അലി മണിക്ഫാൻ- വിജ്ഞാനസാഗരത്തിലെ വേറിട്ടൊരു മീൻ
text_fieldsകടലിലൊരു മീനുണ്ട്. പേര് അബു ദഫ്ദഫ് മണിക്ഫാനി. അത്ര പെട്ടന്നൊന്നും വലയിൽ കുടുങ്ങാത്ത വേറിട്ടൊരു മീൻ. ആ പേരിന് കാരണക്കാരനായ ആളും അങ്ങിനെ തന്നെ. നടപ്പ് ജീവിതശീലങ്ങളുടെ വലയിൽ കുടുങ്ങാതെ വിജ്ഞാന സാഗരത്തിൽ നീന്തിത്തുടിക്കുന്ന വേറിട്ടൊരു മീൻ- എം. അലി മണിക്ഫാൻ. കടലാഴങ്ങളും അറിവാഴങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന, കടലിനെയും കരയെയും ആകാശത്തേയും ഒരുപോലെ തൊട്ടറിഞ്ഞ ഈ ജീവിതത്തെ എന്തുപറഞ്ഞ് വിശേഷിപ്പിക്കുമെന്ന് ആരുമൊന്ന് ആശയക്കുഴപ്പത്തിലാകും.
സമുദ്ര ശാസ്ത്രജ്ഞൻ, ജ്യോതി ശാസ്ത്രജ്ഞൻ, ഭൂമി ശാസ്ത്രജ്ഞൻ, സാമൂഹിക ശാസ്ത്രജ്ഞൻ, സാങ്കേതിക വിദഗ്‌ധൻ, പരിസ്ഥിതി പ്രവർത്തകൻ, കാർഷിക വിദഗ്‌ധൻ, പ്രകൃതി നിരീക്ഷകൻ, മുസ്‌ലിം പണ്ഡിതൻ, ബഹുഭാഷ പണ്ഡിതൻ എന്നിങ്ങനെ നീളുന്നു മണിക്‌ഫാന്‍റെ വിശേഷണങ്ങൾ. മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, ലക്ഷദ്വീപിലെ മഹൽ, അറബി, ഉർദു, ഇംഗ്ലീഷ്, ലാറ്റിൻ, ഫ്രഞ്ച്, റഷ്യൻ, ജർമൻ, പേർഷ്യൻ തുടങ്ങി 14ൽ പരം ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനുമറിയുന്ന ഏഴാം ക്ലാസുകാരൻ. മൂന്ന് വർഷം മാത്രം ഭൗതിക വിദ്യാഭ്യാസം നേടിയ ആൾക്ക് എങ്ങിനെ ഇതെല്ലാം സാധിക്കുന്നുവെന്ന ചോദ്യത്തിന്‍റെ മറുപടി സ്വന്തം ജീവിതം കൊണ്ട് തന്നെ മണിക്ഫാൻ കാണിച്ചുതന്നിട്ടുണ്ട് -'മനസ്സ് വെച്ചാൽ നമുക്ക് എന്തും പഠിക്കാം'.
ജീവിതരീതിയിലും വേഷത്തിൽ പോലും ലാളിത്യം കാത്തുസൂക്ഷിച്ചു വന്ന മണിക്ഫാന് ഇപ്പോൾ രാജ്യം പത്മശ്രീ നൽകി ആദരിക്കുേമ്പാഴും ആ ശൈലിയിൽ മാറ്റമില്ല. പുരസ്കാരത്തിന്റെ വിവരമറിഞ്ഞ് അടുപ്പമുള്ളവർ വിളിച്ചപ്പോൾ ഫോണെടുത്തത് ഭാര്യയാണ്. 'അദ്ദേഹം ഉറങ്ങാൻ കിടന്നു' എന്ന മറുപടിയാണ് ലഭിച്ചത്. പണ്ടേ അദ്ദേഹം അങ്ങിനെയാണ്. അഭിനന്ദനങ്ങൾക്കായി കാത്തുനിൽക്കാറില്ല. ഇത്രയും നേട്ടങ്ങൾ കൈവരിച്ചിട്ടും വേണ്ടത്ര അംഗീകാരങ്ങൾ ലഭിച്ചില്ലല്ലോ ആളുകൾ തിരിച്ചറിയുന്നില്ലല്ലോ എന്നൊക്കെ ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹത്തിന്‍റെ മറുപടി ഇതായിരുന്നു- 'മരുഭൂമിയിൽ എത്രയോ തരം പൂക്കൾ ആരുമറിയാതെ വിരിയുന്നു, കൊഴിയുന്നു. അതുപോലെയാണ് എന്‍റെ ജീവിതവും...'.
