നിലച്ച ജീവിതങ്ങളെ തിരിച്ചുപിടിക്കുന്ന ജീവെൻറ വരകളുമായി കെ.ആർ.സി
text_fields'കെ.ആർ.സി' എന്നുകേൾക്കുേമ്പാൾ ഒരു കമ്പനിയുടെ പേരാണെന്നേ തോന്നൂ. എന്നാൽ, അതൊരു ഗ്രാനൈറ്റ് പണിക്കാരെൻറ പേരാണ് -കെ. രാമചന്ദ്രൻ. ആ ത്രയാക്ഷരിക്കു പിന്നിലൊരു ചിത്രകാരനുണ്ട്. ആ ചിത്രകാരൻ ഏറ്റെടുത്തിരിക്കുന്ന ദൗത്യവുമുണ്ട്. നിലച്ചുവെന്ന് കരുതിയിരുന്ന ജീവിതങ്ങളെ വരകളുടെ വള്ളികൊണ്ട് തിരിച്ചുപിടിക്കുകയെന്നതാണ് ആ ദൗത്യം. കാസർകോട് ജില്ലയിലെ കോടോംബേളൂർ എന്ന മലയോര ഗ്രാമത്തിലെ തായന്നൂർകാരനാണ് രാമചന്ദ്രൻ.
പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും ക്വാറികൾക്കെതിരെയും കേരളം മുഴുവനും നടത്തിയ പോരാട്ടത്തിെൻറ ഭാഗമായി കലാകാരന്മാരുൾെപ്പടെയുള്ള ജാഥയുമായാണ് രാമചന്ദ്രൻ വയനാട് മീനങ്ങാടിയിൽ എത്തുന്നത്. അവിടെ ജോയൽ കെ. ബിജുവെന്ന 15കാരനെയും കൊണ്ട് ഒരു അമ്മ പരിചയപ്പെടാനെത്തുന്നു. കൈകളും കാലുകളും നിശ്ചലമായ മകനെ എന്തെങ്കിലും പഠിപ്പിക്കണം എന്നാണ് അമ്മയുടെ ആവശ്യം. എന്തുപഠിപ്പിക്കണം എന്നറിയാത്ത അമ്മക്കു മുന്നിൽ എല്ലാവരും നോക്കിനിൽക്കെ ചിത്രകല പഠിപ്പിക്കാമെന്നു പറഞ്ഞു. ഒരു ബ്രഷ് പിടിക്കാൻ ചലിക്കുന്ന പാതി വിരൽ പോലുമില്ലാത്ത കുഞ്ഞിനെ ചിത്രം പഠിപ്പിക്കാമെന്ന് പറഞ്ഞപ്പോൾ പരിഹാസമാണെന്നു തോന്നി. എന്നാൽ, ജോയൽ ഇന്നൊരു ചിത്രകാരനാണ്. വായിൽ ബ്രഷ് കടിച്ചുകൊണ്ട് വരച്ച ജീവൻതുടിക്കുന്ന ചിത്രങ്ങൾ, ജോയലിെൻറ ജീവിതം നിറമുള്ള വഴികളുടേതായി.
അത് ശ്രദ്ധയിൽപെട്ടശേഷം മൗത്ത് ആൻഡ് ഫൂട്ട് പെയിൻറിങ് അസോസിയേഷൻ കൊച്ചിയിലെ കൈകളില്ലാത്ത കുട്ടിയെ ചിത്രം വര പഠിപ്പിക്കാൻ കെ.ആർ.സിയെ ബന്ധപ്പെട്ടു. കോവിഡ് ആ ശ്രമം ഇല്ലാതാക്കി. തീർന്നില്ല, കെ.ആർ.സി.യുടെ യാത്ര. കാലിച്ചാനടുക്കം സ്കൂളിലെ അധ്യാപിക സരോജിനി വിരമിക്കുന്നതുവരെ ചിത്രം വരച്ചിരുന്നില്ല. അങ്ങനെയൊരു പ്രതിഭ തന്നിലുണ്ടെന്ന് അറിയുമായിരുന്നില്ല. വിരമിച്ചശേഷം പഠിച്ച ചിത്രകല വഴി മ്യൂറൽ പെയിൻറിങ്ങിൽ മുന്നോട്ടു നീങ്ങുകയാണ് അവരിപ്പോൾ. കൃഷിവകുപ്പിൽനിന്നു വിരമിച്ച വിജയൻ എന്ന ഉദ്യോഗസ്ഥനും യൗവനത്തിലേക്ക് തിരിച്ചു നടക്കുകയാണ്.
ബംഗളൂരുവിൽനിന്നുള്ള രണ്ട് ഡോക്ടർമാർ, അമ്പലത്തറ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ, ആർ.ടി.ഒ ഒാഫിസിലെ ജീവനക്കാരൻ എന്നിങ്ങനെ, വരണ്ട ശരീരത്തിലും മനസ്സിലും പറ്റിപ്പിടിച്ചിരിക്കുന്ന പ്രതിഭയുടെ ജലകണങ്ങൾ കണ്ടെത്തുകയാണ് കെ.ആർ.സി തായന്നൂർ എന്ന രാമചന്ദ്രൻ. 'ചിത്രം അകത്തുണ്ടെങ്കിൽ ഏതുപ്രായത്തിലും അത് പുറത്തുവരും. 60 കഴിഞ്ഞും പ്രതിഭ ജനിക്കും. ആ പ്രതിഭയായിരിക്കും ഒരു പക്ഷേ, ലോകം അറിയപ്പെടുക' -അദ്ദേഹം പറയുന്നു. എൻ.വി. ഗീതയാണ് ഭാര്യ. മകൻ അഭിജിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.