അമ്മക്ക് സവിശേഷമായ പിറന്നാൾ സമ്മാനമൊരുക്കി പ്രവാസി
text_fieldsപ്രവാസികൾ വിശേഷാവസരങ്ങളിൽ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാൻ ഏറെ താൽപര്യം കാണിക്കുന്നവരാണ്. പിറന്നാൾ, വിവാഹ വാർഷികം, പെരുന്നാൾ, ഓണം, ക്രിസ്മസ് എന്നുവേണ്ട എന്തിനും ഏതിനും പ്രിയപ്പെട്ടവരുടെ സന്തോഷത്തിനായി നാം ഏറെ പണിപ്പെട്ട് സമ്മാനങ്ങൾ അയക്കും.
എന്നാൽ, അതിൽ ഒരു വ്യത്യസ്ത കൂടി ചേർത്താലോ, അത്തരത്തിലുള്ള സമ്മാനമാണ് ഒമാനിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന, അൽ ഗുബ്രയിൽ താമസിക്കുന്ന കോട്ടയം സ്വദേശി ഷൈൻ തോമസ് തെൻറ അമ്മക്ക് പിറന്നാളിന് ഒരുക്കിയിരിക്കുന്നത്. ഓരോരുത്തരുടെയും ഓർമകളിൽ എന്നും ഉണ്ടായിരിക്കുന്ന ഒന്നാണ് നാം കളിച്ചു വളർന്ന വീട്. പ്രായമെത്ര ചെന്നാലും, ലോകത്തിെൻറ ഏതുകോണിൽ പോയാലും ആ ഒാർമകൾ നമ്മെ വിട്ടുപോകില്ല.
അമ്മവീടെന്നും, അങ്ങത്തെ വീടെന്നും വിളിക്കുന്ന ഒട്ടേറെ ഗൃഹാതുര സ്മരണകൾ ഉണരുന്ന തറവാട് വീടിെൻറ ചെറുമാതൃകയാണ് അമ്മക്ക് പിറന്നാൾ, ക്രിസ്മസ് സമ്മാനമായി നൽകാൻ ഷൈൻ പുനഃസൃഷ്ടിച്ചത്. കോട്ടയം മള്ളൂശ്ശേരി പുല്ലരിക്കുന്ന് പ്രദേശത്തായിരുന്നു അമ്മയുടെ വീട്.
പ്രദേശവാസികളുമായി നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒന്നായിരുന്നു വീട്. ഇപ്പോൾ ഈ വീട് ഇല്ല. ചായിപ്പും ചാവടിയും തട്ടിൻപുറങ്ങളും ഒക്കെ ഉണ്ടായിരുന്ന വീടും ചേർന്നുള്ള വലിയൊരു തൊഴുത്തും ഉണ്ടായിരുന്നു. ക്രിസ്മസിന് ഈ തൊഴുത്തിൽ ആണ് പുൽക്കൂട് ഉണ്ടാക്കുക. ഷൈൻ ഇപ്പോൾ ഉണ്ടാക്കിയ വീടിെൻറ മാതൃകയിൽ ഈ തൊഴുത്തും അതിലെ പുൽക്കൂടും ഉണ്ട്. എന്നാൽ, സ്ഥല പരിമിതിമൂലം വീടിെൻറ ചുറ്റുവട്ടം പുനഃസൃഷ്ടിക്കാൻ സാധിച്ചില്ല.
അമ്മ ഗ്രേസികുട്ടി വർഷങ്ങളോളം ഒമാനിൽ ഷൈനിനൊപ്പം ഉണ്ടായിരുന്നു. പിതാവ് തോമസ് മൂന്ന് വർഷം മുമ്പാണ് മരിച്ചത്. ഇനി ഒമാനിലേക്ക് വരുന്നില്ലെന്ന് പറഞ്ഞ് പോയ അമ്മ നാട്ടിൽ ജ്യേഷ്ഠന് ഒപ്പമാണ് താമസിക്കുന്നതെന്നും ഷൈൻ പറഞ്ഞു.
ഫോം ബോർഡ് ഉപയോഗിച്ചാണ് വീട് നിർമിച്ചത്. എങ്ങനെയെങ്കിലും ഈ വീട് നാട്ടിൽ എത്തിക്കണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ക്രിസ്മസ് ദിനത്തിൽ പ്ലാൻ ചെയ്തിട്ടുള്ള ഒാൺലൈൻ മീറ്റിൽ സമ്മാനം അമ്മയെ കാണിക്കാനാണ് പദ്ധതി. അധ്യാപിക കൂടിയായ ഭാര്യ അഖിലയുടെയും മക്കളായ തേജസ്, ടെൻസ് എന്നിവരുടെയും അകമഴിഞ്ഞ പിന്തുണയും ഷൈനിന് ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.