കടലും കരയും പഠിപ്പിച്ച പാഠങ്ങൾ
1938 മാർച്ച് 16ന് ബി. മൂസ മണിക്ഫാനിന്‍റെയും ഫാത്തിമ മണിക്കയുടെയും മകനായി ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. പിതാവ് കോടതി ആമീൻ ആയിരുന്നു. അക്കാലത്ത് ജുഡീഷ്യൽ പദവിയായിരുന്നു ആമീൻ എന്നതിനാൽ നല്ല അധികാരവും സ്വാധീനവുമുള്ള കുടുംബത്തിലായിരുന്നു ജനനം. ഉപ്പ കോഴിക്കോട്ട് ഹജൂർ കച്ചേരിയിലേക്കും സ്വന്തമായി ചരക്കുകപ്പൽ ഉണ്ടായിരുന്ന ഉപ്പാപ്പ ദ്വം മാണിക്ഫാൻ വ്യാപാരത്തിനായി കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും മംഗലാപുരത്തേക്കുമൊക്കെ യാത്ര തിരിക്കുമ്പോൾ കുഞ്ഞു മണിക്ഫാനെയും ഒപ്പം കൂട്ടാറുണ്ടായിരുന്നു. കടൽത്തീരത്തും കടലിലെ ലഗൂണിലുമായി ചെലവഴിച്ചിരുന്ന ബാല്യകാലം. പഠനത്തെ കുറിച്ച് പറഞ്ഞാൽ നാലാംക്ലാസ് വരെ എന്നുപറയുന്നത് സാങ്കേതികം മാത്രമാകും. കരയിൽനിന്നും കടലിൽനിന്നുമുള്ള അനുഭവങ്ങളിൽ നിന്നായിരുന്നു ആ പഠനം.
പിതാവിന്‍റെ ഗുമസ്തനായ കണ്ണൂർ സ്വദേശി കല്ലിവളപ്പിൽ ഹസ്സൻ കുഞ്ഞിൽനിന്നാണ് കണക്കും ഇംഗ്ലീഷും മലയാളവും കുട്ടിക്കാലത്തേ പഠിച്ചത്. പത്താം വയസ്സിൽ ഹസ്സൻ കുഞ്ഞിനൊപ്പം കണ്ണൂരിലേക്ക് സ്കൂൾ പഠനത്തിനെത്തി. അഞ്ചാം ക്ലാസ് മുതൽ മൂന്ന് വർഷം അദ്ദേഹത്തിന്‍റെ വീട്ടിൽ താമസിച്ചു പഠിച്ചത് മാത്രമാണ് ഭൗതികമായി നേടിയ വിദ്യാഭ്യാസം. കണ്ണൂർ ഹയർ എലിമെന്‍ററി സ്കൂളിൽ നിന്ന് പാതിവഴിയിൽ ഏഴാം ക്ലാസ് പഠനമുപേക്ഷിച്ച് ലക്ഷദ്വീപിലേക്ക് മടങ്ങി. 'സ്കൂൾ പഠനം മുഷിപ്പായി തോന്നിയിരുന്നു. ഞാൻ ചിന്തിച്ച് കൂട്ടുന്നതൊക്കെ പ്രായോഗികമാക്കാനും സ്വന്തം പരീക്ഷണങ്ങൾക്കും സമയം കിട്ടിയിരുന്നില്ല'- അക്കാലത്തെ കുറിച്ച് മണിക്ഫാൻ ഓർത്തെടുക്കുന്നത് ഇങ്ങനെ. സ്കൂൾ വിദ്യാഭ്യാസത്തോടുള്ള ഈ 'അലർജി' മക്കളുടെ കാര്യത്തിലും കാട്ടി. നാലുമക്കളെയും സ്കൂളിൽ വിട്ടില്ല. പക്ഷേ, ഈ തീരുമാനം തെറ്റിയതുമില്ല. മകന്‍ മര്‍ച്ചന്‍റ് നേവിയിലാണ്. പെണ്മക്കള്‍ മൂന്നുപേരും അധ്യാപകരും.
