കാക്കിയണിഞ്ഞ് ദമ്പതികൾ; ഇനി നിയമപാലന വഴികളിൽ
text_fieldsപുൽപള്ളി: ജീവിത പ്രതിസന്ധികളിൽ തളരാതെ മുന്നേറിയതിനൊടുവിൽ കോളനിയിൽനിന്ന് അവരെത്തുന്നു, നിയമപാലനത്തിന്റെ അഭിമാനവഴികളിലേക്ക്. വയനാടൻ ഗോത്രസമൂഹത്തിന് പ്രചോദനവും അഭിമാനവും പകർന്ന് ഈ ദമ്പതികൾ കാക്കിയണിയുമ്പോൾ അത് വേറിട്ട നേട്ടമാവുകയാണ്.
പ്രാക്തന ഗോത്രവർഗമായ കാട്ടുനായ്ക്ക സമുദായത്തിൽ നിന്നുള്ള പുൽപള്ളി പാറക്കടവ് കാപ്പിപ്പാടി കോളനിയിലെ കെ.ബി. ബിജുവും ഭാര്യ സുധയുമാണ് പൊലീസ് സേനയിൽനിന്ന് പാസിങ് ഔട്ട് പൂർത്തിയാക്കിയത്. തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നായിരുന്നു പാസിങ് ഔട്ട്. ഒരേ ബാച്ചിൽ ദമ്പതികൾ കാക്കിയണിഞ്ഞത് അപൂർവ നിമിഷമായി. ക്യാമ്പിലെ മികച്ച കേഡറ്റിനുള്ള പുരസ്കാരവും ഷിജു നേടിയിരുന്നു.
രണ്ടാം സ്ഥാനം സുധക്കുമായിരുന്നു. കാപ്പിപ്പാടി കോളനിയിലെ ബാബു-ഓമന ദമ്പതികളുടെ അഞ്ച് മക്കളിൽ മൂത്തയാളാണ് ഷിജു. സുധ പാളക്കൊല്ലി കോളനിയിലെ വിശ്വനാഥൻ-കാളി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തയാൾ. നാലു വർഷം മുമ്പായിരുന്നു വിവാഹം. പ്ലസ് ടു കഴിഞ്ഞ ഷിജു പുൽപള്ളിയിലെ ഒരു കടയിൽ ജോലിചെയ്യുകയായിരുന്നു.
സുധ എം.എ രണ്ടാം റാങ്കുകാരിയാണ്. 35 കുടുംബങ്ങളുള്ള കാപ്പിപ്പാടി കോളനിയിൽനിന്ന് ആദ്യമായാണ് രണ്ടു പേർ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. ഒരാഴ്ച ലീവിലെത്തിയ ഇവരെ അനുമോദിക്കാൻ നിരവധിപേരാണ് കോളനിയിലെ വീട്ടിലെത്തുന്നത്.
ആദരവുമായി നാട്
പൊലീസ് സേനയിൽ ജോലി ലഭിച്ച പുൽപള്ളി ഷിജു-സുധ ദമ്പതികളെ പാറക്കടവ് അക്ഷര ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ബീന കരുമാംകുന്നേൽ, ബ്ലോക്ക് പഞ്ചായത്തംഗം പി.ടി. സജി എന്നിവർ ഇവരെ ആദരിച്ചു. പഞ്ചായത്തംഗം ഷൈജു പഞ്ഞിതോപ്പിൽ, മനു, വാസു എന്നിവർ സംസാരിച്ചു.
ഷിജുവിനെയും സുധയെയും കാപ്പിസെറ്റ് പ്രഭാത് ഗ്രന്ഥശാല ആദരിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. സി.ടി. സജി ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് സി.ഐ എൻ.ഒ. സിബി ഇവരെ ആദരിച്ചു. പഞ്ചായത്തംഗം മണി പാമ്പനാൽ, ഫ്രാൻസിസ് മണിതോപ്പിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.