ആദിവാസി കോളനിയിൽ നിന്നൊരു ഡോക്ടർ; പണിയ വിഭാഗത്തിൽ നിന്നൊരു വെറ്ററിനറി ഡോക്ടർ
text_fieldsപൂക്കോട് െഡയറി ഫാമിലെ രവിയും അംബികയും മകൾ ആതിരയും അത്യാഹ്ലാദത്തിലാണ്. പൂക്കോട് ആദിവാസികൾ മാത്രം വസിക്കുന്ന െഡയറി ഫാമിൽനിെന്നാരാൾ ആദ്യമായി ഡോക്ടറാകുന്നു. ജഗനാണ് ഡോക്ടർ പട്ടം നേടി ജില്ലയുടെ തന്നെ അഭിമാനമായി മാറിയിരിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ രവിയുടെയും പൂക്കോട് യൂനിവേഴ്സിറ്റി ഫാമിലെ ജീവനക്കാരിയായ അംബികയുടെയും മകനാണ്.
ഇവരുടെ വലിയ ആഗ്രഹം മകനെ ഡോക്ടറാക്കുക എന്നതായിരുന്നു. മകൻ ഓരോ ക്ലാസുകളിലും മികച്ച വിജയം നേടുമ്പോൾ, ഇവരുടെ ആഗ്രഹത്തിനും തിളക്കം കൂടി. മകന്റെ പഠനത്തിനായി സർവവും ചെലവഴിച്ച രക്ഷിതാക്കൾക്ക്, ഒടുവിൽ ആ മകൻ തിരിച്ചുകൊടുക്കുന്ന വിലപ്പെട്ട സമ്മാനമാണ് ഈ ഡോക്ടർ പട്ടം. ജഗൻ എം.ബി.ബി.എസ് സമർപ്പിക്കുന്നതും ഈ രക്ഷിതാക്കൾക്കുതന്നെയാണ്.
ദാരിദ്ര്യത്തിനും പ്രതിബന്ധങ്ങൾക്കും കീഴടങ്ങാതെ മുന്നേറിയ ജഗൻ, പൂക്കോട് ഏകലവ്യ എം.ആർ.എസിൽ നിന്ന് എസ്.എസ്.എൽ.സിയും പൂക്കോട് നവോദയ സ്കൂളിൽ നിന്ന് പ്ലസ് ടുവും ഉയർന്ന മാർക്കോടെയാണ് ജയിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽനിന്നാണ് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്. ഇവിടെ തന്നെയാണ് ഹൗസ് സർജൻസി ചെയ്യുന്നതും. പൊതുജന നന്മയിലധിഷ്ഠിതമായ സേവനം ചെയ്യാനാണ് ആഗ്രഹമെന്ന് ജഗൻ പറയുന്നു. സഹോദരി ആതിര കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ബി.എസ്സി കെമിസ്ട്രിക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ്.
പണിയ വിഭാഗത്തിൽനിന്നൊരു വെറ്ററിനറി ഡോക്ടർ
ഇല്ലായ്മകളുടെ കഥകള് പറഞ്ഞ് മാറിനില്ക്കാതെ, പ്രതിബന്ധങ്ങളോട് പോരാടാനായിരുന്നു അവളുടെ തീരുമാനം. അങ്ങനെ അവൾ ഗോത്രവർഗത്തിൽനിന്നുള്ള ആദ്യ വെറ്ററിനറി ഡോക്ടറായി, പേര് അഞ്ജലി. സാമൂഹിക പിന്നാക്കാവസ്ഥയിൽ തളരാതെ, ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ എത്ര വലിയ ഉയരവും കീഴടക്കാമെന്ന് തെളിയിക്കുകയാണ് പുൽപള്ളി ചീയമ്പം 73ലെ അഞ്ജലി ഭാസ്കരൻ.
