഇ.എം പുരുഷോത്തമന്റെയും ജൈവ പച്ചക്കറി കർഷകൻ ടി.കെ അംബ്രോസിന്റെയും കാർഷിക പ്രവർത്തനങ്ങൾക്കും പള്ളിപ്പുറം, എടവനക്കാട് പഞ്ചായത്തുകളിൽ നിന്ന് കാർഷിക പുരസ്കാരങ്ങൾ ലഭിച്ചത് സ്കൂളിന് ഇരട്ടി മധുരമായി. ഭിന്നശേഷി മേഖലയിൽ എസ്.പി.സി യൂനിറ്റ് നടത്തിയ പ്രവർത്തനങ്ങൾക്ക് 2021 ൽ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സഹചാരി പുരസ്കാരം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.