കണ്ണൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് തിരിച്ചുവന്ന ശേഷം മിനിക്കോയിലെ ഇംപീരിയൽ ലൈറ്റ് ഓഫിസർമാരായ എൻജിനീയർമാരിൽനിന്ന് ലൈറ്റ് ഹൗസ് സംവിധാനങ്ങൾ, സിഗ്നൽ എന്നിവ പഠിച്ചു. സിലോണിൽ നിന്നുള്ള ആ ഉദ്യോഗസ്ഥർക്കൊപ്പം കൂടി കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങളിലും ഉപഗ്രഹങ്ങളെ കുറിച്ചുമൊക്കെ അറിവ് നേടി. കുറച്ച് കാലം മിനിക്കോയിയിൽ അധ്യാപകനായും ജോലി ചെയ്തു. കപ്പലിൽ ചേരാനായി കൊൽക്കത്തക്ക് പോയെങ്കിലും ചിക്കൻ പോക്സ് വില്ലനായി. പിന്നെയും കുറേക്കാലം അധ്യാപകനായും ആമീന്‍റെ ഗുമസ്തനായും മിനിക്കോയിയിൽ തുടർന്നു.
സ്വന്തമായി വൈദ്യുതി, ഫ്രിഡ്ജ്, മോട്ടോർ പിടിപ്പിച്ച സൈക്കിൾ
കുട്ടിക്കാലം മുതലേ ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കുന്ന മത്സ്യങ്ങളെ തിരിച്ചറിയാനുള്ള കഴിവ് മണിക്ഫാൻ സ്വായത്തമാക്കി. ചിറക്, അവയുടെ നിറം, ചിറകിലെ മുള്ളുകൾ, അവയുടെ എണ്ണം എന്നിവ നോക്കി മനസ്സിലാക്കി തിരിച്ചറിയുമായിരുന്നു. 400 മത്സ്യ ഇനങ്ങളെ തിരിച്ചറിയാൻ കഴിയുമായിരുന്നു മണിക്ഫാന്. പല സമുദ്രശാസ്ത്രജ്ഞരും മത്സ്യങ്ങളുടെ വ്യത്യസ്ത വർഗങ്ങളെ തിരിച്ചറിയാൻ അദ്ദേഹത്തിന്‍റെ സഹായവും തേടിയിരുന്നു.
മണിക്‌ഫാന്‍റെ ഈ കഴിവുകളെ തിരിച്ചറിഞ്ഞ സെൻട്രൽ മറൈൻ ഫിഷറീസ് ഡയറക്ടർ ഡോ.എസ്. ജോൺസ് അദ്ദേഹത്തെ കേന്ദ്ര ഫിഷറീസ് വകുപ്പിലേക്ക് ശുപാർശ ചെയ്തു. അങ്ങിനെയാണ് തമിഴ്നാട്ടിലേക്ക് താമസം മാറ്റുന്നത്. 1960 മുതൽ 1980 വരെ അവിടെ ജീവനക്കാരനായി. ഡോ. ജോൺസ് വിരമിച്ചതോടെ മണിക്ഫാനും അവിടെ നിന്നിറങ്ങി. അദ്ദേഹം തിരിച്ചറിഞ്ഞ പുതിയ ഒരിനം മത്സ്യത്തിന് സെൻട്രൽ മറൈൻ വകുപ്പ് 'അബു ദഫ് ദഫ് മണിക് ഫാനി' എന്ന് പേരുമിട്ടു.