പണിയ ഗോത്രസമുദായ അംഗമായ അഞ്ജലി കേരള വെറ്ററിനറി സർവകലാശാലയിൽനിന്ന് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് ഡിഗ്രിയിൽ മികച്ച മാർക്കോടെയാണ് വിജയിച്ചത്. ഈ തിളക്കമാർന്ന വിജയത്തിനു പിന്നിൽ ഏറെ അധ്വാനത്തിെൻറ കഥയുണ്ട്. മാതാപിതാക്കൾ പശുവിനെ വളർത്തിയും കൂലിപ്പണി ചെയ്തുമെല്ലാമാണ് വിദ്യാഭ്യാസത്തിനുള്ള ചെലവുകൾ കണ്ടെത്തിയത്.
പഠനത്തിന് തികയാതെ വന്ന പണം അടുപ്പക്കാരിൽനിന്ന് കടംവാങ്ങി. ഈ ഇനത്തിൽ രണ്ട് ലക്ഷത്തോളം രൂപ ഇപ്പോഴും ഭാസ്കരന് കടമുണ്ട്. പ്രാഥമിക വിദ്യാഭ്യാസം കാടിന് നടുവിലെ ഏകാധ്യാപക വിദ്യാലയത്തിലായിരുന്നു. വന്യമൃഗങ്ങളോട് പടപൊരുതിയും മണ്ണെണ്ണ വിളക്കിെൻറ വെളിച്ചത്തിലുമായിരുന്നു ആദ്യകാല പഠനം. നാലാംക്ലാസ് വരെ ചീയമ്പം 73ലെ ആൾട്ടർനേറ്റിവ് വിദ്യാലയത്തിലായിരുന്നു പഠനം. വിനു പീറ്ററാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് അഞ്ജലിയെ കൊണ്ടുവന്നത്.
അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പഠനം പൂക്കോട് മോഡൽ റസിഡൻഷ്യൽ സ്കൂളിലായിരുന്നു. പ്ലസ് ടു പഠനം തിരുവനന്തപുരം കട്ടേല എം.ആർ.എസ് സ്കൂളിലും. ഡിഗ്രി പഠനം കോഴിക്കോട് വെറ്ററിനറി സ്കൂളിലായിരുന്നു. നിലവിൽ ബത്തേരിയിലെ മൃഗസംരക്ഷണ വകുപ്പിെൻറ പോളി ക്ലിനിക്കിൽ ഇേൻറൺഷിപ് ചെയ്യുകയാണ്.പി.ജിക്ക് പോകാനാണ് അഞ്ജലിയുടെ തീരുമാനം. നാടിനും സമൂഹത്തിനും നന്മ ചെയ്യുക എന്ന ലക്ഷ്യം മാത്രമാണ് തനിക്കുള്ളതെന്നും അഞ്ജലി പറയുന്നു.
അഞ്ജലിയുടെ മൂത്ത സഹോദരൻ അനീഷ് എക്സൈസ് വകുപ്പിലാണ്. ഇളയ സഹോദരൻ ഡ്രൈവറാണ്. തങ്ങളുടെ സമുദായത്തിൽനിന്നും ഒരു കുട്ടി ഉയർന്ന നിലയിൽ ഡോക്ടർ പട്ടം നേടി ജയിച്ചതിൽ സന്തോഷത്തേക്കാളേറെ അഭിമാനവും ചാരിതാർഥ്യവും തോന്നുന്നതായി കേരള പണിയ സമാജം ജില്ല പ്രസിഡൻറ് സി.കെ. ബാലകൃഷ്ണൻ പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസം നേടിയ നിരവധി പേർ പണിയ സമുദായത്തിലുണ്ടെങ്കിലും പലർക്കും ഉന്നതങ്ങളിലെത്താൻ കഴിഞ്ഞിട്ടില്ല. അഞ്ജലിയുടെ ഡോക്ടർ പട്ടത്തിന് തിളക്കമേറെയുണ്ടെന്നും അദ്ദേഹം പറ0ഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.