വിരമിച്ച ശേഷമാണ് തമിഴ്‌നാട്ടിൽ വേതാളൈ എന്ന സ്ഥലത്ത് കടൽക്കരയിൽ മൂന്ന് ഏക്കർ ഭൂമി വാങ്ങി താമസമാക്കിയത്. വൈദ്യുതി കണക്ഷന് അപേക്ഷിച്ച് കാലമേറെ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വീട്ടില്‍ വെളിച്ചമെത്തിച്ചു. കടൽക്കരയിൽ കാറ്റ് കൂടിയതിനാൽ കാറ്റാടിയന്ത്രം ഉപയോഗിച്ചാണ് വൈദ്യുതി ഉത്‌പാദിപ്പിച്ചത്. വീട്ടിലെ ഫ്രിഡ്ജും സ്വന്തം നിർമിതിയാണ്. ഈ തരിശുഭൂമിയെ സ്വപ്രയത്നം കൊണ്ട് ഹരിതാഭവുമാക്കി. മോട്ടോര്‍ പിടിപ്പിച്ച് ഒരു സൈക്കിള്‍ നിര്‍മ്മിച്ചതായിരുന്നു മറ്റൊരു കണ്ടുപിടിത്തം. മണിക്കൂറില്‍ 25 കി.മീ. വേഗതയില്‍ പോകുന്ന ആ സൈക്കിളില്‍ 1982ൽ മകനെയും കൂട്ടി ഡൽഹി വരെ പോയ് വന്നും അദ്ദേഹം ഞെട്ടിച്ചു. വേതാളൈയിൽ നിന്ന് 45 ദിവസം കൊണ്ടാണ് ഡൽഹിയിൽ പോയി വന്നത്. ഈ സൈക്കിളിന് അദ്ദേഹം പേറ്റന്‍റും എടുത്തിട്ടുണ്ട്.
കയറും മരവും മാത്രമുപയോഗിച്ച് സിൻബാദിന്‍റെ കപ്പൽ
സിൻബാദ് ഉപയോഗിച്ചതുപോലെയുള്ള പരമ്പരാഗതമായ ഒരു അറബിക്കപ്പൽ ഉണ്ടാക്കാൻ ആരെങ്കിലുമുണ്ടോയെന്ന ഐറിഷ് സമുദ്രസാഹസിക സഞ്ചാരിയ ടിം സെവറിന്‍റെ അന്വേഷണം എത്തിയതും മറ്റാരിലുമല്ല. അങ്ങിനെയാണ് കയറും അയനി മരവും മാത്രമുപയോഗിച്ച് സൊഹാർ എന്ന പേരിൽ അറബികളുടെ പാരമ്പര്യ ചരക്കുകപ്പൽ രൂപകൽപന ചെയ്യുന്നത്. പെരുമ്പാവൂരിൽ നിന്നുള്ള മരം ഒമാനിലെ സൂറിലെത്തിച്ചായിരുന്നു കപ്പൽ നിർമാണം. കപ്പലിനുള്ള മരം ഒമാനിലേക്ക് കൊണ്ടുപോയത്. ഒമാനിലാണ് കപ്പൽനിർമാണം പൂർത്തിയാക്കിയതും.
ടീം സെവറിനും സംഘവും ഒമാനിൽനിന്ന് ചൈന വരെ ഈ കപ്പലിൽ യാത്ര ചെയ്തു. തിരികെ ഒമാനിലെത്തിച്ച ഈ കപ്പൽ ഒമാൻ രാജാവിന്‍റെ കൊട്ടാരത്തിനടുത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. ലോകം മുഴുവൻ ഏകീകരിച്ച ഒരു ഹിജ്‌റ കലണ്ടറും ഏറെ പഠനത്തിന് ശേഷം ഉണ്ടാക്കിയിട്ടുണ്ട് മണിക്ഫാൻ. ഇത് അംഗീകരിക്കപ്പെടാത്തതിലുള്ള സങ്കടം അദ്ദേഹം മറച്ചുവെക്കുന്നില്ല.
പെരുന്നാളും മറ്റും പല നാടുകളിൽ പല ദിവസങ്ങളിൽ ആഘോഷിക്കുന്ന സാഹചര്യമൊഴിവാക്കാൻ തന്‍റെ കലണ്ടർ പിന്തുടർന്നാൽ കഴിയുമെന്നാണ് മണിക്ഫാൻ അവകാശപ്പെടുന്നത്. ജ്യോതിശാസ്ത്രവും ജ്യോതിഷവും ഒന്നാണെന്ന തെറ്റിദ്ധാരണയാണ് തന്‍റെ കലണ്ടർ അംഗീകരിക്കപ്പെടാതിരിക്കുന്നതിനുള്ള കാരണമെന്ന് മണിക്ഫാൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇതുസംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിക്കാറുമില്ല. അങ്ങിനെ ഉപയോഗശൂന്യമാക്കി കളയാൻ തന്‍റെ പക്കൽ സമയമില്ലെന്ന് പറയുന്നു, കള്ളിമുണ്ടും നീളൻ കുപ്പായവും തലേക്കെട്ടുമൊക്കെയായുള്ള ലാളിത്യത്തിന്‍റെ ഈ ദ്വീപുകാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.